Friday, June 28, 2013

കപടസാമൂഹികത

ജുബൈലില്‍ എന്‍റെ ഫ്ലാറ്റിന്‍റെ ഏകദേശം അമ്പത് മീറ്റര്‍ ദൂരെയായി തന്നെ പള്ളിയുണ്ട്.

രാവിലെ സുബഹി നമസ്കരിക്കാനെഴുന്നേല്‍ക്കാന്‍ അലാം വക്കേണ്ട കാര്യം പോലുമില്ല - അത്ര ഉച്ചത്തില്‍ ബാങ്ക് വിളിക്കുന്നത്‌ കേട്ടെഴുന്നെല്‍ക്കാം.

വേനലായതിനാല്‍ ഇപ്പോള്‍ വെളുപ്പിനെ 3.15 നാണ് സുബഹി - മിക്കവാറും എന്നും ഞാന്‍ കൃത്യസമയത്ത് നമസ്കരിക്കുന്ന ഏക നമസ്കാരവും ഇതാണ്.

പലപ്പോഴും തെല്ലു നീരസത്തോടെ ഞാന്‍ ശ്രദ്ധിക്കാറുള്ള ഒരു സംഗതിയുണ്ട് .

പള്ളിയില്‍ നിന്ന് ഏകദേശം പത്തു മീറ്റര്‍ മാത്രം ദൂരെ താമസിക്കുന്ന ഒരു സൌദിയുണ്ട് - അയാള്‍ മിക്കവാറും ദിവസങ്ങളിലും നമസ്കാരം കഴിഞ്ഞ ശേഷമാണ് പള്ളിയില്‍ വരുന്നത്.

ബാങ്ക് വിളിച്ചുകഴിഞ്ഞാല്‍ ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞാണ് നമസ്കാരം തുടങ്ങുന്നത് - ഇത്ര ഉച്ചത്തില്‍ ബാങ്ക് വിളിക്കുന്നത് കേട്ടെങ്കിലും ഇയാള്‍ക്ക് കൃത്യസമയത്ത് എഴുന്നേറ്റുവന്നൊന്ന് നമസ്കരിച്ചു കൂടെ ?

ഇക്കഴിഞ്ഞ മാര്‍ച്ച്‌ അഞ്ചിന് ഞാന്‍ ഇരട്ടപെണ്‍കുട്ടികളുടെ കൂടെ പിതാവായി.

കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ നിന്ന് അവരെ കൂട്ടിക്കൊണ്ട് വന്നത്.

കഴിഞ്ഞ ദിവസം രണ്ടാള്‍ക്കും - മൂന്നരമാസത്തില്‍ ഉള്ള വാക്സിനേഷനും , ഇഖാമക്കുള്ള (റെസിഡന്‍സ് പെര്‍മിറ്റ്‌) മെഡിക്കലും എടുക്കാന്‍ ഹോസ്പിറ്റലില്‍ പോയിരുന്നു.

വാക്സിനേഷന്‍റെ രണ്ടും, ബ്ലഡ് സാമ്പിളിന്‍റെ ഒന്നും ആയി രണ്ടാള്‍ക്കും രണ്ടു തുടയിലും, ഒരു കൈയിലും ആയി മൂന്നു വീതം സൂചി കയറ്റി.

അതിന്‍റെ അനന്തരഫലമോ എന്തോ - തുടര്‍ന്നുള്ള രണ്ടു ദിവസം രാത്രികളിലും, രണ്ടുപേരും ഞങ്ങളെ തീരെ ഉറക്കിയില്ല.

വെളുപ്പിനെ മൂന്നു മണിയൊക്കെയായി ഒന്ന് കിടന്നപ്പോള്‍.

സുബഹി ബാങ്ക് വിളിക്കുന്നത്‌ കേട്ടെങ്കിലും ഇരുപതു മിനിറ്റില്‍ അടിക്കാന്‍ പാകത്തില്‍ മൊബൈലില്‍ അലാം സെറ്റ് ചെയ്തു വച്ച് ഞാന്‍ വീണ്ടും കിടന്നു.

