Saturday, May 25, 2013

കഥ : വീണ പൂക്കള്‍

"ടിക്കറ്റ് ടിക്കറ്റ്"

"ദാ ആ നീലസാരിയുടുത്ത പെണ്‍കുട്ടി ഇറങ്ങുന്ന സ്റ്റോപ്പില്‍"

"എന്താ മാഷേ പഴേ ലൈന്‍ ആണോ ?"

അയാള്‍ ചിരിച്ചു.

കണ്ടക്ടര്‍ പയ്യന്‍ "ടിക്കറ്റ്" വിളിയുമായി അടുത്ത യാത്രക്കാരന്‍റെ അടുക്കലേക്കു പോയി.

അവള്‍ ഇറങ്ങിയ സ്റ്റോപ്പില്‍ അവള്‍ കാണാതെ പിന്നാലെ അയാളും ഇറങ്ങി.

റോഡിലൂടെ മുഖം കുനിച്ച് വേഗത്തില്‍ അവള്‍ നടന്നു പോയപ്പോള്‍ അവള്‍ പോയ വഴിയെ ഏതാനും ദൂരം നടന്ന ശേഷം വഴിയരികില്‍ കണ്ട ഒരു മുറുക്കാന്‍ കടയിലേക്ക് അയാള്‍ കയറി.

ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി, ഒരെണ്ണം കത്തിച്ചു പുകയെടുത്തുകൊണ്ട് അവള്‍ നടന്നു മറയുന്നത് വരെ അവിടെ നിന്ന ശേഷം അടുത്ത ബസില്‍ കയറി അയാള്‍ തിരികെ പോന്നു.

"സുമതിക്കെന്നെ ഓര്‍മ്മയില്ലേ ?"

നേരെ നോക്കിയില്ലെങ്കിലും ചോദ്യം കേള്‍ക്കാത്ത ഭാവത്തില്‍ കഞ്ഞി തിളയ്ക്കുന്ന അടുപ്പിലേക്ക് ഒരു വിറകുകൊള്ളി കൂടി തള്ളിവച്ചു തീയുതുന്ന അവളുടെ മുഖത്തിനും തീയുടെ നിറമായത് അയാള്‍ കണ്ടു.

"എന്താ ശ്രീകാന്ത് മാഷേ കഞ്ഞിപ്പുരയില്‍ ?"

പെട്ടെന്ന് അന്നച്ചെടത്തി കയറി വന്നപ്പോള്‍ അയാള്‍ ഒരു സിഗരറ്റ് ചുണ്ടില്‍ വച്ചുകൊണ്ട് സുമതിയോടു തീചോദിച്ചു.

അവള്‍ അയാളുടെ നേരെ നോക്കാതെ തീപ്പെട്ടിയെടുത്തു നീട്ടി.

അടുത്ത ദിവസം അയാള്‍ സ്കൂളില്‍ നിന്ന് അരമണിക്കൂര്‍ നേരത്തെ ഇറങ്ങി.

തലേദിവസം സിഗരറ്റ് വാങ്ങിയ കടയുടെ മുന്നില്‍ അവള്‍ വരുന്നതും കാത്തു നിന്നു.

ഒരു ബസ് വന്നു നിന്നു.

അതില്‍ നിന്ന് അവള്‍ ഇറങ്ങുന്നത് കണ്ടപ്പോള്‍ അയാള്‍ കട നടത്തുന്ന വൃദ്ധനായ നമ്പൂതിരിയോട് ഒരു നാരങ്ങാവെള്ളം പറഞ്ഞു.

അടുത്തെത്തിയപ്പോള്‍ യാദൃശ്ചികമായി അയാളെ കണ്ടവളുടെ മുഖം വിളറി.

കുനിഞ്ഞ മുഖത്തോടെ അവള്‍ നടന്നു നീങ്ങുമ്പോള്‍ അയാളാ നമ്പൂതിരിയോട് ചോദിച്ചു.

"ആ നടന്നു പോകുന്ന കുട്ടിയെ അറിയാമോ?"

"അറിയാമല്ലോ, എന്‍റെ വേളിയാണ് - എന്തേ ?"

പാതി കുടിച്ച നാരങ്ങാവെള്ളത്തിന്‍റെ ഗ്ലാസ് തിരികെ നീട്ടി പണം കൊടുത്തു നടന്നു നീങ്ങുമ്പോള്‍, അപ്പോഴും പാതക്ക് എപ്പോഴോ കൊഴിഞ്ഞുവീണ നിശ്ചേതനമായ പൂക്കളുടെ നേര്‍ത്ത സുഗന്ധമുണ്ടായിരുന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top