Monday, October 7, 2013

കഥ : എക്സ്ചേഞ്ച്‌

ആകെ കുഴഞ്ഞു താറുമാറായിക്കിടന്നിരുന്ന മേശവലിപ്പുകള്‍ നാളുകള്‍ കൂടി അടുക്കിപ്പെറുക്കുമ്പോഴാണ് യാദൃശ്ചികമായി പ്രവീണ്‍ ആ ബ്രേസ്ലെറ്റ്‌ കണ്ടത്.

തന്‍റെ ജീവിതത്തിലേക്ക് ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തത് മാത്രം കൊണ്ടുവന്ന പിറന്നാള്‍ സമ്മാനം !

മീനുവിനെക്കാള്‍ മുന്നേ ആദ്യം മനസ്സിലെക്കോടിയെത്തിയത്‌ ദീപക്കിന്‍റെ മുഖമായിരുന്നു.

കോളേജില്‍ പ്രവീണിന്‍റെ ഉറ്റസുഹൃത്തും സന്തതസഹചാരിയുമായിരുന്ന ദീപക്.

കോളേജ് ജീവിതം അവസാനിച്ച ശേഷം തന്‍റെ ജീവിതത്തില്‍ ദീപക്കിന്‍റെ സാന്നിധ്യം അവന്‍ ഓട്ടോഗ്രാഫില്‍ എഴുതിയ ഏതാനും വരികള്‍ ഇടക്കെപ്പോഴോ വായിച്ചു നോക്കുന്നതില്‍ മാത്രമായി ഒതുങ്ങിപ്പോയിരുന്നു.

അയാള്‍ ലാപ്ടോപ് തുറന്ന് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്തു.

ദീപക്കിന്‍റെ പേരിനോപ്പം ഇനീഷ്യല്‍ , വീട്ടുപേര്, സ്ഥലപ്പേര് , അച്ഛന്‍റെ പേര് എന്നിങ്ങനെ സാധ്യമായ ഓപ്ഷനുകള്‍ എല്ലാം ചേര്‍ത്ത് സര്‍ച്ച് ചെയ്തു - ഒടുവില്‍ പ്രൊഫൈല്‍ ഫോട്ടോ വച്ചിട്ടില്ലാത്ത തീരെ ആക്റ്റീവ് അല്ലാത്ത ഒരു ദീപക് നാരായണന്‍റെ പ്രൊഫൈലില്‍ അയാള്‍ക്ക് തെരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നു.

ദീപക് നാരായണന് അയാളൊരു മെസ്സേജ് അയച്ചു - 1995 ഇല്‍ കൊച്ചിന്‍ കോളേജില്‍ കൊമെര്‍സ് ബാച്ചില്‍ ഉണ്ടായിരുന്ന ദീപക് എന്‍.കെ ആണിതെങ്കില്‍ ദയവായി മൊബൈല്‍ നമ്പര്‍ അയച്ചു തരിക , ഇത് പഴയ സുഹൃത്ത്‌ പ്രവീണ്‍ ആണ്.

പിറ്റേന്ന് രാവിലെ പത്തരയോടെ ഒഫീസിലിരിക്കുമ്പോള്‍ പ്രവീണിന്‍റെ മൊബൈല്‍ ശബ്ദിച്ചു - പരിചയമില്ലാത്ത നമ്പര്‍.

"ഹലോ"

"ഹലോ, പ്രവീണ്‍ ?"

"യെസ്, പ്രവീണ്‍ ഹിയര്‍. മേ ഐ നോ ഹൂ ഈസ്‌ സ്പീക്കിംഗ് പ്ലീസ് ?"

"അളിയാ ഇത് ഞാനാടാ, ദീപക് !"

"ഒഹ് ദീപക് ! നീയിപ്പോള്‍ എവിടെയുണ്ട് ?"

"ഞാന്‍ എറണാകുളത്തുണ്ടളിയാ, നീയോ ?"

"ആഹ, ഞാനും ഇവിടെത്തന്നെയുണ്ട്. ദീപക് നീ ഫ്രീ ആണെങ്കില്‍ വൈകിട്ട് മറൈന്‍ ഡ്രൈവില്‍ വച്ച് മീറ്റ്‌ ചെയ്യാന്‍ പറ്റുമോ ?"

