Saturday, September 14, 2013

കൊറേയ ഉണ്ടായ കഥ

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകുന്നതിന്‍റെ തലേ ദിവസം കേരളത്തിലെ ആംഗ്ലോഇന്ത്യന്‍സ് കുടുംബങ്ങള്‍ എല്ലാവരും കൂടി കൊച്ചിയില്‍ ബോള്‍ഗാട്ടി പാലസില്‍ താമസിക്കുന്ന ബ്രിട്ടാസി സായിപ്പിനെ കാണാന്‍ ചെന്നു.

അവര്‍ക്ക് സര്‍നെയിം അനുവദിച്ചു കൊടുക്കണം എന്നായിരുന്നു ആവശ്യം.

അങ്ങനെ കാര്യസ്ഥന്‍റെ നിര്‍ദ്ദേശപ്രകാരം ഓരോ കുടുംബങ്ങള്‍ ആയി പാലസിന്‍റെ അങ്കണത്തില്‍ തടിച്ചു കൂടുകയും സായിപ്പ് മട്ടുപ്പാവില്‍ നിന്ന് അവര്‍ക്ക് റോഡ്രിഗ്സ് , ഗോണ്‍സാല്‍വസ്, പെരേര എന്നിങ്ങനെ സര്‍നെയിമുകള്‍ വിളിച്ചു പറഞ്ഞു കൊടുക്കുകയും പേര് കിട്ടിയ കുടുംബക്കാര്‍ ആര്‍പ്പുവിളികളോടെ പിരിഞ്ഞു പോകുകയും ചെയ്തുകൊണ്ടിരുന്നു.

അങ്ങനെ എല്ലാവരും പോയ്‌ കഴിഞ്ഞപ്പോള്‍ ആണ് ഒരു കുടുംബക്കാര്‍ വൈകി എത്തിയത്.

മുറിക്കുള്ളില്‍ പിറ്റേന്ന് ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങള്‍ ഒക്കെ പാക്ക് ചെയ്യുന്ന തിരക്കില്‍ ആയിരുന്ന സായിപ്പിന് ദേഷ്യം വന്നു.

സായിപ്പ് മട്ടുപ്പാവില്‍ വന്നു നോക്കുമ്പോള്‍ മുറ്റത്ത് അതുവരെ വന്നതിലും വലിയ ജനക്കൂട്ടം.

ചില മലയാളസിനിമാ/ സീരിയലുകളിലെ ബ്രിട്ടീഷുകാരെപ്പോലെ മലയാളം ഇംഗ്ലീഷില്‍ മാത്രമേ പറയൂ എന്ന് നിര്‍ബന്ധമുണ്ടായിരുന്ന ബ്രിട്ടാസി സായിപ്പ് - ഇത് കുറെ പേര്‍ ഉണ്ടല്ലോ എന്ന അര്‍ത്ഥത്തില്‍ "കൊറേയാ ?" എന്ന് താഴെ നിന്നിരുന്ന കാര്യസ്ഥനോട് വിളിച്ചു ചോദിച്ചു.

ഇതുകേട്ട് മുന്‍നിരയില്‍ നിന്നിരുന്ന ജോസഫ് ചേട്ടന്‍ ഉറക്കെ വിളിച്ചു പറഞ്ഞു - "സായിപ്പ് നമ്മക്കും സര്‍നെയിം തന്നേ - കൊറേയ !"

"അന്നാമ്മ കൊറേയ , അവറാന്‍ കൊറേയ" എന്നൊക്കെ പരസ്പരം പേരുവിളിച്ച് വിളിച്ച് ആരവം മുഴക്കി "കൊറേയ"ക്കാര്‍ പിരിഞ്ഞു പോയപ്പോള്‍ സായിപ്പ് കാര്യം മനസ്സിലാകാതെ മട്ടുപ്പാവില്‍ അന്തം വിട്ടു നിന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top