Thursday, September 5, 2013

അധ്യാപകദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പ്‌

കുറച്ചു ദിവസത്തേക്ക് വാള്‍ പൂട്ടി സീല്‍ വെക്കാം എന്ന് കരുതിയിരിക്കുകയായിരുന്നു - എഴുതാന്‍ ആശയങ്ങള്‍ ഒക്കെ ഇഷ്ടം പോലെ - പക്ഷെ എന്തോ വല്ലാത്ത ഒരു മടി !

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി മുഖപുസ്തകത്തില്‍ ചെയ്തുകൊണ്ടിരുന്ന പരിപാടി മൊബൈലില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് മെസ്സേജുകള്‍ അയക്കുക എന്നത് മാത്രമായിരുന്നു - എസ്‌.എം.എസിന്‍റെയും ഇമെയിലിന്‍റെയും സ്ഥാനം ഫേസ്ബുക്ക് മെസ്സെഞ്ചര്‍ ഏറ്റെടുത്തിട്ടു കുറച്ചു നാളുകളായല്ലോ.

എന്നാലും ഇടയ്ക്കിടെ ഇവിടേയ്ക്ക് എത്തി നോക്കാതിരിക്കാനാവുമായിരുന്നില്ല - പ്രിയപ്പെട്ടവരുടെ പോസ്റ്റുകള്‍ ലൈക്കടിച്ചു സാന്നിധ്യം അറിയിക്കാതെയാണെങ്കിലും വായിച്ചു പോയപ്പോള്‍ എല്ലാവരുടെയും വാളുകള്‍ അധ്യാപകസ്മരണകളാല്‍ ദീപ്തമായിരിക്കുന്നത് കണ്ടു സന്തോഷം തോന്നി - സ്വാഭാവികമായും ഞാനും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന എന്‍റെ പ്രിയപ്പെട്ട ചില അധ്യാപകരെ ഓര്‍ത്തുപോയി.

നിവിന്‍ പൊളി തട്ടത്തിന്‍ മറയത്തില്‍ പറഞ്ഞത് പോലെ "എഴുതാന്‍ തോന്നിയാലുണ്ടല്ലോ സാറേ - പിന്നെ മടിയൊന്നും പ്രശ്നമല്ല" - ഇതാ എന്‍റെയും അധ്യാപക സ്മരണകള്‍.

ഏറ്റവും ആദ്യം ഓര്‍മ്മവരുന്നത്‌ എന്‍റെ നാടായ ചേരാനല്ലൂര്‍ കച്ചേരിപ്പടിയില്‍ റാഡിക്കല്‍ ക്ലബ് എന്ന പേരില്‍ ഉണ്ടായിരുന്ന നേര്‍സറി സ്കൂളിലെ പേര് ഓര്‍മ്മയില്ലാത്ത ചുരുളന്‍ മുടിയുള്ള വെളുത്തു സുന്ദരിയായ എന്‍റെ ആദ്യത്തെ അധ്യാപികയെയാണ്.

പള്ളിപ്പടി സെന്‍റ്:ജെയിംസ് സ്കൂളില്‍ ഒന്നാം ക്ലാസ്സിലെ രണ്ടാം ദിവസം - ക്ലാസ്സില്‍ നിന്നിറങ്ങിയോടിയ ഒരു കുട്ടിയെ തിരികെ ക്ലാസ്സില്‍ കയറ്റാന്‍ പിന്നാലെ ചൂരല്‍ വടിയുമായി ഓടുന്ന ഹെഡ്മാസ്റ്റര്‍ ജോസഫ് സാറിനെ ഓര്‍മ്മ വരുന്നു.

ഇതേ ജോസഫ് സാര്‍ തന്നെ, ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, കയ്യില്‍ ഒരു മിട്ടായി പാട്ടയുമായി ക്ലാസ്സുകള്‍ തോറും കയറിയിറങ്ങി കേട്ടെഴുത്ത് പരീക്ഷകള്‍ നടത്തിയിരുന്നതും.

പരീക്ഷയില്‍ പത്തില്‍ പത്തും ശരിയായാല്‍ സാറിന്‍റെ കയ്യിലെ പാട്ടയില്‍ നിന്ന് അഞ്ചു മിട്ടായികള്‍ കിട്ടും, ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നിട്ടും, ഒരിക്കല്‍ പോലും ആ മിട്ടായികള്‍ നുണയാന്‍ ഭാഗ്യം കിട്ടിയിട്ടില്ല എന്നത് ഇന്നും എന്‍റെ ഒരു സ്വകാര്യദുഖമായി അവശേഷിക്കുന്നു.

നാലാം ക്ലാസ്സില്‍ ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്‍റെ വാപ്പിച്ചി ഗള്‍ഫിലേക്ക് പോയത്. ഞങ്ങള്‍ മാമംഗലത്തുള്ള ഉമ്മയുടെ വീട്ടിലേക്കു താമസം മാറിയപ്പോള്‍, എന്‍റെ ക്ലാസ് ടീച്ചര്‍ ആയിരുന്ന രാജി ടീച്ചര്‍ക്ക് ഞങ്ങളുടെ വീട് കുറച്ചുകാലം വാടകയ്ക്ക് കൊടുത്തതും വ്യക്തമായി ഓര്‍ക്കുന്നു.

