Wednesday, May 1, 2013

കഥ : പാഴായ പ്രണയം

ആദ്യമേ പറയട്ടെ !

ഈ കഥയില്‍ പൊട്ടിച്ചിരിപ്പിക്കുന്ന ഹ്യൂമറോ , ഞെട്ടിത്തെറിപ്പിക്കുന്ന സസ്പെന്‍സോ ഒന്നുമില്ല !

വാക്സിനേഷന്‍ എടുത്തതിനാല്‍ വരാതിരുന്ന പോളിയോ പോലെ - ഒരിക്കലും നടക്കില്ലെന്ന് ഉറപ്പുണ്ടെങ്കിലും മനസ്സില്‍ വെറുതെ കൊതിച്ചു പോകുന്ന എയര്‍ കേരള പോലെ - തളിരിടും മുന്നേ കൊഴിഞ്ഞു വീണ ഒരു പ്രണയകഥയാണിത് !

വൈറ്റില - കാക്കനാട് ബസ് സര്‍വ്വീസ് പോലെ, രണ്ടു സൈഡിലേക്കും ഓടാതെ, പഴകിത്തുരുമ്പിച്ച , ഒരു മനുഷ്യന്‍ കയറാത്ത വൈറ്റില - വൈറ്റില ഹാമോസ് ബസ് പോലെയുള്ള എന്‍റെ സ്വന്തം അനുഭവകഥ !

ഞാന്‍ കളമശ്ശേരി പൊളിടെക്നിക്കില്‍ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി.

മുപ്പത്തിരണ്ട് പല്ലിനിടയില്‍ ഒരു നാവ് എന്നതു പോലെ ഞങ്ങളുടെ ക്ലാസ്സില്‍ 55 ആണുങ്ങള്‍ക്ക് ആകെ ഉള്ളത് മൂന്നു പെണ്ണുങ്ങള്‍ മാത്രം - അതുകൊണ്ട് ഒരുമണിക്ക് ലഞ്ച് ബ്രേക്ക് തുടങ്ങുമ്പോള്‍ മുതല്‍ രണ്ടു മണിക്ക് തിരിച്ചു കയറാനുള്ള ബെല്‍ അടിക്കും വരെ സിവില്‍ , ഇലക്ട്രിക്കല്‍ ക്ലാസുകളില്‍ പോയി പുതിയ ഒന്നാം വര്‍ഷകിളികളെ പഞ്ചാരയടിക്കല്‍ ആയിരുന്നു പൊളിടെക്നിക്കിലെ പ്രധാന "ടെക്നിക്കല്‍" പഠനം.

അതിനിടയില്‍ ഭക്ഷണം കഴിച്ചു നഷ്ടപ്പെടുത്താന്‍ സമയം ഇല്ലാത്തതിനാല്‍ ഉച്ചഭക്ഷണം കെട്ടിപ്പൊതിഞ്ഞു കൊണ്ടുവരല്‍ ഒക്കെ നിര്‍ത്തി - ഉമ്മിച്ചിക്കും അതൊരു ആശ്വാസം !

ഭൂരിപക്ഷം പെണ്‍കുട്ടികള്‍ ആയിരുന്നതിനാലാണ് സിവില്‍, ഇലക്ട്രിക്കല്‍ ക്ലാസ്സുകളില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്നത്‌. അവിടെയുള്ള ന്യൂനപക്ഷം ആണ്‍കുട്ടികളെ ആരും മൈന്‍ഡ് ചെയ്തത് പോലുമില്ല.

അവന്മാരുടെ നിസ്സഹായതയും, സഹിക്കുന്ന അവഗണയും - കത്തുന്ന നോട്ടങ്ങളും , പല്ലിറുമ്മലുകളുമായി ഞങ്ങള്‍ക്ക് നേരെ നീളുമ്പോള്‍ "അവനെ പിന്നെ പുറത്തുവച്ച് കാണാമെടാ" എന്ന പതിഞ്ഞ ശബ്ദത്തിലുള്ള പരസ്പരസാന്ത്വനത്തോടെ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ പഞ്ചാര ഒഴുക്കാന്‍ മത്സരിച്ചു - കാരണം അവിടെ വച്ചൊരു ഉരസല്‍ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ ഞങ്ങള്‍ കെട്ടിപ്പോക്കുവാന്‍ ശ്രമിക്കുന്ന ഇല്ലാത്ത ഇമേജിനെ മോശമായി ബാധിച്ചാലോ.

