Tuesday, May 21, 2013

മുതലാളിമാരെ സലാം !

തങ്ങളുടെ തൊഴിലാളികളെക്കൊണ്ട് അറവുമാടിനെപ്പോലെ പണിയെടുപ്പിക്കാന്‍ വേണ്ടി കുരുട്ടുബുദ്ധിയുള്ള ഏതോ ബൂര്‍ഷ്വാ കുത്തക മുതലാളി തലയില്‍ ആള്‍താമസം ഉള്ള കൂലിയെഴുത്തുകാരെക്കൊണ്ട് എഴുതിപ്പിച്ചതാണ് താഴെ പറയുന്ന ആപ്തവാക്യങ്ങള്‍;

"അധ്വനമേ സംതൃപ്തി"

"ജോലിയാണ് ആരാധന"

എന്നാല്‍ - ഒരിക്കലെങ്കിലും ഏതെങ്കിലും മുതലാളി ഈ വാചകങ്ങള്‍ ആത്മാര്‍ഥമായി ജീവിതത്തില്‍ പകര്‍ത്തി മാതൃക കാണിച്ചിട്ടുണ്ടോ - പണത്തോടുള്ള ആക്രാന്തം കൊണ്ടല്ലാതെ ?

മുതലാളിയുടെ കളസത്തിന്‍റെ വള്ളി പൊട്ടിയാലും, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഏസിയുടെ തണുപ്പ് കൂട്ടിയിട്ടിരുന്നതിനാല്‍ ഒരു തുമ്മല്‍ വന്നാല്‍ - പണ്ട് ആകാശവാണിയില്‍ കാലാവസ്ഥാപ്രവാചകന്‍ പറഞ്ഞിരുന്നത് പോലെ - "ഇന്ന് ജലദോഷം വരാനോ വരാതിരിക്കാനോ സാധ്യതയുണ്ട്" എന്നതൊക്കെ അവര്‍ക്ക് ഒരു ദിവസം ലീവ് എടുക്കാനുള്ള എമണ്ടന്‍ കാരണങ്ങളാണ്.

എന്നാല്‍ തൊഴിലാളിയുടെ തള്ള ചത്താലും അത് ചുമ്മാ .

"നീ നാട്ടില്‍ പോയി വന്നിട്ട് എട്ടു മാസം ആയതല്ലേ ഉള്ളൂ ? നീ ഇപ്പൊ പോയാല്‍ മറ്റേ പണി ആര് തീര്‍ക്കും ? " എന്നൊക്കെ നൂറുനൂറു ചോദ്യങ്ങളും സംശയങ്ങളും വരും.

"മറ്റേ പണി തീര്‍ക്കാന്‍ അല്ലെ താന്‍ രണ്ടാഴ്ച കൂടുമ്പോള്‍ പെട്ടീം തൂക്കി ബിസിനസ് ടൂറിനെന്നും പറഞ്ഞു യൂറോപ്പിലേക്കും, അമേരിക്കയിലെക്കുമൊക്കെ കെട്ടിയെടുക്കുന്നതെന്നു" മനസ്സില്‍ തികട്ടി വരുന്ന ചോദ്യം, അമ്മ മരിച്ചു കിടക്കുന്ന സങ്കടത്തിലൊ , ഇങ്ങോട്ട് കയറിവരാന്‍ പണയം വച്ച, വീടിന്‍റെയും, പറമ്പിന്‍റെയും ആധാരം ഇപ്പോഴും മണപ്പുറം കാരന്‍റെ ലോക്കറില്‍ ആണെന്നുള്ള ഓര്‍മ്മയിലോ, പാവം തൊഴിലാളിക്ക് വെളിയിലേക്ക് വരാതെ തൊണ്ടയില്‍ തടഞ്ഞുനില്‍ക്കുകയെയുള്ളൂ.

തൊഴിലാളി ഒരു ദിവസം അസുഖം പിടിച്ചു കട്ടിലില്‍ നിന്നെഴുന്നെല്‍ക്കാന്‍ വയ്യാതെ കിടന്നാലും വൈകുന്നേരമാകുമ്പോള്‍ ഫോണ്‍ വിളിച്ച് "നിനക്കിപ്പോള്‍ അസുഖം കുറവുണ്ടോ ?" എന്നൊരു മുതലാളിയും ചോദിക്കില്ല.

പകരം അവന്‍ ചോദിക്കും "നീ നാളെ മറ്റേ കമ്പനിയില്‍ തീര്‍ക്കാനുള്ള പണി തീര്‍ത്തേക്കില്ലേ ?"

ബോണസ് തുടങ്ങിയ അര്‍ഹതപ്പെട്ട ഒരു ആനുകൂല്യവും അഞ്ചാറുവട്ടമെങ്കിലും ചോദിച്ചു പിന്നാലെ നടത്തിക്കാതെ തൊഴിലാളിക്ക് നല്‍കില്ല.

"രാവിലെ വരാന്‍ അഞ്ചു മിനിറ്റ് വൈകിയതെന്താ" എന്നല്ലാതെ, "വൈകിട്ട് പോകാന്‍ അരമണിക്കൂര്‍ വൈകിയതെന്താണെന്ന്" ഒരു മുതലാളിയും ഇതുവരെ ചോദിച്ച ചരിത്രമില്ല.

ഇതൊക്കെ പറഞ്ഞെന്നു കരുതി നല്ലവരായ മുതലാളിമാര്‍ ഇല്ലെന്നര്‍ത്ഥമില്ല - ഉണ്ടായിരിക്കാം - പക്ഷെ ഞാന്‍ ഷാജി കൈലാസ് സിനിമകളില്‍ മാത്രമേ അത്തരക്കാരെ കണ്ടു ധൃതംഗപുളകിതനായിട്ടുള്ളൂ.

മുകളില്‍ പറഞ്ഞ പണിയെടുപ്പിക്കാനുള്ള ആപ്തവാക്യങ്ങള്‍ക്കു പകരം താഴെ പറയുന്ന മഹദ്വചനങ്ങള്‍ എല്ലാ കമ്പനികളിലും, ഓഫീസുകളിലും പ്രദര്‍ശിപ്പിച്ചാല്‍ കലിപ്പ് തീര്‍ക്കാനെങ്കിലും തൊഴിലാളികള്‍ അല്‍പ്പം ആത്മാര്‍ഥമായി പണി ചെയ്തേക്കും.

"ബൂര്‍ഷ്വാസികളായ എല്ലാ പരട്ട മുതലാളിമാരും തുലയട്ടെ !"

"നന്മനിറഞ്ഞ മുതലാളിമാര്‍ (ഉണ്ടെങ്കില്‍) അവര്‍ നീണാള്‍ വാഴട്ടെ !"

വാല്‍ 

നാട്ടില്‍ ആദ്യം ജോലി ചെയ്തിരുന്ന കമ്പനിയിലെ വര്‍ക്ക്ഷോപ്പില്‍ ഇങ്ങനെ എഴുതി വച്ചിരുന്നു.

WORK IS WORSHIP

ഞങ്ങള്‍ - ട്രെയിനി പുള്ളെര്‍ അതിനെ ഇങ്ങനെ ആക്കി ,

WORK IN WORKSHOP

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top