അധ്യാപകര്‍ എന്ന് പറയുമ്പോള്‍ എന്‍റെ മനസ്സിലേക്ക് ഓടിയെത്തുന്നത് രണ്ടു പേരുകള്‍ ആണ് - പത്താം ക്ലാസ്സില്‍ ട്യൂഷന്‍സെന്‍ററില്‍ പഠിക്കുമ്പോള്‍ ബയോളജി പഠിപ്പിച്ചിരുന്ന മണി സാറും, കണക്കു പഠിപ്പിച്ചിരുന്ന സദാശിവന്‍ സാറും.

മലയാളം മീഡിയത്തില്‍ പഠിച്ച ഞങ്ങളെ ആദ്യ ദിവസം തന്നെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പറഞ്ഞു ഇമ്പ്രസ് ചെയ്ത മണിസാര്‍ .

ശ്രീകൃഷ്ണനെ തന്നോട് താരതമ്യം ചെയ്തിരുന്ന, കാര്‍വര്‍ണ്ണന്‍റെ നിറമാണ് തനിക്കെന്നു അഭിമാനത്തോടെ പറഞ്ഞിരുന്ന മണിസാര്‍.

ഒരിക്കല്‍ "ഉണ്ണീ വാവാവോ" മനോഹരമായി പാടി ഞങ്ങളെ ഞെട്ടിച്ച മണിസാര്‍.

കോളേജ് പഠനം ഒക്കെ അവസാനിച്ച കാലത്ത് പണ്ടത്തെ പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫ് മറിച്ച് നോക്കിയപ്പോള്‍ കണ്ട മാണിസാറിന്‍റെ അദ്രസ്സിലേക്ക് ഞാന്‍ വെറുതെ ഒരു കത്തയച്ചു - സാറില്‍ നിന്ന് എനിക്ക് കിട്ടിയ വിശദമായ മറുപടി എന്നെ യഥാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു.

"ഇപ്പോഴും നിങ്ങള്‍ ഓരോരുത്തരും എന്‍റെ ഓര്‍മ്മകളില്‍ സജീവമാണ്" എന്ന് തുടങ്ങിയ കത്ത് വായിച്ചു തീര്‍ന്നപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞെങ്കില്‍ അത്രമാത്രം എന്‍റെ മനസ്സില്‍ ഒരധ്യാപകന്‍ എന്ന നിലക്ക് അദ്ദേഹം സ്ഥാനം നേടിയിരുന്നു എന്ന് തന്നെയാണ് അര്‍ഥം.

രണ്ടാമത്തെ കത്തില്‍ അദ്ദേഹം എന്നോട് വായിക്കാന്‍ ആവശ്യപ്പെട്ട ബോറിസ് പോലെവോയ് എന്ന റഷ്യന്‍ എഴുത്തുകാരന്‍റെ "ഒരു യഥാര്‍ത്ഥ മനുഷ്യന്‍റെ കഥ" എന്ന ആത്മകഥാംശമുള്ള നോവലാണ്‌ ഇന്നും എന്‍റെ ഫേവറിറ്റ് പുസ്തകം.

സദാശിവന്‍ സാറിന്‍റെ മുന്നില്‍ ചെന്നു പെടും വരെ ഏതൊരു ശരാശരി വിദ്യാര്‍ഥിയെയും പോലെ കണക്കെന്ന വിഷയം എന്‍റെയും പേടിസ്വപ്നം ആയിരുന്നു.

എന്നാല്‍ കണക്കില്‍ കണക്കായിരുന്ന എന്നെ അദ്ദേഹത്തിന്‍റെ തനതായ ശൈലിയിലുള്ള ക്ലാസ്സുകള്‍ ഏറ്റവും ഇഷ്ടമുള്ള വിഷയമാക്കി മാറ്റി. കണക്കെന്നാല്‍ ജീവശ്വാസം തന്നെയായിരുന്നു അദ്ദേഹത്തിന്.

കണക്കിനെ പോലെ മറ്റൊന്നിനെ മാത്രമേ അദ്ദേഹം ക്ലാസ്സില്‍ പുകഴ്ത്തി പറഞ്ഞിരുന്നുള്ളൂ - നൂതന്‍ സ്റ്റോവ് !

എന്ത് കാര്യം പറയുമ്പോഴും നല്ലത് തെരഞ്ഞെടുക്കുക എന്നതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുക സാധാരണ സ്റ്റൊവും, നൂതന്‍ സ്റ്റൊവും തമ്മിലുള്ള വ്യത്യാസം ആയിരുന്നു.