"നീ സമയം പറയളിയാ, ഫ്രീ അല്ലെങ്കി ഫ്രീ ആക്കും. എത്ര നാളായെടാ നിന്‍റെ ശബ്ദമൊന്നു കേട്ടിട്ട്"

"എങ്കില്‍ ഇന്നേഴരക്ക്‌. ഞാനാ റെയിന്‍ബോ ബ്രിട്ജിനടുത്തുണ്ടാകും. നീ എത്തുമ്പോള്‍ ഈ നമ്പറിലേക്ക് ഒന്നു വിളിച്ചാല്‍ മതി"

"ഓക്കേ അളിയാ."

ഫോണ്‍ ഡിസ്കണക്റ്റ് ആയി.

അത്യാവശ്യമായി ഉച്ചക്കുമുന്‍പേ തീര്‍ത്തുകൊടുക്കേണ്ട ഒന്നുരണ്ടു ഫയലുകള്‍ ഉണ്ടായിരുന്നു - പക്ഷെ അയാള്‍ക്ക്‌ അതിലൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.

അയാള്‍ ബെല്ലടിച്ചപ്പോള്‍ പ്യൂണ്‍ നാരായണന്‍ ക്യുബിക്കിളിലേക്ക് കടന്നു വന്നു.

"നാരായണാ, എനിക്ക് നല്ല തലവേദന. ഈ രണ്ടു ഫയലുകളും സരസ്വതിയെ എല്പ്പിക്കൂ, ഇന്നുച്ചയ്ക്ക് മുന്‍പ് തന്നെ തീര്‍ത്തു ജിഎമ്മിനെ ഏല്‍പ്പിക്കെണ്ടതാണെന്നു പ്രത്യേകം പറയണം"

നാരായണന്‍ ഫയലുകളുമായി പോയപ്പോള്‍ പ്രവീണ്‍ ഫോണെടുത്തു ജിഎമ്മിന്‍റെ എക്സ്റ്റന്‍ഷന്‍ ഡയല്‍ ചെയ്തു.

"സാര്‍ പ്രവീണ്‍, എനിക്ക് നല്ല സുഖമില്ല, നല്ല തലവേദന. ഹാഫ് ഡേ ലീവ് വേണമായിരുന്നു. ഫയലുകള്‍ സരസ്വതിയെ ഏല്‍പ്പിച്ചിട്ടുണ്ട്"

"ഓക്കേ പ്രവീണ്‍, കാരി ഓണ്‍"

അയാള്‍ ലാപ്ടോപ് ഓഫാക്കി ബാഗില്‍ വച്ച് സീറ്റില്‍ നിന്നെഴുന്നേറ്റു നടന്നു.

"ഇന്നെന്താ സാര്‍ നേരത്തെയാണല്ലോ?"

കൌണ്ടറിലെ ജെയിംസ് കുശലം ചോദിച്ചു.

"ആ, ജെയിംസേ ഒരു രണ്ടു ബിയര്‍ ടേബിളിലേക്ക് കൊടുത്തയച്ചേക്കൂ." അയാള്‍ നടന്നുനീങ്ങി.

സാധാരണ എന്നും സന്ധ്യക്കുവന്ന് കൌണ്ടറില്‍ നിന്നുതന്നെ രണ്ടു പെഗ് വിസ്കി കഴിച്ചിട്ട് പോകുന്ന അയാളുടെ പതിവില്ലാത്ത രീതികള്‍ കണ്ടു ജെയിംസ് തെല്ലല്‍ഭുതത്തോടെ അയാളെത്തന്നെ നോക്കിക്കൊണ്ടു നിന്നു.

ബെയറര്‍ രണ്ടു ബിയര്‍ക്കുപ്പികളും ഗ്ലാസ്സും കൊണ്ടുവന്ന് വച്ച് പോയപ്പോള്‍ അയാള്‍ പൊട്ടിച്ചു വച്ചിരുന്ന ബിയര്‍ ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു.

