Wednesday, November 27, 2013

കഥ : ഭാരം

"എന്തിനാ മാഷെ ഇത്രയ്ക്കു ചിന്തിക്കണേ , ധൈര്യായി ഒപ്പിട്ടോ, ഞാനല്ലേ പറയണേ" 

ഭാസ്കരന്‍റെ വാക്കുകള്‍ ഉമ്മറിനെ ചിന്തയില്‍ നിന്നുണര്‍ത്തി. മുന്നിലിരുന്ന പേപ്പറുകളില്‍ കൂടുതലാലോചിക്കാതെ അയാള്‍ വേഗത്തില്‍ ഒപ്പിട്ടു.

ഭാസ്കരന്‍ കയ്യില്‍ പേപ്പറുകളുമായി മുറിക്കു പുറത്തെക്ക് വന്നപ്പോള്‍ കാത്തു നിന്നിരുന്ന പുന്നൂസ് മുതലാളിയുടെ മുഖം വിടര്‍ന്നു. അയാള്‍ പേപ്പറുകള്‍ കൈയില്‍ വാങ്ങി ഒരിളിഞ്ഞചിരി പാസാക്കിക്കൊണ്ട് ഇരുകൈയിലും കൂട്ടിപ്പിടിച്ച പേപ്പര്‍ സഹിതം മുറിക്കകത്തേക്ക് ഉമ്മറിനെ നോക്കി തൊഴുതു. കുറ്റബോധത്തോടെ അയാളില്‍ നിന്ന് മുഖം തിരിച്ചു കളയാനാണ് ഉമ്മറിനപ്പോള്‍ തോന്നിയത്.

ചിന്താക്കുഴപ്പത്തോടെ പുന്നൂസ് നീട്ടിയ പൊതി വാങ്ങി 'മുതലാളി ധൈര്യായി പൊയ്ക്കോ, ഒക്കെ താന്‍ ശരിയാക്കിക്കൊള്ളാം' എന്ന ഭാവത്തോടെ തോളില്‍ത്തട്ടി അയാളെ യാത്രയാക്കിക്കൊണ്ട് ഭാസ്കരന്‍ ഉമ്മറിനടുത്തെക്ക് വന്നു.

"സാറേ, ഇത്രേം നാള്‍ പുണ്യാളനായി ജീവിച്ചിട്ട് സാറെന്തു നേടി ? ഇവിടെ ഇതൊക്കെ ചെയ്യാതിരിക്കുന്നതാ പതിവുകേട്"

മേലവലിപ്പ് അല്‍പം തുറന്ന് കടലാസുപൊതി അതിനകത്ത് നിക്ഷേപിച്ചു കൊണ്ട് സ്ഥിരമായി ഒരിരയെക്കൂടി തന്‍റെ വരുതിയിലാക്കിയ വേട്ടക്കാരന്‍റെ ചിരിയോടെ ഭാസ്കരന്‍ മുറിയില്‍ നിന്ന് പോയി.

ഉമ്മര്‍ മേശവലിപ്പ് തുറന്ന് കടലാസുപൊതി അല്‍പ്പം തുറന്നു നോക്കി - എല്ലാം അഞ്ഞൂറിന്‍റെ നോട്ടുകള്‍ - അമ്പതിനായിരമുണ്ടാകും. വിയര്‍പ്പ് അയാളുടെ നെറ്റിയില്‍ ചാലുകള്‍ തീര്‍ത്തുതുടങ്ങിയിരുന്നു.

സര്‍വ്വീസില്‍ കയറിയിട്ട് ഇരുപതു കൊല്ലമായി - ഇതുവരെ നേടിയത് സല്‍പ്പേര് മാത്രമായിരുന്നു. 

അഴിമതിയുടെ കറപുരണ്ട പാപത്തിന്‍റെ ശമ്പളം സ്പര്‍ശിച്ച വിരലുകളിലേക്കയാള്‍ തെല്ല് കുറ്റബോധത്തോടെ നോക്കി. പിന്നെ പെട്ടെന്നെന്തോ ആലോചിച്ച് ആ പൊതിയെടുത്ത്‌ മടിക്കുത്തില്‍ തിരുകി. 