ഞങ്ങളുടെ തലവെട്ടം കാണുമ്പോള്‍ പാവം പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്ന് കെട്ടിപ്പൊതിഞ്ഞു കൊണ്ടുവരുന്ന പൊതിച്ചോറും, ടിഫിന്‍ ബോക്സും എടുത്തതിനേക്കാള്‍ വേഗത്തില്‍ ബാഗിലേക്കു തിരികെ വെക്കും.

അപ്പോള്‍ ഞങ്ങള്‍ പറയും,

"കഴിച്ചോളൂന്നേ - കഴിക്കുന്നതിനിടയില്‍ സംസാരിക്കാലോ"

കറികള്‍ മോശമായിട്ടോ, അതോ തൊട്ടു മുന്നില്‍ ഇരിക്കുന്ന വായ്‌നോക്കിയുടെ കൊതി കിട്ടുമെന്ന് ഭയന്നിട്ടോ, എന്നറിയില്ല - ഒരൊറ്റ പെണ്‍കുട്ടി പോലും ഞങ്ങളുടെ ആ ഓഫര്‍ സ്വീകരിച്ചിരുന്നില്ല !

"പേരെന്താ, വീടെവിടെയാ, വീട്ടില്‍ ആരൊക്കെയുണ്ട്, പീഡിസി കഴിഞ്ഞിട്ടാണോ പോളിയില്‍ വന്നത് ?"

തുടങ്ങിയ പതിവ് ചോദ്യങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ കൊടുത്തത് അവസാന ചോദ്യത്തിനായിരുന്നു - അല്ലെങ്കില്‍ ആ ചോദ്യം ചോദിക്കാനുള്ള ഒരു മുഖവുര മാത്രമായിരുന്നു മറ്റു രണ്ടു ചോദ്യങ്ങള്‍ - കാരണം പീഡിസി കഴിഞ്ഞത് ശരിയാവില്ല - പത്താം ക്ലാസ് കഴിഞ്ഞു പോളിയില്‍ ചേര്‍ന്ന എന്നെക്കാള്‍ ഒരു വയസ്സിനെങ്കിലും എന്തായാലും മൂപ്പ് കാണും.

അവസാനം ഞാന്‍ ആ ഉമ്മച്ചിക്കുട്ടിയെ കണ്ടെത്തി. ഒറ്റ നോട്ടത്തില്‍ തീരെ ആകര്‍ഷണീയത തോന്നാത്ത, എന്നാല്‍ വിവരിക്കാന്‍ ആവാത്ത ഒരു ശാലീന സൌന്ദര്യം മുഖത്തോളിപ്പിച്ച അവളെ !

എന്നാല്‍ സംസാരിക്കാന്‍ ഇത്രയും വിമുഖയായ ഒരു പെണ്‍കുട്ടിയെയും ഞാന്‍ ഇതുവരെ കണ്ടിരുന്നില്ല.

പത്താം ക്ലാസ് വരെ ബോയ്സ് സ്കൂളില്‍ പഠിച്ചതിന്‍റെ അപകര്‍ഷത എന്‍റെ മനസിലും ആഴത്തില്‍ വേരൂന്നിയിരുന്നതിനാല്‍ പലപ്പോഴും അവളെക്കാള്‍ നാണത്തില്‍ ആയിരുന്നു ഞാന്‍.

പക്ഷെ അവളോടുള്ള ഇഷ്ടം കൊണ്ട് എന്നും ഞാന്‍ കൃത്യ സമയത്ത് തന്നെ അവളുടെ മുന്നില്‍ ഹാജരാകുമായിരുന്നു.

എന്‍റെ പലചോദ്യങ്ങളും, പെട്രോളിന്‍റെ വില കുറച്ച വാര്‍ത്ത പോലെ, അവളില്‍ ഒരു പ്രതികരണവും ഉണ്ടാക്കാതെ വേസ്റ്റ് ആയിപ്പോകുകയായിരുന്നു പതിവ്.

എങ്കിലും ഇടയ്ക്കിടെ വരുന്ന ആര്യാടന്‍ വൈദ്യുതി പോലെ വീണു കിട്ടുന്ന ആ നാണത്തില്‍ പൊതിഞ്ഞ ചിരി, വീണ്ടും വീണ്ടും വിഷയങ്ങള്‍ ഉണ്ടാക്കി സംസാരിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

'ആലുവയിലാണ് വീട്, ഒരു അനിയന്‍ മാത്രമേ ഉള്ളൂ, ബാപ്പ മരിച്ചു പോയി' എന്നതില്‍ കവിഞ്ഞ ഒരു വിവരം പോലും അത്രയും ദിവസം കൊണ്ട് അവളില്‍ നിന്ന് നേടിയെടുക്കാന്‍ എനിക്ക് കഴിയാതെ വന്നപ്പോള്‍ അവസാനം ഞാന്‍ പ്രണയഗുരു പ്രനിലിനെ സമീപിക്കാന്‍ നിര്‍ബന്ധിതനായി.