സിരകളിലേക്ക് പടരുന്നുകയറുന്ന ബിയറിന്‍റെ നേര്‍ത്ത ലഹരിയില്‍, തണുപ്പൊരവ്യക്തതമായ മറയായി ഗ്ലാസ്സിനെ പൊതിയുമ്പോള്‍ സ്വര്‍ണ്ണ വര്‍ണ്ണത്തിലൂടെ നുരഞ്ഞുപൊങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുമിളകളെ നോക്കി ഗ്ലാസ്സ് കയ്യിലിട്ടു തിരിച്ചുകൊണ്ടു അയാളിരുന്നു.

മനസ്സ് പതിനെട്ടുവര്‍ഷങ്ങള്‍ പിന്നിലേക്ക്‌ പാഞ്ഞു.

"എന്താ അളിയാ നീയാകെ മൂഡ്‌ ഓഫായിരിക്കുന്നെ, എന്ത് പറ്റി ?" ദീപക്കിന്‍റെ ചോദ്യമാണ് പ്രവീണിനെ ചിന്തകളില്‍ നിന്നുണര്‍ത്തിയത്.

"നാളെ അവളുടെ പിറന്നാളാടാ. എന്തെങ്കിലും ഒരു സമ്മാനം കൊടുക്കണമെന്നെനിക്കുണ്ട്, പക്ഷെ "

"പണമില്ലല്ലേ, ഇതാണോ കാര്യം, നീ പേടിക്കണ്ടളിയാ, നാളെ നല്ലൊരു സമ്മാനം ഞാന്‍ നിനക്ക് കൊണ്ടുവന്ന് തന്നിരിക്കും, അളിയന്‍ ഹാപ്പിയായിട്ടിരി"

സംശയത്തോടെ തന്‍റെ മുഖത്തേക്ക് നോക്കിയ പ്രവീണിന്‍റെ ചുമലില്‍ , താന്‍ പറഞ്ഞത് തമാശയല്ലെന്ന മട്ടില്‍ പിടിച്ചമര്‍ത്തിക്കൊണ്ട് ദീപക് ചിരിച്ചു.

കഴിഞ്ഞ രണ്ടു മാസങ്ങളായി ഹോസ്റ്റല്‍ ഫീസ്‌ അടച്ചിട്ടില്ല. പരീക്ഷാ ഫീസ്‌ അടക്കേണ്ട അവസാന തീയതിക്കിനി രണ്ടു ദിവസങ്ങള്‍ കൂടിയേയുള്ളൂ. നാട്ടില്‍ നിന്ന് വന്ന കത്തെടുത്തു നിവര്‍ത്തി പ്രവീണ്‍ അവസാനത്തെ ഏതാനും വരികള്‍ ഒരിക്കല്‍ കൂടി വായിച്ചു.

"...അതുകൊണ്ട് അച്ഛനിപ്പോള്‍ ജോലിക്ക് പോലും പോകുന്നില്ല. ഞാനെന്തു ചെയ്യാനാ മോനെ " അമ്മയുടെ നിസ്സഹായത നിറഞ്ഞ വാക്കുകള്‍.

അവന്‍ കത്ത് മടക്കി മേശവലിപ്പില്‍ തന്നെയിട്ടു മേശമേല്‍ കമഴ്ന്നു കിടന്നു.

"ഇതെവിടുന്നാടാ, ഇത് സ്വര്‍ണ്ണമാണോ ?" പ്രവീണ്‍ അത്ഭുതത്തോടെ ചോദിച്ചു.

"പിന്നല്ലാതെ, പക്ഷെ എവിടന്നാ എന്താ എന്നൊന്നും അളിയന്‍ ചോദിക്കരുത്, അളിയന് കാര്യം നടന്നാല്‍ പോരെ ? നീ ചെന്നവളെ ഞെട്ടിക്കളിയാ"

ഒരു കള്ളച്ചിരിയോടെ ദീപക് പറഞ്ഞു.

"വല്ല കുഴപ്പവും..." പ്രവീണ്‍ വാക്കുകള്‍ മുഴുമിപ്പിച്ചില്ല.

