Thursday, May 9, 2013

കഥ : കഥക്കുള്ളിലെ കഥ

കഥാകൃത്ത്‌ അക്ഷമനായി മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

എഴുതേണ്ടത് സ്വന്തം കഥയാണെങ്കിലും, എഴുതിത്തുടങ്ങേണ്ടതെങ്ങനെ എന്ന് ഇതുവരെ അയാള്‍ക്കൊരു വ്യക്തമായ രൂപം കിട്ടിയിട്ടില്ല .

നായകന് തന്‍റെ മുഖച്ഛായ ആണെങ്കിലും വ്യത്യസ്തമായ ഒരു പേരിടണം.

ഏതാനും സിഗരറ്റുകളെ ചാരമാക്കി മാറ്റിയ പുക ശ്വാസകോശങ്ങളെ ചൂടുപിടിപ്പിച്ചപ്പോള്‍ വഹീദ് എന്ന കഥാനായകനും അയാളുടെ കഥയും തുടര്‍ച്ചയായ ഫ്രെയിമുകളായി അയാളുടെ മനസിന്‍റെ തിരശ്ശീലയില്‍ തെളിഞ്ഞു.

കമ്പ്യൂട്ടറില്‍ നോട്ട്പാഡില്‍ അയാള്‍ എഴുതിത്തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഉച്ച കഴിഞ്ഞപ്പോഴാണ് എക്സിറ്റ് പേപ്പര്‍ അടിച്ചു കിട്ടിയത്.

നാല് വര്‍ഷം ചെയ്ത സേവനങ്ങള്‍ക്കുള്ള നന്ദികേടിന്‍റെ നിശബ്ദമായ പാരിതോഷികം

മാസാമാസം തനിക്കു ലഭിക്കുന്നതില്‍ കൂടുതല്‍ തന്‍റെ വരുമാനത്തില്‍ അനര്‍ഹമായ പങ്കുപറ്റുന്നതിനെ ഗത്യന്തരമില്ലാതെ ചോദ്യം ചെയ്തതിനുള്ള ശിക്ഷ !

പറക്കമുറ്റാത്ത മൂന്നു പെണ്മക്കളും, ഒരിക്കലും സ്വയം പര്യാപ്തയാകാന്‍ കഴിവില്ലെന്ന് സ്വയം ബോധ്യപ്പെടുത്തി ജീവിക്കുന്ന ഭാര്യയും, ഇനിയും മറ്റേയറ്റം കാണാത്ത കടങ്ങളും !

നാലുവര്‍ഷത്തെ മണലാരണ്യത്തിലെ കഷ്ടപ്പാടിന്‍റെയും , സഹനത്തിന്‍റെയും നീക്കിയിരിപ്പ് !

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഇനി ആണ് കഥയിലെ വില്ലനായ അബ്ദുല്‍അസീസിനെ പരിചയപ്പെടുത്തേണ്ടത്.

ഈ അബ്ദുല്‍ അസീസ്‌ എന്ന നീചന്‍ തന്‍റെയും ജിവിതത്തിലെ പ്രതിനായകനാണ്.

മറ്റൊരു പേരിട്ടാല്‍ ഒരുപക്ഷെ അബ്ദുല്‍അസീസ്‌ എന്ന ദുഷ്ടന്‍റെ ക്രൂരതകള്‍ അതെ തീവ്രതയോടെ വിവരിക്കുവാന്‍ തനിക്കു സാധിച്ചേക്കില്ല - അയാള്‍ എഴുത്ത് തുടര്‍ന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

എക്സിറ്റ് പേപ്പറിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയില്‍ ഒപ്പിട്ടു വാങ്ങുമ്പോള്‍ ഈജിപ്റ്റ്‌കാരനായ മാനേജര്‍ അബ്ദുല്‍അസീസിന്‍റെ കണ്ണില്‍ വഹീദ് വീണ്ടുമാ ക്രൂരമായ മന്ദഹാസം കണ്ടു.

യഥാര്‍ത്ഥത്തില്‍ വഹീദിന്‍റെ ശമ്പളം മൂവായിരം റിയാല്‍ ആണ് - എന്നാല്‍ അതില്‍ 1750 റിയാല്‍ അബ്ദുല്‍അസീസ്‌ എന്ന പരാദം എല്ലാ മാസവും ഊറ്റിയെടുക്കും - വഹീദിന് ജോലി ശരിയാക്കിക്കൊടുത്തതിനുള്ള കമ്മീഷന്‍ !

കഴിഞ്ഞ നാലുവര്‍ഷങ്ങള്‍ കൊണ്ട് അയാള്‍ നേടിയത് വഹീദ് ചോരനീരാക്കി ഉണ്ടാക്കിയതിലും അധികം ! വഹീദിന്‍റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു.

