Saturday, May 4, 2013

ഫേസ്ബുക്കെന്ന സിനിമ

മുഖപുസ്തകത്തിലെ സൌഹൃദവലയത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് ഊറ്റം കൊള്ളുന്നവരുണ്ടാകും.

പക്ഷെ എനിക്ക് തോന്നുന്നത് - സുക്കര്‍ബര്‍ഗ് എന്ന ഇമ്മിണി വെല്യ ഒരു സംവിധായന്‍ കുറെ ടെക്നീഷ്യന്മാരോടൊപ്പം അണിയിച്ചൊരുക്കിയ , കോടിക്കണക്കിനു കഥാപാത്രങ്ങള്‍ അഭിനയിക്കുന്ന, ഒരു വലിയ സിനിമ മാത്രമാണ് ഫേസ്ബുക്ക് !

സത്യത്തില്‍ ഫേസ്ബുക്ക് മാത്രമാണ് നമ്മുടെ സുഹൃത്ത്‌ - അതിലെ അംഗങ്ങള്‍ ആ സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രവും !

സംവിധായകന്‍റെ നിര്‍ദ്ദേശങ്ങള്‍ അതേപടി പിന്തുടരുന്നവരും, സ്വന്തം മനോധര്‍മ്മം സംവിധായന്‍റെ ചിന്തയില്‍ വിരിഞ്ഞതിനേക്കാള്‍ ഭംഗിയായി അഭിനയിച്ചു ഫലിപ്പിക്കുന്നവരും, സിനിമയില്‍ കഥാപാത്രമായി ജീവിക്കുന്നവരും , മറ്റു പലപ്പോഴും സംവിധായകനെ നിരാശപ്പെടുത്തുന്നവരും ആയ നടീനടന്മാര്‍ !

അതില്‍ ജഗതി ശ്രീകുമാറിനെപ്പോലെ, ഏതുതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്നവരുണ്ടാകാം.

സന്തോഷ്‌ പണ്ഡിറ്റിനെപ്പോലെ കളവാണെന്ന ഉത്തമബോധ്യത്തോടെ തന്നെ "താന്‍ ചെയ്യുന്നത് മഹത്തരമാണെന്നു" വിളിച്ചുപറഞ്ഞ് , കാണികളെ കൊണ്ട് തെറി വിളിപ്പിച്ചു നെഗറ്റീവ് പോപ്പുലാരിറ്റി വാങ്ങി നിര്‍വൃതിയടയുന്നവരും ഉണ്ടാകാം.

ഒരുകാലത്ത് ജഗതിയില്ലെങ്കില്‍ മലയാള സിനിമയില്ലെന്നു പറയപ്പെട്ടിരുന്നു !

ജഗതിശ്രീകുമാര്‍ ഒരു നിമിത്തമാണ് - ആരും, ആര്‍ക്കും, എവിടെയും ഒഴിച്ചു കൂടാനാവാത്തതല്ല എന്ന ചിന്തയിലേക്ക് എണ്ണ പകരുന്ന ഒരു ബിംബം !

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയും ഈ സിനിമ ഒരിക്കല്‍ അവസാനിക്കുക തന്നെ ചെയ്യും.

താന്‍ തെരഞ്ഞെടുത്ത ഫ്രണ്ട്സ് ലിസ്റ്റ് എന്ന തീയേറ്റര്‍ അനുസരിച്ച് ചിലര്‍ക്ക് നല്ല സിനിമ കാണാന്‍ ഉള്ള ഭാഗ്യമുണ്ടാകും, മറ്റു ചിലര്‍ക്കാകട്ടെ വിരസമായ നിമിഷങ്ങളുടെ അസഹനീയതയില്‍ മനം മടുത്തു നേരത്തെ തീയേറ്റര്‍ വിട്ടിറങ്ങാനാവും വിധി.

എന്തായാലും ചരിത്രം പോലെ അനന്തമായി തുടരുകയോന്നുമില്ല മുഖപുസ്തകം - ജീവിതം പോലെ ആളിക്കത്തി എരിഞ്ഞോടുങ്ങുക തന്നെ ചെയ്യും !

നല്ല കഥാപാത്രങ്ങള്‍ ഉള്ള സിനിമ തെരഞ്ഞെടുക്കുന്നവര്‍ക്ക് എന്നും ഓര്‍മ്മിക്കാനും , അല്ലാത്തവര്‍ക്ക് വിസ്മൃതിയുടെ വിദൂരകോണില്‍ ഒടുങ്ങാനും ഏതാനും നിമിഷങ്ങള്‍ സമ്മാനിച്ച്‌ കൊണ്ട് !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top