Friday, June 21, 2013

അ - അച്ഛന്‍ - അച്ഛന്‍റെ അ !

ഇന്നലെ ഉച്ചക്ക് കൊച്ചിയില്‍ നിന്ന് ദമ്മാമിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനം കൃത്യം പന്ത്രണ്ടേകാലിനു തന്നെ ഉയര്‍ന്നു പൊങ്ങി.

വിമാനത്തിന്‍റെ വലതു വശത്ത് ഏറ്റവും മുന്നില്‍ നിന്ന് മൂന്നാമത്തെ വരിയില്‍ വിന്‍ഡോ സീട്ടിനടുത്തുള്ള സീറ്റില്‍ ആയിരുന്നു എനിക്കും റൈഹാനും ഇരിപ്പിടം.

അക്കു - അഷ്ജാന്‍, ചിച്ചുമോള്‍ എന്നിവരുടെ സീറ്റുകളെ എന്‍റെ സീറ്റില്‍ നിന്നും നടക്കാനുള്ള വഴി വേര്‍തിരിച്ചു.

റൈഹാനും, അഷ്ജാനും വിമാനത്തില്‍ കയറും മുന്നേ ഞങ്ങളുടെ കൈകളില്‍ ഇരുന്നു ഉറങ്ങിക്കഴിഞ്ഞിരുന്നു.

സീറ്റില്‍ കിടന്നിരുന്ന കൊച്ചു തലയിണ എന്‍റെ കൈത്തണ്ടയിലും ആം റെസ്റ്റിലും വരുന്ന വിധത്തില്‍ വച്ച് റൈഹാന്‍റെ കിടപ്പ് ഞാന്‍ പരമാവധി സുഖകരമാക്കിക്കൊടുത്തു.

വിമാനത്തിനകത്ത്‌ കരഞ്ഞു ബഹളമുണ്ടാക്കി മറ്റുയാത്രക്കാരെ കൂടിബുദ്ധിമുട്ടിക്കുമോ എന്ന് ഭയപ്പെട്ടിരുന്ന ഞങ്ങളെ , ദീര്‍ഘമായ ഉറങ്ങിയ രണ്ടുപേരും ശരിക്കും പറ്റിച്ചു.

ഏകദേശം മൂന്ന് മണിക്കൂറിനു ശേഷമാണ് ഇരുവരും ഉണര്‍ന്നത്.

അതിനകം എയര്‍ ഹോസ്റ്റസുമാര്‍ കൊണ്ടുവന്ന ഭക്ഷണമൊക്കെ ഞങ്ങള്‍ കഴിച്ചു കഴിഞ്ഞിരുന്നു.

ഉണര്‍ന്ന ശേഷവും ഇരുവരും കരഞ്ഞു ബഹളം വച്ചില്ല, ഇടയ്ക്കു ചിണുങ്ങി തുടങ്ങുമ്പോള്‍ അത്ലറ്റിക്സ് റിലെ ടീം ബാറ്റന്‍ കൈമാറുന്നത് പോലെ മുലപ്പാല്‍ കൊടുക്കുവാന്‍ ഞാനും, അക്കുവും നടപ്പാതക്കപ്പുറത്തെക്കും, ഇപ്പുറത്തേക്കും മക്കളെ പരസ്പരം,
കൈമാറിക്കൊണ്ടിരുന്നു.

എന്നാല്‍ അതുവരെയുള്ള ക്ഷീണം മൊത്തം രണ്ടാളും കൂടി പലിശയടക്കം വീട്ടി - ദമ്മാം എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്യൂവില്‍ വച്ച് ഇരുവരും അവിടെ സന്നിഹിതരായിരുന്ന സകലമാന ആളുകളുടെയും ശ്രദ്ധ കരഞ്ഞു ബഹളം വച്ച് തങ്ങളിലേക്ക് ആകര്‍ഷിച്ചു !

പക്ഷെ അത് കൊണ്ട് ഒരു ഗുണം ഉണ്ടായി - ക്യൂവില്‍ അധികം സമയം നില്‍ക്കേണ്ടി വന്നില്ല !

ഭാര്യയുടെയും മകളുടെയും വിസയുടെ കാലാവധി ഈ മാസം അവസാനിക്കുന്നതിനാല്‍ അവരെ കൂട്ടിക്കൊണ്ട് വരാനായി ഒരാഴ്ച മുന്‍പാണ് ഞാന്‍ നാട്ടിലേക്ക് പോയത്.

ആ ഒരാഴ്ചയിലെ പകലുകള്‍ മുഴുവന്‍ മഴ ആസ്വദിച്ചു ഞാന്‍ കുടുംബത്തോടൊപ്പം കഴിച്ചു കൂട്ടി.

ഞങ്ങളുടെ ജീവിതത്തിലേക്ക് ഇക്കഴിഞ്ഞ മാര്‍ച്ച്‌ അഞ്ചിന് കടന്നു വന്ന റൈഹാന്‍ സഫിയയും, അഷ്ജാന്‍ സഫിയയും !

