Sunday, September 1, 2013

ഉമ്മ, പോലീസുകാരാ ! - (ഭാഗം - 3)

ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ പോലീസ് സ്റ്റേഷന്‍റെ വരാന്തയില്‍ മനോജിന്‍റെ കൂടെ ജോലി ചെയ്യുന്ന ജോണ്‍സ് സാറും, അനിയനും എത്തിയിട്ടുണ്ടായിരുന്നു.

അവരെ കൂടി കണ്ടതോടെ മനോജ്‌ ഫുള്‍ ഫോമിലായി.

അവന്‍ ഞങ്ങളുടെ കൂടെ വന്ന പോലീസുകാരന്‍റെ അടുത്ത് ചെന്ന് മൂപ്പരുടെ ബാഡ്ജ് നോക്കി പേര് വായിച്ചു - സതീശന്‍.

പിന്നെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ പോലീസുകാരനെ കെട്ടിപ്പിടിച്ച് കവിളത്ത് അമര്‍ത്തിയൊരു ഉമ്മ കൊടുത്തു.

ഒരുനിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ എല്ലാവരും സ്തംഭിച്ചു നിന്നപ്പോള്‍ പോക്കറ്റില്‍ നിന്ന് കര്‍ച്ചീഫെടുത്ത് കവിള്‍ അമര്‍ത്തിത്തുടച്ചു കൊണ്ട് "ശോ - ഇവനെക്കൊണ്ടു തോറ്റല്ലോ" എന്ന് പറഞ്ഞ് ഒരു ചമ്മിയ ചിരിയോടെ പോലീസുകാരന്‍ സ്റ്റേഷനകത്തേക്ക് കയറിപ്പോയി.

"ഡാ, നിനക്കെന്താ വട്ടായാ , നീ എന്ത് സാധനമാ അടിച്ചേ ?"

ജോണ്‍സ് സാര്‍ അത്ഭുതത്തോടെ ചോദിച്ചു. മൂപ്പരുടെ അനിയന്‍ ഇതൊക്കെ കണ്ട് അന്തംവിട്ടു നില്‍ക്കുകയാണ്.

"സാറേ, ആ മാനേജര്‍ തെണ്ടി എനിക്കിട്ടു പണി തന്നു. എന്‍റെ കയ്യില്‍ അപ്പൂപ്പന്‍റെ 1950 ലെ കത്തിയുണ്ട്‌. അവനെ ഞാന്‍"

ഇതും പറഞ്ഞു മനോജ്‌ ഞങ്ങള്‍ വന്നിറങ്ങിയ പോലീസ് ജീപ്പിന്‍റെ ബോണറ്റില്‍ ആഞ്ഞോരിടി കൊടുത്തു !

"ഡാ, ഇനി ഇവനേം കൊണ്ടിവിടെ നിന്നാ തടി കേടാകും, പൊക്കിക്കോ"

ജോണ്‍സ് സാര്‍ മനോജിനെ ഒരു കൈയിലും, ഞാന്‍ മറുകൈയിലും ബലമായി പിടിച്ചു കൊണ്ട് സ്റ്റേഷന്‍ കോമ്പൌണ്ടില്‍ നിന്ന് വെളിയിലേക്ക് നടന്നു.

"അപ്പൊ എന്‍റെ ബൈക്ക് " മനോജ്‌ തിരിച്ചു പോകാന്‍ കുതറിക്കൊണ്ട് പറഞ്ഞു.

"ബൈക്കൊക്കെ നാളെ രാവിലെ ഇവിടെ വന്നു വാങ്ങാന്‍ എസ്ഐ പറഞ്ഞിട്ടുണ്ട്" ജോണ്‍സ് സാര്‍ പറഞ്ഞു.

ഞാന്‍ ഒരു ഓട്ടോപിടിച്ചു അവനെ താമസിക്കുന്ന റൂമില്‍ കൊണ്ടുചെന്നാക്കി.

അവന്‍റെ നിര്‍ബന്ധം സഹിക്കവയ്യാതെ പിറ്റേദിവസം ഞാനും അവനൊടോപ്പം പോലീസ് സ്റെഷനിലേക്ക് പോയി.

കൈയിലെ മുറിവുകള്‍ കാണാതിരിക്കാന്‍ ഫുള്‍സ്ലീവ് ഷര്‍ട്ട് ഒക്കെയിട്ടാണ് മനോജ്‌ വന്നിരുന്നത്. ഇപ്പോള്‍ കണ്ടാല്‍ എന്തൊരു അടിമുടി മാന്യന്‍ !

ഇന്നലത്തെ പ്രകടനങ്ങള്‍ ഒക്കെ വീഡിയോ പിടിച്ച് കാണിച്ചു കൊടുക്കണമായിരുന്നു - ഞാന്‍ മനസ്സിലോര്‍ത്തു.

