Tuesday, November 19, 2013

ഫേസ്ബുക്ക് പൂട്ടിപ്പോയാലും !

നാട്ടിലായിരിക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞു വന്നശേഷം കുളികഴിഞ്ഞ് മുണ്ടും മടക്കിക്കുത്തി കവലയിലെക്കൊരു പോക്കുണ്ട്. അവിടെ അടച്ചിട്ടിരിക്കുന്ന ഏതെങ്കിലും പീടികത്തിതിണ്ണയിലോ, തൊഴിലാളി യൂണിയന്‍ ഓഫീസിലോ ഒരിക്കലും പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ വെടിവട്ടം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടാകും കൂട്ടുകാര്‍ !

പ്രവാസിയായതിനു ശേഷം - പലപ്പോഴും നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളില്‍ ഈ വൈകുന്നേരങ്ങളിലെ ഒത്തുകൂടല്‍ ഒരു നഷ്ടബോധമായി നേര്‍ത്ത നൊമ്പരം സമ്മാനിക്കുമ്പോഴാണ് ഓഫീസിലെ ഫിലിപ്പിനോ സുഹൃത്ത്‌ മൈക്കല്‍, സുക്കര്‍ബര്‍ഗിന്‍റെ മുഖപുസ്തകത്തെ പരിചയപ്പെടുത്തുന്നതും, നാട്ടിലെ ആ പഴയ വെടിവട്ടം പോലെയുള്ള ഒരു അനുഭവം മുഖപുസ്തകത്തിലെ ചങ്ങാതിമാര്‍ പകര്‍ന്നു തന്നുതുടങ്ങിയതും.

ഇലക്ട്രോണിക് ചിപ്പുകളിലും, മാഗ്നറ്റിക് ഫീല്‍ഡുകളിലും മാത്രം ജീവന്‍ തുടിച്ചു നില്‍ക്കുന്ന ഈ മായികലോകം ഒരു സുപ്രഭാതത്തില്‍ ഇല്ലാതായിപ്പോയാലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് - അങ്ങനെ സംഭവിച്ചാല്‍ എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ആ പിന്നിട്ട സായന്തനങ്ങള്‍ പോലെ ഈ മുഖപുസ്തകം സമ്മാനിച്ച ഓര്‍മ്മയില്‍ തങ്ങി നിന്നെക്കാവുന്ന ഏതാനും ചിലര്‍ !

ആദ്യമൊക്കെ റ്റാരിയുടെ ടാഗുകള്‍ നേരിയ അസ്വസ്ഥതസൃഷ്ടിച്ചിരുന്നു , ഒരിക്കല്‍ അബ്ബാസാണ് പറഞ്ഞത് "റ്റാരി പാവമാണ്" അന്നുമുതലാണ് അവനുമായി പേര്‍സണല്‍ മെസ്സേജിലൂടെ ബന്ധം സ്ഥാപിച്ചു തുടങ്ങിയത്. ഇന്നിപ്പോള്‍ റ്റാരി ഒരു പോസ്റ്റില്‍ ടാഗ് ചെയ്തിട്ടില്ലെങ്കില്‍ അങ്ങോടു പോയി ചീത്തവിളിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍ - റ്റാരി - ലവ് യു ഡാ !

മുഖപുസ്തകത്തിലെ ഇപ്പോഴുള്ള പല സ്റ്റാറ്റസ് പുലികളും എഴുതിത്തുടങ്ങും മുന്നേ എഴുത്തുകളിലൂടെ വിസ്മയിപ്പിച്ച ഒരേയൊരു സിരാജിക്ക ! സിരാജിക്കയുടെ സൗദി അറേബ്യന്‍ ഓര്‍മ്മകള്‍ (സൗദിഅറേബ്യന്‍ കാണ്ഡം) വായനക്കൊടുവില്‍ പലപ്പോഴും കണ്‍കോണുകളില്‍ നേര്‍ത്ത നനവുള്ള ഓര്‍മ്മകള്‍ സമ്മനിച്ചവയാണ്. വേറിട്ട തനതായ ശൈലിയോടെ ഇന്നും സിരാജിക്ക ഫേസ്ബുക്കിലെ പുലിയായി വിലസുന്നുണ്ട് എന്നത് തികച്ചും ആഹ്ലാദകരം തന്നെ.