പ്രനിലും ആലുവാക്കാരനാണ്.

മൂപ്പര്‍ക്ക് സ്വയം പ്രേമിക്കാന്‍ ധൈര്യമില്ലെങ്കിലും - കളിക്കാന്‍ അറിയില്ലെങ്കിലും പറഞ്ഞു കൊടുക്കാന്‍ അറിയാം എന്ന് പറയുന്നത് പോലെ - മറ്റുള്ളവരെ ക്കൊണ്ട് പ്രേമിപ്പിക്കുവാന്‍ വിരുതനാണ് - ഒരു അഭിനവ ഹംസ !

അങ്ങനെ കൂട്ടുകാര്‍ കളിയാക്കി ചാര്‍ത്തിക്കൊടുത്ത പേരാണ് പ്രണയ ഗുരു എന്ന അര്‍ത്ഥത്തിലുള്ള "ഗുരു" എന്ന ചുരുക്കപ്പേര്.

കാര്യങ്ങള്‍ കേട്ടപ്പോള്‍ പ്രനില്‍ നിസ്സാരമായി പറഞ്ഞു.

"നീയിനി കൂടുതല്‍ സംസാരിച്ചു കുളം ആക്കണ്ട - ഇതെനിക്ക് വിട്ടേക്കൂ, ഞാന്‍ സംസാരിച്ചു ശരിയക്കിക്കൊള്ളാം. പക്ഷെ ഞാന്‍ പറയും വരെ നീയിനി അവളെ കാണാന്‍ പോകരുത്"

അവളുടെ മനസ്സ് സ്വന്തമാക്കാന്‍ ഞാന്‍ എന്തിനും തയ്യാറായിരുന്നു, എങ്കിലും എന്നിലെ അടക്കാനാവാത്ത ആകാംക്ഷി , പ്രനില്‍ അന്നുച്ചക്കും അതിനു ശേഷമുള്ള രണ്ടുമൂന്നുച്ചകളിലും അവളോട്‌ സംസാരിക്കുന്നത് മരുമകളുടെ മുറിയില്‍ ഒളിഞ്ഞു നോക്കുന്ന അമ്മായിയമ്മയെ പോലെ വാതിലിന്നിടയിലൂടെ ഒളിഞ്ഞു നോക്കി കണ്ടു .

(ഒരു കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ - നിങ്ങളിപ്പോ കരുതുന്നത് പോലെ അവസാനം പ്രനില്‍ അവളെ അടിച്ചു കൊണ്ട് പോകുന്നതല്ലാട്ടോ ക്ലൈമാക്സ്

"എല്ലാം പറഞ്ഞു ശരിയാക്കികൊണ്ടിരിക്കുകയാണ്, നീ ധൈര്യമായിരി"

ഓരോ ദിവസത്തെയും "ട്രെയിനിംഗ് സെഷന്‍" കഴിയുമ്പോള്‍ ഗുരു പറയും.

"അപ്പോള്‍ ഇനി എനിക്കവളോട്‌ സംസാരിക്കാമോ?"

"ഒരു രണ്ടു ദിവസം കഴിയട്ടെ"

മുകളിലേക്ക് നോക്കി ഗഹനമായി എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ഗുരുമൊഴിയും - ശിഷ്യനായ ഞാന്‍ തെല്ലുനിരാശയോടെയും, ഏറെ പ്രതീക്ഷകളോടെയും തലകുലുക്കി സമ്മതിക്കും.

രണ്ടു ദിവസം കഴിഞ്ഞ് ഉച്ചക്ക് ശേഷം എനിക്ക് ഫിസിക്സ് ലാബ് ആയിരുന്നു.

എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞു സമയം വൈകിയതിനാല്‍ ഞാന്‍ തനിച്ചാണ് ലാബിലേക്ക് പോയത്.

ധൃതിയില്‍ നടന്നു പോകും വഴി ദൂരെ നിന്ന് എതിരെ അവള്‍ നടന്നു വരുന്നത് കണ്ടു.

അന്ന് ലഡു പൊട്ടല്‍ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ എന്‍റെ മനസ്സില്‍ തിരിച്ചറിയാനാകാത്ത മറ്റെന്തൊക്കെയോ പൊട്ടി.