ഈ നിമിഷം മുതല്‍ മൂന്നു മാസത്തിനകം എന്ന് വേണമങ്കിലും സൗദി അറേബ്യയോടു വിടപറയാം.

ടിക്കറ്റ് എടുത്തു തരാനുള്ള ഔദാര്യം കമ്പനി കാണിച്ചിട്ടുണ്ട് - എന്നാല്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ എല്ലാം 'മാന്‍പവറില്‍ നിന്ന് എടുത്ത ആള്‍' എന്ന പേര് പറഞ്ഞ് അബ്ദുല്‍അസീസ്‌ ഇല്ലാതാക്കി.

മാനേജ്മെന്‍റ്, സാധാരണആ കമ്പനിയിലെ ജോലിക്കാര്‍ക്ക് പിരിഞ്ഞു പോകുമ്പോള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറായിരുന്നിട്ടും !

വഹീദ് എക്സിറ്റ് പേപ്പര്‍ കൈപ്പറ്റിയ കവര്‍ തുറന്നു.

നാളെ രാവിലെ ആറരക്കാണ് ഫ്ലൈറ്റ് ടിക്കറ്റ് .

വൈകുന്നേരം അഞ്ചുമണി വരെ ആണ് ഡ്യൂട്ടി എങ്കിലും അയാള്‍ നേരത്തെ ഓഫീസില്‍ നിന്ന് ഇറങ്ങി.

ഒന്നാം തീയതി ആയതിനാല്‍ ഇന്നലെ വരെയുള്ള ശമ്പളം - അബ്ദുല്‍ അസീസിന്‍റെ കമ്മീഷന്‍ കഴിച്ച് - രാവിലെ തന്നെ കിട്ടിയിരുന്നു.

കമ്പനിയിലെ സുഡാനി ഡ്രൈവര്‍ ക്യാമ്പില്‍ കൊണ്ടാക്കാനുള്ള സൌമനസ്യം കാണിച്ചു.

പരിചയപ്പെട്ട കാലം മുതലേ ഹൃദ്യമായ പെരുമാറ്റം മാത്രമേ അവനില്‍ നിന്നുണ്ടായിട്ടുള്ളൂ എന്ന് നന്ദിയോടെ ഓര്‍ത്തപ്പോള്‍ വഹീദ് അവനെ നോക്കി പുഞ്ചിരിച്ചു.

തികച്ചും നിഷ്കളങ്കമായ ഒരു പുഞ്ചിരി തിരിച്ചും കിട്ടി.

ഈ നാട്ടില്‍ വന്ന ശേഷം തന്നോട് മനുഷ്യത്വതോടെ പെരുമാറിയ ചുരുക്കം ചിലരില്‍ ഒരാള്‍ !

മുക്കാല്‍ മണിക്കൂറോളം യാത്രയുണ്ട് ക്യാമ്പിലേക്ക്.

വഹീദ് കണ്ണുകള്‍ അടച്ചു കാറിന്‍റെ മുന്‍സീറ്റില്‍ ചാരിയിരുന്നു.

മനസ്സിലൂടെ പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ ഓരോന്നായി തിരശ്ചീലയില്‍ എന്നോണം കടന്നു പോയി.

ഒരു മുഖം കടന്നു വന്നപ്പോള്‍ അതവിടെ അല്‍പ്പസമയം നിശ്ചലമായി നിന്നുപോയി - വഹീദിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

പെറ്റ് വീണ നാലാം പക്കം മരണപ്പെട്ട തന്‍റെ പൊന്നു മോന്‍റെ, താന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചിട്ടുള്ള ഓമനമുഖം !

പിറന്നുവീണപ്പോള്‍ കുഞ്ഞിന്‍റെ ശരീരം മൊത്തം നീലനിറമായിരുന്നു.

ശൈലജ കരഞ്ഞു പറഞ്ഞതാണ് - എത്രയും വേഗം വരാന്‍ .

"വന്നില്ലെങ്കില്‍ നമ്മുടെ മോന്‍ മരിച്ചു പോകും ഇക്കാ" എന്ന ശൈലയുടെ കരച്ചില്‍ ഇന്നും ഒരു വെള്ളിടി പോലെ മനസ്സില്‍ പ്രതിധ്വനിക്കുന്നുണ്ട്.

അന്നും ഈ അബ്ദുല്‍ അസീസ്‌ ആണ് തന്‍റെ യാത്ര മുടക്കിയത്.

വെക്കെഷന്‍ കഴിഞ്ഞു വന്നിട്ട് മൂന്നു മാസമേ ആയുള്ളൂ എന്ന് പറഞ്ഞു മാനേജ്മെന്‍റ് അപ്പ്രൂവ് ചെയ്ത ലീവ് അയാള്‍ കാന്‍സല്‍ ചെയ്യിച്ചു.

