Wednesday, September 18, 2013

യാത്രയയപ്പുകള്‍

സെല്ലോ (വയലിനോടു രൂപസാദൃശ്യമുള്ള വലിപ്പമുള്ള ഒരു സംഗീതോപകരണം) വായനക്കാരനായ ഒരു യുവാവ്.

അപ്രതീക്ഷിതമായി അയാളുടെ ജോലി നഷ്ടപ്പെടുന്നു.

എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്താന്‍ ശ്രമിക്കുന്ന അയാള്‍ക്ക്‌ - മരിച്ചവരെ അന്ത്യയാത്രക്കായി ഒരുക്കുന്ന ഒരാളുടെ സഹായിയായി ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്നു.

ഒറ്റക്കൊരു ഫ്ലാറ്റില്‍ താമസിച്ചിരുന്ന ,മരിച്ചിട്ട് ഒരാഴ്ച പഴക്കമുള്ള, ചീര്‍ത്തു ദുര്‍ഗന്ധം വമിക്കുന്ന ഒരു ശവശരീരത്തെയായിരുന്നു ആദ്യം അയാള്‍ക്ക്‌ കൈകാര്യം ചെയ്യേണ്ടിയിരുന്നത്.

ചര്‍ദ്ദിച്ഛവശനായ ചെറുപ്പക്കാരന്‍ ജോലി ഉപേക്ഷിക്കാന്‍ തീരുമാനമെടുക്കുന്നു.

എന്നാല്‍ ഇന്‍റര്‍വ്യൂ പോലും ചെയ്യാതെ, തന്നെ കണ്ട മാത്രയില്‍ "നീ ഈ ജോലിക്ക് അനുയോജ്യനാണെന്ന്" തിരിച്ചറിഞ്ഞ് ഉയര്‍ന്നശമ്പളത്തില്‍ നിയമിച്ച ബോസിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ക്ക് ജോലിയില്‍ തുടരേണ്ടി വരുന്നു.

ക്രമേണ ആ ജോലി അയാള്‍ ആസ്വദിച്ചു തുടങ്ങുന്നു.

കുറേക്കാലം മറച്ചു വച്ചെങ്കിലും ഒടുവില്‍ ഇക്കാര്യം അറിയുമ്പോള്‍ "ഒന്നുകില്‍ ഞാന്‍ - അല്ലെങ്കില്‍ ജോലി" എന്ന രണ്ട് ഉപാധികള്‍ മുന്നോട്ടു വച്ച ഭാര്യ, ജോലി ഉപേക്ഷിക്കാനുള്ള അയാളുടെ വിമുഖത കണ്ട് അയാളെ വിട്ടു പോകുന്നു.

അനുഭവിക്കേണ്ടി വരുന്ന ഏകാന്തത ജോലിയോടുള്ള അയാളുടെ അഭിനിവേശം ഒന്നുകൂടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

യൌവനത്തില്‍ അമ്മ മരിച്ചു പോയ അയാള്‍ക്ക്‌ അച്ഛനെന്ന വ്യക്തി , ബാല്യത്തിലെ തന്നെയും അമ്മയെയും ഉപേക്ഷിച്ചു പോയ, വെറുപ്പുളവാക്കുന്ന ഒരോര്‍മ്മ മാത്രമാണ്.

പിന്നെ കുട്ടിക്കാലത്തെ അയാളുടെ ഒരു ജന്മദിനത്തില്‍ മുഖം ഓര്‍മ്മയില്ലാത്ത അച്ഛന്‍ നദീതീരത്ത് നിന്നെടുത്ത് അയാള്‍ക്ക്‌ സമ്മാനിച്ച, മുഷ്ടിക്കുള്ളില്‍ ഒതുങ്ങാത്ത പരുപരുത്ത ഒരുരുളന്‍ കല്ലും.

നല്‍കുന്നയാള്‍ക്ക് സ്വീകരിക്കുന്നയാളെക്കുറിച്ചുള്ള വിശ്വാസവും, ആകുലതകളും ആണ് കല്ല്‌ തെരഞ്ഞെടുക്കുന്നതിന്‍റെ മാനദണ്ഡം - വലുതും, പരുപരുപ്പുല്ലതുമായ കല്ല്‌ കൊടുത്തപ്പോള്‍ അച്ഛന്‍ പ്രകടിപ്പിച്ചത്, മകനെക്കുറിച്ചുള്ള അളവില്ലാത്ത ഉത്ഘണ്ടയും , ആകുലതകളും ആയിരുന്നു.

എന്നാല്‍ അയാള്‍ അച്ഛന് തിരികെ നല്‍കിയത് തീരെ ചെറുതും, മിനുസമുള്ളതുമായ ഒരു ഉരുളന്‍കല്ലായിരുന്നു - അയാള്‍ക്ക്‌ അച്ഛനിലുള്ള വിശ്വാസം എത്ര ദൃഡമാണെന്ന് - അച്ഛന്‍റെ സാന്നിധ്യം അയാള്‍ക്ക്‌ പകര്‍ന്നു നല്‍കുന്ന സുരക്ഷിതത്വബോധം എത്രയധികമാണെന്നതിന്‍റെ അടയാളമായിരുന്നു ചെറിയ മിനുസമുള്ള ആ കല്ല്‌.

എന്തുകൊണ്ടോ അച്ഛന്‍ സമ്മാനിച്ച ആ കല്ലയാള്‍ സൂക്ഷിച്ചു വച്ചു.

