Saturday, May 18, 2013

കോഴക്കളി

ഐപിഎല്ലിലെ ബൌളര്‍മാരുടെ അവസ്ഥ റൊമ്പ കഷ്ടം !

എറിഞ്ഞെറിഞ്ഞു കൈ വിയര്‍ത്താല്‍ പന്തോന്നു തുടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലെക്കെത്തി കാര്യങ്ങള്‍.

പണ്ടൊക്കെ ബൌളര്‍മാരുടെ ട്രേഡ് മാര്‍ക്ക് ആയിരുന്നു പന്തില്‍ രണ്ടു തുപ്പും, പിന്നെ ബാറ്റ്സ്മാന് പന്ത് കണ്ടാലേ അറപ്പുണ്ടാക്കുന്ന വിധത്തില്‍ വിരല്‍ കൊണ്ട് തുപ്പല്‍ പന്തില്‍ മൊത്തം തേച്ചു പിടിപ്പിച്ചശേഷം, ചന്തിയിലിട്ടു ഉരച്ചുരച്ചു പന്തിന്‍റെ ചായം കൊണ്ട് പാന്‍റ്സില്‍ ഡിസൈന്‍ ഉണ്ടാക്കലുമൊക്കെ.

എന്നാല്‍ കോഴ വിവാദം വന്നതോടെ, രണ്ടു തുപ്പല്‍ തുപ്പിയാല്‍ ഈ ഓവറില്‍ രണ്ടു ഫോര്‍ അടിക്കാനും, ഒരു വിരല് കൊണ്ട് തുപ്പല്‍ പരത്തിയാല്‍ ഒരു സിക്സറടിക്കാനും, ചന്തിയില്‍ ഉരച്ചാല്‍ ബാറ്റ്സ്മാന്‍റെ ചന്തിക് നേരെ ലെഗ്സൈഡില്‍ ഫുള്‍ട്ടോസ് ഏറിയും എന്നും ഒക്കെ വ്യഖ്യാനിക്കപ്പെട്ടെക്കാം എന്നതിനാല്‍ ബൌളര്‍മാര്‍ ആകെ ധര്‍മ്മസങ്കടത്തിലാണ്.

ബൌളര്‍മാര്‍ക്ക് മാത്രമേ പ്രശ്നമുള്ളൂ എന്ന് തെറ്റിദ്ധരിക്കരുത് - ഫീല്‍ഡര്‍മാര്‍ക്കും ഉണ്ട് പ്രശ്നം.

ഒന്നിന് പോകാന്‍ അമ്പയറെ ഒരു വിരല്‍ ഉയര്‍ത്തി കാണിക്കാന്‍ പറ്റാത്ത അവസ്ഥയി - ഒരു കാച്ച് വിടാമെന്നുള്ള സിഗ്നല്‍ ആണെന്ന് എന്ന് തെറ്റിദ്ധരിച്ചാലോ.

ഗ്രൗണ്ടില്‍ പണ്ടത്തെ പോലെ ഡൈവ് ചെയ്യാനും കാച്ചെടുക്കാനും എല്ലാവക്കും മടി - കടുത്ത ജലദോഷം ഉള്ളവര്‍ പോലും തൂവല കൈയില്‍ കൊണ്ട് നടക്കാതെ ഗ്രൗണ്ടില്‍ തന്നെ കാര്യം സാധിക്കുന്നത്രേ.

ബാറ്റ്സ്മാന്മാര്‍ ഇട്ടിരിക്കുന്ന ഗ്ലൌസ് വിയര്‍ത്തു നാറിയാലും അതിട്ട് തന്നെ ഔട്ടാകും വരെ കളിക്കുന്നു - ദാഹിച്ചു മരിക്കാന്‍ പോയാല്‍ പോലും പവിലയിനിലേക്ക് വെള്ളം കൊണ്ട് വരാന്‍ ആംഗ്യം കാണിക്കുന്നില്ല.

ഇനി ഡ്രസിംഗ് റൂമിലെയും താമസിക്കുന്ന ഹോട്ടലിലെയും സ്ഥിതിയോ ?

കോഴ എന്ന പേരിലെ സാമ്യം പേടിച്ചു കോഴി ആരും കഴിച്ചു പോകരുതെന്നാ അതതു ടീം മാനേജര്‍മാരുടെ നിര്‍ദ്ദേശം.

ബുക്കി എന്നാ വാക്കിനോടുള്ള സാമ്യം കാരണം നോട്ട്ബുക്ക് ആരും കൊണ്ട് നടക്കരുതെന്നും (കോപ്പി ബുക്ക് ഷോട്ട് എഴുതി പഠിച്ചു കളിക്കുന്ന രാഹുല്‍ ദ്രാവിഡ് ആണ് ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത്)

വിയര്‍പ്പു നെറ്റിയിലെക്കൊഴുകാതിരിക്കാന്‍ ഒരു ഹെഡ്ബാന്‍ഡ് പോലും ധരിക്കാന്‍ നിര്‍വ്വാഹമില്ല. - അതും സിഗ്നല്‍ ആയി തെറ്റിധരിക്കപ്പെട്ടാലോ ?

സിക്സ് അടിക്കുമ്പോള്‍ രണ്ടു കൈയും പൊക്കാന്‍ അമ്പയര്‍മാര്‍ക്ക് പോലും ഇപ്പോള്‍ പേടിയാണത്രേ - ഈ ഓവറില്‍ ഇനി രണ്ടു ഔട്ട്‌ വിളിക്കില്ല എന്ന സിഗ്നല്‍ ആണെന്ന് ആരോപിച്ചു കളഞ്ഞാലോയെന്ന്‍ പേടിച്ച് അമ്പയര്‍മാര്‍ കൈ പോക്കുന്നതും താഴ്ത്തുന്നതും കാണാന്‍ പോലും ആവുന്നില്ലെന്നു സ്കോര്‍ മാറ്റുന്നവര്‍ പരാതി പറയുന്നു !

പെണ്ണും പണവും ആണ് കോഴ എന്നതിനാല്‍ സ്വന്തം ഭാര്യമാരെ പോലും പലകളിക്കാരും സ്റ്റേടിയത്തിലേക്ക് കൊണ്ട് വരാന്‍ മടിക്കുന്നത്രേ ! (പ്രീതി സിന്റ ടീം മുതലാളി ആയതു കൊണ്ട് തടി കഴിച്ചിലാക്കി)

എന്നാലും എന്‍റെ ഗോപുമോനേ - നിന്‍റെയോരോരോ ലീലാവിലാസങ്ങളെ !

വാല്‍ : ഇതിനിടെ ഗ്രൗണ്ടില്‍ വിവിധ കോഴ സിഗ്നലുകളുടെ സാധ്യതകളെ കുറിച്ച് ഉപരിപഠനം നടത്തി ഡിപ്ലോമ നേടാന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ ട്രെയിന്‍ ചെയ്യുന്നതിനുള്ള ഒരു സ്ഥാപനം തുടങ്ങാന്‍ ആലോചിക്കുന്നതായി മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി പ്രത്യേകം വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top