ടിക്കറ്റും മറ്റെല്ലാ ചെലവുകളും താനെടുത്തു കൊള്ളാം - ഒന്ന് പോയിവരാന്‍ മാത്രം അനുവദിച്ചാല്‍ മതി എന്ന് അയാള്‍ അബ്ദുല്‍ അസീസിന്‍റെ കാലു പിടിച്ചു പറഞ്ഞതാണ്.

ആ കഠിനഹൃദയന്‍റെ ശിലപോലെയുള്ള മനസ്സ് അലിഞ്ഞില്ല.

വേണമെങ്കില്‍ നിര്‍ബന്ധമായി പോകാമായിരുന്നു - പക്ഷെ അതൊരു മടക്കമില്ലാത്ത യാത്രയായിരിക്കും.

ഇങ്ങോട്ട് വരാന്‍ വേണ്ടി വാങ്ങിക്കൂട്ടിയ കടങ്ങള്‍ പാതി പോലും അടച്ചു വീട്ടിയിരുന്നില്ല.

തന്‍റെ അവസ്ഥ കണ്ണുനീരോടെ പറഞ്ഞപ്പോള്‍ ശൈല തന്നെയാണ് വഹീദിനെ ആശ്വസിപ്പിച്ചത്.

എന്നാല്‍ ജനിച്ചു നാലാം നാള്‍ തന്‍റെ മകന്‍ മരിച്ചു !

ആ വാര്‍ത്ത അറിഞ്ഞിട്ടും അബ്ദുല്‍അസീസ്‌ എന്ന ക്രൂരന്‍റെ മുഖത്ത് കുറ്റബോധത്തിന്‍റെ ഒരു നേരിയ ലാഞ്ചന പോലും ഉണ്ടായില്ല !

വഹീദിന്‍റെ മനസ്സില്‍ പകയുടെ കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടി.

അബ്ദുല്‍ അസീസ്‌ എന്ന മനുഷ്യനെ ലോകത്തിന്റെ തന്നെ തിന്മയുടെ പ്രതീകമായി അയാള്‍ കണക്കാക്കി.

അവനെപ്പോലെയുള്ള നീചന്മാര്‍ ഈ ലോകത്തില്‍ ജീവിച്ചിരുന്നാല്‍ ഇനിയും തന്നെപ്പോലെയുള്ള ദുര്‍ബലരുടെ കണ്ണുകളില്‍ നിന്ന് ചോരത്തുള്ളികള്‍ ഇറ്റ്‌ വീഴുമെന്നു അവന്‍ മനസ്സില്‍ പറഞ്ഞു.

പ്രായോഗികതയുടെ ലോകത്ത് നിന്ന് മെല്ലെ വികാരങ്ങളുടെ ലോകത്തിലേക്ക്‌ വഹീദിന്‍റെ ചിന്തകള്‍ കാടുകയറിത്തുടങ്ങുകയായിരുന്നു.

രാവിലെ ആരരക്കാണ് ഫ്ലൈറ്റ്.

മൂന്നു മണിക്കൂര്‍ മുന്നേ എയര്‍പോര്‍ട്ടില്‍ എത്തണം.

സുഡാനി ഡ്രൈവര്‍ ക്യാമ്പില്‍ കൊണ്ട് ചെന്നാക്കി യാത്ര പറഞ്ഞു പിരിഞ്ഞു.

വഹീദ് വാച്ചിലേക്ക് നോക്കി - സമയം നാല് മണിയായിരിക്കുന്നു.

ഇനി 11 മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ താന്‍ സൗദി അറേബ്യയുടെ മണ്ണില്‍ നിന്ന് എന്നന്നേക്കും ആയി യാത്രയാവും.

"ഇത് നിന്‍റെ അവസാന അവസരമാണ് വഹീദ്" തന്‍റെയുള്ളിലിരുന്നാരോ മന്ത്രിക്കുന്നത് പോലെ അയാള്‍ക്ക്‌ തോന്നി.

അയാള്‍ റൂമിലെത്തി.

മുറിയുടെ മൂലയില്‍ പൊടിപിടിച്ചു കിടന്നിരുന്ന ബാഗെടുത്ത് തുടച്ചു വൃത്തിയാക്കി.

മക്കള്‍ക്ക്‌ ഒന്നും വാങ്ങാന്‍ പോലും സമയം ഇല്ല.

അയാള്‍ താമസിക്കുന്നിടത്ത് നിന്ന് സിറ്റിയിലേക്ക് രണ്ടു മണിക്കൂര്‍ യാത്രയുണ്ട്.

രാത്രി മൂന്നു മണിക്ക് വരാമെന്ന് പറഞ്ഞാണ് സുഡാനി പോയത്.

