Sunday, May 5, 2013

നോ ഗ്രാസ് വില്‍ വാക്ക് ഹിയര്‍

വര്‍ഷം 1992.

സ്ഥലം : ഗവര്‍മെന്‍റ് പൊളിടെക്നിക് , കളമശേരി

ഒന്നാം വര്‍ഷം മെക്കാനിക്കല്‍കാര്‍ക്കും കമ്പ്യൂട്ടര്‍ സയന്‍സ് ഒരു വിഷയമാണ് - പഠിപ്പിക്കുന്നത്‌ നാരായണന്‍ സാര്‍.

നാരായണന്‍ സാര്‍ ഒരു പരിഷ്കാരിയാണ് - മൊത്തം നരച്ചെങ്കിലും ഡൈ അടിച്ചടിച്ച് മൂപ്പരുടെ തലമുടി മുഴുവന്‍ ഒരുതരം സ്വര്‍ണ്ണവര്‍ണ്ണമാണ്.

ഭംഗിയുള്ള ഫ്രെയിമുള്ള കണ്ണട.

ഉയരം കുറവാണെങ്കിലും ,അമ്പതിന് മുകളില്‍ പ്രായം ഉണ്ടെങ്കിലും ആള് കാണാന്‍ അതിസുന്ദരന്‍.

പോരാത്തതിന് കമ്പ്യൂട്ടര്‍ അന്ന് പടത്തില്‍ മാത്രം കണ്ടിട്ടുള്ള വസ്തുവായതിനാല്‍ മറ്റു സാറന്മാരെക്കാള്‍ ഒരുപടി മുന്നില്‍ ആണെന്ന് ഒരു ചെറിയ പൊങ്ങച്ചവും മൂപ്പര്‍ക്ക് രഹസ്യമായെങ്കിലും ഉണ്ടായിരുന്നു.

പക്ഷെ ഒരു കുഴപ്പം ഉണ്ട് - മൂപ്പരുടെ ഇംഗ്ലീഷ് മഹാ മോശമാണ് - എന്നാലോ അതിന്‍റെ അഹങ്കാരം ഒന്നും ഇല്ലാതെ ഏതു സ്ഥലത്തും യാതൊരു ചമ്മലും ഇല്ലാതെ അടിച്ചു വിടുകയും ചെയ്യും.

പുസ്തകത്തില്‍ വായിച്ചു പഠിച്ച ബന്ധമേ കമ്പ്യൂട്ടറും നാരായണന്‍ മാഷും തമ്മില്‍ ഉള്ളൂ എന്ന് എല്ലാ ആഴ്ചയിലും ഉള്ള കമ്പ്യൂട്ടര്‍ ലാബില്‍ വച്ച് ഞങ്ങള്‍ക്ക് പലതവണ ബോധ്യപ്പെട്ടിട്ടുണ്ട്.

അന്നൊരിക്കല്‍ മാഷ്‌ ക്ലാസില്‍ വച്ച് പറഞ്ഞ ഒരു കാര്യം അത്ഭുതത്തോടെ വായപൊളിച്ച് ഞങ്ങള്‍ എല്ലാവരും കേട്ടിരുന്നത് ഓര്‍ക്കുമ്പോള്‍ ഇന്ന് സത്യത്തില്‍ ചിരിയാണ് വരുന്നത്.

ഒരു ഫ്ലോപ്പി ഡിസ്ക് എടുത്തു കാണിച്ചു കൊണ്ട് മാഷ്‌ പറഞ്ഞു

"ഇതാണ് ഫ്ലോപ്പി ഡിസ്ക് - ഇതില്‍ 1.3 MB സ്റ്റൊറെജ് കപ്പാസിറ്റി ഉണ്ട് - അതായതു നമ്മുടെ കോളേജ് ലൈബ്രറിയില്‍ ഉള്ള മുഴുവന്‍ പുസ്തകങ്ങളും ഇതില്‍ കയറ്റാം !"

അപ്പോള്‍ ഇന്ന് ചെറുവിരലിന്‍റെ നഖത്തിന്‍റെ വലിപ്പംപോലുമില്ലാത്ത മൈക്രോ SD കാര്‍ഡില്‍ ഈ ഭൂമിയിലെ ഇതുവരെ എഴുതിട്ടുള്ള മുഴുവന്‍ പുസ്തകങ്ങളും കയറ്റാമായിരിക്കും അല്ലെ?

പറഞ്ഞു വന്നത് , നാരായണന്‍ മാഷിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മാനസ്സിലേക്ക് ഓടിയെത്തുന്ന ഒരു സംഭവത്തെക്കുറിച്ചാണ്.

ഒരിക്കല്‍ കമ്പ്യൂട്ടര്‍ ലാബില്‍ വച്ച് മാഷിനു ശരിക്കും ദേഷ്യം വന്നു.

