തൊട്ടടുത്ത ഫ്ലാറ്റിലെ രമേഷും ഫാമിലിയും അവധി കഴിഞ്ഞു നാട്ടില്‍ നിന്ന് തിരികെ വന്നിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞപ്പോള്‍ രമേഷിനെ ഒന്ന് കാണാമെന്നു കരുതിയാണ് ഞാന്‍ അവരുടെ ഫ്ലാറ്റിലേക്ക് പോയത്, അപ്പോള്‍ ചിച്ചുമോളും എന്‍റെ കൂടെ വന്നു.
ഞങ്ങള്‍ ചെല്ലുമ്പോള്‍ അടുത്ത ഫ്ലാറ്റിലെ ഇംതിയാസും കുടുംബവും അവിടെയുണ്ടായിരുന്നു.
ഞങ്ങള്‍ ഹാളിലിരുന്ന് സംസാരിച്ചു കൊണ്ടിരിക്കവേ രമേഷിന്‍റെ മകന്‍ ഹരി അവന്‍റെ പുതിയ സൈക്കിള്‍ എടുത്തു കൊണ്ടുവന്ന് ഞങ്ങളുടെ മുന്നില്‍ വട്ടത്തില്‍ ചവിട്ടാന്‍ തുടങ്ങി.
ഇതുകണ്ട് ഇംതിയാസിന്‍റെ മകള്‍ ആസിയ ഓടിപ്പോയി അവള്‍ നാട്ടില്‍ പോയി വന്നപ്പോള്‍ കൊണ്ടുവന്ന പമ്പരം എടുത്തുകൊണ്ടു വന്നു ഞങ്ങളുടെ മുന്നിലിട്ട് കറക്കി.
ഞാന്‍ ചിച്ചുമോള്‍ടെ മുഖത്തേക്ക് നോക്കി - ഇനിയിപ്പോള്‍ ഇതിനേക്കാള്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന എന്ത് കാര്യമാണ് തന്നെക്കൊണ്ട് പറ്റുക എന്ന മുഖഭാവത്തോടെ ഒരു നിമിഷം ചിന്തിച്ചിരുന്ന ശേഷം എന്തോ തീരുമാനിച്ചുറച്ച പോലെ അവള്‍ വീട്ടിലേക്കോടി.
രണ്ടു മിനിറ്റ് കഴിഞ്ഞില്ല ആറുമാസം പ്രായമായ എന്‍റെ ഇളയ രണ്ടു മക്കളെയും പ്രാമിനകത്തിരുത്തി തള്ളിക്കൊണ്ട് അവിടേക്ക് വന്നു.
അതോടെ അവിടെയുണ്ടായിരുന്നവരെല്ലാം സംസാരമൊക്കെ നിര്‍ത്തി കുഞ്ഞുങ്ങളെ എടുത്തുലാളിക്കാന്‍ തുടങ്ങിയപ്പോള്‍ ആരും ഹരിയും ആസിയയെയും ശ്രദ്ധിക്കാതെയായി.
ഇതുകണ്ട് ഇംതിയാസ് പറഞ്ഞു "ഹരി സൈക്കിളും, ആസിയ പമ്പരവും എടുത്തു കൊണ്ട് വന്നപ്പോള്‍ ചിച്ചു പോയി ഇരട്ടക്കുട്ടികളെ എടുത്തു കൊണ്ട് വന്നു. സൈക്കിളും പമ്പരവുമൊക്കെ ആര്‍ക്കും കിട്ടും , പക്ഷെ ഇരട്ടക്കുട്ടികളെ അത്രയെളുപ്പം കിട്ടില്ലല്ലോ"
ഞങ്ങള്‍ എല്ലാവരും ചിരിച്ചു.
ചിച്ചുമോളോടാ അവന്മാരുടെ കളി !
മുതിര്‍ന്നവരുടെ ശ്രദ്ധ തങ്ങളിലേക്കാകര്‍ഷിക്കാനാണ് എപ്പോഴും കുട്ടികളുടെ ശ്രമം , അതിനവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും നമ്മുടെ ബുദ്ധിശക്തിയെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലായിരിക്കും.
കുട്ടികള്‍ക്ക് പറയുവാനുള്ള കാര്യങ്ങള്‍ പലപ്പോഴും നാം നിസ്സാരമെന്നു കരുതി തള്ളിക്കളയുന്നതിനേക്കാള്‍ ഗൌരവമുള്ളതാവാം.









0 comments
Posts a comment