Thursday, November 21, 2013

കഥ : രണ്ടു കഥകള്‍

#1
==
മുറിക്കുള്ളില്‍ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ ഒന്ന് സ്വസ്ഥമായി ഇരിക്കാന്‍ വേണ്ടിയാണ് മുറ്റത്തെ മാവിന്‍ ചുവട്ടില്‍ ഈ അന്തി നേരത്ത് വന്നിരുന്നത്.

ഓരോ കാര്യങ്ങള്‍ മനസ്സില്‍ ഓടി മറയുന്നതിനിടയിലാണ് ആദ്യം ശൃംഗാരം നിറഞ്ഞ മൂളിപ്പാട്ടുമായി അവളുടെ വരവ് .

'ഓ - ഇവിടേം വന്നോ ശല്യം' എന്ന ആത്മഗതത്തോടെ ഞാനതിനു ചെവികൊടുക്കാതെ അല്‍പ്പം മാറിയിരുന്നു.

പിന്നെയും എന്തൊക്കെയോ മൂളിക്കൊണ്ട് അവളെന്‍റെ ചെവിക്കരികിലെത്തി.

എന്‍റെ മൂഡ്‌ എന്താണെന്നു പോലും നോക്കാതെ ,അന്വേഷിക്കാതെ എന്‍റെ ചെവിയുടെ മൃദുലതയില്‍ അവള്‍ ചെറുതായൊന്നു കടിച്ചു.

അപ്രതീക്ഷിതമായ ആ പ്രവര്‍ത്തിയില്‍ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി, സാരമല്ലാത്ത വേദനയും - പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ മെല്ലെ ഞാനോരടി കൊടുത്തു .

അടിയുടെ ആഘാതം കൊണ്ടാവണം - അവള്‍ പിടഞ്ഞു വീണു.

അല്‍പ്പസമയം ആ കിടപ്പ് കിടന്നിട്ടെഴുന്നെറ്റ് പോകുമെന്നാണ് ഞാന്‍ കരുതിയിരുന്നതെങ്കിലും അവള്‍ക്കനക്കമോന്നും കാണാതായപ്പോള്‍ ഞാനാകെ വല്ലാതായി - ഒരല്‍പം അകറ്റി നിര്‍ത്തണമേന്നെ ഞാന്‍ കരുതിയിരുന്നുള്ളൂ - പക്ഷെ ഇനി !
________________________________________________________
________________________________________________________
#2
==
കിടക്കയില്‍ നിന്ന് ഞാന്‍ ഉണര്‍ന്നെഴുന്നെല്‍ക്കും മുന്നേ ഉറങ്ങുന്ന എന്നരികില്‍ നിന്നും നിറഞ്ഞ വയറുമായി എഴുന്നേറ്റ് മെല്ലെ നടന്നു നീങ്ങുന്ന അവളെ കണ്ടവരിൽ ചിലര്‍ മൌനം പാലിച്ചു. ചിലര്‍ ചെറു ചിരി തൂകി, മറ്റുചിലരാകട്ടെ കണ്ടില്ലെന്നു നടിച്ചു .

എന്നാലും അവർ പലപ്പോഴും അടക്കം പറയുന്നതു എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു - "അവളുടെ വയറ്റിൽ എന്‍റെ രക്തമാണു പോലും !"

ഞാനോന്നറിയുക പോലുമില്ലാതെ, അവളുടെ വയറ്റിൽ എന്‍റെ രക്തമോ? - ഞാന്‍ അമ്പരന്നു.

"കള്ളം കള്ളം" എന്ന് ഞാൻ ആണയിട്ടിട്ടും മറ്റുള്ളവരെപ്പോലെ അവളുടെ മുഖത്തും ഒരു ചെറു പുഞ്ചിരിയല്ലാതെ മറ്റൊന്നും കണ്ടില്ല .

എന്‍റെ ദേഷ്യവും സങ്കടവും ഇരട്ടിച്ചു, ഇനിയെന്ത്‌ എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ കൂട്ടത്തിലുള്ള ആരോ വന്നെന്നോട്‌ പറഞ്ഞു "അതേയ് അവളുടെ വയറ്റിലുള്ളത് നിന്‍റെ രക്തം തന്നെയാ, സംശയം വേണ്ട. ഇനിയിപ്പോ പറഞ്ഞിട്ടെന്താ - അതിനെന്താ പ്രതിവിധീന്നു വച്ചാ അത് ചെയ്ക ."

ഇത്രും നാൾ ഞാന്‍ പോലും അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം അതും മറ്റുള്ളവര്‍ പറഞ്ഞു ഞാനറിയുമ്പോള്‍ !

രക്തം രക്തത്തെ തിരിച്ചറിയും എന്നല്ലേ - ഒന്ന് നോക്കുക തന്നെ.

ആധുനീകോപകരണങ്ങളൊന്നും കയ്യിലില്ലാതെ തന്നെ ഞാൻ അവളുടെ അടുക്കലേക്ക് നീങ്ങി.

ആലസ്യത്തില്‍ മയങ്ങിക്കിടന്നിരുന്ന അവളുടെ വയറിന്മേല്‍ എന്‍റെ ചൂണ്ടു വിരല്‍ കൊണ്ട് ചെറുതായൊന്നു തലോടി - പെട്ടന്ന് എന്‍റെ തട്ടലില്‍ അവളുടെ വയര്‍ പൊട്ടി രക്തം വാര്‍ന്നൊഴുകി.

സത്യമായിട്ടും മനപൂര്‍വ്വം ചെയ്തതല്ല, പക്ഷെ വയറില്‍ വിരല്‍ അമര്‍ത്തിയപ്പോള്‍ അല്‍പ്പം ശക്തി കൂടിപ്പോയോ - ഞാന്‍ നിശ്ചലനായി നോക്കി നില്‍ക്കെ ശരീരത്തില്‍ നിന്ന് പൂര്‍ണ്ണമായും രക്തം വാര്‍ന്ന്‍ അവള്‍, പിടഞ്ഞു പിടഞ്ഞു നിശ്ചലയായി.
=======================================================================

#1സന്ധ്യയാകുമ്പോ കൊതുകുതിരി കത്തിച്ചുവച്ചില്ലേ ,ഇതല്ല ഇതിനപ്പുറവും സംഭവിക്കും

#2പ്രവാസി ബാച്ചലര്‍ റൂമുകളിലെ നിശബ്ദസാന്നിധ്യമായ മൂട്ടയുടെ കടിയും, കൊല്ലുമ്പോഴുള്ള ആ മണവും അസഹ്യമാണ്



#കടപ്പാട് : ഈ കഥകള്‍ ഇന്‍ബോക്സില്‍ അയച്ചു തന്ന പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സുഹൃത്തിന്

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top