പോകുമ്പോള്‍ ഭംഗി വാക്ക് പോലെ "നിനക്ക് എന്തെങ്കിലും വാങ്ങാന്‍ ഉണ്ടോ" എന്ന് അവന്‍ ചോദിച്ചു.

"ഇല്ലെന്ന ഉത്തരം മാത്രം പ്രതീക്ഷിക്കുന്ന ഒരു ചോദ്യം ! വഹീദ് അവനെ നിരാശപ്പെടുത്തിയില്ല !

തന്‍റെ തുണികളും ബെഡ് ഷീറ്റും , തന്‍റെതായ ബാഗില്‍ നിറക്കാന്‍ പറ്റുന്ന എല്ലാം, അയാള്‍ അതിലേക്കു കുത്തിത്തിരുകി.

ഏകദേശം അരമണിക്കൂര്‍ നേരത്തെ അധ്വാനത്തിന് ശേഷം വഹീദ് ചെറുതായി വിയര്‍ത്തിരുന്നു.

ഇനി തന്‍റെതായ വിലപിടിച്ചതോന്നും റൂമില്‍ അവശേഷിച്ചിട്ടില്ല എന്ന് ഒരുവട്ടം കൂടി ഉറപ്പുവരുത്തിയ ശേഷം വഹീദ് ഒരു ദീര്‍ഘനിശ്വാസത്തോടെ കട്ടിലിലേക്ക് ഇരുന്നു.

തിരികെ വരുന്ന വിവരം ശൈലജയെ അറിയിച്ചിട്ടില്ല.

അപ്രതീക്ഷിതമായി തന്നെ കാണുമ്പോള്‍ അവളുടെ മുഖത്തുണ്ടായെക്കാവുന്ന ഞെട്ടല്‍ അയാള്‍ സങ്കല്‍പ്പിച്ചു.

ആസന്നമായ ദുരന്തത്തെക്കുറിച്ച് കാലേകൂട്ടി അറിഞ്ഞിട്ടും പ്രതികരിക്കാന്‍ സാധിക്കാത്ത നിര്‍ഭാഗ്യവാനെപ്പോലെ അയാള്‍ മരവിച്ചിരുന്നു !

അരമണിക്കൂര്‍ കഴിനപ്പോള്‍ വഹീദ് മുറി പൂട്ടി പുറത്തിറങ്ങി.

അബ്ദുല്‍അസീസ്‌ താമസിക്കുന്ന വില്ലയുടെ അടുത്ത് എത്തിയപ്പോള്‍ ഏകദേശം ഏഴു മണി കഴിഞ്ഞിരുന്നു.

ആ കോമ്പൌണ്ടില്‍ ഏകദേശം ഇരുപതോളം വില്ലകള്‍ ഉണ്ട്.

അതില്‍ ഏറ്റവും അറ്റത്തായി ഒരു മൂലയോട് ചേര്‍ന്നായിരുന്നു അബ്ദുല്‍ അസീസിന്‍റെ വില്ല.

ഒരുപാടു വെള്ളിയാഴ്ചകളില്‍ തന്നെ അബ്ദുല്‍ അസീസ്‌ തന്നെ അയാളുടെ വീട് വൃത്തിയാക്കാനും, ജോലികള്‍ ചെയ്യിക്കാനും കൊണ്ടുപോയിട്ടുണ്ട്.

അതുകൊണ്ട് ആ വീടിന്‍റെ മുക്കും മൂലയും അയാള്‍ക്ക്‌ സുപരിചിതമായിരുന്നു.
അബ്ദുല്‍ അസീസിന്‍റെ ഭാര്യ ഗര്‍ഭിണിയായിരുന്നതിനാല്‍ അവരും കുട്ടികളും നാട്ടിലാണ്.

വാച്ച്മാന്‍ ഗേറ്റിനോട് ചേര്‍ന്നുള്ള കൊച്ച് മുറിയില്‍ ടീവിയിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്നുണ്ട്‌.

വഹീദ് ഗേറ്റ് കടന്നു പോയതൊന്നും അയാള്‍ അറിഞ്ഞിട്ടില്ല.

പ്രധാന പാതയില്‍ നിന്ന് വിട്ടു, ചെടികളുടെയും മരങ്ങളുടെയും മറപറ്റി വഹീദ് നടന്നു.

അബ്ദുല്‍ അസീസിന്‍റെ വില്ലയുടെ മുന്‍ഭാഗത്തെത്തി.

വീടിനുള്ളില്‍ ലൈറ്റ് കത്തുന്നുണ്ട്.

വില്ലക്കു മുന്നില്‍ പന്തലിച്ചു നില്‍ക്കുന്ന ഒരു മരത്തിന്‍റെ നിഴല്‍പറ്റി വഹീദ് നിന്നു.