പകല്‍ മിക്കവാറും നേരം ഉറങ്ങിതീര്‍ക്കുന്ന ഇരുവര്‍ക്കും സന്ധ്യയാകുമ്പോള്‍ നേരം വെളുക്കും - നമ്മള്‍ ഉറക്കം തൂങ്ങി എങ്ങനെയെങ്കിലും ഒന്ന് കിടന്നാല്‍ മതിയെന്ന് കരുതി വരുമ്പോള്‍ അവര്‍ കളിയും ചിരിയും ഒക്കെ തുടങ്ങുന്നതേയുണ്ടാവൂ.

ഒരുത്തിയെ ഞാന്‍ കളിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റവളെ അക്കു പാല്‍ കൊടുത്ത് ഏകദേശം ഉറങ്ങാനുള്ള മട്ടാകുമ്പോള്‍ തൊട്ടിലില്‍ കിടത്തി ആട്ടി, അനക്കം കേള്‍ക്കാതെയാകുമ്പോള്‍ എന്നോട് ആട്ടല്‍ തുടരാന്‍ പറഞ്ഞ് , മറ്റവളെ മുലയൂട്ടാന്‍ തുടങ്ങും.

അപ്പോഴായിരിക്കും ആ ആശാത്തി "ആ വേല നിങ്ങള്‍ കയ്യില്‍ വച്ചാല്‍ മതി"യെന്ന് പ്രഖ്യാപിച്ചു കൊണ്ട് മുലപ്പാല്‍ നിഷ്കരുണം നിരസിച്ച് അലറി കരയുന്നത്.

ആ കരച്ചിലില്‍ തൊട്ടിലില്‍ പാതി മയക്കത്തില്‍ കിടന്നവളും പങ്കു ചേരുമ്പോള്‍ നമ്മുടെ ചങ്ക് പിടയും - അത്രയും നേരം മനസ്സില്‍ വച്ച് പുലര്‍ത്തിയ പ്രതീക്ഷകളുടെ ചീട്ടുകൊട്ടാരം പൊളിഞ്ഞു വീഴും.

ഈ ലോകത്തില്‍ ഏറ്റവും നേര്‍ത്ത പ്രതീക്ഷ, ഉറങ്ങുമെന്ന ആഗ്രഹത്തില്‍ കുഞ്ഞിനെ താരാട്ട് പാടി ഉറക്കാന്‍ ശ്രമിക്കലാണെന്ന് എനിക്ക് തോന്നുന്നു.

ഒരുതവണ ഉറക്കച്ചടവില്‍ ദേഷ്യത്തോടെ "എനിക്കെങ്ങും വയ്യ, അവിടെയെങ്ങാനും കിടന്നു കരയട്ടെ" എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു ഞാന്‍ കട്ടിലില്‍ വന്നു പിണങ്ങി കിടന്നപ്പോള്‍ അക്കു നിര്‍വ്വികാരമായ മുഖത്തോടെ ഒരു കയ്യില്‍ മുലയൂട്ടുന്ന കുഞ്ഞുമായി മറുകൈ കൊണ്ട് തോട്ടില്‍ ആട്ടാന്‍ തുടങ്ങി .

ഏറെ നേരം ആ കിടപ്പ് കിടക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

വീണ്ടും എഴുന്നേറ്റു തോട്ടില്‍ കൈയില്‍ വാങ്ങുമ്പോള്‍ എന്‍റെ കണ്ണുകള്‍ ഒരു നിമിഷം കുറ്റബോധം കൊണ്ട് നിറഞ്ഞു തുളുമ്പി.

തൊട്ടിലില്‍ എന്‍റെ നേരെ നോക്കി മോണകാട്ടി നിഷ്കളങ്കമായി ചിരിക്കുന്ന എന്‍റെ പോന്നു മകള്‍ - ഏതു കഠിനഹൃദയന്റെ കരളാണ് ആ കാഴ്ചയില്‍ വാത്സല്യം കൊണ്ട് ആര്‍ദ്രമാകാത്തത് ?

മൂത്ത മോള്‍ കുഞ്ഞായിരുന്നപ്പോള്‍ എവിടെയെങ്കിലും കിടത്തിയാല്‍ രണ്ടു മിനിട്ട് തികച്ചു കിടക്കില്ല - അപ്പോഴേ കരച്ചില്‍ തുടങ്ങുമായിരുന്നു.

എന്നിട്ടും ഇവരെ രണ്ടു പേരെയും നോക്കുന്നത് വച്ച് നോക്കുമ്പോള്‍ അത് വെറും പുളിങ്കുരു പെറുക്കുന്നത് പോലെ എളുപ്പമാണെന്ന് തോന്നുന്നു.

