Monday, September 2, 2013

കഥ : ജയം

"ഇതാണോ ആള് ?"

തൊട്ടുമുന്നില്‍ ആരുടെയോ സംസാരം കേട്ടാണ് റഫീഖ് മുഖമുയര്‍ത്തിയത് - മുന്നില്‍ ഫാത്തിമയും കൂടെ ഒരു വക്കീലും.

അതെയെന്ന അര്‍ത്ഥത്തില്‍ ഫാത്തിമ തലയാട്ടി.

'ഇത്ര സുന്ദരിയായ ഒരു ഭാര്യ ഉണ്ടായിട്ട്, ഈ വേണ്ടാത്ത പണിക്കു പോണോ ആശാനെ' എന്ന ഭാവത്തോടെ വക്കീല്‍ അര്‍ഥംവച്ചുള്ള ഒരു നോട്ടം നോക്കി - റഫീഖ് തന്‍റെ പതറിയ ദൃഷ്ടികളെ ആ ക്രൌര്യം നിറഞ്ഞ കണ്ണുകളുടെ മാര്‍ഗ്ഗത്തില്‍ നിന്ന് നിര്‍വ്വികാരതയുടെ ശൂന്യതയിലേക്ക് വഴി തെറ്റിച്ചു.

ഫാത്തിമ ഒന്നുരണ്ടടി മുന്നിലേക്ക്‌ വച്ച് റഫീഖിന് നോട്ടം മാറ്റാനാവാത്തത്ര അകലത്തില്‍ അയാള്‍ക്ക്‌ തൊട്ടുമുന്നിലായി വന്നു നിന്നു.

അയാള്‍ അവളുടെ കണ്ണുകളിലേക്ക് ഒരുനിമിഷം നോക്കിപ്പോയി - അവിടെ മിന്നിമറയുന്ന ഭാവം, തീക്ഷ്ണമായ ദുഃഖത്തെക്കാള്‍, സ്വന്തത്തോടുള്ള വെറുപ്പാണെന്ന് അയാള്‍ക്ക്‌ തോന്നി.

"ഇക്കാ" മൃദുവായ ശബ്ദത്തില്‍ ഫാത്തിമ വിളിച്ചു.

റഫീഖ് വീണ്ടും അവളുടെ മുഖത്തേക്ക് നോക്കുവാന്‍ അശക്തനായിരുന്നു.

"ഇവളാണോ ഇക്കാടെ കൂടെയുണ്ടായിരുന്നത് ?"

ഫാത്തിമയുടെ ചോദ്യത്തെ പിന്തുടര്‍ന്ന് നീണ്ടുവന്ന വെറുപ്പുനിറഞ്ഞ നോട്ടത്തിന് മറുപടിയായി, റഫീഖിനു തൊട്ടടുത്തായി ഭിത്തിയില്‍ ചാരിയിരുന്നിരുന്ന ശ്രീലക്ഷ്മി പരിഹാസത്തോടെ ചുണ്ടുകള്‍ കോട്ടി.

"ഇവളേക്കാള്‍ എനിക്കെന്തായിരുന്നു ഇക്കാ കുറവ് ?" ഫാത്തിമയുടെ ശബ്ദം ഇടറിയിരുന്നു.

"ജാമ്യം കിട്ടി, നാളെ കോടതിയില്‍ നേരിട്ട് ഹാജരായാല്‍ മതി, എസ്‌. ഐ എന്‍റെ ഒരു പഴയ പരിചയക്കാരനാണ്‌"

അവരുടെ സംഭാഷണം തടസ്സപ്പെടുത്തിക്കൊണ്ട് ഒരു ചിരിയോടെ വക്കീല്‍ കടന്നു വന്നു.

"മുന്നില്‍ കയറിക്കോളൂ" പോലീസ് സ്റ്റേഷന്‍റെ പുറത്തിറങ്ങി കാറിന്‍റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുമ്പോള്‍ വക്കീല്‍ റഫീഖിനോട് പറഞ്ഞു.

ഫാത്തിമ ഒന്നും ഉരിയാടാതെ പിന്‍സീറ്റില്‍ കയറിയിരുന്നു കഴിഞ്ഞിരുന്നു.

ഡോര്‍ തുറന്നു ഒരു നിമിഷം എന്തോ ആലോചിച്ചു നിന്ന ശേഷം അത് വലിച്ചടച്ച് റഫീക്ക് വേഗം നടന്ന് പോലീസ് സ്റ്റേഷന്റെ ഗേറ്റ് കടന്നു പുറത്തു കാത്തുകിടന്നിരുന്ന കിടന്നിരുന്ന ഒരു ഓട്ടോറിക്ഷയില്‍ കയറിപ്പോയി.

"ഇക്കാ" ഫാത്തിമയുടെ ഇടറിയ ശബ്ദം ഒരുനിലവിളിയായി തൊണ്ടയില്‍ കുടുങ്ങി.

പോലീസ് സ്റ്റെഷനകത്ത് ഇതൊക്കെ കണ്ടിരുന്ന ശ്രീലക്ഷ്മിയുടെ കണ്ണുകളില്‍ ഒരു നേര്‍ത്ത നനവ്‌ തിളങ്ങി - അവളുടെ ഓര്‍മ്മകള്‍ രണ്ടു വര്‍ഷം പിന്നിലേക്ക്‌ പാഞ്ഞു.

അന്ന് ഫാത്തിമക്ക് പകരം കാറില്‍ സകലതും തകര്‍ന്ന അവസ്ഥയില്‍ ഇരുന്നത് താനായിരുന്നു !

പോലീസ് സ്റ്റേഷന്‍റെ പടികടന്ന് നടന്ന് ഓട്ടോറിക്ഷയില്‍ കയറി മറഞ്ഞത് തന്‍റെ ബാലുവേട്ടനായിരുന്നു !

പിന്നീട് തന്‍റെ രക്ഷിതാവായി ചമഞ്ഞ് വഴിതെറ്റിച്ചത് ആര്‍ത്തിപൂണ്ട വക്കീന്‍റെ കറുത്ത കുപ്പായമിട്ട, മറ്റൊരു ചെന്നായയായിരുന്നു !

അനിവാര്യതയുടെ ആവര്‍ത്തനത്തില്‍, മോഹഭംഗം നിസ്സഹായതയുടെ മേലങ്കിയണിഞ്ഞ ചിലമ്പിച്ച ചിന്തകളെ കൊന്നുതള്ളിയപ്പോള്‍ ശ്രീലക്ഷ്മിക്ക് ഒന്നലറിക്കരയണമെന്നു തോന്നി - പക്ഷെ അവളില്‍ നിന്ന് പുറത്തേക്കുവന്നത് ഒരു അട്ടഹാസമായിരുന്നു - എല്ലാത്തിനെയും കീഴടക്കാനുള്ള, ദൈന്യതയെ ക്രൂരതയുടെ കുപ്പായമിടുവിച്ച മനസ്സില്‍ നിന്നുയര്‍ന്ന അട്ടഹാസം !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top