Tuesday, November 26, 2013

കഥ : ഓപ്പോള്‍

"രഘൂ, നിനക്കൊരു വിസിറ്റര്‍ "

വായിച്ചു കൊണ്ടിരുന്ന പുസ്തകം കട്ടിലില്‍ കമഴ്ത്തി വച്ചു ഷര്‍ട്ടെടുത്തിട്ടു മുറിപൂട്ടി പുറത്തേക്കിറങ്ങുമ്പോള്‍ മനസ്സിലോര്‍ത്തു - ആരായിരിക്കും ?"

റിസപ്ഷനിലെ കസേരയില്‍ പതിവ് വേഷമായ കറുത്ത കരയുള്ള വെള്ളമുണ്ടിലും, കറുത്ത നേര്യതിലും ഓപ്പോളെ കണ്ടപ്പോള്‍ തെല്ലൊന്നമ്പരന്നു. 

എന്‍റെ അമ്പരപ്പ് കണ്ടിട്ടാവണം നിറഞ്ഞ ചിരിയോടെ പെട്ടെന്നുതന്നെ ഓപ്പോള്‍ പറഞ്ഞു - "പേടിക്കണ്ട, ഞാന്‍ വെറുതെ ന്‍റെ കുട്ടീനെ ഒന്ന് കാണാന്‍ വന്നതാ"

"സുഖല്ലേ ന്‍റെ കുട്ടിക്ക് ?" തൊട്ടടുത്ത കസേരയില്‍ ഞാനിരുന്നപ്പോള്‍ തലമുടിയിലൂടെ വിരലോടിച്ചു കൊണ്ട് ഓപ്പോള്‍ ചോദിച്ചു, പിന്നെ പതിവ് ആത്മഗതവും - "ന്‍റെ കുട്ടി ക്ഷീണിച്ചു പോയി"

അല്‍പ്പനേരം സംസാരിച്ചിരുന്ന ശേഷം ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ഓപ്പോള്‍ ബാഗില്‍ നിന്നൊരു പൊതിയെടുത്തെന്‍റെ നേരെ നീട്ടി.

"ഇതെന്താ ഓപ്പോളേ?"

"ന്‍റെ കയ്യിലിനി ഇതേയുള്ളൂ കുട്ട്യേ. നീയിനി പൈസക്ക് വീട്ടിലേക്കെഴുതെണ്ട - അറിയാലോ അവിടത്തെ കാര്യം. അച്ഛനതൊരു വേദനയാകും. ഇത് കൊണ്ട് തല്ക്കാലം നിന്‍റെ ആവശ്യങ്ങള്‍ നടക്കട്ടെ."

എന്‍റെ കണ്ണുകള്‍ നിറഞ്ഞു , കഴിഞ്ഞ തവണ വീട്ടില്‍ പോയപ്പോള്‍ വിതുമ്പലോടെ അമ്മ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു.

"പത്തു മുപ്പതു വയസ്സായെന്‍റെ കുട്ടിക്ക്. ഇതുവരെ അവള്‍ക്കൊരു ജീവിതം ആയില്ല. ഉറുമ്പ് കൂട്ടിവേക്കും പോലെ കിട്ടുന്നതൊക്കെ കൂട്ടി വെക്കുന്നുണ്ട് പാവം. സ്വന്തം കല്യാണം നടത്താന്‍ വേണ്ടി പൈസ ഉണ്ടാക്കേണ്ട ഗതികേട് ന്നാലും ഈ തറവാട്ടില്‍ വന്നല്ലോ - അതും ന്‍റെ മോള്‍ക്ക്‌ തന്നെ"

ഓപ്പോള്‍ നീട്ടിയ കടലാസുപൊതി കൈനീട്ടി വാങ്ങുമ്പോള്‍ കൈവിറക്കുന്നത് കണ്ട് ഓപ്പോള്‍ ചിരിച്ചു.

സന്തോഷം കൊണ്ടെന്ന്‍ തെറ്റിദ്ധരിപ്പിക്കുന്ന കരള്‍ പിളര്‍ന്നിറങ്ങിയ നീര്‍ത്തുള്ളികള്‍ ആ കണ്‍കോണുകളെ ഈറനാക്കിയപ്പോള്‍ പൊടുന്നനെ ഓപ്പോള്‍ തിരിഞ്ഞു നടന്നു.

പുകയില എടുത്തു മാറ്റി പകരം കഞ്ചാവ് നിറച്ചു ചുരുട്ടിയ സിഗരറ്റ് പലതവണ ചുണ്ടില്‍ വക്കുകയും എടുക്കുകയും ചെയ്ത ശേഷമാണ് വിറയ്ക്കുന്ന കരങ്ങളാല്‍ തീ പിടിപ്പിക്കുവാന്‍ സാധിച്ചത്.

നീല പുകച്ചുരുളകള്‍ ഊതിപ്പറത്തി വിടുമ്പോള്‍ ഞാന്‍ മായ്ക്കാന്‍ ശ്രമിച്ചത് മനസ്സിലെ തൂവെള്ള തിരശീലയില്‍ മായാത്ത ചായം കൊണ്ടെഴുതിയതുപോലെ തെളിഞ്ഞു നിന്നിരുന്ന ഓപ്പോളുടെ ദൈന്യത നിറഞ്ഞ മുഖമായിരുന്നു.

ഒടുവില്‍ ആ നോട്ടത്തിന് മുന്നില്‍ കഞ്ചാവുപുകയ്ക്കും എന്നില്‍ ലഹരി പടര്‍ത്താന്‍ കഴിയുന്നില്ലെന്ന് തിരിച്ചറിഞ്ഞ നിസ്സഹായ നിമിഷത്തില്‍ അവശേഷിച്ചിരുന്ന കഞ്ചാവ് ഞാന്‍ മുറിയുടെ നടുവിലിട്ടു കത്തിച്ചു .

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top