ഇക്കഴിഞ്ഞ വ്യാഴാഴ്ച ഞാനും കുടുംബവും ദമ്മാമിലുള്ള സുഹൃത്ത് സന്തോഷ് സരോജിന്‍റെ വീട്ടില്‍ പോയിരുന്നു.
കൂടെ എന്‍റെ സഹപ്രവര്‍ത്തകനായ റോണിയേട്ടനും ഉണ്ടായിരുന്നു (തെറ്റിദ്ധരിക്കണ്ട - ഇത് നമ്മുടെ ടോണിയേട്ടന്‍ അല്ല)
ചായസല്ക്കാരമോക്കെ കഴിഞ്ഞപ്പോള്‍ സന്തോഷ് ചോദിച്ചു - "ഭായി നമുക്കെല്ലാവര്‍ക്കും കൂടി കോര്‍ണിഷില്‍ പോയാലോ ? , അവിടെ ഡോള്‍ഫിന്‍ ഷോയൊക്കെയുണ്ട്, കുട്ടികള്‍ക്കിഷ്ടാവും"
ഡോള്‍ഫിന്‍ എന്ന് കേട്ടതും ചിച്ചുമോള്‍ , "നമുക്ക് പോകാം വാപ്പി" എന്ന് പറഞ്ഞു കരയാന്‍ തുടങ്ങി - അങ്ങനെ ഞങ്ങള്‍ ദമ്മാം കോര്‍ണിഷില്‍ ഉള്ള കോറല്‍ ഐലന്‍ഡിലേക്ക് തിരിച്ചു.
ഡോള്‍ഫിന്‍ വില്ലേജില്‍ സീലും, ഡോള്‍ഫിനും കാണിച്ച അഭ്യാസങ്ങളൊക്കെ കണ്ടാസ്വദിച്ചു പുറത്തിറങ്ങിയപ്പോള്‍ 'ഗോസ്റ്റ് ഹൌസ്' എന്ന പേരില്‍ പഴയ മലയാളം സിനിമയിലെ കിഴവി പ്രേതങ്ങളുടെ പടമൊക്കെ വരച്ചുവച്ചിരിക്കുന്ന ഒരു ടെന്‍റ് കണ്ടു.
എന്തായിരിക്കും സംഭവമെന്ന് ഞങ്ങള്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കെ റോണിയേട്ടന്‍ ആരോടും ഒന്നും പറയാതെ ഓടിപ്പോയി ആറുടിക്കറ്റ് എടുത്തു.
അറുപതുറിയാല്‍ മുടക്കിപ്പോയില്ലേ - കയറാതിരിക്കാന്‍ പറ്റില്ലല്ലോ.
മടിച്ചു നിന്ന ഭാര്യമാരെയും, മകളെയും ഉന്തിത്തള്ളി ഞങ്ങളും അകത്തുകയറി.
ഇടുങ്ങിയ വഴികളില്‍ കഷ്ടിച്ച് കാണാവുന്ന തരത്തില്‍ അരണ്ട വെളിച്ചമേയുള്ളൂ.
ഇരുചുമരുകളിലും ഫ്ലൂറസന്‍റ് പെയിന്‍റില്‍ ഭയനകമായ (?) മുഖങ്ങള്‍ വരച്ചു വച്ചിരിക്കുന്നു. വളഞ്ഞും പുളഞ്ഞുമുള്ള വഴിയില്‍ ഓരോ മൂലക്കും തൂങ്ങിച്ചത്തതും ,മരിച്ചു നില്‍ക്കുന്നതും, കിടക്കുന്നതും , അസ്ഥികൂടങ്ങളും ഒക്കെയായി കുറെ പ്രേതങ്ങള്‍ - ഞങ്ങള്‍ ചിരിക്കാന്‍ തുടങ്ങി.
ടിക്കറ്റ് എടുത്തത് പോലെ വഴികാട്ടാനും റോണിയേട്ടന്‍ തന്നെയായിരുന്നു മുന്നില്‍, തൊട്ടു പിന്നില്‍ എന്‍റെ എട്ടുമാസം പ്രായമായ ഇരട്ടകളില്‍ ഇളയതായ അഷ്ജാനെയെടുത്ത് ഞാന്‍. എന്നെ പേടിയോടെ ഇറുകെപ്പുണര്‍ന്നു കൊണ്ട് പേടിച്ചു വിറച്ച് എന്‍റെ എട്ടുവയസ്സുകാരി ചിച്ചുമോള്‍.
എനിക്ക് പിന്നില്‍ വികൃതശബ്ദങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടും പൊട്ടിച്ചിരിച്ചു കൊണ്ടും സന്തോഷ്, പിന്നില്‍ എന്‍റെ രണ്ടാമത്തെ മക്കളില്‍ മൂത്തവളായ റൈഹാനെ എടുത്തുകൊണ്ടു സന്തോഷിന്‍റെ ഭാര്യ ഫ്രിബി, ഏറ്റവും പിന്നില്‍ എന്‍റെ ഭാര്യ അക്കു.