സമയം നിമിഷങ്ങളായി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുന്‍വാതില്‍ തുറന്ന് അബ്ദുല്‍അസീസ്‌ ജോഗിംഗ് സ്യൂട്ടില്‍ പുറത്തേക്കിറങ്ങി.

വാതില്‍ പൂട്ടി ചുറ്റുപാടും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അയാള്‍ വീടിന്‍റെ താക്കോല്‍ കാര്‍പോര്‍ച്ചിലെ ഷൂ സ്റ്റാന്‍ഡില്‍ കിടന്നിരുന്ന ഒരു പഴയ ഷൂവിനകത്തെക്കിട്ടു.

പിന്നെ കൈകള്‍ വീശി വേഗത്തില്‍ നടന്നു പോയി.

അയാള്‍ കണ്ണില്‍ നിന്ന് മറഞ്ഞെന്നുറപ്പുവന്നപ്പോള്‍ വഹീദ് ചുറ്റുപാടും വീക്ഷിച്ച് ആരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പുവരുത്തിയ ശേഷം ഞൊടിയിടയില്‍ കാര്‍പോര്‍ച്ചിലെക്കു കടന്നു.

അബ്ദുല്‍അസീസ്‌ ഇട്ടിട്ടു പോയ ഷൂവിനകത്ത് നിന്നും താക്കോല്‍ കൈക്കലാക്കിയ ശേഷം അയാള്‍ ഒരിക്കല്‍ കൂടി പരിസരം വീക്ഷിച്ചു റപ്പുവരുത്തിയ ശേഷം വില്ലയുടെ മുന്‍വാതില്‍ തുറന്നകത്തു കയറി.

പിന്നെ വേഗം മുന്‍വാതില്‍ പൂട്ടിയ ശേഷം അടുക്കളയിലൂടെ തുറക്കുന്ന പിന്‍വാതിലില്‍ കൂടി പുറത്തിറങ്ങി താക്കോല്‍ തിരികെ ഷൂവിനകത്ത് തന്നെ നിക്ഷേപിച്ച് വീണ്ടും വീടിനകത്ത് കയറി പിന്‍വാതിലും അടച്ചു.

പിന്നെ അയാള്‍ ഹാളിനകത്ത്‌ കടന്നു.

അവിടെ കിടന്നിരുന്ന കസേരയില്‍ അബ്ദുല്‍ അസീസ്‌ തിരികെ വരുന്നതും കാത്തിരുന്നു.

ഏകദേശം എട്ടര മണിയോടെ വിയര്‍ത്തുകുളിച്ച അബ്ദുല്‍ അസീസ്‌ വില്ലയില്‍ തിരികെ എത്തി.

അയാള്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ വഹീദ് ഹാളിലെ നീളമുള്ള ജനല്‍ കര്‍ട്ടന് പിന്നില്‍ ഒളിച്ചു.

അകത്തു കയറിയ അബ്ദുല്‍ അസീസ്‌ ടീവി ഉച്ചത്തില്‍ വച്ച ശേഷം താഴെ നിലയില്‍ ഹാളിനോട് ചേര്‍ന്നുള്ള കിടപ്പുമുറിയില്‍ കയറി.

വിയര്‍ത്തോട്ടിയ ജോഗിംഗ് സ്യൂട്ട് മാറ്റി - ഒരു ടര്‍ക്കിഷ് ബാത്ത് ടവ്വലുടുത്തു കുളിമുറിയിലേക്ക് നടന്നു.

കുളിമുറിയില്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോള്‍ വഹീദ് കര്‍ട്ടന് പിന്നില്‍ നിന്ന് പുറത്തു വന്നു.

അബ്ദുല്‍ അസീസ്‌ നേരത്തെ ഡ്രസ് മാറാന്‍ കയറിയ ബെഡ്റൂമിലേക്ക്‌ പ്രവേശിച്ചു.

അയാള്‍ അരയില്‍ ചുറ്റിയിരുന്ന ഒരു നൈലോണ്‍ ചരട് പുറത്തെടുത്തു ഇരു കൈകളിലും ചുറ്റി .

പിന്നെ ബെഡ്റൂമില്‍ ഡ്രസിംഗ് ടേബിളിനു പിന്നില്‍ മറഞ്ഞു നിന്നു.

ഏകദേശം പത്തു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അബ്ദുല്‍ അസീസ്‌ ആ മുറിയില്‍ പ്രവേശിച്ചു.

അയാള്‍ നനഞ്ഞ ടവ്വല്‍ ഊരി മാറ്റി ഒരു തിളങ്ങുന്ന ഒരു നൈറ്റ് ഗൌണ്‍ എടുത്തണിഞ്ഞു.

ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയില്‍ നോക്കി ഒരു മൂളിപ്പാട്ടോടെ ശുഷ്കമായ തലമുടി ചീകിയൊതുക്കി.