അലാം അടിച്ചപ്പോള്‍ ഉറക്കപ്പിച്ചില്‍ അത് ഓഫാക്കി വീണ്ടും കിടന്നുറങ്ങി.

പിന്നെ എപ്പോഴോ ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോള്‍ മണി നാല് കഴിഞ്ഞിരുന്നു !

പിന്നെ പള്ളിയിലേക്ക് പോകാന്‍ മടിച്ച് സുബഹി നമസ്കാരം വീട്ടില്‍ തന്നെ നമസ്കരിച്ചു.

ഇന്നലെ രാവിലെ ഓഫീസിലേക്ക് പോകുവാന്‍ വേണ്ടി വണ്ടിയില്‍ കയറിയപ്പോള്‍ ഞാന്‍ ഇതും ആ സൌദിയുടെ കാര്യവുമായി ചേര്‍ത്തൊന്നു ചിന്തിച്ചു നോക്കി - ഇക്കാര്യം അല്‍പ്പം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് സ്റ്റാറ്റസ് ആക്കി ഇട്ടാലോ ?

അതായത്......

ഇന്ന് രാവിലെ ഞാന്‍ ഓഫീസില്‍ പോകാന്‍ ഇറങ്ങുമ്പോള്‍ ആ സൌദിയും, ഭാര്യയും ഓരോ കുഞ്ഞുങ്ങളെയും ആയി വന്നു വണ്ടിയില്‍ കയറുന്നു.

കുഞ്ഞുങ്ങളെ വണ്ടിയില്‍ കിടത്തിയ ശേഷം സൗദി വീണ്ടും വീട്ടിലേക്ക് പോയി ഒരു കുഞ്ഞിനെ കൂടി എടുത്തു കൊണ്ട് വരുന്നു.

എന്നുവച്ചാല്‍ രണ്ടു മക്കള്‍ ഉണ്ടായപ്പോഴുള്ള കഷ്ടപ്പാടുകള്‍ നിമിത്തം ഞാന്‍ സുബഹി നമസ്കരിക്കാന്‍ പള്ളിയിലേക്ക് തന്നെ പോകാതിരുന്നപ്പോള്‍ , മൂന്നു കുട്ടികളെ മാനേജ് ചെയ്യുന്ന അയാള്‍ വൈകിയാണെങ്കിലും പള്ളിയില്‍ വരുന്നു !

പക്ഷെ വീണ്ടും ചിന്തിച്ചപ്പോള്‍ പക്ഷെ എനിക്കത് ശരിയല്ലെന്ന് തോന്നി.

മനുഷ്യന്‍റെ - പ്രത്യേകിച്ച് നമ്മള്‍ മലയാളികളുടെ - ശീലമാണ് അന്യന്‍റെ ജീവിതത്തിലേക്ക് ആവശ്യമില്ലാത്ത ഒളിഞ്ഞു നോട്ടവും, മനസ്സില്‍ കഥകള്‍ മെനയലും.

ഇത് പറഞ്ഞത് മലയാളികളെ അടച്ചാക്ഷേപിക്കാന്‍ വേണ്ടിയൊന്നുമല്ല - ഒരു ശരാശരി മലയാളിയുടെ പ്രതിരൂപമാക്കി പ്രതിക്കൂട്ടില്‍ കയറ്റി നിര്‍ത്തി എന്നെത്തന്നെയൊന്നു വിസ്തരിക്കാന്‍.

സ്വന്തം വീട് പൊളിഞ്ഞു കിടക്കുമ്പോഴും അയല്‍ക്കാരന്‍റെ ഭിത്തിയിലെ വിള്ളലിനെക്കുറിച്ചോര്‍ത്ത് വെവേലാതിപ്പെടുന്ന എന്നിലെ കപടസാമൂഹികബോധത്തെ ഒന്ന് പരിഹസിക്കാന്‍ !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top