Thursday, May 23, 2013

മുഖപുസ്തകത്തിലെ നീലത്തിമിംഗലങ്ങള്‍

മുഖപുസ്തകത്തില്‍ ഈയിടെ പരിചയപ്പെട്ട , കൊള്ളാവുന്ന പോസ്റ്റുകള്‍ ഒക്കെ ഇടുന്ന ,ഒരു സുഹൃത്തുമായി ആദ്യമായി ചാറ്റ് ചെയ്യവേ ഇടക്ക് അദ്ദേഹം ചോദിച്ചു.

"ഇന്നയാളെ പരിചയമുണ്ടോ,ബെല്യ ബ്ലോഗര്‍ ആണ് - നല്ല എഴുത്താണ്"

സുഹൃത്ത്‌ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് നല്ലയാള്‍ ആയിരിക്കുമല്ലോ , പിന്നെ ഞാനും പേരിന് ഒരു ബ്ലോഗര്‍ ആണല്ലോ - രക്തം രക്തത്തെ തിരിച്ചറിയേണ്ടതല്ലേ ?

അങ്ങേരുടെ വാളില്‍ പോയി നോക്കിയപ്പോള്‍ ഭാഗ്യവശാല്‍ സുഹൃത്തുക്കളുടെ എണ്ണം സുക്കര്‍ബര്‍ഗ് ചേട്ടന്‍ കല്‍പ്പിച്ചനുഗ്രഹിച്ച അയ്യായിരത്തിന്‍റെ എഴയലത്തെങ്ങും എത്തിയിട്ടുമില്ല.

എന്നാപ്പിന്നെ കിടക്കട്ടെ ഒരു റിക്വസ്റ്റ് നമ്മുടെ വകയും എന്ന് വിചാരിച്ചു പച്ചബട്ടണില്‍ രണ്ടും കല്‍പ്പിച്ചോരു ഞെക്ക് ഞെക്കി.

ഇന്നലെ യാദൃശ്ചികമായി വാളില്‍ അദ്ദേഹത്തിന്‍റെ ഒരു പോസ്റ്റ്‌ കണ്ടു.

അതില്‍ ഒരു കമന്‍റ് ഒക്കെ ഇട്ടു കഴിഞ്ഞപ്പോഴാണ്, കഴിഞ്ഞ ദിവസം ഫ്രണ്ട്റിക്വസ്റ്റ് അയച്ച ആളല്ലേ - നമ്മുടെ അപേക്ഷ അദ്ദേഹം പരിഗണിച്ചോ എന്നറിയാന്‍ ഒരു ജിജ്ഞാസ തോന്നിയത്.

ചെന്നു നോക്കുമ്പോള്‍ അതിപ്പോഴും ഞാന്‍ കൊണ്ടുപോയി നിര്‍ത്തിയ പോലെ വാതില്‍ക്കല്‍ തന്നെ നില്‍പ്പുണ്ട്.

ഒരു മെസ്സേജ് അയച്ചു - "ഒരു റിക്വസ്റ്റ് അയച്ചിരുന്നു, ഒന്ന് പരിഗണിച്ചൂടെ ?"

വെളുപ്പിനെ എഴുന്നേറ്റാല്‍ അലാം ഓഫ് ചെയ്ത ശേഷം മൊബൈലില്‍ ആദ്യം നോക്കുന്നത് ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ ആണ് - നോക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഒരു മറുപടി.

"ഫോളോ ചെയ്യാമല്ലോ"

ഞാന്‍ തിരികെ മറുപടി അയച്ചു.

"ഓ, വേണ്ട ഭായി" (ഫോളോ ചെയ്യാന്‍ ആര്‍ക്കും ആരുടേയും അനുവാദം വേണ്ടല്ലോ ?)

മറുപടി കേട്ടാല്‍ ഞാന്‍ അദ്ദേഹത്തിന്‍റെ കുടുംബസ്വത്തില്‍ നിന്ന് രണ്ടോ,മൂന്നോ ഏക്കര്‍ ചോദിച്ച പോലെയാണ്.