സ്റ്റേഷനില്‍ ഒരു പോലീസുകാരനോട്‌ അന്വേഷിച്ചപ്പോള്‍ സി.ഐ ക്ക് അവനെ കാണണം, വെയിറ്റ് ചെയ്യാന്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ അവിടെ സിഐ വരുന്നതും കാത്തുനില്‍പ്പായി.

അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ആ പോലീസുകാരന്‍ പോയി കുറെ പോലീസുകാരെ കൂട്ടി വന്നു "ഇവനാണ് അവന്‍"

അയാള്‍ മനോജിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് മറ്റുള്ളവരെ നോക്കിപ്പറഞ്ഞു.

മറ്റുപോലീസുകാര്‍ ഒരത്ഭുതജീവിയെ കാണുന്നതുപോലെ വട്ടം വളഞ്ഞ് അവനെ ആശ്ചര്യത്തോടെ നോക്കി നിന്നു.

ചിലര്‍ "നീയാള് കൊള്ളാല്ലോഡാ" എന്നൊക്കെ കമന്‍റ് പറഞ്ഞുചിരിക്കുന്നുമുണ്ട്.

ഇന്നലെ സന്ധ്യക്ക്‌ നടന്ന സംഭവങ്ങള്‍ ഒക്കെ അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ പറഞ്ഞ് എല്ലാവരും അറിഞ്ഞിരിക്കുന്നു - പോലീസുകാരന് ഉമ്മ കൊടുത്ത 'അത്ഭുത പാമ്പിനെ' കാണാന്‍ അവരെല്ലാം വന്നിരിക്കുകയാണ്.

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സി.ഐ വന്നു.

ഞങ്ങളെ രണ്ടാളെയും മുറിയിലേക്ക് വിളിപ്പിച്ചു.

"ഓ, നീയാണല്ലെ പോലീസുകാരന് ഉമ്മ കൊടുത്ത ആ വീരശൂരപരാക്രമി, ഡാ ,നീ ഇടിച്ചിട്ട ആള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നാ പറയുന്നേ"

സിഐ ചിരിച്ചുകൊണ്ട് പറഞ്ഞു.

സ്റ്റേഷനില്‍ എല്ലാവരും തലേദിവസത്തെ മനോജിന്‍റെ കളികള്‍ ശരിക്കും ആസ്വദിച്ചു എന്ന് എനിക്ക് തോന്നി.

സാധാരണ ഗതിയില്‍ ഇമ്മാതിരി കളികള്‍ കളിച്ചാല്‍ എപ്പോ കുനിച്ചു നിര്‍ത്തി ചാമ്പിയെന്നു ചോദിച്ചാല്‍ മതി - "ദൈവമേ ഇവന്‍റെ തലേ വരച്ചത് എന്‍റെ മൂട്ടിലെങ്കിലും വരച്ചിരുന്നെങ്കില്‍" - ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു പോയി.

"എത്രയാ സാറേ അയാള്‍ ചോദിക്കുന്നെ ?" മനോജ്‌ വളരെ എളിമയോടെ ചോദിച്ചു.

"ഇരുപത്തയ്യായിരമെങ്കിലും വേണമെന്നാ പറയുന്നേ"

അതുകേട്ടു മനോജിന്‍റെ മുഖഭാവം കണ്ടപ്പോള്‍ അവന്‍ തലകറങ്ങി വീണേക്കുമോ എന്ന് ഒരുവേള ഞാന്‍ ഭയപ്പെട്ടു.

"ഇരുപത്തയ്യായിരമോ ?" ഞാന്‍ ഞെട്ടലോടെ ചോദിച്ചു.

"ഉം, അവന്‍ കളിക്കുകയാണ്. പക്ഷെ കേസാക്കിയാല്‍ ഇവന് പ്രശ്നമാകും. എന്തായാലും ഞാനൊന്ന് സംസാരിച്ചു നോക്കട്ടെ, നിങ്ങള്‍ പോയി വൈകിട്ട് ഒരു നാല് മണിയാകുമ്പോള്‍വാ, അപ്പോഴേക്കും ഞാന്‍ അവരെയും വിളിപ്പിക്കാം"

സിഐയുടെ വളരെ മാന്യമായ പെരുമാറ്റം.

സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി, മനോജ്‌ ആകെ തകര്‍ന്നത് പോലെ താടിക്ക് കൈയും കൊടുത്തു നില്‍ക്കുകയാണ്.

"നീ വിഷമിക്കാതിരി, നമുക്ക് എന്തേലും വഴി നോക്കാം, വാ" ഞാന്‍ പറഞ്ഞു.

