Tuesday, September 3, 2013

കഥ : നഷ്ടപ്പെട്ട പകലുകള്‍

ബസില്‍ നിന്നിറങ്ങുമ്പോള്‍ സുകുമാരന്‍റെ മനസ്സൊന്ന് പിടച്ചു - താന്‍ ജനിച്ചു വീണ , ബാല്യവും കൌമാരവും ജീവിച്ചു തീര്‍ത്ത മണ്ണിലേക്ക് നീണ്ട ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള പാദസ്പര്‍ശം !

ചെമ്മണ്ണ്‍ പൊടിപറത്തിയിരുന്ന പഴയ നാട്ടുവഴികള്‍ ടാര്‍ റോഡുകളായി പരിണമിച്ചിരിക്കുന്നു.

അങ്ങിങ്ങ് കാണപ്പെട്ടിരുന്ന ഓലമേഞ്ഞ കുടിലുകള്‍ കോണ്ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു.

ഗ്രാമത്തിലെ കാറ്റിനു പോലും ആ പഴയ നന്മയുടെ സുഗന്ധം കൈമോശം വന്നത് പോലെ.

ബസ്‌സ്റ്റോപ് പഴയസ്ഥലത്ത് തന്നെ , അവിടെയുണ്ടായിരുന്ന ഗോവിന്ദന്‍നായരുടെ ചെറിയ ചായക്കടയുടെ സ്ഥാനത്ത് രണ്ടു നിലകളിലായി ലൈന്‍ കടമുറികള്‍.

അവയിലോന്നില്‍ കാലത്തിനുസരിച്ചു കോലം മാറിയ ബോഡില്‍ പേരിലെങ്കിലും പഴമ നിലനിര്‍ത്തുന്ന ഭാഗവതിവിലാസം ടീഷോപ്പ്.

സുകുമാരന്‍ അകത്തേക്ക് കയറി.

ഗോവിന്ദന്‍ നായരുടെ പഴയ കറുത്ത് സമൃദ്ധമായ തല, ദ്വീപുകള്‍ പോലെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നരച്ച കുറ്റിരോമങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു.

ചുളിവുകള്‍ വീണതെങ്കിലും മുഖം ഷേവ് ചെയ്തു വൃത്തിയാക്കിയിട്ടുണ്ട്.

"ഇവിടെ എന്താ വേണ്ടേ ?"

സുകുമാരന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട്‌ ഗോവിന്ദന്‍ നായര്‍ ചോദിച്ചു - അപ്പോഴത്തെ ഗോവിന്ദന്‍നായരുടെ മുഖഭാവം ,പഴയ ഓര്‍മ്മകളുടെ കൂട്ടത്തില്‍ എവിടെയോ മാഞ്ഞു പോയ ഒരു മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നിപ്പിച്ചു.

"ഒരു ചായ"

"എവിടുന്നാ ? മുന്‍പേങ്ങോ കണ്ടു നല്ല പരിചയമുള്ള മുഖം"

"ഞാനാണ് ഗോവിന്ദന്‍ നായരെ , വടക്കേടത്തെ സുകുമാരന്‍" എന്ന് ഉറക്കെ പറയുമ്പോള്‍ ഗോവിന്ദന്‍ നായരുടെ കണ്ണുകള്‍ വിടരുന്നതും മുഖത്ത് അവിശ്വസീന്യതയും, അത്ഭുതവും മിന്നിമറയുന്നതും കാണണമെന്ന് ആഗ്രഹിച്ച മനസ്സിന് കടിഞ്ഞാണിട്ടു കൊണ്ട് പറഞ്ഞു.

"കുറച്ചു ദൂരേന്നാ, ഇവിടെ ഒരാളെ കാണാന്‍ ഉണ്ട്"

തികട്ടി വന്ന ചോദ്യം വിഴുങ്ങിക്കൊണ്ട് ഒന്ന് കൂടി വിശദമായി ആ മുഖത്തിന്‍റെ സാമ്യതകള്‍ മനസ്സിലുള്ള ബിംബങ്ങള്‍ക്കിടയില്‍ തിരഞ്ഞു പരാജിതനായി നിരാശ നിറഞ്ഞ മുഖത്തോടെ ഗോവിന്ദന്‍ നായര്‍ അടുക്കളയിലേക്ക് വിടവാങ്ങി.

