Monday, September 30, 2013

ചീത്തയും, നല്ലതും

ഒരിടത്ത് യുവാവായ ഒരെഴുത്തുകാരനുണ്ടായിരുന്നു.

അയാളുടെ വീടിനടുത്തായി പ്രശസ്തരായ രണ്ടു സാഹിത്യകാരന്മാരും താമസിച്ചിരുന്നു.

യുവാവ് എഴുതുന്ന സാഹിത്യസൃഷ്ടികള്‍ അയാള്‍ ഗുരുക്കന്മാരായി അംഗീകരിച്ചിരുന്ന ഇവര്‍ രണ്ടുപേരെയും ആദ്യമേ കാണിച്ചാണ് അഭിപ്രായങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നത്.

ആദ്യത്തെ ഗുരു അല്‍പ്പം മുന്‍കോപിയായിരുന്നു - ചെറുപ്പക്കാരന്‍റെ എഴുത്തിലെ തെറ്റുകളും, പോരായ്മകളും മാത്രമേ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നുള്ളൂ.

എന്നാല്‍ രണ്ടാമനാകട്ടെ തികഞ്ഞ സഹൃദയനായിരുന്നു - അദ്ദേഹം എപ്പോഴും ചെറുപ്പക്കാരന്‍റെ എഴുത്തിലെ നല്ലവശങ്ങള്‍ മാത്രം എടുത്തു പറഞ്ഞ് അയാളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

അങ്ങനെ എഴുതിയെഴുതി ചെറുപ്പക്കാരന്‍ അറിയപ്പെടുന്ന ഒരു സാഹിത്യകാരനായി പേരെടുത്തു - എങ്കിലും എഴുതുന്നതെല്ലാം ആദ്യം രണ്ടു ഗുരുക്കന്മാരെയും കാണിച്ചഭിപ്രായം ചോദിക്കുക എന്ന പതിവ് അയാള്‍ തെറ്റിച്ചിരുന്നില്ല.

അങ്ങനെയിരിക്കെ ചെറുപ്പക്കാരനെ പ്രശസ്തമായ ഒരു പുരസ്‌കാരം തേടിയെത്തി.

ആനന്ദപുളകിതനായ ചെറുപ്പക്കാരന്‍ ആദ്യം ഓടിയെത്തിയത് തന്നെ എന്നും വിമര്‍ശിക്കുക മാത്രം ചെയ്തിരുന്ന ഗുരുവിന്‍റെ അടുത്തായിരുന്നു.

ഗുരുവിന്‍റെ കാല്‍ക്കല്‍ വീണ് കരഞ്ഞുകൊണ്ട്‌ അയാള്‍ നന്ദി പറഞ്ഞു - അപ്പോഴും ഗുരു പുഞ്ചിരിച്ചില്ല, പകരം ഇനിയും നന്നാകാനുണ്ട് എന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ് ചെയ്തത്.

അതിനു ശേഷം ചെറുപ്പക്കാരന്‍ രണ്ടാമത്തെ ഗുരുവിന്‍റെ അടുത്തു ചെന്നു, ഗുരു ചെറുപ്പക്കാരനെ ആശ്ലേഷിച്ചു, അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി.

അവിടെ നിന്ന് പുറത്തിറങ്ങുമ്പോള്‍ ആദ്യത്തെ ഗുരുവിന്‍റെ മകള്‍ ജനലിനടുത്തു നിന്ന് ഇതെല്ലാം വീക്ഷിച്ചു കൊണ്ട് നില്‍ക്കുന്നത് ചെറുപ്പക്കാരന്‍റെ ശ്രദ്ധയില്‍പ്പെട്ടു, അയാളെ കണ്ടപ്പോള്‍ അവള്‍ അയാള്‍ക്കരികിലേക്കു നടന്നു ചെന്നുകൊണ്ട് ഇങ്ങനെ ചോദിച്ചു.

"എന്‍റെ പിതാവ് എന്നും കുറ്റങ്ങളും കുറവുകളും മാത്രം എടുത്തു പറഞ്ഞു നിങ്ങളെ നിരാശപ്പെടുത്തിയിട്ടെ ഉള്ളൂ. ഇത്രയും വലിയൊരു പുരസ്‌കാരം ലഭിച്ചിട്ടു പോലും അദ്ദേഹം ഒന്നു പുഞ്ചിരിക്കുകയോ, ഒരു നല്ല വാക്ക് പറയുകയോ ചെയ്തില്ല, എന്നിട്ടും ആദ്യം താങ്കള്‍ എന്ത് കൊണ്ടാണ് എന്‍റെ പിതാവിനെ തന്നെ കാണാനെത്തിയത് ?

എന്‍റെ പിതാവിന്‍റെ കാല്‍ തൊട്ടുവന്ദിച്ച അങ്ങ് രണ്ടാമത്തെ ഗുരുവിനെയാകട്ടെ കേവലം ആശ്ലേഷിക്കുക മാത്രമേ ചെയ്തുള്ളൂ - താങ്കളുടെ പ്രവര്‍ത്തി എന്നെ അത്ഭുതപ്പെടുത്തുന്നു, ദയവായി വിശദമാക്കിയാലും"

ചെറുപ്പക്കാരന്‍ പറഞ്ഞു - "നിങ്ങളുടെ പിതാവ് എപ്പോഴും എന്‍റെ തെറ്റുകള്‍ മാത്രം ചൂണ്ടിക്കാണിച്ചു - അതിലൂടെ അവ മനസ്സിലാക്കാനും തിരുത്തുവാനും കഴിഞ്ഞത് കൊണ്ടാണ് എനിക്കീ നിലയില്‍ എത്തുവാനും ഇത്ര വലിയൊരു പുരസ്‌കാരം പോലും നേടാനും സാധിച്ചത്.

എന്നാല്‍ രണ്ടാമത്തെ ഗുരുവിന്‍റെ അഭിനന്ദനങ്ങള്‍ മാത്രം കേട്ട് മൂഡസ്വര്‍ഗ്ഗത്തില്‍ അഭിരമിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും എന്‍റെ പഴയ നിലവാരത്തില്‍ നിന്ന് ഒരുപടിപോലും ഉയരുകയില്ലയിരുന്നു. ഇപ്പോള്‍ പറയൂ - ആരോടാണ് ഞാന്‍ കൂടുതല്‍ കടപ്പെട്ടിരിക്കേണ്ടത് ?"

"താങ്കള്‍ പറഞ്ഞത് സത്യമാണ്. പലപ്പോഴും നമ്മുടെ തെറ്റുകള്‍ നമുക്ക് മനസ്സിലാകാറില്ല, മറ്റുള്ളവര്‍ അത് ചൂണ്ടിക്കാണിക്കുന്നതാകട്ടെ നമുക്ക് ഇഷ്ടപ്പെടാറുമില്ല.

എന്നാല്‍ തെറ്റുകള്‍ മനസ്സിലാക്കി തിരുത്തുവാന്‍ പരിശ്രമിക്കുന്നവര്‍ക്കെ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികളില്‍ ഉയര്‍ച്ചയുണ്ടാകൂ എന്ന സത്യം താങ്കള്‍ എനിക്ക് വ്യക്തമാക്കിത്തന്നു, നന്ദി"
_________________________________________________________
നല്ലതിനും, ചീത്തക്കും പലപ്പോഴും നാം ബാഹ്യമായി മനസ്സിലാക്കുന്ന അര്‍ത്ഥമായിരിക്കണമെന്നില്ല.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top