Sunday, June 23, 2013

പല്ലിളിക്കുന്ന യാഥാര്‍ത്ഥ്യം

"ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളത് വല്ലതും കഴിച്ചാരുന്നോ ?" ഡോക്ടര്‍ ചോദിച്ചു.

"പല്ലുസെറ്റ് ദഹിക്കുന്ന വസ്തുവാണോ ഡോക്ടര്‍ ?"എന്നു ചോദിക്കാന്‍ ആഞ്ഞെങ്കിലും അവറാന്‍ ചോദിച്ചില്ല - പകരം ഇങ്ങനെ പറഞ്ഞു.

"ഓര്‍മ്മയില്ല ഡോക്ടറെ, എനിക്ക് അംനേഷ്യ ഉണ്ടോന്നൊരു സംശയമുണ്ട്‌ , പഴയതൊന്നും തീരെ ഓര്‍മ്മ കിട്ടുന്നില്ല"

ഇത്രയും കുഴപ്പം പിടിച്ച രോഗത്തിന്‍റെ പേര് കൃത്യമായി ഓര്‍ക്കുന്ന അവറാന്‍ നുണപറഞ്ഞതാണെന്ന് ഡോക്ടര്‍ക്കും, തന്‍റെ നിലത്തെക്കുള്ള ദ്രുഷ്ടിതിരിക്കലില്‍ നിന്ന് ഡോക്ടര്‍ അക്കാര്യം മനസ്സിലാക്കിയെന്ന് അവറാനും മനസിലായി.

"പാന്‍റ് താഴ്ത്തി കുനിഞ്ഞു നില്‍ക്കൂ - പരിശോധിക്കണം"

ഡോക്ടര്‍ കയ്യില്‍ ഗ്ലൌസിട്ട് ടോര്‍ച്ച് കയ്യിലെടുത്തു.

ഒരുനിമിഷം അമാന്തിച്ചു നന്ന ശേഷം റണ്‍ ഔട്ട്‌ സാധ്യത നിരീക്ഷിക്കുന്ന ലെഗ് അമ്പയറെ പോലെ കാല്‍മുട്ടുകളില്‍ കൈയൂന്നി അവറാന്‍ വൈക്ലബ്യത്തോടെ കുനിഞ്ഞു നിന്നു.

കഴിഞ്ഞമാസമാണ് പുതുതായി വിമന്‍സ് ക്ലബ്ബില്‍ ചേര്‍ന്ന അന്നമ്മച്ചെടത്തിയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ അവറാന്‍ ചേട്ടനും പല്ലുസെറ്റ് വച്ച് പരിഷ്കാരിയായത്.

പല്ലില്ലാത്തത് കൊണ്ട് മാത്രം ഒരുപാടുകാലമായി മിസ്‌ ചെയ്തു കൊണ്ടിരുന്ന നിര്‍ത്തിപ്പൊരിച്ച ഒരു വലിയ ചിക്കന്‍റെ കാല് , പല്ലുവച്ച അന്നുച്ചക്ക് തന്നെ കടിച്ചു പറിച്ചതാണ് - ചവച്ചിറക്കിയ കൂട്ടത്തില്‍ വെപ്പ്പല്ലും അറിയാതെ വിഴുങ്ങിപ്പോയ കാര്യം ചിക്കന്‍കാലിനിട്ട് അടുത്ത കടി കടിച്ചപ്പോഴാണ് അവറാന്‍ ചേട്ടന്‍ തിരിച്ചറിഞ്ഞത്.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ നേരിയ തോതില്‍ വയറുവേദന തുടങ്ങി.

പല്ലുസെറ്റ് വിഴുങ്ങിയ കാര്യം നാട്ടില്‍ അറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന മാനഹാനി ഭയന്ന് അവറാന്‍ അന്നമ്മച്ചെടത്തിയോട് പോലും പറഞ്ഞില്ല.

"പല്ലുസെറ്റെവിടെ ?" എന്ന് ചേട്ടത്തി ചോദിച്ചപ്പോഴൊക്കെ "വെളുക്കാന്‍ വേണ്ടി വെള്ളത്തില്‍ ഇട്ടു വച്ചിരിക്കുന്നു" എന്ന് ചേട്ടന്‍ മറുപടി പറഞ്ഞു കൊണ്ടിരുന്നു.

(ആ കുന്ത്രാണ്ടം വാങ്ങിയതോടെ കുടുംബം വെളുത്തേക്കും എന്ന് അപ്പോഴൊക്കെ മനസ്സില്‍ ഓര്‍ക്കുകയും ചെയ്തു)

ഒടുവില്‍ വയറുവേദന സഹിക്കാന്‍ വയ്യാത്ത വിധത്തില്‍ കലശലായപ്പോഴാണ് ഗത്യന്തരമില്ലാതെ അവറാന്‍ ചേട്ടന്‍ ആശുപത്രിയില്‍ വന്നത്.

എക്സ്റെയില്‍ അവറാന്‍റെ വന്‍കുടലിന്‍റെ കീഴറ്റത്ത്‌ തിരിച്ചറിയാനാകാത്ത എന്തോ ഒരു സാധനം കണ്ടു - അതേത്തുടര്‍ന്നാണ് പരിശോധിക്കാനായി അവറാന്‍ ചേട്ടനെ ഡോക്ടര്‍ കുനിച്ചു നിര്‍ത്തിയത്.

"ഹോ" അവിശ്വസനീയമായതെന്തോ കണ്ടതിന്‍റെ അമ്പരപ്പ് ഒരു ദീര്‍ഘനിശ്വാസമായി ഡോക്ടറില്‍ നിന്ന് പുറപ്പെട്ടു.

അവറാന് മുന്നില്‍ വന്നു നിന്ന് ഗ്ലൌസ് ഊരിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു .

"പല തരത്തിലുള്ളത് കണ്ടിട്ടുണ്ട് , എന്നാല്‍ പല്ലിളിച്ചു ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു പിന്നാമ്പ്രം ഇരുപത്തിയഞ്ചുകൊല്ലത്തെ എന്‍റെ സര്‍വ്വീസില്‍ ഇതാദ്യമായിട്ടാ കാണുന്നെ"

പല്ലില്ലാത്ത മോണകാട്ടി ഒരു വളിച്ച ചിരി അവറാനും തിരിച്ചങ്ങോട്ട് വച്ചുകൊടുത്തു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top