തലക്കുമുകളില്‍ കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ ഉതിര്‍ക്കുന്നത് ചൂടുകാറ്റാണോ എന്ന് സംശയമുണര്‍ത്തും വിധം ഓരോനിമിഷവും അയാള്‍ കൂടുതല്‍ കൂടുതല്‍ വിയര്‍ത്തു കൊണ്ടിരുന്നു.

ബസ്സിലിരിക്കുമ്പോള്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങുമോള്‍ രമണി പറഞ്ഞ വാക്കുകളോര്‍ത്തു 

"സിദ്ധീഖിന്‍റെ കോളേജ് ഫീസ്‌ അടക്കേണ്ട അവസാനദിവസം നാളെയാണ് . പിന്നെ ആയിഷയുടെ ട്യൂഷന്‍ ഫീസും കഴിഞ്ഞ മാസം മുതല്‍ അടച്ചിട്ടില്ല. വീട്ടില്‍ സാധനങ്ങള്‍ ഒക്കെ തീര്‍ന്നു - ഇനി കാശ് കൊടുത്താലേ പറ്റ് തരൂ എന്ന് ഗോവിന്ദന്‍ പറഞ്ഞതു കൊണ്ട് ചെക്കന്‍ ഇനി കാശ് കൊടുക്കാതെ കടയില്‍ പോകില്ലെന്നാ പറയണേ."

അയാള്‍ പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തു വീട്ടിലേക്കു ഡയല്‍ ചെയ്തു.

"ആ, ഞാനാണ്."

"ഒഫീസിന്ന് ഇറങ്ങിയില്ലേ ഇതുവരെ ?"

"ആ, ഞാന്‍ ബസ്സിലാണ്. പിന്നെ പൈസയൊക്കെ റെഡിയായിട്ടുണ്ട്"

അപ്പുറത്ത് നിന്ന് ആശ്വാസസൂചകമായ ഒരു ദീര്‍ഘനിശ്വാസം കേട്ടപ്പോള്‍ അയാള്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.

ഉമ്മര്‍ പാരലല്‍ കോളേജില്‍ പഠിപ്പിക്കുമ്പോള്‍ അയാളുടെ വിദ്യാര്‍ത്ഥിനിയായിരുന്നു രമണി. അവരുടെ പ്രണയവും വിവാഹവും ആ നാട്ടില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതാണ്. ഇന്നും രണ്ടു പേരുടെയും വീട്ടുകാരോ ബന്ധുക്കളോ അവരെ വഴിയില്‍ വച്ച് കണ്ടാല്‍ പോലും തിരിഞ്ഞു നോക്കാറില്ല.

"പള്ളി , പള്ളിസ്റ്റോപ് ആരെങ്കിലും ഇറങ്ങാനുണ്ടോ ?" കണ്ടക്ടറുടെ ശബ്ദം.

"ആളിറങ്ങാനുണ്ട്" ഉമ്മര്‍ ധൃതിയില്‍ സീറ്റില്‍ നിന്നെഴുന്നേറ്റു.

"എന്താ മാഷെ ഇവിടെയിറങ്ങുന്നെ , മാഷിന്‍റെ വീടിനിനി രണ്ടു സ്റ്റോപ് കൂടി ഉണ്ടല്ലോ ?" 

"ആ, ഒരാളെ കാണാനുണ്ട്" 

അയാളൊരു കള്ളം പറഞ്ഞു , അല്‍പ്പം നടന്നാല്‍ കലുഷമായ മനസ്സിന് തെല്ലോരാശ്വാസം കിട്ടിയേക്കും.

റോഡിനിരുവശവും പച്ചപ്പ്‌ വിരിയിച്ചുകൊണ്ട് കുറ്റിച്ചെടികള്‍ വളര്‍ന്നുപന്തലിച്ചു നിന്നിരുന്നു.

