Saturday, November 30, 2013

കഥ : മരുന്നിന്‍റെ ശക്തി

കോട്ടയത്തെ ഒരു പ്രമുഖ പാസ്റ്ററുടെ മകൻ ചൈനയിൽ മെഡിസിനു പഠിക്കാൻ പോയി.

വലിയ ഡാക്കിട്ടര്‍ ആയി തിരിച്ചുവന്ന ശേഷം ചെറുക്കന്‍ വീട്ടുകാരേ വിളിച്ചു പറഞ്ഞു "ഞാൻ നിരീശ്വരവാദിയായി, ഇനി പള്ളീ പോകാനും, പ്രാര്‍ഥിക്കാനുമോന്നും എന്നെ വിളിച്ചേക്കരുത്‌."

സ്നേഹം, ഭീഷണി, അനുനയം, സഹതാപം തുടങ്ങിയ നമ്പറുകളൊക്കെ മാറിമാറിപ്രയോഗിച്ചിട്ടും ചെറുക്കൻ പിടിച്ച പിടിയിൽ നിന്നു കടുകിട മാറുന്നില്ല. 

ഒടുവില്‍ ആളുകളൊക്കെ കളിയാക്കിത്തുടങ്ങിയപ്പോൾ ഒരു സുഹൃത്തിന്‍റെ നിർദ്ദെശപ്രകാരം പാസ്റ്റർ അൽപ്പസ്വൽപ്പം ആഭിചാര ക്രിയകൾ ഒക്കെ വശമുള്ള കടമറ്റത്ത്‌ കത്തനാരുടെ പരമ്പരയിൽപ്പെട്ട ഒരു പള്ളീലച്ചനെ പോയി കണ്ടു.

കാര്യം കേട്ടു കഴിഞ്ഞപ്പോൾ ഒരു പൊതിയെടുത്ത് കൊടുത്തുകൊണ്ട് അച്ചന്‍ പറഞ്ഞു "വഴിയുണ്ട്‌, ഈ പൊതിക്കകത്തുള്ള പൊടി ഭക്ഷണത്തിൽ കലർത്തി ഒരാഴ്ച കൊടുത്താൽ മതി, ചെക്കൻ വീണ്ടും വിശ്വാസിയായിക്കൊള്ളും"

എകദേശം രണ്ടാഴ്ചക്കു ശേഷം കോട്ടയത്തു ഒരാവശ്യത്തിനു പോയി മടങ്ങും വഴി വിശേഷം അറിയാൻ അച്ചൻ പാസ്റ്ററുടെ വീട്ടിൽ കയറി.

"അവനൊരു മാറ്റവുമില്ലച്ചോ, പഴേ പടി തന്നെ" പാസ്റ്റർ നിരാശയോടെ പറഞ്ഞു.

"ആ മരുന്ന് ഏൽക്കാതിരിക്കാൻ വഴിയില്ലല്ലോ" അച്ചൻ ആലോചനയോടെ പറഞ്ഞു.

"മരുന്നിനു ശക്തി കുറവായിട്ടൊന്നുമല്ലച്ചോ, ഇങ്ങു വന്നാൽ ഒരു കാര്യം കാണിച്ചു തരാം"

വീടിനകത്തേക്കു നടന്ന പാസ്റ്ററെ അച്ചൻ പിന്തുടർന്നു.

"അവന്‍ ഭക്ഷണം കഴിച്ച ശേഷം ആ പാത്രത്തില്‍ തന്നെയാണ് അവന്‍റെ പൂച്ചക്കും ഭക്ഷണം കൊടുത്തിരുന്നത്" അതുപറഞ്ഞുകൊണ്ട്പാ സ്റ്റര്‍ വാതില്‍ തുറന്നപ്പോള്‍ പ്രാര്‍ഥനാ മുറിക്കകത്തിരുന്ന്‍ ഒരു പൂച്ച ബൈബിൾ വായിക്കുന്നു.

അച്ചനെ കണ്ടതും പൂച്ച പറഞ്ഞു "ഈശോ മിശിഹാക്കു സ്തുതിയായിരിക്കട്ടെ"

അന്തം വിട്ടു നിൽക്കുന്ന അച്ചനോട്‌ പാസ്റ്റർ പറഞ്ഞു.

"ഇത്‌ അവന്‍റെ പൂച്ചയുടെ കൂട്ടുകാരിയായ അയൽപക്കത്തെ പൂച്ചയാണ്‌, ഇവിടത്തെ പൂച്ച ഒരാഴ്ച മുന്നേ പോട്ടയില്‍ ധ്യാനം കൂടാന്‍ പോയി"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top