എന്‍റെ സ്സ്റ്റാറ്റസുകളില്‍ പതിവായി ചൊറി കമന്‍റുകള്‍ ഇട്ടിരുന്ന അവനെ ഒരു അല്‍പ്പം ദേഷ്യത്തോടെയാണ്‌ ആദ്യമൊക്കെ നിരീക്ഷിച്ചിരുന്നത്. കലിപ്പ് കയറി അവനിട്ട പല കമന്‍റുകളും പലതവണ ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. പക്ഷെ ഇന്നവന്‍ എന്‍റെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം നേടിയ വ്യക്തിയാണ് - ഒരിക്കലും തീരാത്ത വാല്യങ്ങളുള്ള ഹാജ്യാരുടെ പുസ്തകവുമായി വരുന്ന നുഹാസ് എന്ന കിറുക്കന്‍ ഹാജ്യാര്‍ !

ഇപ്പോഴും എന്നെ വിസ്മയിപ്പിക്കുന്ന പ്രതിഭാസമാണ് അക്കാകുക്ക. തുറന്നു പറച്ചില്‍ ഒരു കലയായി കൊണ്ടുനടക്കുന്ന, നാട്യങ്ങളില്ലാത്ത അക്കാകു. ആദ്യം ശത്രുക്കളായി അടികൂടുന്നവര്‍ ആത്മമിത്രങ്ങളായി മാറുന്ന ജാലവിദ്യ മുഖപുസ്തകത്തില്‍ അക്കാകുക്കക്ക് മാത്രം സ്വന്തം !

വെള്ളാനകളെ തെളിച്ചു കൊണ്ട് ആഫ്രിക്കന്‍ വനാന്തരമിറങ്ങി വരും പോലെ വെളുത്തുസുന്ദരികളായ മദാമ്മമാരുടെ തോളില്‍ തൂങ്ങി നടന്നു വരുന്ന ഘാനക്കാരന്‍ കറുത്ത സുന്ദരന്‍ അബു. "ഞാന്‍ വന്നിട്ടും എന്താ ഉമ്മാ കരയുന്നെ" എന്ന ഒരൊറ്റ ചോദ്യത്തിലൂടെ മനസ്സില്‍ ഒരിക്കലും മറക്കാനാവാത്ത ഇടം നേടിയ, യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന മുഖപുസ്തകത്തിന്‍റെ സ്വന്തം അബു.

നൊമ്പരമുണര്‍ത്തിയ ആട്നോക്കിലെ ജോലിയിലെ അനുഭവങ്ങള്‍ നമ്മോടു പങ്കു വച്ച എന്‍റെ സ്വന്തം ജ്യമാലു.

സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളെ തനതായ ശൈലിയില്‍ ആവിഷ്കരിക്കുന്ന കാമുകന്‍. കാമുകന്‍റെ ലൈക്കോ കമന്‍റോ കിട്ടാത്ത ഒരു മലയാളിയുടെ പോസ്റ്റ്‌ ഫേസ്ബുക്കില്‍ കണ്ടുകിട്ടാന്‍ പ്രയാസം !

വിരോധാഭാസങ്ങോളോട് എന്നും വിരോധം വച്ചു പുലര്‍ത്തുന്ന വിരോധാഭാസന്‍.

ചിന്നിചിന്നി മിന്നിത്തിളങ്ങുന്ന വാലോളിക്കണ്ണുകളുള്ള 'നിത്യ' സൌന്ദര്യം വരികളില്‍ വിരിയിക്കുന്ന സുധാകരേട്ടന്‍.

അറിവിന്‍റെ നിറകുടമായ, അക്ഷരങ്ങളെ ഒരു മാന്ത്രികന്‍റെ കയ്യൊതുക്കത്തോടെ ചിട്ടയായി അടുക്കിപ്പെറുക്കി വിസ്മയിപ്പിക്കുന്ന ഇരിങ്ങാട്ടിരി മാഷ്‌ !

ശൂന്യതയില്‍ നിന്നോണം പാറി വീഴുന്ന സ്റ്റാറ്റസുകളുമായി പ്രത്യക്ഷപ്പെട്ട് ഞെട്ടിക്കുന്ന മനീസാരംഗ് !

ഒരിക്കല്‍ ചാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ ബിജു ചേട്ടനോട് പറഞ്ഞു "ചേട്ടന്‍റെ സ്റ്റാറ്റസുകളില്‍ എനിക്കേറ്റവുമിഷ്ടം മകളെ ബൈക്കിലിരുത്തി കറങ്ങുന്ന സമയത്ത് കണ്ണാടിയില്‍ കണ്ട അവളുടെ പ്രതിബിംബത്തിനു താഴെ "Objects in the mirror are closer than they seems" എന്നുഴുതിയതാണെന്ന് - അപ്പോള്‍ ബിജു ചേട്ടന്‍ ഒരു രഹസ്യം പറഞ്ഞു - "അത് ബൈക്ക് ആയിരുന്നില്ല, സൈക്കിള്‍ ആയിരുന്നെന്ന് ! " - പ്രിയപ്പെട്ട ബിജു വി തമ്പി.

