Saturday, November 9, 2013

കഥ : സര്‍പ്രൈസ് - പണി പാളിയേനെ !!

ഓഫീസില്‍ നല്ല തിരിക്കനിടയിലാണ് ശരത്തേട്ടന്‍റെ ഫോണ്‍ വന്നത്.

"ഡാ, ഞാനോരെമര്‍ജന്‍സി വെക്കേഷന്‍ പോകുകയാണ്, പെട്ടെന്ന് തീരുമാനിച്ചത് കൊണ്ട് പറയാന്‍ പറ്റീല, മിക്കവാറും രണ്ടു മാസം കഴിയും തിരിച്ചുവരാന്‍. ഡീറ്റെയില്‍സ് ഒക്കെ പിന്നെ പറയാം, ഞാനിപ്പൊ എയര്‍പോര്‍ട്ടിലാണ്"

എനിക്കൊന്നു ഞെട്ടാന്‍ പോലും സമയം തരാതെ മൂപ്പര്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.

ശരത്തേട്ടനും ഞാനും വെവ്വേറെ കമ്പനികളില്‍ ആണെങ്കിലും കഴിഞ്ഞ ആറുവര്‍ഷങ്ങളായി ഒരേ ഫ്ലാറ്റിലാണ് താമസം.

എന്‍റെ വിവാഹം കഴിഞ്ഞിട്ട് 5 മാസമേ ആയിട്ടുള്ളൂ. ഫാമിലി വിസക്കുള്ള അപേക്ഷയുമായി ഒരുപാട് നടന്നെങ്കിലും നിയമങ്ങള്‍ കര്‍ക്കശമാക്കിയത് മൂലം വിസ കിട്ടുന്നത് അനിശ്ചിതമായി വൈകിയപ്പോഴാണ് ശരത്തേട്ടന്‍റെ നിര്‍ബന്ധപ്രകാരം വിസിറ്റ് വിസയെടുത്ത് അവള്‍ക്കയച്ചു കൊടുത്തത്.

എന്നാല്‍ കസിന്‍റെ വിവാഹം കഴിഞ്ഞേ വരികയുള്ളെന്ന് അവള്‍ - അതിനാകട്ടെ ഇനി രണ്ടാഴ്ച കൂടിയുണ്ട്.

എന്തായാലും ശരത്തേട്ടന്‍ ഇല്ലാത്തത് കൊണ്ട് തല്ക്കാലം രണ്ടുമാസത്തേക്ക് വേറെ ഫാമിലി ഫ്ലാറ്റ് നോക്കേണ്ടതില്ല.

പെട്ടെന്നാണ് അനുവിനെ കുറിച്ചോര്‍ത്തത് , ഉടനെ ഫോണെടുത്ത് അവളെ വിളിച്ചു.

"ഡീ, ശരത്തേട്ടന്‍ അത്യാവശ്യമായി നാട്ടില്‍ പോയി. ബിന്ദു രണ്ടാഴ്ച കഴിഞ്ഞേ വരൂ, അതുവരെ ഫ്ലാറ്റില്‍ ഞാന്‍ തനിച്ചേയുള്ളൂ, നീ വരുന്നോ ?"

വൈകിട്ട് ഓഫീസില്‍ നിന്ന് പോകുന്ന വഴിക്ക് ഹോസ്പിറ്റലില്‍ നിന്ന് പിക് ചെയ്യാന്‍ പറഞ്ഞിട്ട് അവള്‍ ഫോണ്‍ വച്ചു.

ഞാന്‍ താമസിക്കുന്ന ടൌണിലെ ഒരു ഹോസ്പിറ്റലില്‍ നര്‍സായി വര്‍ക്ക് ചെയ്യുന്ന 22 FK യാണ് അനു എന്ന് വിളിക്കുന്ന അനുപമ. മൂന്നു മാസം മുന്‍പ് വേനലിന്‍റെ തുടക്കത്തില്‍ ചിക്കന്‍പോക്സ് പിടിപെട്ട് ഒരാഴ്ച ആ ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നപ്പോഴാണ് അവളെ പരിചയപ്പെട്ടത്.