"എന്ത് കുഴപ്പം, അങ്ങനെ കുഴപ്പമുണ്ടാകുന്ന കാര്യത്തില്‍ ഞാന്‍ അളിയനെ ചാടിക്കുമോ, അളിയന്‍ ധൈര്യമായിട്ടിരി"

വൈകുന്നേരം നാലുമണിക്കാണ് കോളേജിനടുത്തുള്ള ഐസ്ക്രീം പാര്‍ലറില്‍ മീനുവിനെ സന്ധിക്കാമെന്നു പറഞ്ഞിരിക്കുന്നത്. പ്രവീണ്‍ വാച്ചില്‍ നോക്കി, നാലാകാന്‍ പത്തുമിനിറ്റ് കൂടിയുണ്ട്. അവന്‍ ഐസ്ക്രീം പാര്‍ലറിലേക്ക് നടന്നു.

നാല് മണികഴിഞ്ഞു അഞ്ചു മിനിട്ടായപ്പോള്‍ മീനു എത്തി. അവള്‍ രണ്ടുപേര്‍ക്കിരിക്കാവുന്ന ടേബിളില്‍ അവനു മുന്നിലെ കസേരയില്‍ വന്നിരുന്നു.

"ഇനി നമ്മള്‍ എങ്ങനെ കാണും മീനു?" വെയിറ്റര്‍ വന്ന് ഐസ്ക്രീമിന് ഓര്‍ഡര്‍ എടുത്തുപോയിക്കഴിഞ്ഞപ്പോള്‍ പ്രവീണ്‍ ചോദിച്ചു.

"ഇനി പരീക്ഷക്ക്‌ കാണാമല്ലോ, അത് കഴിഞ്ഞാലും എന്തെങ്കിലും വഴി കാണാതിരിക്കില്ല."

"ഉം" പ്രവീണ്‍ മീനുവിനോട് കണ്ണടച്ചിരിക്കാന്‍ പറഞ്ഞുകൊണ്ട് പോക്കറ്റില്‍ നിന്ന് കടലാസുപൊതിയെടുത്തഴിച്ച് ബ്രേസ്ലെറ്റ് പുറത്തെടുത്തു.

അത് നീട്ടിപ്പിടിച്ചിരുന്ന അവളുടെ കൈവള്ളയിലേക്ക് വച്ചുകൊടുത്തശേഷം അവന്‍ പറഞ്ഞു.

"ഇനി കണ്ണുകള്‍ തുറന്നു കൊള്ളൂ"

കണ്ണ് തുറന്ന മീനു കൈവള്ളയിലിരിക്കുന്ന ബ്രേസ്ലെറ്റ്‌ കണ്ടു ഞെട്ടിത്തരിക്കുന്നത് പ്രവീണിനെ അമ്പരപ്പിച്ചു.

"ഛെ, നീയിത്തരക്കാരനാണോ ?" കത്തുന്ന ഒരു നോട്ടം നോക്കി പുച്ഛത്തോടെ ആ ബ്രേസ്ലെറ്റ്‌ പ്രവീണിന്‍റെ മടിയിലേക്ക്‌ തന്നെ വലിച്ചെറിഞ്ഞിട്ടു കൊണ്ട് മീനു കൊടുങ്കാറ്റുപോലെ കടന്നു പോയി.

ഒന്നും മനസ്സിലാകാതെ പ്രവീണ്‍ അമ്പരന്നിരുന്നു.

"അവളെന്തിനാ നിന്നോട് ദേഷ്യപ്പെട്ടതെന്നെനിക്കറിയില്ലളിയാ, ആ ബ്രേസ് ലെറ്റ്‌ ഇന്നളൊരിക്കല്‍ എനിക്ക് വഴിയില്‍ കിടന്നു കിട്ടിയതായിരുന്നു. വല്ല റോള്‍ഡ് ഗോള്‍ഡും ആയിരിക്കും" ദീപക്കിന്‍റെ മറുപടി പ്രവീണിനെ കൂടുതല്‍ ചിന്താക്കുഴപ്പത്തിലാക്കി.

