Wednesday, November 20, 2013

സേഫ്റ്റി പറഞ്ഞ കഥകള്‍

"ഇങ്ങനെ പോയാല്‍ ഞാനൊക്കെ ഉടനെ സ്ഥലം വിടേണ്ടി വരും ഇക്കാ" സുഹൃത്തായ സേഫ്റ്റി ഓഫീസര്‍ എന്നോട് സങ്കടം പറഞ്ഞു.

"എന്ത് പറ്റി ഡോ ?"

"സൗദിവല്‍ക്കരണം - പുതിയതായി വരുന്ന സേഫ്റ്റി ഓഫീസര്‍മാരൊക്കെ സൌദികളാണ്"

അവന്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന കമ്പനിയില്‍ അടുത്തിടെ നടന്ന രസകരമായ രണ്ടു സംഭവങ്ങളും അവന്‍ പറഞ്ഞു കേള്‍പ്പിച്ചു.

ഒന്ന്
------
ഒരു ഫാക്റ്ററിക്കുള്ളില്‍ ക്രെയിന്‍ ഉപയോഗിച്ച് ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുന്നതിനു മുന്നോടിയായി പാലിക്കേണ്ട ചില മാനദണ്ഡങ്ങളുണ്ട്‌.

ഉയര്‍ത്തേണ്ട സാധനത്തിന്‍റെ വലിപ്പം, ഭാരം, എത്ര ഉയരത്തിലാണ് ഭാരം ഉയര്‍ത്തേണ്ടത്, ക്രെയിന്‍ നിര്‍ത്തുന്ന സ്ഥലം, ഏതു ദിശയിലാണ് ക്രെയിന്‍ നിര്‍ത്തുക എന്നിങ്ങനെ എല്ലാം വരച്ചടയാളപ്പെടുത്തി ഒരു "ലിഫ്റ്റിംഗ് പ്ലാന്‍" തയ്യാറാക്കി ആദ്യം സൂപ്പര്‍വൈസറുടെ അപ്പ്രൂവല്‍ വാങ്ങണം..

അതിനു ശേഷം മാത്രമേ ജോലി തുടങ്ങാന്‍ പാടുള്ളൂ.

നല്ല ഭാരവും വലിപ്പവുമുള്ള ഒരു യന്ത്രഭാഗം നല്ല ഉയരമുള്ള ഒരു കെട്ടിടത്തിനു മുകളിലേക്ക് ക്രെയിനുപയോഗിച്ച് ഉയര്‍ത്തിക്കൊണ്ടിരിക്കെ കമ്പനിയില്‍ പുതുതായി ചാര്‍ജെടുത്ത സൗദി സേഫ്റ്റി ഓഫീസര്‍ അതിലെ കടന്നു പോയി.

ഏകദേശം ലക്ഷ്യത്തിലെത്താറായ സാധനം മുകളിലേക്ക് നോക്കി വാപൊളിച്ചു നില്‍ക്കുന്ന സുഹൃത്തിനെ തോണ്ടി വിളിച്ച് അവന്‍ ചോദിച്ചു -

" ഇത്ര ചെറിയ സാധനം പോക്കാനാണോ ക്രെയിന്‍ ? രണ്ടുപേര്‍ ചേര്‍ന്ന് കൈക്കെടുത്തു കൊണ്ട് പോയാല്‍ പോരായിരുന്നോ ?"

പ്ലെയിന്‍ ആകാശത്തെത്തിക്കഴിയുമ്പോള്‍ ഒരു ബ്രഷില്‍ പെയിന്‍റെടുത്ത് ഒറ്റ അടി അടിക്കും എന്ന് പ്ലെയിനിന് പെയിന്‍റടിക്കുന്നതിനെക്കുറിച്ച് പഴയൊരു മിമിക്രിയില്‍ ഒരു ഗള്‍ഫുകാരന്‍ പറഞ്ഞ വിടല്‍സ് ഓര്‍ത്തു സുഹൃത്ത്‌ ചിരിച്ചുപോയി.

രണ്ട്
-------
ഫാക്റ്ററികളില്‍ യന്ത്രഭാഗങ്ങള്‍ ക്ലീന്‍ ചെയ്യാന്‍ ശക്തിയേറിയ വാട്ടര്‍ ജെറ്റ് ഉപയോഗിക്കാറുണ്ട്.

എല്ലാ കമ്പനികളിലും എന്ത് ജോലി ചെയ്യുന്നതിന് മുന്‍പും വര്‍ക്ക് പെര്‍മിറ്റ്‌, ജോലി സ്ഥലത്ത് അപകടം സംഭവിച്ചാല്‍ നേരിടാനുള്ള മുകരുതലുകള്‍, സേഫ്റ്റി ഓഫീസറുടെ സാന്നിധ്യം എന്നിവ നിര്‍ബന്ധമാണ്‌.

ഇത്തരത്തില്‍ വാട്ടര്‍ ജെറ്റ് ഉപയോഗിച്ച് ക്ലീനിംഗ് നടക്കുന്ന സ്ഥലത്ത് നില്‍ക്കുകയായിരുന്നു സുഹൃത്ത്‌. അവിടേക്ക് പരിശോധനക്കായി എത്തിയ സേഫ്റ്റി സൂപ്പര്‍വൈസര്‍ സൗദി അവനോടു കയര്‍ത്തു -

"ഈ സൈറ്റില്‍ അപകടം സംഭവിച്ചാല്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ഒന്നും ശരിയായി എടുത്തിട്ടില്ല, ഞാനിതു മാനേജര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും"

"എന്ത് മുന്‍കരുതല്‍ ആണ് ഇല്ലാത്തത് ?" കാര്യം മനസ്സിലാകാതെ സുഹൃത്ത്‌ ചോദിച്ചു.

"തീ പിടിച്ചാല്‍ കെടുത്താനുള്ള ഫയര്‍ എക്സ്റ്റിങ്ങ്യൂഷര്‍ എവിടെ ?" 

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top