പൊടുന്നനെ ഒരു വളവു തിരഞ്ഞതും അപ്രതീക്ഷിതമായി തൂങ്ങിച്ചത്തു മൂലയ്ക്ക് നിന്നിരുന്ന ഒരു പ്രേതം റോണിയേട്ടന്‍റെ നേര്‍ക്കൊരു ചാട്ടം ചാടിയതും മൂപ്പര്‍ പേടിച്ചു ചാടി ഉറക്കെ നിലവിളിച്ചതും ഒരുമിച്ചു കഴിഞ്ഞു.
എന്നെ ഇറുകെപ്പിടിച്ചിരുന്ന ചിച്ചുമോള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.
ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഫ്രിബിതയും, അക്കുവും ഒന്നും കാണാതിരിക്കാന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് തപ്പിത്തടഞ്ഞു നടക്കുന്നു. സന്തോഷിന്‍റെ കൂവലും ചിരിയുമൊക്കെ നിന്നിരിക്കുന്നു.
പിന്നീടങ്ങോട്ട് ചങ്ങലകളില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുപാലവും, മൂലകളില്‍ നിന്നും അപ്രതീക്ഷിതമായി ചാടി വീഴുന്ന പ്രേതങ്ങളും തന്നെയായിരുന്നു.
എന്‍റെ കയ്യിലിരുന്ന അഷ്ജാന്‍ ഈ ഒച്ചപ്പാടും ബഹളവും കേട്ട് കരച്ചില്‍ തുടങ്ങി.
ഞാന്‍ "അച്ചാനൂ" എന്നൊക്കെ ഉറക്കെ വിളിച്ചും ചിരിച്ചുമൊക്കെ ഒരുവിധം സമാധാനിപ്പിച്ചവളുടെ കരച്ചില്‍ മാറ്റി - പക്ഷെ മൂത്തമകള്‍ ഒരുതരത്തിലും മുന്നോട്ടു നടക്കാന്‍ കൂട്ടാക്കാതെ ഒരേ കരച്ചില്‍.
ഞാന്‍ ഒരു വിധത്തില്‍ ഒരു കയ്യില്‍ കുഞ്ഞിനേയും, മറുകൈയില്‍ മൂത്തവളെയും പിടിച്ചു ഇളകിയാടുന്ന പാലങ്ങളിലൂടെ ഒരുവിധത്തില്‍ ബാലന്‍സ് ചെയ്തു മുന്നോട്ടു നടന്നു.
കൂട്ടത്തില്‍ ആരോടും അഭിപ്രായം ചോദിക്കാതെ ഓടിപ്പോയി ടിക്കറ്റെടുത്ത റോണിയേട്ടനെ ചീത്ത വിളിക്കാനും തുടങ്ങി.
പിന്നെപ്പിന്നെ അതൊരു രസമായി.
ഹനാന്‍ ഒഴികെ എല്ലാവരും സംഭവം ആസ്വദിച്ചു തുടങ്ങി. ഞങ്ങളുടെ പൊട്ടിച്ചിരികളാല്‍ ആ പ്രേതാലയം മുഖരിതമായി.
ഒടുവില്‍ തിരിച്ചിറങ്ങുമ്പോള്‍ ചിരിച്ചു ചിരിച്ചു എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു.
"ആദ്യം റോണിചേട്ടനെ തല്ലിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നെങ്കിലും പിന്നെപ്പിന്നെ നല്ല രസമായിരുന്നു" അക്കു പറഞ്ഞതിനെ എല്ലാവരും അനുകൂലിച്ചു തലയാട്ടി.
ഞങ്ങള്‍ പുറത്തിറങ്ങി നിര്‍ത്താതെ ചിരിക്കുന്നത് കണ്ടു അന്തം വിട്ടു നില്‍ക്കുന്ന ഒരു അമ്മയും നാല് മക്കളുമുള്ള കുടുംബത്തെ അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.
ഇതെന്താ സംഭവം എന്നറിയാതെ ഗോസ്റ്റ് ഹൌസ് എന്ന പേരും,പ്രേതങ്ങളുടെ പടവുമൊക്കെ കണ്ടു കയറണോ - വേണ്ടയോ എന്ന ചിന്താക്കുഴപ്പത്തില്‍ നില്‍ക്കുകയാണവര്‍.
'നമുക്ക് മുന്നോട്ടു നീങ്ങിയാലോ ഭായ്' എന്ന് സന്തോഷ് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിന്‍റെ ചെവിയില്‍ അടക്കം പറഞ്ഞു
"ഒരു മിനിറ്റ് നില്‍ക്ക് ഭായി, ഇവരുടെ കൂട്ടത്തില്‍ മുതിര്‍ന്ന ആണുങ്ങള്‍ ആരുമില്ല, ഇവരെങ്ങാനും ഇതിനകത്ത് കയറിയാല്‍ ഇറങ്ങിവരുന്നത് കാണാന്‍ നല്ല കോമഡിയായിരിക്കും"
എന്നാല്‍ ഞങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട് അവരുടെ ഭര്‍ത്താവ് അപ്പോള്‍ അവിടേക്ക് വരികയും "ഹേയ് - ഇതിലൊന്നും കയറണ്ട" എന്ന് പറഞ്ഞ് അവരെ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു.
നേരിയ നിരാശയോടെ ഞങ്ങള്‍ അടുത്ത കാഴ്ച കാണാനായി മുന്നോട്ടു നീങ്ങി.








0 comments
Posts a comment