'എത്രയോ നാളുകളായി ഈ വഴിയൊക്കെ നടന്നിട്ട്' - അയാളോര്‍ത്തു. പണ്ടൊക്കെ എന്നും വൈകുന്നേരം ഒരുമണിക്കൂര്‍ വെറുതെ ലക്ഷ്യമില്ലാതെ നടക്കുമായിരുന്നു. പതിവുകള്‍ ഒക്കെ തെറ്റിത്തുടങ്ങിയിട്ടു കുറച്ചു നാളുകളായി. എങ്കിലും ഇന്നത്തെ സംഭവം തന്‍റെ ഹൃദയത്തില്‍ വീഴ്ത്തിയത് ഒരു വലിയ കറുത്ത പാടാണെന്ന് അയാള്‍ക്ക്‌ തോന്നി.

പൊടുന്നനെ ആ കറുത്ത പുള്ളിയുടെ ഭാരം താങ്ങാനാവാത്തതു കൊണ്ടെന്നവണ്ണം അയാളുടെ ഹൃദയമിടിപ്പിന്‍റെ ക്രമം തെറ്റി . നാവു വരണ്ടു. കാഴ്ച മങ്ങി. ഇടനെഞ്ചില്‍ കൈയമര്‍ത്തിക്കൊണ്ട് വീഴാതിരിക്കാന്‍ റോഡരികില്‍ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റില്‍ അയാള്‍ മുറുകെ ചുറ്റിപ്പിടിച്ചു.

"മാഷേ" രമണിയുടെ മൃദുവായ വിളികേട്ടു കണ്ണ് തുറക്കുമ്പോള്‍ അയാളോരാശുപത്രി മുറിയിലായിരുന്നു. തലയ്ക്കു മുകളില്‍ ശബ്ദമുണ്ടാക്കി തൂങ്ങിയാടുന്ന ഫാന്‍. ഇളം പച്ച പെയിന്‍റടിച്ച മുറിയില്‍ രമണിയെക്കൂടാതെ ആയിഷയും, സിദ്ധീഖും ഉണ്ടായിരുന്നു.

പെട്ടെന്നയാള്‍ മടിശീലയില്‍ തപ്പി നോക്കി - ആ പണപ്പൊതി അവിടെയില്ല !

ഒരുനിമിഷം വേവലാതിയും, ആശ്വാസവും മാറിമാറി അയാളുടെ മുഖത്തു മിന്നിമറഞ്ഞു.

"വഴിയില്‍ തളര്‍ന്നു വീണപ്പോള്‍ നാട്ടുകാരാണ് ഇവിടെയെത്തിച്ചത്. എന്തിനാ നേരത്തെ ബസിറങ്ങി നടന്നെ ? " രമണിയുടെ ചോദ്യത്തിനുത്തരമായി അയാളൊരു മറുചോദ്യം ചോദിച്ചു - "എന്നെ ഇവിടെ കൊണ്ടുവന്നവര്‍ നിന്നെയൊന്നും ഏല്‍പ്പിച്ചില്ലേ ?"

"ഇല്ല, എന്തെല്‍പ്പിക്കാന്‍ ?"

അയാള്‍ മറുപടി പറഞ്ഞില്ല. പകരം രമണിയുടെ കിടക്കയില്‍ വച്ചിരുന്ന കൈപ്പത്തിക്ക് മേലെ അയാള്‍ കൈപ്പത്തി ചേര്‍ത്തു വച്ചു , പിന്നെ ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞു "പൈസ ശരിയായില്ല"

"പൈസ പിന്നെയായാലും കൊടുക്കാലോ, വാപ്പിച്ചിക്കൊന്നും പറ്റീലല്ലോ" സിദ്ധീഖ് അയാളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു. 

അയാള്‍ ആയിഷയുടെ മുഖത്തേക്ക് നോക്കി - അവളുടെ കണ്ണുനീരാല്‍ തിളങ്ങുന്ന കണ്ണുകളില്‍ അയാള്‍ ഈ ലോകത്തിലെ മുഴുവന്‍ ആശ്വാസവും സന്തോഷവും കണ്ടു. 

"എനിക്ക് പറ്റില്ല...എനിക്ക് പറ്റില്ല" അവ്യക്തമായി പിറുപിറുത്തുകൊണ്ട് ക്ഷീണം കൊണ്ടയാള്‍ മെല്ലെ മെല്ലെ നിദ്രയിലേക്ക് വീണു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top