"എന്തായിരിക്കും ഗുരുവിന്‍റെ മാജിക് അവളില്‍ ചെലുത്തിയിട്ടുണ്ടാകാന്‍ ഇടയുള്ള സ്വാധീനം" എന്നറിയാനുള്ള ആകാംക്ഷ എന്‍റെ നടത്തത്തിനല്‍പ്പം വേഗത കൂട്ടിയപ്പോള്‍ ആണ് യാദൃശ്ചികമായി അവള്‍ എന്നെ കണ്ടത്.

ഒരു നിമിഷം ഞെട്ടലോടെ സ്തംഭിച്ചു നിന്ന അവള്‍ അടുത്ത നിമിഷം വന്നതിലും ഇരട്ടി വേഗതയില്‍ തിരികെ നടന്നു - ഓടി എന്ന് പറയുന്നതാവും കൂടതല്‍ ശരി !

ഞാന്‍ നിന്നിടത്ത് നിന്ന് ഭൂമി കുഴിഞ്ഞു താഴ്ന്നു പോകുന്നതു പോലെ എനിക്ക് തോന്നി.

പരിഭ്രമത്തോടെ ഞാന്‍ ചുറ്റും നോക്കി - ഭാഗ്യം ആ പരിസരത്തൊന്നും ആരുമില്ല !

എന്തായിരിക്കും ആ തെണ്ടി അവളോട്‌ പറഞ്ഞിട്ടുണ്ടാകുക ? ലാബിലേക്ക് നടക്കുമ്പോള്‍ എനിക്ക് കലിയിളകി.

ഇതുവരെ ചിരിയും സംസാരവുമെങ്കിലും ഉണ്ടായിരുന്നതാണ് - ആ കൊച്ചിനെയാണ് എന്നെ കണ്ടാല്‍ ഓടുന്ന പരുവത്തില്‍ ആക്കിയിരിക്കുന്നത് !

ഗുരുവിനെ ഞാന്‍ ഫിസിക്സ് ലാബില്‍ നിന്നും കുഞ്ചിക്കുപിടിച്ചു പൊക്കി.

"എടാ അത് വളയില്ല. ഇത്രേം പേടിയുള്ള ഒരു കൊച്ചിനെ ഞാനെന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ല."

കൂച്ചിക്കൂട്ടി മൂലയിലേക്ക് മാറ്റി നിര്‍ത്തുമ്പോള്‍ അവന്‍ സീരിയസായി പറഞ്ഞു.

"എന്നിട്ട് അതെന്താ നീ എന്നോട് പറയാതിരുന്നെ ?"

"നീ പിന്നാലെ നടന്നു വളക്കുന്നെങ്കില്‍ വളക്കട്ടെ എന്ന് കരുതി"

എന്‍റെ ദേഷ്യം സങ്കടവും നിരാശയുമായി മാറി. ഞാന്‍ അവനെ കുറെ ചീത്ത വിളിച്ചു.

എന്തായാലും ഞാന്‍ ഒരു തീരുമാനം എടുത്തു - ഇനി മേലില്‍ ഞാന്‍ അവളുടെ പിന്നാലെ നടക്കില്ല.

കാരണം - പാളിപ്പോയ കോമഡി സീനിലെ സുരാജ് വെഞ്ഞാറമ്മൂടിനോട് തോന്നുന്ന സഹതാപം പോലും അത്രയും നാള്‍ പിന്നാലെ നടന്ന എന്നോടവള്‍ കാണിച്ചില്ല !

പക്ഷെ - ഏതു കാമുകനും കൊതിക്കുന്ന കാമുകിയെക്കാള്‍ - ഏതു മാതാപിതാക്കളും മോഹിക്കുന്ന ഒരു മകളായിരുന്നു അവള്‍ - എനിക്കും ഉണ്ടായിരുന്നല്ലോ ഒരു സഹോദരി !

പിന്നീടൊരിക്കലും ഞാന്‍ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാന്‍ പോലും ശ്രമിച്ചിട്ടില്ല !

യാദൃശ്ചികമായി അവള്‍ എതിരെ വരുന്നത് കണ്ടാല്‍ പോലും ഞാന്‍ വഴിമാറി നടന്നു.

എങ്കിലും വൈകുന്നേരം വീട്ടിലേക്ക് പോകാന്‍ ബസ്സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ എതിരെയുള്ള ബസ്‌ സ്റ്റോപ്പില്‍ അവള്‍ ബസ് കാത്തു നില്‍ക്കുന്നതു കണ്ട് ഞാന്‍ , അവളറിയാതെ നോക്കി നിന്നുപോയിട്ടുണ്ട്

അപ്പോഴൊക്കെ അവള്‍ എന്‍റെതായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി കൊതിച്ചു പോയിട്ടുമുണ്ട് - പക്ഷെ ..........!

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top