പരീക്ഷ കഴിയുന്നത്‌ വരെ മീനു പ്രവീണിനെ കാണുമ്പോള്‍ മുഖം തിരിച്ചു മാറി നടന്നു. അപ്പോഴൊക്കെ അവളുടെ മുഖത്ത് ഉരുണ്ടുകൂടുന്ന വെറുപ്പിന്‍റെ ആഴം കണ്ടു പ്രവീണ്‍ അമ്പരന്നു. തന്നോട് ദേഷ്യപ്പെടാനുള്ള കാരണമറിയാനെങ്കിലും ഒന്ന് സംസാരിക്കൂ എന്നവന്‍ അവളുടെ കാലുപിടിച്ചെന്നോണം പറഞ്ഞെങ്കിലും അപ്പോഴൊക്കെ അവള്‍ അവന്‍റെ മുഖത്തേക്ക് പോലും നോക്കാതെ നടന്നകലുകയാണ് ചെയ്തത്.

"സാര്‍ ഇനിയെന്തെങ്കിലും ?" തൊട്ടടുത്ത്‌ ബെയറരുടെ ശബ്ദം കേട്ടാണ് പ്രവീണ്‍ ഓര്‍മ്മകളുടെ ലോകത്തുനിന്ന് തിരിച്ചെത്തിയത്‌.

"ഒന്നും വേണ്ട, ബില്‍ കൊണ്ടുവന്നോളൂ"

ബാറില്‍ നിന്നിറങ്ങുമ്പോള്‍ ആറു മണിയായിരുന്നു. എഴരയാവാന്‍ ഇനിയും ഒന്നര മണിക്കൂര്‍ കൂടിയുണ്ട് - അയാള്‍ മറൈന്‍ഡ്രൈവ് ലക്ഷ്യമാക്കി കാറോടിച്ചു.

റെയിന്‍ബോ ബ്രിഡ്ജിനടുത്തുള്ള കല്‍ഭിത്തിയില്‍ കായലിലേക്ക് നോക്കി അയാളിരുന്നു.

ചക്രവാളത്തില്‍ വ്യാപിച്ചു തുടങ്ങിയിരിക്കുന്ന നേര്‍ത്ത ചുവപ്പ് പശ്ചാത്തലമാക്കി ചേക്കേറാനുള്ള കിളികളുടെ ഒറ്റക്കും കൂട്ടായുമുള്ള പ്രയാണം.

അസ്തമയത്തിലേക്കുള്ള വഴിയില്‍ , ഘടികാരത്തിലെ മിനിറ്റ് സൂചിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇടയ്ക്കിടെ ഒരു നിമിഷം നിശ്ചലനായി നില്‍ക്കുന്ന സൂര്യന്‍.

മൊബൈല്‍ റിംഗ് ചെയ്തപ്പോഴാണ് അയാള്‍ വാച്ചിലേക്ക് നോക്കിയത് - ഏഴു പത്ത്. നേരത്തെ നമ്പര്‍ സേവ് ചെയ്തു വച്ചിരുന്നു - ദീപക് തന്നെയാണ്.

"ഹലോ" അയാള്‍ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റപ്പോള്‍ മൊബൈല്‍ ചെവിയോടു ചേര്‍ത്തു പിടിച്ചുകൊണ്ട് മഴവില്‍പ്പാലത്തിന്‍റെ പടവുകള്‍ ഇറങ്ങിവരുന്ന ദീപക്കിനെ കണ്ടു.

"അളിയാ" അയാള്‍ക്കരികില്‍ എത്തിയപ്പോള്‍ ദീപക് അയാളെ കെട്ടിപ്പിടിച്ചു.

"നീയാകെ മാറിപ്പോയല്ലോടാ അളിയാ, മുടിയൊക്കെ നരച്ചു, വയറൊക്കെ ചാടി - എന്ത് കൊലമാടാ ഇത് ?"

"പക്ഷെ നിനക്കൊരു മാറ്റവുമില്ല. ഒരു മീശ പുതുതായി വന്നെന്നു മാത്രം" ചിരിച്ചു കൊണ്ട് അവരിരുവരും കല്‍ഭിത്തിയിലിരുന്നു.