തന്‍റെ ഗ്രാമത്തിന്‍റെയും ശുദ്ധതയും, നൈര്‍മ്മല്യവും പട്ടണത്തിന്‍റെ ജീവിതത്തിരക്കുകള്‍ക്ക് വഴിമാറിക്കൊടുത്തു കഴിഞ്ഞിരിക്കുന്നു - സുകുമാരന്‍ ഓര്‍ത്തു.

വീടിന്‍റെ പടിപ്പുരക്കു മുന്നില്‍ ഒരുനിമിഷം സുകുമാരന്‍ സംശയിച്ചു നിന്നു, പിന്നെ മടിച്ചു മടിച്ച് പടിപ്പുര താണ്ടി.

കാലുകളോളം ധൈര്യമില്ലാത്ത മനസ്സിന്‍റെ ഇടയ്ക്ക് താളംതെറ്റുന്ന ചെറിയ ചുവടുകളോടെ അയാള്‍ നടന്നു.

മുറ്റത്ത് നിന്നിരുന്ന മൂവാണ്ടന്‍ മാവ് വളര്‍ന്നൊരു വടവൃക്ഷമായിരിക്കുന്നു. ഇതിന്‍റെ കൊമ്പുകളില്‍ കയറിയിറങ്ങിയും, ഊര്‍ന്നിരങ്ങിയും എത്രയോ വട്ടം അമ്മയുടെ കയ്യില്‍ നിന്ന് അടിവാങ്ങിയിരിക്കുന്നു, സുകുമാരന്‍ അറിയാതെ വലതുതുടയില്‍ തടവിപ്പോയി.

ഓര്‍മ്മകളില്‍ തടവിനോക്കിയാല്‍ അമ്മയുടെ ചൂരല്‍പ്പാടുകളുടെ അടയാളങ്ങള്‍ ഇപ്പോഴും അവിടെ തിണര്‍ത്തു കിടക്കുന്നുണ്ടാകും.

"ഇവിടെയാരുമില്ലേ ?" മടിച്ചു മടിച്ച് സുകുമാരന്‍ വിളിച്ചു.

ഒരേസമയം പ്രതീക്ഷിക്കുകയും, ഭയപ്പെടുകയും ചെയ്തിരുന്നത് പോലെ, അമ്മ തന്നെ ഉമ്മറത്തേക്ക് കടന്നു വന്നു.

ചോദ്യപേപ്പര്‍ കയ്യില്‍ കിട്ടിയപ്പോള്‍ പഠിച്ചതെല്ലാം മറന്നു നിസ്സഹായനായി പരീക്ഷാഹാളില്‍ നില്‍ക്കുന്ന മിടുക്കനായ വിദ്യാര്‍ഥിയെപ്പോലെ സുകുമാരന്‍ നിന്നു !

ഒരുനിമിഷം കൊണ്ടയാള്‍ ആ പഴയ പതിനഞ്ചുവയസ്സുകാരനായി, അമ്മയുടെ ചൂരല്‍ വടികൊണ്ടുള്ള അടികളെ ഇരുകൈകളും മുന്നില്‍ പിടിച്ച് തടുക്കാന്‍ വിഫലശ്രമം നടത്തി അമ്മക്കുചുറ്റും വട്ടം കറങ്ങുന്ന പതിനഞ്ചുകാരന്‍ !

"ആരാ, എന്താ വേണ്ടേ ?" അമ്മയുടെ ചോദ്യം.

ഉത്തരം പറയാനാവാതെ സുകുമാരന്‍ ഒരുനിമിഷം നിന്നു. തലമുടി മുഴുവന്‍ നര കയറിയതോഴിച്ചാല്‍ പറയത്തക്കതായി ഒരുമാറ്റവുമില്ല അമ്മക്ക് !

വെളുത്ത സാരിക്കൊപ്പം സ്ഥിരമായി ധരിക്കുമായിരുന്ന കറുത്ത നേര്യത് വെള്ള ബ്ലൌസിന് വഴിമാറിയിരിക്കുന്നു - അത്ര മാത്രം.

"ആരാ, എന്താ ?" വീണ്ടും അമ്മയുടെ ചോദ്യം, ഇത്തവണ നേര്‍ത്ത നീരസം ആ വാക്കുകളില്‍.

അമ്മ തിരിച്ചറിഞ്ഞാലല്ലാതെ ഒരിക്കലും സ്വയം പരിചയപ്പെടുത്തില്ല എന്ന് മനസ്സില്‍ നൂറുവട്ടം പറഞ്ഞുറപ്പിച്ചത് ഒരിക്കല്‍ക്കൂടി മനസ്സിലുരുവിട്ടു.

