Monday, June 24, 2013

അമ്പതുപൈസക്ക് മൂന്നെണ്ണം !

1990 നു ശേഷമുള്ള ഏതോ ഒരു വര്‍ഷം.

സുഹൃത്തായ മനോജിന്‍റെ വീട്ടില്‍ ഞങ്ങള്‍, ഏകദേശം പത്തിരുപത്തഞ്ചോളം ചെറുപ്പക്കാര്‍, ടീവിയില്‍ ഇന്ത്യ x ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ്‌ മത്സരം കാണുകയായിരുന്നു.

അന്നൊക്കെ നാട്ടില്‍ ടീവി വളരെ അപൂര്‍വ്വസംഗതിയായിരുന്നു.

മനോജിന്‍റെ ക്രിക്കറ്റ് ആരാധികയായ അമ്മൂമ്മയും ഞങ്ങളോടൊപ്പമിരുന്നു കളികാണുകയും, ഞങ്ങള്‍ ബഹളം കൂട്ടുമ്പോഴൊക്കെ "എന്നതാടാ മക്കളെ, കപില്‍ദേവ് ഫോറടിച്ചാ , ഗവാസ്കര്‍ സിക്സടിച്ചാ ?" എന്നൊക്കെ തിരക്കുകയും ചെയ്തു കൊണ്ടിരുന്നു.

അന്നൊക്കെ ഡല്‍ഹിയില്‍ നിന്ന് സംപ്രേക്ഷണം ചെയ്തിരുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയില്‍ മലയാളത്തിലുള്ള പരസ്യങ്ങള്‍ ഉണ്ടാകുമായിരുന്നു.

മനോജിന്‍റെ അമ്മൂമ്മയുടെ ചില ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് ഒരുപാടു ചിരിക്കാനുള്ള വകനല്‍കുന്നതായിരുന്നു.

ഒരു ബ്രേക്കിനിടെ കെയര്‍ ഫ്രീയുടെ പരസ്യം വന്നപ്പോള്‍ അമ്മൂമ്മ ചോദിച്ചു - "എന്നതാടാ മനോജേ ഇപ്പൊ കാണിച്ച ആ സാധനം ?"

"അത് സോപ്പാ അമ്മാമേ" ഞങ്ങളുടെ കൂട്ടച്ചിരികള്‍ക്കിടയില്‍ ജാള്യതയോടെ മനോജ്‌ മറുപടി പറഞ്ഞു തടി രക്ഷിച്ചു.

വീണ്ടും അടുത്ത ബ്രേക്ക് - ഇത്തവണ വന്നത് നിരോധിന്‍റെ പരസ്യം.

"ഡീലക്സ് നിരൊധ് - അമ്പത് പൈസക്കു മൂന്നെണ്ണം !"

ഇത് കേട്ടതും ഉടനെ വന്നു അമ്മൂമ്മയുടെ സംശയം -

"എന്നതാടാ മനോജേ - ആ അമ്പത് പൈസക്ക് മൂന്നെണ്ണം കിട്ടുന്ന സാധനം - നല്ല ലാഭം ആണല്ലോടാ ?"

ചിരി അടക്കാനാവാതെ സുഹൃത്തുക്കളില്‍ പലരും ഇറങ്ങി പുറത്തേക്കോടി - എന്ത് പറയണമെന്നറിയാതെ, അച്ഛന്‍ ടീവി വാങ്ങാന്‍ തീരുമാനിച്ച നിമിഷത്തെ ശപിച്ചു കൊണ്ട് മനോജ്‌ മിണ്ടാതിരുന്നു.

ഒന്ന് രണ്ടു തവണ ചോദ്യം ആവര്‍ത്തിച്ചിട്ടും മറുപടി കിട്ടാതായപ്പോള്‍ അമ്മൂമ്മ നിര്‍ത്തി.

പിന്നീട് കുറേകാലം മനോജിന്‍റെ ഇരട്ടപ്പേരായിരുന്നു "അമ്പതു പൈസക്ക് മൂന്നെണം".

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top