പെട്ടെന്നെനിക്ക് ശ്രീനിയെ ഓര്‍മ്മ വന്നു.

ശ്രീനിയുടെ അച്ഛന്‍ ശ്രീധരന്‍ തിരുവനതപുരത്തെ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനാണ്. അവന്‍ വിചാരിച്ചാല്‍ എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല.

ഞാന്‍ അടുത്തുള്ള ബൂത്തില്‍ നിന്ന് അവന്‍റെ വീട്ടിലേക്കു ഫോണ്‍ വിളിച്ചു, ഭാഗ്യത്തിന് ശ്രീനി തന്നെയാണ് ഫോണെടുത്തത്.

ഞാന്‍ കാര്യങ്ങളെല്ലാം അവനോടു പറഞ്ഞു.

"നാല് മണിക്കല്ലേ, ഞാന്‍ പട്ടം സ്റ്റേഷനില്‍ എത്തിയേക്കാം, മച്ചാന്‍ ധൈര്യമായിട്ടിരി"

അവന്‍റെ വാക്കുകള്‍ മനോജിനു ഒരു നേരിയ ആശ്വാസം നല്‍കി.

പട്ടം സ്റ്റേഷനില്‍ പിടിച്ചു വച്ചിരിക്കുന്ന ബൈക്ക് വിട്ടുകിട്ടണമെങ്കില്‍ പൂജപ്പുരയുള്ള ആര്‍.ടി.ഓ ഓഫീസില്‍ പോയി വെഹിക്കിള്‍ ഇന്‍സ്പെക്ടറെ വണ്ടിയുടെ രേഖകളൊക്കെ കാണിച്ച് അപ്പ്രൂവല്‍ കിട്ടിയ ശേഷം വണ്ടി ബ്രേക്ക് ടെസ്റ്റ്‌ ചെയ്യിക്കണം. ഞങ്ങള്‍ നേരെ പൂജപ്പുരക്ക് വിട്ടു.

വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ഓഫീസിനുമുന്നില്‍ ക്യൂവാണ്, ഇന്‍സ്പെക്ടര്‍ ആകട്ടെ മഹാ കണിശക്കാരനും. രേഖകളില്‍ ഒരു ചെറിയ പോരായ്മ ഉള്ളവരെ പോലും തിരിച്ചു വിടുന്നു "അളിയാ പണി പാളി" മനോജ്‌ നിരാശനായി പറഞ്ഞു.

"എന്താടാ ?"

"എന്‍റെ വണ്ടി തമിഴ്നാട്‌ രെജിസ്ട്രേഷന്‍ ആണ്, അതിനാകട്ടെ ഇതുവരെ എന്‍ഓസി കിട്ടിയിട്ടുമില്ല."

"ആ എന്തായാലും ഇതുവരെയൊക്കെ ആയില്ലേ, നീ ധൈര്യമായി ചെല്ല്"

അങ്ങനെ മനോജിന്‍റെ ഊഴം വന്നു.

ഇടതുകൈയില്‍ നാലായി മടക്കിയൊളിപ്പിച്ച ഒരു നൂറിന്‍റെ നോട്ടുമായി മനോജ്‌ മടിച്ചുമടിച്ച് അകത്തേക്ക് കയറിച്ചെന്നു, ബുക്കും പേപ്പറുമൊക്കെ മേശപ്പുറത്തേക്ക് വച്ചതും ഇന്‍സ്പെക്ടറുടെ മേശപ്പുറത്തിരുന്ന ഫോണ്‍ ബെല്ലടിച്ചു.

മൂപ്പരുടെ ചിരിച്ചും, ശൃംഗരിച്ചുമുള്ള സംസാരം കണ്ടിട്ട് ഏതോ കേസുകെട്ടാണെന്നു തോന്നുന്നു , സംസാരത്തിനിടെ മൂപ്പര്‍ മനോജിന്‍റെ വണ്ടിയുടെ ഡോക്യുമെന്‍റ്സ് ഒക്കെ വാങ്ങി, അവനെ എങ്ങെനെയെങ്കിലും മുറിയില്‍ നിന്നൊഴിവാക്കണം എന്ന ഒരൊറ്റ ഉദ്ദേശത്തോടെ ,വായിച്ചുപോലും നോക്കാതെ ഒപ്പിട്ടു കൊടുത്തിട്ട് , മൂന്നു മണിക്ക് പട്ടം സ്റ്റേഷനില്‍ എത്താന്‍ പറഞ്ഞു.

"രക്ഷപ്പെട്ടളിയാ"പുറത്തിറങ്ങിയ മനോജ്‌ സന്തോഷം കൊണ്ടെന്നെ കെട്ടിപ്പിടിച്ചു.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top