പ്രതിഭയുടെ കൈയൊപ്പ്‌ പതിഞ്ഞ വിസ്മയിപ്പിക്കുന്ന ചെറുകവിതകളുമായി സ്മിതിന്‍ സുന്ദര്‍ എന്ന ബഹ്റൈന്‍കാരന്‍ സുന്ദരന്‍.

മുഖപുസ്തകത്തിലെ മ്യാരകശൈലിയുടെ ഉടമയായ സലേഷ് അഗസ്റ്റിന്‍.

അധികമൊന്നും ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്ത - ചെറിയൊരു സുഹൃദ് വലയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നെന്ന് എനിക്ക് തോന്നിയിട്ടുള്ള റാസ്‌ എംആര്‍കെ എന്ന റഷീദ്. മുഖപുസ്തകത്തില്‍ പലപ്പോഴും അക്ഷരാര്‍ത്ഥത്തില്‍ എന്നെ പൊട്ടിച്ചിരിപ്പിച്ച ഒരുപാട് പോസ്റ്റുകള്‍ റഷീദിന്‍റെതാണ്. ശുദ്ധമായ നര്‍മ്മം, ജാഡകളില്ലാത്ത നിഷ്കളങ്കതയാര്‍ന്ന, അവതരണ ശൈലി - ഇവയാണ് എം.ആര്‍കെയുടെ മുഖമുദ്ര - ഇടക്കെപ്പോഴോ കണ്‍പീലികളില്‍ നനവായും ആ വാക്കുകള്‍ നമ്മിലെക്കിറങ്ങിച്ചെല്ലാറുണ്ട്.

കളിയാക്കി ഒരു സ്റ്റാറ്റസിട്ടതിനു ഇപ്പോഴും എന്നെ ബ്ലോക്ക് ചെയ്തുവച്ചിരിക്കുന്ന പ്ലാത്തോട്ടം അച്ചായന്‍ എന്ന പോളണ്ടുകാരന്‍ വര്‍ഗീസ്‌ പ്ലാത്തോട്ടം. ഒരു നേര്‍ത്ത നൊമ്പരമായി അവശേഷിക്കുമ്പോഴും ഫേസ്ബുക്കിനെ വിറപ്പിക്കുന്ന സ്റ്റാറ്റസുകളിടുന്ന അച്ചായന്‍ ഇത്രക്ക് പാവത്താനാണോ എന്ന അത്ഭുതം ഇനിയും വിട്ടോഴിയുന്നില്ല.

അവസാനമായി, എന്നാല്‍ ഒട്ടും പ്രാധാന്യം കുറയാതെ - മുഖപുസ്തകത്തിന്‍റെ സ്വന്തം കുബ്ബൂസ്.

പഴയ കളിമികവിന്‍റെ ഓര്‍മ്മകളില്‍ കമന്‍ററി പറഞ്ഞ് കളിപ്രേമികളുടെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സുനില്‍ഗാവസ്കറെ അനുസ്മരിപ്പിക്കുന്നു ഇപ്പോഴത്തെ അബ്ബാസ്. എഴുത്തിന്‍റെ മികവിനെക്കാള്‍ വ്യക്തിത്വമികവുകൊണ്ടും കിട്ടുന്ന ലൈക്കുകളുടെ അമ്പരപ്പിക്കുന്ന എണ്ണം കൊണ്ടുമായിരിക്കാം ഒരുപക്ഷെ ഞാന്‍ അബ്ബാസിനെ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.

ഇനിയുമൊരുപാട് പേരുണ്ട് - പോസ്റ്റിന്‍റെ നീളക്കൂടുതല്‍ ഭയന്ന് മാത്രം പ്രസ്താവിക്കാന്‍ കഴിയാത്തവര്‍. അവരില്‍ പലരും എന്‍റെ ഹൃദയത്തെ എപ്പോഴും തൊട്ടുനില്‍ക്കുന്നവരാണ് - ഒരുപക്ഷെ ഒരു എന്‍റര്‍ കീയുടെയോ , ഒരു മൌസ് ക്ലിക്കിന്‍റെയോ മാത്രമകലത്തില്‍ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top