"എന്നിട്ട് പറയളിയാ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ഇത്ര കാലത്തിനു ശേഷം ഇപ്പൊഴെങ്കിലും നീയെന്നെ ഓര്‍ത്തല്ലോ"

"ഇതാണ് കാരണം" പോക്കറ്റില്‍ നിന്ന് ആ ബ്രേസ്ലെറ്റ്‌ എടുത്തുനീട്ടിക്കൊണ്ട് പ്രവീണ്‍ അത് പറയുമ്പോള്‍ ദീപക്കിന്‍റെ മുഖം പൊടുന്നനെ വിളറുന്നത് അയാള്‍ ശ്രദ്ധിച്ചു.

"ഇനിയെങ്കിലും നീ സത്യം പറയൂ ദീപക്, എന്താ ഇതിന്‍റെ ശരിക്കുള്ള കഥ ?"

ഏതാനും നിമിഷങ്ങള്‍ നിശബ്ദമായി അവര്‍ക്കിരുവര്‍ക്കുമിടയിലൂടെ കടന്നുപോയി. കായലിന്‍റെ അങ്ങേത്തലക്കല്‍ സൂര്യന്‍ ബാക്കിവച്ചിട്ടുപോയ ഒരുതരി ചുവപ്പ് കൂടി അണഞ്ഞപ്പോള്‍ ദീപക് പറഞ്ഞുതുടങ്ങി.

"ഞാന്‍ പറയാം. പക്ഷെ പറഞ്ഞു തീരും വരെ നീ ക്ഷമ കാണിക്കണം. എല്ലാം ഒരു തമാശയായിരുന്നു"

പ്രവീണ്‍ ആശ്ചര്യത്തോടെ ദീപക്കിന്‍റെ മുഖത്തേക്ക് നോക്കി.

"നമുക്ക് നടന്നാലോ ?" അയാളുടെ അനുവാദത്തിനു കാക്കാതെ ദീപക് എഴുന്നേറ്റ് നടപ്പാതയിലൂടെ മെല്ലെ നടന്നു തുടങ്ങി.

"നിങ്ങളെ രണ്ടാളെയും ഒന്ന് കളിയാക്കണമെന്നെ എനിക്കുണ്ടായിരുന്നുള്ളൂ, അതിനായി ഞാനും നമ്മുടെ തൊട്ടടുത്ത റൂമിലുണ്ടായിരുന്ന സുധാകരനും കൂടി അന്ന് രാത്രി ലേഡീസ് ഹോസ്റ്റലില്‍ കയറി"

"എന്തിന് ?"

"പിറ്റേന്ന് അവള്‍ക്കു പിറന്നാള്‍ സമ്മാനം നല്‍കാന്‍ അവളുടെ തന്നെ എന്തെങ്കിലും സാധനം അടിച്ചുമാറ്റി നിനക്ക് തരാനും, അതുവഴി അവളെ ഒന്ന് ഞെട്ടിക്കാനും ആയിരുന്നു ഞങ്ങളുടെ ഉദ്ദേശം.

അവളുടെ റൂമിന്‍റെ ജനലിനു താഴെ സണ്‍ഷെയ്‌ഡില്‍ കാത്തിരുന്ന ഞങ്ങള്‍ അവള്‍ കുളിക്കാന്‍ പോയ സമയം നോക്കി മേശപ്പുറത്ത് അഴിച്ചു വച്ചിരുന്ന ബ്രേസ്ലെറ്റ്‌ നേരത്തെ കയ്യില്‍ കരുതിയിരുന്ന കമ്പികൊണ്ട് തോണ്ടിയെടുത്തു.

എന്നാല്‍ ഞങ്ങള്‍ തിരികെ ഇറങ്ങുന്നത് ഹോസ്റ്റലില്‍ ആരോ കണ്ടു, ആ കുട്ടി ബഹളമുണ്ടാക്കി. ആളുകള്‍ ഓടിക്കൂടി, കഷ്ടിച്ചാണ് ഞങ്ങള്‍ രണ്ടാളും രക്ഷപ്പെട്ടു മുറിയില്‍ എത്തിയത്"

"എന്നിട്ട് ഞാനീ കാര്യങ്ങളൊന്നും അറിഞ്ഞില്ലല്ലോ ?"