"സ്ഥലം ഒന്നും തരാന്‍ തല്‍ക്കാലം നിര്‍വ്വാഹമില്ല , വേണേ നീ പുറത്തു നിന്ന് നോക്കി വെള്ളമിറക്കിക്കോ പഹയാ" എന്ന്.

പിന്നെ ബാലചന്ദ്രന്‍ ചുള്ളിക്കാടും ഇതുതന്നെയല്ലേ ചെയ്തത് എന്നോര്‍ത്ത്‌ സമാധാനിച്ചു (ചുള്ളിക്കാട് പക്ഷെ സൌഹൃദവലയം അയ്യായിരം കടന്നത്‌ കൊണ്ടായിരിക്കും അങ്ങനെ ചെയ്തത്)

"അദ്ദേഹത്തിന്‍റെ പ്രൈവസിക്കു കോട്ടം തട്ടുന്നത് കൊണ്ടായിരിക്കില്ലേ ?" എന്ന് കല്യാണ്‍ ജുവല്ലറിയുടെ പരസ്യത്തില്‍ ദിലീപ് ചോദിക്കുന്നത് പോലെ നിങ്ങളില്‍ ചിലര്‍ ചോദിച്ചേക്കാം.

എന്നാല്‍ ഇത്രയ്ക്കു രഹസ്യങ്ങള്‍ ഒക്കെ ഫേസ്ബുക്കി'ല്‍ ഒളിച്ചു വെക്കുന്നതിനു പകരം വല്ല ബാങ്ക് ലോക്കറിലും കൊണ്ടുപോയി പൂട്ടി വച്ചൂടെ?

കാരണം ഓണ്‍ലൈനില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി തുറന്നിട്ടിരിക്കുന്ന "മുതലുകള്‍" അടിച്ചു മാറ്റാന്‍ ആണോ , വേണമെന്ന് വിചാരിച്ചാല്‍, ഫോളോ ചെയ്യുന്നവന് ഇത്ര പ്രയാസം ?

ഇനി എന്‍റെ പ്രൊഫൈല്‍ പിക്കില്‍ സുന്ദരനായ സച്ചിന്‍ടെണ്ടുല്‍ക്കറിന്‍റെ മുഖം കണ്ടു ഞാന്‍ ഒരു വ്യാജന്‍ ആണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു കാണുമോ ആവോ ?

അതോ ഇനി സാക്ഷാല്‍ സച്ചിന്‍ തന്നെ പച്ച മലയാളത്തില്‍ റിക്വസ്റ്റ് അയച്ചെന്നു കരുതി നിലവാരക്കുറവുകൊണ്ട് അപേക്ഷ തള്ളിയതാകുമോ ?

എന്തായാലും അദ്ദേഹത്തിന്‍റെ പോസ്റ്റുകളില്‍ കാണുന്ന സഹിഷ്ണുത ഒന്നും പെരുമാറ്റത്തില്‍ ഇല്ല.

പിന്നെ ബോബനും മോളിയും എഴുതിയ ടോംസ് പറഞ്ഞ ഒരു മഹദ്വചനം ഓര്‍ത്ത്‌ സ്വയം സമാധാനിച്ചു - "നേതാക്കള്‍ ചൂണ്ടുപലക പോലെയാണ്, വഴി ചൂണ്ടിക്കാണിക്കുന്നതല്ലാതെ ചൂണ്ടുപലക ഒരിക്കലും ആ വഴിക്ക് പോകാറില്ല"

ടോംസ് അല്ലെ പറഞ്ഞത് - അപ്പോള്‍ ഇതും ഒരു കോമഡി ആയിരിക്കുമെന്നോര്‍ത്ത് ചിരിച്ചു തള്ളാം.

__________________________________

ലേബല്‍ :കുശുമ്പ് എന്ന് മറ്റുള്ളവര്‍

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top