എങ്കിലും അമ്മ തന്നെ തിരിച്ചറിയും എന്നൊരു ശുഭപ്രതീക്ഷ തന്നെയല്ലേ മനസ്സില്‍ തികട്ടി വരുന്ന ആകുലതകള്‍ക്ക് മേലെയും ഇപ്പോഴും തന്‍റെ മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് ?

"ഒരു വഴിപോക്കനാണ്, വഴിതെറ്റി വന്നതാണ്" യാദൃശ്ചികമായി ചുണ്ടിലേക്കോടി വന്നത് ആ വാക്കുകളാണ്, മെല്ലെ തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ ഉരുണ്ടുകൂടിയ ഭാവം നിര്‍വ്വികാരതയായിരുന്നു.

പത്താം ക്ലാസ് പരീക്ഷയിലെ തോല്‍വിയുടെ ഫലം വന്നപ്പോള്‍, അമ്മയുടെ അടിപേടിച്ച് നാടുവിട്ടോടിപ്പോയ കൌമാരക്കാരന്‍റെ മനസ്സായിരുന്നു അപ്പോള്‍ അയാള്‍ക്ക്‌.

"മോനെ " പിന്നില്‍ നിന്ന് അമ്മയുടെ വിളി കേട്ട് സുകുമാരന്‍ പൊടുന്നനെ നിന്നു - ഒടുവില്‍ താന്‍ ആഗ്രഹിച്ചതുപോലെ തന്‍റെ അമ്മ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

വര്‍ഷങ്ങളായി ഒഴുകിത്തീരാന്‍ വെമ്പി നിന്നിരുന്ന അയാളുടെ കണ്ണുകള്‍ രണ്ടരുവികളായി മാറി. കാഴ്ചകള്‍ അയാള്‍ക്ക്‌ ചുറ്റും മഞ്ഞുപോലെ ഉരുകി.

കണ്ണുകള്‍ തുടച്ച്, വിതുമ്പിപ്പോയ ചുണ്ടുകളെ ആയാസപ്പെടുത്തി ഉണ്ടാക്കിയെടുത്ത ചെറുപുഞ്ചിരിയാല്‍ വലിച്ചുമുറുക്കി അയാള്‍ മെല്ലെ തിരിഞ്ഞു.

"മോനെ സുധാകരാ" അമ്മ വീടിനകത്തേക്ക് നോക്കി ഒരിക്കല്‍ കൂടി വിളിച്ചു.

തിരിഞ്ഞു തന്നെത്തന്നെ നോക്കിനില്‍ക്കുന്ന സുകുമാരനെ സംശയത്തോടെ നോക്കിക്കൊണ്ട് അമ്മ നില്‍ക്കുന്നു.

"എന്താമ്മേ ?" സുധാകരന്‍ അമ്മക്കകരികിലേക്ക് വന്നു. അമ്മ സുകുമാരനെ നോക്കി അവന്‍റെ ചെവിയില്‍ എന്തോ പറയുന്നത് കണ്ടു.

ചുട്ടുപഴുത്ത പ്രതലത്തില്‍ വീണ ഒരു വെള്ളത്തുള്ളിയെപ്പോലെ ക്ഷണനേരം കൊണ്ട് താന്‍ ഇല്ലാതായിത്തീര്‍ന്നുവെങ്കിലെന്ന്‍ സുകുമാരന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയ നിമിഷം !

ഇത്തവണ അയാളുടെ കണ്ണുകളില്‍ നിന്ന് ഒരുതുള്ളി കണ്ണീര്‍ പൊടിഞ്ഞില്ല.

പിന്നിട്ട ഇടനാഴിയിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ തനിക്കു നഷ്ടമായ പകലുകള്‍ വെളിച്ചത്തിന്‍റെ വിളറിയ കഷണങ്ങളായി അവിടവിടെ ചിതറിക്കിടക്കുന്നതയാള്‍ അവ്യക്തമായി കണ്ടു.

ഉറച്ച കാല്‍വെപ്പുകളോടെ അയാള്‍ പടിപ്പുര കടന്നു നടന്നു മറയും വരെ അയാളെ നോക്കി നിന്ന ശേഷം അമ്മയും വീടിനകത്തേക്ക് കയറിപ്പോയി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top