വിലകൂടിയ ഒരു ഫോറിന്‍ പെര്‍ഫ്യൂം എടുത്തു പൂശി മുറിക്കുപുറത്തേക്ക് നടക്കാന്‍ തുനിയവേ വഹീദ് ഡ്രസിംഗ് ടേബിളിനു പിന്നില്‍ നിന്ന് പുറത്ത് വന്നു.

ശബ്ദമുണ്ടാക്കാതെ, നടന്നു നീങ്ങുന്ന അബ്ദുല്‍അസീസിന്‍റെ പിന്നിലൂടെ ചെന്ന് അയാള്‍ നൈലോണ്‍ ചരട് അയാളുടെ കഴുത്തില്‍ ഇട്ടു വലിച്ചു മുറുക്കി.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിലതെറ്റിയ അബ്ദുല്‍അസീസ്‌ ബാലന്‍സ് തെറ്റി കിടക്കയിലേക്ക് ചരിഞ്ഞു വീണു.

അയാളെ കമഴ്ത്തിക്കിടത്തി വഹീദ് ചരട് അയാളുടെ കഴുത്തില്‍ വരിഞ്ഞു മുറുക്കി.

അബ്ദുല്‍ അസീസില്‍ നിന്ന് വികൃതമായ ശബ്ദങ്ങള്‍ ഞരക്കങ്ങളായ് പുറത്തു വന്നു.

അയാളുടെ ദേഹം ശ്വാസം കിട്ടാതെ വിറകൊണ്ടു.

രക്തം പൂര്‍ണ്ണമായി വാര്‍ന്നു പോയത് പോലെ മുഖം വിളറി വെളുത്തു.

ഒരിറ്റു ശ്വാസത്തിനായി അയാള്‍ വായ തുറന്നു കൈലാലിട്ടടിച്ചു.

കടിച്ചു പിടിച്ച പല്ലുകള്‍ക്കിടയിലൂടെ പ്രതികാരം ഒരു സീല്‍ക്കരമായി വഹീദില്‍ നിന്ന് പുറത്തു വന്നു.

ഏതാനും നിമിഷങ്ങള്‍ക്കകം അബ്ദുല്‍അസീസിന്‍റെ ദേഹം പൂര്‍ണ്ണനിശ്ചലമായപ്പോള്‍ വഹീദ് അയാളുടെ ദേഹത്ത് നിന്ന് എഴുന്നേറ്റു.

ആ ശരീരം വഹീദ് കട്ടിലില്‍ മലര്‍ത്തിക്കിടത്തി.

കണ്ണുകള്‍ മിഴിച്ചു മുകളിലേക്ക് നോക്കിക്കിടക്കുന്ന ആ മുഖഭാവം ഭീകരമായിരുന്നു.

വഹീദ് ആ മുഖത്തേക്ക് കാറിത്തുപ്പി.

പിന്നെ നൈലോണ്‍ ചരട് പഴയത് പോലെ അരയില്‍ തന്നെ ചുറ്റി.

ബെഡ്റൂമിലെ ലൈറ്റ് ഓഫ് ചെയ്തയാള്‍ പിന്‍വാതിലിലൂടെ പുറത്തു കടന്നു.

ഇനി മെയിന്‍ ഗെയിറ്റിലൂടെ പോകുന്നത് അപകടമാണ്.

അയാള്‍ പിന്‍ഭാഗത്തെ ഉയരമുള്ള മതിലില്‍ വലിഞ്ഞു കയറി .

മതിലിനു മുകളില്‍ ഇരുന്നു ചുറ്റുപാടും വീക്ഷിച്ച ശേഷം അയാള്‍ താഴേക്ക്‌ ചാടി.

ചെറിയ മുള്‍ച്ചെടികള്‍ നിറഞ്ഞ കുറ്റിക്കാട് കടന്നു ഹൈവേയില്‍ എത്തി.

അയാളുടെ ക്യാമ്പിലേക്ക് പോകുന്ന ദിശയില്‍ ഏകദേശം അര മണിക്കൂറോളം നടന്നു.

അതിനുശേഷം കടന്നു പോകുന്ന ഓരോ വണ്ടിക്കും കൈ കാണിച്ചു തുടങ്ങി.
ഒടുവില്‍ ഒരു പാകിസ്ഥാനി പിക്കപ്പ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി അയാളെ കയറ്റി.

ക്യാമ്പിനു മുന്നില്‍ ഇറങ്ങുമ്പോള്‍ കൈവശം ഉണ്ടായിരുന്ന അമ്പതു റിയാല്‍ നോട്ട് അയാള്‍ ഡ്രൈവര്‍ക്ക് നീട്ടി.