കാരണം എല്ലാ ദിവസവും ഞങ്ങളെ മൂപ്പര്‍ ഒരു കമ്പ്യൂട്ടറില്‍ MS-DOS പ്രോഗ്രാം ഓപ്പണ്‍ ചെയ്തു കുറെ കമാന്‍റ് ഒക്കെ അടിച്ചു കാണിച്ചു തരുന്നതല്ലാതെ ഞങ്ങള്‍ കുട്ടികള്‍ക്ക് ആ കീബോഡില്‍ ഒന്ന് തൊടാന്‍ പോലും അനുവാദം ഉണ്ടായിരുന്നില്ല.

"അടുത്ത ആഴ്ച നിങ്ങളെക്കൊണ്ട് കമ്പ്യൂട്ടറില്‍ പ്രാക്ടിക്കല്‍ ചെയ്യിച്ചിരിക്കും" എന്ന് മാഷ്‌ ഒരു വാക്ക് തന്നിരുന്നു.

അതനുസരിച്ച് വലിയ സന്തോഷത്തോടെയാണ് പിറ്റേ ആഴ്ച ഞങ്ങളെല്ലാവരും കമ്പ്യൂട്ടര്‍ ലാബില്‍ എത്തിയത്.

വന്നപാടെ മാഷ്‌ ആ സന്തോഷവാര്‍ത്ത ഞങ്ങളോട് പറഞ്ഞു -

"നിങ്ങളെക്കൊണ്ട് കമ്പ്യൂട്ടര്‍ ഓപ്പറേറ് ചെയ്യിക്കാന്‍ ഞാന്‍ പ്രിന്‍സിപ്പലിന്‍റെ അടുത്ത് നിന്ന് പ്രത്യേക അനുമതി വാങ്ങിച്ചിട്ടുണ്ട് ! "

ഞങ്ങള്‍ക്കെല്ലാം വലിയ സന്തോഷമായി.

അന്ന് ചെയ്യേണ്ട കാര്യങ്ങള്‍ ലാബിലെ ബോഡില്‍ മാഷ്‌ വിശദമായി പഠിപ്പിച്ചു.

ആദ്യ ആഴ്ച പ്രാക്റ്റിക്കല്‍ ചെയ്യേണ്ട അഞ്ചു പേരുടെ പേരും മാഷ്‌ അനൌണ്സ് ചെയ്തു

പേര് "S" ഇല്‍ തുടങ്ങുന്നതിനാല്‍ ഏറ്റവും അവസാനത്തെ ഊഴം ആയിരുന്നു എന്‍റെതെങ്കിലും മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് കാണാന്‍ ഉള്ള ആഗ്രഹത്തോടെ ഞാന്‍ അടക്കമുള്ളവര്‍ ആകാംക്ഷയോടെ നോക്കിയിരിക്കുമ്പോള്‍ ആണ് പ്യൂണ്‍ ഗോവിന്ദന്‍ ചേട്ടന്‍ നിരാശാജനകമായ ആ വാര്‍ത്തയും കൊണ്ട് വരുന്നത് -

"കമ്പ്യൂട്ടറില്‍ കുട്ടികളെ കൊണ്ട് തൊടീച്ചുള്ള കളികള്‍ ഒന്നും വേണ്ടെന്ന്" പ്രിന്‍സി പറഞ്ഞത്രേ .

സങ്കടപ്പെടാന്‍ ഒരുങ്ങിയ ഞങ്ങളെ ഏറെക്കാലത്തേക്ക് പൊട്ടിച്ചിരിപ്പിക്കാന്‍ പറ്റിയ ഒരു ഡയലോഗ് നാരായണന്‍ സാര്‍ വിടും വരെയേ ആ ദുഃഖം നീണ്ടു നിന്നുള്ളൂ -

കടുത്ത നിരാശയോടും ദേഷ്യത്തോടും കൂടെ സാര്‍ പറഞ്ഞു.

"നോ ഗ്രാസ് വില്‍ വാക്ക് ഹിയര്‍" (ഇവിടെ ഒരു പുല്ലും നടക്കില്ലന്നു സാരം)

ഞങ്ങളുടെ ക്ലാസ്സിലുള്ള മൂന്നേമൂന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു മണ്ണുകപ്പി.

താന്‍ പറഞ്ഞതില്‍ കാര്യമായ എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട് എന്ന് മനസിലായ നാരായണന്‍ സാര്‍ നൈസായി ബോഡിലെക്ക് തിരിഞ്ഞ് പഠിപ്പിക്കല്‍ തുടര്‍ന്നു - പക്ഷെ ആ ചിരിയുടെ അലകള്‍ ഒരുപാട് നാള്‍ ഞങ്ങളുടെ മനസ്സുകളില്‍ ഒരിക്കലും നിലക്കാതെ അലയടിച്ചു കൊണ്ടിരുന്നു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top