പില്‍ക്കാലത്ത് ആ കല്ല്‌ കാണുമ്പോഴൊക്കെ, താന്‍ അത്രയും വിശ്വാസമര്‍പ്പിച്ചിട്ടും തന്നെയും, നിരാലംബയായ അമ്മയെയും ഉപേക്ഷിച്ചു പോയയാള്‍ എന്ന നിലയില്‍ അച്ഛനോടുള്ള വെറുപ്പ് അയാളുടെ ഉള്ളില്‍ വന്നു നിറയുമായിരുന്നു.

താന്‍ അച്ഛനെ എത്രമാത്രം വെറുക്കുന്നു എന്ന് അയാള്‍ പലവുരു ഭാര്യയോട്‌ പറഞ്ഞിട്ടുമുണ്ട്.

ഒരുദിവസം ജോലി കഴിഞ്ഞു വരുമ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയ ഭാര്യയെ കണ്ട് അയാള്‍ സന്തോഷം കൊണ്ട് മതി മറക്കുന്നു - അവള്‍ ഗര്‍ഭിണിയാണെന്നു കൂടി അറിയുമ്പോള്‍ അയാളുടെ സന്തോഷം ഇരട്ടിക്കുന്നു.

ബാല്യം മുതലേ അയാളുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അവരുടെ അതെ പട്ടണത്തില്‍ താമസിച്ചിരുന്ന , അവരിരുവരെയും അതിരറ്റു സ്നേഹിച്ചിരുന്ന ഒരു സ്ത്രീ മരണപ്പെടുന്നു.

ഭാര്യ കൂടി പങ്കെടുക്കുന്ന ശവസംസ്കാരച്ചടങ്ങുകളില്‍ ആ സ്ത്രീയുടെ മരണാന്തര ശുശ്രൂഷകള്‍ തന്‍റെ ഭര്‍ത്താവ് എത്ര അര്‍പ്പണബോധത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് നിര്‍വ്വഹിക്കുന്നതെന്ന് തിരിച്ചറിയുന്ന ഭാര്യക്ക്‌ അയാളിലും അയാള്‍ ചെയ്യുന്ന തൊഴിലിലും അഭിമാനം തോന്നിത്തുടങ്ങുന്നു.

അടുത്ത ദിവസം അയാള്‍ ജോലിക്ക് പോയിക്കഴിഞ്ഞ് , അവള്‍ മാത്രം വീട്ടിലുള്ളപ്പോള്‍ ഒരു ടെലിഗ്രാം വരുന്നു - ദൂരെ ഒരു സ്ഥലത്ത് ഒറ്റക്കൊരു മുറിയില്‍ താമസിച്ചിരുന്ന അയാളുടെ അച്ഛന്‍ മരണപ്പെട്ടെന്നും അദ്ദേഹത്തിന്‍റെ മുറിയില്‍ നിന്ന് മകന്‍റെ വിലാസം കിട്ടിയതെന്നും, മറ്റു ബന്ധുക്കളാരുമില്ലാത്തതിനാല്‍ മകന്‍ വന്ന് ശവം ഏറ്റുവാങ്ങണമെന്നുമായിരുന്നു അതിലെ ഉള്ളടക്കം.

അവള്‍ ഫോണില്‍ ബന്ധപ്പെടുമ്പോള്‍, ഒരു കാരണവശാലും ആ വെറുക്കപ്പെട്ട മനുഷ്യനെ ഒരു നിലയിലും കാണാന്‍ താന്‍ വരില്ലെന്ന് അയാള്‍ തീര്‍ത്തുപറയുന്നു.

എന്നാല്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് അവസാനം മനസ്സില്ലാമനസ്സോടെ അയാള്‍ വഴങ്ങുന്നു.

അച്ഛനു മരണാന്തര ശുശ്രൂഷകള്‍ നല്‍കാന്‍ വരുന്നവര്‍, മകന്‍റെ മുന്നില്‍ വച്ച് ആ മൃതദേഹത്തോട് കാണിക്കുന്ന അവഗണന നിറഞ്ഞ പെരുമാറ്റം അയാളെ ദേഷ്യം പിടിപ്പിക്കുന്നു.

താനും ഒരു അന്ത്യശുശ്രൂഷകന്‍ ആണെന്നും തന്‍റെ അച്ഛനെ യാത്രയാക്കാന്‍ നിങ്ങളുടെ സേവനം ആവശ്യമില്ലെന്നും പറഞ്ഞ് ദേഷ്യത്തോടെ അവരെ പറഞ്ഞയക്കുന്ന അയാള്‍ തന്നെ അച്ഛനെ ഒരുക്കാന്‍ തുടങ്ങുന്നു.

അച്ഛന്‍റെ ചുരുട്ടിപ്പിടിച്ചിരുന്ന കൈകള്‍ ബലമായി വിടര്‍ത്തുമ്പോള്‍ അയാള്‍ കാണുന്നത് ബാല്യത്തില്‍ താന്‍ സമ്മാനിച്ച ആ ഉരുളന്‍ കല്ല്‌ മരണസമയത് പോലും വിടാതെ അച്ഛന്‍ ബലമായി ചേര്‍ത്തു പിടിച്ചിരിക്കുന്നതാണ്.

അയാളുടെ മനസ്സില്‍ അതുവരെ ഉരുണ്ടുകൂടിയ കാര്‍മ്മേഘങ്ങളെയെല്ലാം ഒരു മഴയായി പെയ്യുവാന്‍ ആ കാഴ്ച പര്യാപ്തമായിരുന്നു.
__________________________________________________________________
Departures (Original Name in Japanese - Okuribito) എന്ന ചിത്രത്തില്‍ നിന്ന് !
Director : Yôjirô Takita

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top