ചേഞ്ച് ഇല്ലെന്നു പറഞ്ഞപ്പോള്‍ "സാരമില്ല നീ വച്ചോ" എന്ന് ഉറുദുവില്‍ പറഞ്ഞപ്പോള്‍ ഡ്രൈവറുടെ കണ്ണുകള്‍ തിളങ്ങിയത് ശ്രദ്ധിക്കാതെ വഹീദ് ക്യാമ്പിലേക്കു നടന്നു.

റൂമില്‍ മറ്റു രണ്ടു പേരും എത്തിയിട്ടുണ്ട്.

ഒരാള്‍ ഇതിനോടകം ഉറക്കം പിടിച്ചു കഴിഞ്ഞിരിക്കുന്നു.

ഉറങ്ങിയ ആളെ വിളിച്ചുണര്‍ത്തണ്ട എന്ന് പറഞ്ഞു കൊണ്ട് വാഹിദ് കൈയും മുഖവും കഴുകി.

സൗദി അറേബ്യയിലെ അവസാന കുബ്ബൂസും ഉള്ളിക്കറിയും കഴിക്കുമ്പോള്‍ അയാളുടെ മനസ്സ് കരഞ്ഞില്ല.

പകരം കടമനിറവേറ്റിയവന്‍റെ സംതൃപ്തി നിറഞ്ഞ ഒരു നേര്‍ത്ത പുഞ്ചിരി അയാളുടെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു.

രണ്ടു മണിക്ക് എഴുന്നേല്‍ക്കണം.

രണ്ടരക്ക് എയര്‍പോര്‍ട്ടിലേക്ക് പോകാനുള്ള വണ്ടി വരും.

ഉറങ്ങാനൊന്നും സമയം ഇല്ലെങ്കിലും മൊബൈലില്‍ അലാം വച്ചു അയാള്‍ ലൈറ്റ് ഓഫ് ചെയ്തു കിടന്നു.

റൂമിലുള്ള മറ്റെയാളും ഉറക്കം പിടിച്ചു കഴിഞ്ഞിരിക്കുന്നു.

വഹീദിന്‍റെ മനസ്സില്‍ ചിന്തകള്‍ ഒന്നും കടന്നു വന്നില്ല - ഓര്‍മ്മകളും ദുഖങ്ങളും വിട്ടൊഴിഞ്ഞ ഒരു തുരുത്ത് പോലെ അത് ശൂന്യമായിരുന്നു !

അവിടിവിടെ മിന്നിത്തെളിഞ്ഞു പോയ മുഖങ്ങളാവട്ടെ, അയാളുടെ ഹൃദയത്തില്‍ സന്തോഷമോ സന്താപമോ കൊണ്ട് വരാന്‍ അപര്യാപ്തവുമായിരുന്നു !

ബാഗേജ് ചെക്കിംഗും, ടിക്കറ്റ് വേരിഫിക്കേഷനും , എമിഗ്രേഷന്‍ പരിശോധനകളും കഴിഞ്ഞു അവസാനം അയാള്‍ വിമാനത്തിനകത്ത് കടന്നു.

അയാള്‍ സീറ്റില്‍ ചാരിക്കിടന്നു. നല്ല ക്ഷീണമുണ്ടെങ്കിലും അയാളുടെ മനസ്സില്‍ നേര്‍ത്ത ഭയം ഉടലെടുത്ത്‌ തുടങ്ങിയിരുന്നു.

അവസാനം വിമാനത്തിന്‍റെ എഞ്ചിന്‍റെ ശബ്ദം ഉയര്‍ന്നു പൊങ്ങി.

വിമാനം റണ്‍വേയിലൂടെ ഓടിത്തുടങ്ങുന്നതിനു തൊട്ടു മുന്നേ ഏതാനും പോലീസുകാര്‍ വിമാത്തിനകത്തേക്ക് കടന്നു വന്നു.

അവര്‍ നേരെ വഹീദിന്‍റെ സീറ്റിനടുത്ത്‌ വന്ന് അയാളോട് കൂടെ വരാന്‍ ആംഗ്യം കാണിച്ചു.

യാതൊരു പ്രതിരോധവും കൂടാതെ കുനിഞ്ഞ ശിരസ്സോടെ വഹീദ് അവരോടൊപ്പം നടന്നു.

പൊടുന്നനെ ഒരു പോലീസുകാരന്‍ യാതൊരു പ്രകോപനവും കൂടാതെ വഹീദിന്‍റെ മുഖമടച്ച് ഒരടിയടിച്ചു കൊണ്ട് അറബിയില്‍ എന്തോ അലറി.

ഒരു കരച്ചിലോടെ വഹീദ് മറിഞ്ഞു വീണു.