"നീയെന്നല്ല, നമ്മുടെ ഹോസ്റ്റലില്‍ ആരും അറിഞ്ഞില്ല.ഇടയ്ക്കിടെ പലരും ഇങ്ങനെ മതില്‍ചാടാറുള്ളത് കൊണ്ട് ഇതും അക്കൂട്ടത്തില്‍ ഒന്നായേ അവിടെയുള്ളവര്‍ കണക്കാക്കിയുള്ളൂ"

"ഒഹ് അപ്പോള്‍ ആ ബ്രേസ്ലെറ്റ്‌ മോഷ്ടിച്ചത് ഞാനാണെന്ന് മീനു തെറ്റിദ്ധരിച്ചു കാണുമല്ലേ ?"

"അതെ, പക്ഷെ അവള്‍ ഇതിത്ര വലിയ പ്രശ്നം ആക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല അളിയാ"

"എങ്കിലും നിനക്കെന്നോട് അന്നീക്കാര്യം പറയാമായിരുന്നു" പ്രവീണ്‍ പറഞ്ഞു.

"കാര്യങ്ങള്‍ കൈവിട്ടുപോയസ്ഥിതിക്ക് നീയന്നെങ്ങിനെ പ്രതികരിക്കുമെന്ന ഭയം എനിക്കുണ്ടായിരുന്നു."

"ഉം"

"അളിയാ കഴിഞ്ഞത് കഴിഞ്ഞു, എന്തായാലും സത്യം പറഞ്ഞാല്‍ ഇത്രേം നാളും എന്‍റെ മനസ്സിനെ മുറിപ്പെടുത്തുന്ന ഒരു മുള്ളായി കിടക്കുകയായിരുന്നു ഈ സംഭവം- എന്തായാലും ഇന്ന് നിന്നോടെല്ലാം തുറന്നു പറഞ്ഞപ്പോള്‍ എനിക്കൊരാശ്വാസം തോന്നുന്നു."

പ്രവീണ്‍ ഒന്നും മിണ്ടിയില്ല.

"അളിയാ നിന്‍റെ ഫാമിലി ?"

"ഞാന്‍ വിവാഹം കഴിച്ചിട്ടില്ല" അതുപറയുമ്പോള്‍ പ്രവീണിന്‍റെ ശബ്ദം നിര്‍വ്വികാരമായിരുന്നു.

"വിവാഹം കഴിച്ചിട്ടില്ലേ ?" പതറിയശബ്ദത്തില്‍ ദീപക് ചോദിച്ചു.

"ഒരിക്കല്‍ മനസ്സും ശരീരവും പങ്കുവച്ചവളെ മറക്കാന്‍ എനിക്ക് കഴിഞ്ഞില്ലടാ" അതുപറയുമ്പോള്‍ പ്രവീണിന്‍റെ കണ്ണുകള്‍ ഈറനാകുന്നത് വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ ദീപക് കണ്ടു.

യാത്ര പറഞ്ഞു പിരിഞ്ഞു കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തോടിച്ചു പോകുമ്പോള്‍ മുന്‍സീറ്റിലിരുന്ന മീനു ചോദിച്ചു- "ആരുമായിട്ടായിരുന്നു മീറ്റിംഗ് , പോയിട്ട് കുറെ നേരമായല്ലോ, ഞാനോറ്റക്കിരുന്നു ബോറടിച്ചു മരിച്ചു"

"ഉം" മറുപടി വെറുമൊരു മൂളലിലോതുക്കി ആക്സിലറെറ്ററില്‍ കാല്‍ അമര്‍ത്തുമ്പോള്‍ ദീപക്കിന്‍റെ മനസ്സില്‍ കനലുകള്‍ക്ക് തീപിടിച്ചു തുടങ്ങിയിക്കഴിഞ്ഞിരുന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top