വൈകിട്ട് എന്‍റെ ഫ്ലാറ്റിനു മുന്നില്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ അനു പറഞ്ഞു - "സതീഷ്, ഞാനാ മെഡിക്കല്‍ ഷോപ്പില്‍ ഒന്ന് കയറിയിട്ട് വന്നേക്കാം, അപ്പോഴേക്കും നീ റൂമിലെ കച്ചറയോക്കെ ഒന്ന് ക്ലീന്‍ ചെയ്തിട്"

"ഊം, ഊം ആവശ്യത്തിനു എല്ലാം സ്റ്റോക്ക് ചെയ്തോളൂട്ടോ"

ഒരു കള്ളച്ചിരിയോടെ അവള്‍ റോഡ്‌ ക്രോസ് ചെയ്യുമ്പോള്‍ ഞാന്‍ സ്റ്റെപ് കയറി. കച്ചറയെന്നവളുദ്ദേശിച്ചത് മുറിയില്‍ കൂട്ടിയിടുന്ന എന്‍റെ മുഷിഞ്ഞ തുണികളെയാണ്.

ശരത്തെട്ടന് ഇടയ്ക്കിടെ ഒന്നുരണ്ടു ദിവസം ബിസിനസ് ട്രിപ്പ്‌ പോകേണ്ടിവരാറുണ്ട്, അപ്പോഴൊക്കെ അനു ഫ്ലാറ്റില്‍ ഒന്നോ രണ്ടോ രാത്രി വന്നു തങ്ങാറുണ്ട്.

പോക്കറ്റില്‍ നിന്ന് താക്കോലെടുത്ത്‌ വാതില്‍ തുറക്കുമ്പോള്‍ ഹാളില്‍ ടീവിയുടെ ശബ്ദം കേട്ടു - ശരത്തേട്ടന്‍ ഇന്നും ഓഫാക്കാന്‍ മറന്നിരിക്കുന്നു.

ഹാളിലേക്ക് കടക്കുമ്പോള്‍ ഭിത്തിയുടെ സൈഡില്‍ മറഞ്ഞു നിന്നിരുന്ന ആരോ ഉറക്കെ ചിരിച്ചുകൊണ്ട് എന്‍റെ മുന്നിലേക്കൊരു ചാട്ടം !

ഒരുനിമിഷം ഒന്ന് ഞെട്ടിയ ഞാന്‍ ആളെ തിരിച്ചറിഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത് - ബിന്ദു !

"നീ ഇവിടെ ....അപ്പോള്‍ സുശീലയുടെ കല്യാണം ?" കല്യാണത്തിന്‍റെ അന്നേ ഇവള്‍ക്ക് ലേശം വട്ടില്ലേ എന്ന് സംശയം തോന്നിയിരുന്നു - ദൈവമേ അതിത്രക്ക് മൂര്‍ഛിച്ചോ ? - ആത്മഗതം പക്ഷെ അവളെ അറിയിച്ചില്ല.

"സര്‍പ്രൈസ് !! ശരത്തേട്ടനാണ് പറഞ്ഞത് നിന്നെ അറിയിക്കണ്ട - നിനക്കൊരു സര്‍പ്രൈസായിക്കോട്ടേയെന്ന്" അവളെന്നെ ഇറുകെ പുണര്‍ന്നുകൊണ്ട് പറഞ്ഞു.