"ഹലോ , ഇതെന്തുരൊറക്കമാ മാഷേ ? "

ആരോ കുലുക്കി വിളിക്കുന്നതു കേട്ടാണ് വഹീദ് ഞെട്ടലോടെ കണ്ണുകള്‍ തുറന്നത്.

വിമാനത്തിനകത്തെ അരണ്ടവെളിച്ചത്തില്‍ എല്ലാ സീറ്റുകളിലും ചാരിക്കിടന്ന് ഉറങ്ങുന്നവരെ കാണാം.

തന്നെ കുലുക്കി വിളിച്ച ആളെ വഹീദ് ഒരു ആശ്വാസച്ചിരിയോടെ നോക്കി സോറി പറഞ്ഞു.

ഒരു മന്ദഹാസത്തോടെ അയാളും വീണ്ടും ഉറക്കത്തിലേക്ക് തിരിച്ചു പോയി.

വിമാനതിനോപ്പം വഹീദിന്‍റെ മനസ്സും പറന്നു - പക്ഷെ വിമാനം എത്തും മുന്നേ അയാളുടെ മനസ്സ് കൊച്ചിയില്‍ ലാന്‍ഡ് ചെയ്തിരുന്നു !

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

എഴുതി പൂര്‍ത്തിയാക്കിയ ശേഷം കഥാകൃത്ത്‌ കസേരയില്‍ പിന്നോട്ടാഞ്ഞിരുന്നു.

ഇരുകൈകളും പിണച്ചു മേലോട്ടുയര്‍ത്തി ശരീരം മൊത്തം വളച്ചു കൊണ്ട് ഒരു ദീര്‍ഘനിശ്വാസം വിട്ടു.

പിന്നെ കസേരയില്‍ നിന്നെഴുന്നേറ്റ്, ഒരു സിഗരറ്റിനു തീകൊടുത്തുകൊണ്ട് അയാള്‍ മുറിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

പിന്നെ വീണ്ടും കസേരയിലിരുന്ന് എഴുതിയത് മുഴുവന്‍ രണ്ടാവര്‍ത്തി വായിച്ചു.

അക്ഷരത്തെറ്റുകള്‍ തിരുത്തി , ചില്ലറ മാറ്റങ്ങള്‍ വരുത്തി , ഫേസ്ബുക്കില്‍ തന്‍റെ പ്രൊഫൈല്‍ വാളില്‍ പോസ്റ്റ്‌ ചെയ്തു.

രാത്രി ഏറെ വൈകിക്കഴിഞ്ഞതിനാല്‍ ഇന്നാരും വായിക്കാന്‍ സാധ്യതയില്ല.

ഉറക്കം വന്നു തുടങ്ങിയിരിക്കുന്നു.

നാളെ വെള്ളിയാഴ്ചയായതിനാല്‍ വൈകി ഉണര്‍ന്നാല്‍ മതി.

അയാള്‍ കിടക്കയിലേക്ക് വീണു - ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അയാളുടെ കൂര്‍ക്കം വലി ആ മുറിക്കുള്ളില്‍ മുഴങ്ങി.

ആരോ വാതിലില്‍ ശക്തിയായി തട്ടുകയും, കോളിംഗ് ബെല്‍ അടിക്കുകയും ചെയ്യുന്നത് കേട്ടാണ് അയാള്‍ ഉണര്‍ന്നത്.

എഴുന്നേല്‍ക്കുമ്പോള്‍ അയാള്‍ മേശപ്പുറത്തെ മൊബൈല്‍ എടുത്തു ഞെക്കി സമയം നോക്കി - വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി !

ഉറക്കച്ചടവോടെ അയാള്‍ വാതില്‍ തുറന്നു - പുറത്തു രണ്ടു പോലീസുകാര്‍.

അവര്‍ അയാളെ അകത്തേക്ക് തള്ളിക്കൊണ്ട് റൂമിനകത്തു കടന്നു വാതില്‍ അടച്ചു.

"ഇന്നലെ രാത്രി നീ എവിടെയായിരുന്നു ?"

ഒരുവന്‍ അറബിയില്‍ ചോദിച്ചു.

"ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു" പരിഭ്രമത്തോടെ അയാള്‍ മറുപടി പറഞ്ഞു.

"ഇത് നീ എഴുതിയതല്ലേ ?" ഫേസ്ബുക്കിലെ അയാളുടെ ഏറ്റവും പുതിയ വാള്‍ പോസ്റ്റ്‌ മൊബൈലില്‍ കാണിച്ചു കൊടുത്തു കൊണ്ട് പോലീസുകാരന്‍ ചോദിച്ചു.

"അതെ"

"എങ്കില്‍ നീ ഞങ്ങളോടൊപ്പം വന്നോളൂ , അബ്ദുല്‍ അസീസിനെ, അയാളുടെ വില്ലയില്‍ ഇന്നലെ രാത്രി ആരോ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി !"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top