ഭാര്യ പറഞ്ഞത് ശരിയാണ് "വാപ്പിയെ മക്കള്‍ രണ്ടാളും ശരിക്കും ക്ഷമ പഠിപ്പിക്കും"

ഞാന്‍ കൂടെ ഉള്ളപ്പോള്‍ രാത്രി ഉറങ്ങിക്കഴിഞ്ഞാല്‍ അക്കുവിനു കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വല്ലാത്ത മടിയാണ് - കാരണം ഒരു നേരിയ അനക്കം കേട്ടാല്‍ മതി ഞാന്‍ ചാടിയെഴുന്നെല്‍ക്കുമെന്ന് അവള്‍ക്കറിയാം.

കുഞ്ഞുങ്ങള്‍ ഒരു സെക്കണ്ട് കരയുന്നത് പോലും എനിക്ക് സഹിക്കാന്‍ കഴിയില്ല.

തൊട്ടില്‍ ആട്ടി ഞാന്‍ വീണ്ടും അവരെ ഉറക്കാന്‍ ശ്രമിക്കും.

എന്നിട്ടും കരച്ചില്‍ തുടര്‍ന്നാല്‍ അക്കുവിന്റെ അടുത്ത് കൊണ്ട് വന്നു കിടത്തി അവളെ വിളിച്ചുണര്‍ത്തും - അമ്മിഞ്ഞ കുഞ്ഞിന് ചപ്പിക്കുടിക്കാന്‍ തക്കവിധം വായിലേക്ക് തിരുകി വയ്ക്കുന്ന ആയാസം മാത്രമേ അക്കുവിനുള്ളൂ.

എന്നിട്ടും അതിനിടെ അക്കു വീണ്ടും ഉറങ്ങിപ്പോകുമ്പോള്‍ പാല്‍കുടി ഇടയ്ക്കുമുടങ്ങി കുഞ്ഞു കരയും, അപ്പോള്‍ എന്നിലെ മുന്‍കോപി സടകുടഞ്ഞെഴുന്നെല്‍ക്കും - അക്കുവിനു കണക്കിന് ശകാരം ഉറപ്പ്.

പാല്‍ചുരത്തുന്ന ആ ഒരുജോഡി അവയവങ്ങള്‍ കൂടി ദൈവം പുരുഷന് നല്‍കിയിരുന്നെങ്കില്‍ തീര്‍ച്ചയായും വിശ്വസാഹിത്യത്തിലെ ഒരുപാട് ഉപമകളും , ലോകചരിത്രത്തിലെ ഒരുപാട് വിശ്വാസപ്രമാണങ്ങളും തന്നെ മാറിപ്പോയേനെ !

മക്കള്‍ക്ക്‌ വേണ്ടി എത്ര തന്നെ കഷ്ടപ്പെട്ടാലും , ആ മോണകാട്ടിച്ചിരിയില്‍ നമ്മള്‍ എല്ലാം മറക്കും.

പിന്നെ ഒരു രണ്ടുവര്‍ഷം കഴിഞ്ഞാല്‍ രണ്ടാളും ഒരേതരം ഉടുപ്പിട്ട് ബീച്ചിലും, പാര്‍ക്കിലും ഒക്കെ ചിത്രശലഭങ്ങളെ പോലെ പാറി നടക്കുന്നതും, കട്ടിലില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ "വാപ്പി, വാപ്പി" എന്ന് വിളിച്ചു ദേഹത്ത് കിടന്നു കെട്ടിമറിയുന്നതും, മനസ്സില്‍ സങ്കല്‍പ്പിക്കുമ്പോള്‍ ഹൃദയത്തില്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി വന്നു നിറയും.

ദൈവത്തിനും സമൂഹത്തിനും പ്രിയങ്കരരായ, മാതാപിതാക്കള്‍ക്കും, കുടുംബക്കാര്‍ക്കും അഭിമാനാര്‍ഹരായ രണ്ടു പോന്നുമക്കളായി വളര്‍ന്നു വരുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ - എല്ലാവരും എന്‍റെ മക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കണം എന്ന് കൂടി ഉണര്‍ത്താന്‍ ഈ അവസരം വിനിയോഗിക്കുന്നു.

---------------------------------------------------------------------------------------------
ജുബൈലിലെ വീട്ടില്‍ ഇതുവരെ തോട്ടില്‍ കെട്ടിയിട്ടില്ല - രണ്ടു പേരെയും കുളിപ്പിച്ചു കട്ടിലില്‍ ഉറക്കിക്കിടത്തി മൊബൈലിലെ ഫ്ലാഷ് ലൈറ്റ് കീബോഡിലേക്ക് തെളിച്ചു വച്ചാണ് ഈ കുറിപ്പെഴുതുന്നത് - ഇതിനിടയില്‍ രണ്ടു തവണ ഒരുത്തി എഴുന്നേറ്റു ചിണുങ്ങിയപ്പോള്‍ എഴുന്നേറ്റു ചെന്നു താരാട്ട് മൂളിക്കൊടുക്കേണ്ടി വന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top