എന്നാല്‍ ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ വീട്ടില്‍ ഉമ്മിച്ചി വിറകടുപ്പും, ഗ്യാസടുപ്പും മാത്രം ഉപയോഗിക്കുന്നത് കണ്ടു ശീലിച്ച എനിക്ക് ഒരിക്കലും നൂതന്‍ സ്റ്റൊവിനെ അദ്ദേഹം ഉദ്ദേശിച്ച യഥാര്‍ത്ഥ ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല, എങ്കിലും സദാശിവന്‍ സാര്‍ വെറുതെ ഒരു സാധനത്തെ പുകഴ്ത്തി പറയില്ലെന്ന് മനസ്സ് ഉറപ്പിച്ചു പറഞ്ഞത് സാറിലുള്ള വിശ്വാസവും, സ്നേഹവും ഒന്നുകൊണ്ടു മാത്രമായിരുന്നു.

ഞങ്ങള്‍ക്ക് എന്നും രാവിലെയായിരുന്നു ട്യൂഷന്‍. എന്നാല്‍ കണക്കില്‍ ഉള്ള എന്‍റെ താല്പര്യം കണ്ട അദ്ദേഹം എന്നും വൈകിട്ട് ട്യൂഷന്‍ ഉള്ള മറ്റൊരു സെന്‍ററില്‍ വരാന്‍ എന്നോട് ആവശ്യപ്പെട്ടു.

അവിടെ ചെല്ലുമ്പോള്‍ എനിക്കദ്ദേഹം പാഠപുസ്തകത്തില്‍ ഉള്ളതിനേക്കാള്‍ കടുകട്ടി ചോദ്യങ്ങള്‍ ഉള്ള മറ്റൊരു തടിയന്‍ പുസ്തകം തരും.

എസ്‌.എസ്‌.എല്‍.സി പരീക്ഷക്ക്‌ മുന്‍പ് ആ പുസ്തകത്തില്‍ ഉള്ള എല്ലാ കണക്കുകളും തെറ്റാതെ ചെയ്യാന്‍ ഞാന്‍ ചെയ്തു തീര്‍ത്തിരുന്നു - ഫലം എസ്‌.എസ്‌.എല്‍.സിക്ക് കണക്കിന് എനിക്ക് 98 മാര്‍ക്ക് ! (സ്കൂളില്‍ നടത്തിയ മോഡല്‍ പരീക്ഷക്ക്‌ നൂറില്‍ നൂറും )

പോളിടെക്നിക്കില്‍ പഠിക്കുമ്പോള്‍ എയര്‍കണ്ടീഷനിംഗ് ആണ്ട് റെഫ്രിജറെഷന്‍ പഠിപ്പിച്ചിരുന്ന വിശ്വംഭരന്‍ സാറിന്‍റെ ഒരു പ്രാക്ക് കൂടി ഓര്‍മ്മിച്ചു കൊള്ളട്ടെ.

ഒരിക്കല്‍ സാര്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ക്ലാസ്സില്‍ ശ്രദ്ധിക്കാതെ അടുത്തിരുന്ന സതീശുമായി സംസാരിച്ചിരുന്നു, ഇതുകണ്ട് സാര്‍ എന്‍റെ അടുത്തേക്ക് വന്നു.

"എവിടെടോ തന്‍റെ ടെക്സ്റ്റ് ബുക്ക് ?"

ഞാന്‍ തല ചൊറിഞ്ഞു.

"നോട്ട് ബുക്ക് ?"

അതിനും മറുപടി മറ്റൊരു തലചൊറിച്ചില്‍.

"ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ വിഷമം തോന്നുമോ ?" സാര്‍ എന്‍റെ മുഖത്ത് നോക്കി ചോദിച്ചു.

"ഇല്ല സാര്‍"

"താന്‍ ഒരിക്കലും ഡിപ്ലോമ ജയിക്കില്ല, ഉം ഇരുന്നോ"

ക്ലാസ്സിലെ മറ്റു കുട്ടികള്‍ എല്ലാവരും ആര്‍ത്തു ചിരിച്ചപ്പോള്‍ ഞാന്‍ ഇല്ലാതായത് പോലെ എനിക്ക് തോന്നി.

പക്ഷെ തള്ള ചവിട്ടിയാല്‍ കുഞ്ഞിന് കേടില്ല എന്ന് പറയുന്നത് പോലെ തന്നെയാണ് അധ്യാപകരുടെ പ്രാക്കും എന്ന് എനിക്ക് ബോധ്യമായത് ഫൈനല്‍ ഇയര്‍ റിസള്‍ട്ട് വന്നപ്പോള്‍ ആയിരുന്നു. പ്രീഡിഗ്രി പാസായി വന്ന ചേട്ടന്മാര്‍ പോലും ഭൂരിപക്ഷവും തോറ്റ്തുന്നം പാടിയപ്പോള്‍ തലേ ദിവസം പഠിച്ച എനിക്ക് ഫസ്റ്റ് ക്ലാസ് !

എന്‍റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ അധ്യാപകര്‍ക്ക് എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നുള്ള പ്രണാമം !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top