അയാള്‍ക്ക്‌ ഞാന്‍ വച്ചിട്ടുണ്ട് - ഞാന്‍ പല്ലിറുമ്മിക്കൊണ്ട് മനസില്‍പ്പറഞ്ഞു - "എന്നാലും ഇതൊരു ഭയങ്കര സര്‍പ്രൈസ് തന്നെയായിപ്പോയി"

പെട്ടെന്നാണ് അനു എങ്ങാനും ഇപ്പോള്‍ ഇവിടേയ്ക്ക് കടന്നുവന്നാല്‍ ഉണ്ടായേക്കാവുന്ന സര്‍പ്രൈസിനെക്കുറിച്ചോര്‍ത്തു ഞാന്‍ നടുങ്ങിയത്‌.

"ബിന്ദുവേ, ഞാനിപ്പോഴാ ഒരു കാര്യം ഓര്‍ത്തത്, കാറില്‍ നിന്നെന്‍റെ മൊബൈലെടുക്കാന്‍ മറന്നു, നീയിരിക്ക്, ഞാനിപ്പോ വരാവേ"

പ്രതികരിക്കാന്‍ പോലും സമയം കൊടുക്കാതെ അവളെ തള്ളിമാറ്റി വാതില്‍ വലിച്ചടച്ചു പുറത്തിറങ്ങിക്കൊണ്ട് ഞാന്‍ സ്റ്റെപ്പിറങ്ങി താഴേക്കോടി. രണ്ടാമത്തെ സ്റ്റെയര്‍ കെയ്സില്‍ വച്ചു മുകളിലേക്ക് കയറിവരുന്ന അനുവുമായി ഞാന്‍ കൂട്ടിയിടിച്ചേനെ .

"എങ്ങോട്ടാ ഈ പായുന്നേ" എന്‍റെ വെപ്രാളം കണ്ട് അനു ചോദിച്ചു.

"ഹോ, കഷ്ടിച്ച് രക്ഷപ്പെട്ടെന്ന് പറഞ്ഞാല്‍ മതി, നിനക്ക് മെഡിക്കല്‍ ഷോപ്പില്‍ പോകാന്‍ തോന്നിയത് എത്ര നന്നായി. രണ്ടാഴ്ച കഴിഞ്ഞേ വരുള്ളൂ എന്ന് പറഞ്ഞിരുന്ന ബിന്ദു ഞാന്‍ ചെല്ലുമ്പോഴുണ്ട് വീട്ടില്‍ നില്‍ക്കുന്നു !" അവളുടെ കൈപിടിച്ച് വലിച്ചു വേഗത്തില്‍ സ്റ്റെപ്പിറങ്ങി താഴെക്കോടുമ്പോള്‍ കിതച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

"ഈശോയെ !" അനു ഞെട്ടി - "ഇനിയിപ്പോ എന്ത് ചെയ്യും ?"

"എന്ത് ചെയ്യാന്‍, നീ വേഗം ഒരു ടാക്സി വിളിച്ചു ഹോസ്റ്റലിലേക്ക് പൊയ്ക്കോ, ഇനിയെപ്പോഴെങ്കിലും കാണാം"

റോഡിനപ്പുറത്തു നിന്നും ഒരു ബംഗാളിയുടെ ടാക്സി വിളിച്ച് അവളെ അതില്‍ കയറ്റിവിട്ടു. അനുവിന്‍റെ നിരാശ നിറഞ്ഞ മുഖം കണ്ണില്‍ നിന്ന് മറയുന്നത് വരെ നിര്‍ന്നിമേഷനായി ഞാന്‍ നോക്കി നിന്നു - പിന്നെ വിവരിക്കാനാവാത്ത ഒരാശ്വാസത്തോടെ തിരികെ ഫ്ലാറ്റിലേക്ക് നടന്നു.
_____________________________________________________________________
* ഇതിലെ "എനിക്ക്" യഥാര്‍ത്ഥത്തില്‍ ഞാനുമായി യാതൊരു സാമ്യവുമില്ല - ഉണ്ടെന്നു അസൂയാലുക്കള്‍ പറഞ്ഞേക്കുമെങ്കിലും !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top