Saturday, May 11, 2013

അ- അച്ഛന്‍- അച്ചപ്പം

മുഖപുസ്തകത്തിലെ അ - അമ്മ - അമ്മിഞ്ഞ കാമ്പെയിന്‍ അനിലിനെ ഒരുപാടാകര്‍ഷിച്ചു.

സൂര്യതേജസ്സുള്ള പൊട്ടുമായി മലര്‍ന്നു കിടക്കുന്ന അമ്മയുടെ മാറിടത്തില്‍ നിന്നൊഴുകുന്ന സ്തന്യത്തില്‍ നീന്തിത്തുടിക്കുന്ന കുഞ്ഞിന്‍റെ ചിത്രം കണ്ടപ്പോള്‍ അയാള്‍ തന്‍റെ പരന്ന നെഞ്ചില്‍ അറിയാതെ നിരാശയോടെ തലോടിപ്പോയി.

അന്നുരാത്രി ഉറക്കത്തില്‍ അയാള്‍ ഒരു സ്വപ്നം കണ്ടു.

താന്‍ ഒരു സ്ത്രീയായി മാറിയിരിക്കുന്നു !

തന്‍റെ മടിയില്‍ ഓമനത്വം തുളുമ്പുന്ന ഒരു കുഞ്ഞ് .

തന്‍റെ മാറിടത്തില്‍ നിന്ന് അവന്‍ നോട്ടിനുണഞ്ഞു കുടിക്കുന്നു - ഒരു കള്ളച്ചിരിയോടെ തന്നെ ഒളികണ്ണിട്ടു നോക്കുന്നു.

ഉറക്കമുണര്‍ന്ന ഉടനെ അയാള്‍ ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തു.

അ-അമ്മ-അമ്മിഞ്ഞയുടെ പ്രധാന നേതാവ് തന്‍റെ ഫ്രണ്ടാണ്.

അവര്‍ക്കൊരു മെസ്സേജ് അയച്ചു.

"പ്രിയപ്പെട്ട സുലുചേച്ചിക്ക്

ഞാന്‍ കുറെ നാളായി ചേച്ചിയുടെ ഫ്രണ്ടാണ്.

നിങ്ങളുടെ അ - അമ്മ - അമ്മിഞ്ഞ കണ്ടപ്പോള്‍ എനിക്കും ഒരു സ്ത്രീയായി മാറാന്‍ അതിയായ ആഗ്രഹം തോന്നുന്നു.

അങ്ങനെ ഞാന്‍ അനിത എന്ന പെണ്‍കുട്ടി ആയി മാറിയാല്‍ എന്നെയും നിങ്ങളുടെ കൂടെ കൂട്ടുമോ ?

എത്രയും വേഗം മറുപടി പ്രതീക്ഷിക്കുന്നു - എനിക്ക് കാത്തിരിക്കാന്‍ വയ്യ

സ്വന്തം അനില്‍"

ഏറെ വൈകാതെ സുലുവിന്‍റെ മറുപടി വന്നു.

"എടാ വൃത്തികെട്ടവനെ ,

നീ പുതിയ നമ്പരുമായി ഇറങ്ങിയിരിക്കുകയനല്ലേ ?

ഇനി നീ ശരിക്കും പെണ്ണായാല്‍ അന്ന് ഞാന്‍ നിന്നെ ബ്ലോക്ക് ചെയ്യും."

മറുപടി വായിച്ച് അനില്‍ തകര്‍ന്നു പോയി .

ആ മറുപടി അയക്കുമ്പോള്‍ , അ-അമ്മ-അമ്മിഞ്ഞക്ക് വേണ്ടി കഴിഞ്ഞഏതാനും ദിവസങ്ങളായി അഹോരാത്രം പ്രയത്നിച്ചതിനാല്‍, കുഞ്ഞിന് കൊടുക്കാന്‍ സമയം കിട്ടാതെ പാല് കെട്ടി വീങ്ങിയ തന്‍റെ മാറിടത്തില്‍ അമര്‍ത്തിത്തടവിക്കൊണ്ട് സുലു കരയുന്ന കുഞ്ഞിനെ ഉച്ചത്തില്‍ വഴക്കുപറഞ്ഞത് അയാള്‍ കേട്ടില്ല !

അനില്‍ നിരാശനാകാതെ അവന്‍റെ ഉറ്റ സുഹൃത്ത് ഹാരിസിന് മെസ്സേജ് അയച്ചു.

അവന്‍ ചാറ്റില്‍ വന്നു.

"എന്താ അളിയാ നിന്‍റെ പ്രശ്നം ?"

"എടാ , എനിക്കാ അ-അമ്മ -അമ്മിഞ്ഞ സ്ലോഗന്‍ ഒരുപാടിഷ്ടപ്പെട്ടു, നമുക്ക് അച്ചന്മാര്‍ക്ക് ഇങ്ങനെ ഒരു കൂട്ടയമോ സ്ലോഗണോ ഉണ്ടോ ? സമൂഹത്തില്‍ അര്‍ഹമായ പരിഗണന ഉണ്ടോ ?"

"ഓഹോ അപ്പോള്‍ അതാണ്‌ പ്രശ്നം അല്ലെ ? ഒരു മിനിറ്റ്"

ഏതാനും നിമിഷങ്ങള്‍ നിശബ്ദതക്കു ശേഷം അവന്‍ വീണ്ടും വന്നു.

"ഒരു പുതിയ സ്ലോഗന്‍ ഞാന്‍ കണ്ടു പിടിച്ചിട്ടുണ്ട്"

"ആണോ , എങ്കില്‍ വേഗം പറയൂ"

"അ- അച്ഛന്‍- അച്ചപ്പം - അച്ചപ്പം എന്നതില്‍ അച്ഛനും , അപ്പനും ഉണ്ട്"

"പക്ഷെ അമ്മിഞ്ഞയുടെ ഒരു പഞ്ച് കിട്ടില്ലല്ലോ ?"

"ആര് പറഞ്ഞു ? നീ ഒന്ന് ആലോചിച്ചു നോക്കിക്കേ. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും താന്‍ കുടിക്കുന്നതെന്തെന്ന് അറിയാതെയാണ് അമ്മിഞ്ഞ കുടിക്കുന്നത്. അതിനു പകരം നെസ്റ്റ്ലെ കലക്കി കുപ്പിയിലൊഴിച്ചു കൊടുത്താലും അത് ഒരു പരാതിയും പറയാതെ കുടിക്കും. എന്നാല്‍ ഓരോ കുട്ടിയും അച്ചപ്പം തിന്നുന്നത് അത് ഇഷ്ടപ്പെട്ടിട്ടാണ് ! "

ഹാരിസിന്‍റെ മറുപടി അനിലിന്‍റെ കണ്ണുകളില്‍ ഒരു പുതിയ തിളക്കം കൊണ്ട് വന്നു.

"അപ്പോള്‍ നമുക്കും തുടങ്ങാം അല്ലെ ?"

"പിന്നെന്താ , ഇപ്പോള്‍ തന്നെ നീ തുടക്കം കുറിച്ചോളൂ , എന്ത് സഹായത്തിനും ഞാന്‍ റെഡി"

അനില്‍ ഒരു ഗ്രൂപ്പ് മെസ്സേജ് ഉണ്ടാക്കി , എഴുതിത്തുടങ്ങി ........ പ്രിയപ്പെട്ട അച്ഛന്‍മാരെ...... "

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top