Saturday, February 15, 2014

കഥ : കണസഷന്‍

ബസില്‍ അന്നും നല്ല തിരക്കുണ്ടായിരുന്നു, പതിവ് പോലെ ഭൂരിപക്ഷവും വിമന്‍സ് കോളേജിലെ പെണ്‍കുട്ടികള്‍ തന്നെ.

അന്നും കണസഷന്‍ ടിക്കറ്റിനുള്ള ചില്ലറ നാണയം നീട്ടുമ്പോള്‍ അവളയാളെ നോക്കി മനോഹരമായി ചിരിച്ചു.

ടിക്കറ്റ് നല്‍കുമ്പോള്‍ അവന്‍ ചോദിച്ചു "എന്താ പേര് ?"

"സുശീല‌" അവള്‍ തെല്ലു നാണത്തോടെ പറഞ്ഞു.

അടുത്ത ദിവസം അവന്‍ വീടെവിടെയാണെന്നു ചോദിച്ചു.

അതിനടുത്ത ദിവസം വീട്ടില്‍ ആരൊക്കെയുണ്ടെന്ന്‍ ചോദിച്ചു.

രണ്ടു ദിവസം കഴിഞ്ഞ് അവനവളെ ഇഷ്ടമാണെന്ന് പറഞ്ഞുള്ള ഒരു കത്ത് കൊടുത്തു - പ്രതീക്ഷിച്ചു കൊണ്ടിരുന്ന കാര്യം വൈകിയെങ്കിലും കിട്ടിയ സന്തോഷത്തോടെ അവളതു വാങ്ങി ബാഗില്‍ തിരുകി.

പിന്നീടുള്ള ഓരോ ദിവസവും ഓരോ രൂപ വീതം ബസ് മുതലാളിക്ക് നഷ്ടം വന്നു കൊണ്ടിരിന്നു - കാരണം പണത്തിനും, ടിക്കറ്റിനും പകരം അവര്‍ കൈമാറിയിരുന്നത്‌ പ്രണയലേഖനങ്ങള്‍ ആയിരുന്നു.

ആഴ്ച്ചകള്‍ക്കിടയില്‍ രണ്ടു വര്‍ഷങ്ങള്‍ അവരിരുവര്‍ക്കിടയില്‍ ശനിയുടെയും , ഞായറിന്‍റെയും രൂപത്തില്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു

അവരുടെ പ്രണയം ആ ബസിന്‍റെ ഇട്ടാവട്ടത്ത്‌ പൂത്തു തളിര്‍ത്ത്‌ പടര്‍ന്നു പന്തലിക്കുകയായിരുന്നു - മൂന്നാമതൊരാള്‍ അറിയാതെ !

അടുത്ത രണ്ടാഴ്ചത്തേക്ക് അവളെ കണ്ടില്ല !

അവന്‍റെ കണ്ണുകള്‍ എന്നും ആള്‍ക്കൂട്ടത്തില്‍ അവളെ തിരഞ്ഞു നിരാശരായിക്കൊണ്ടിരുന്നു.

ഒരു ദിവസം പതിവ് സമയത്ത്, പതിവ് പുഞ്ചിരിയോടെ അവള്‍ ബസ്സില്‍ കയറി.

സാരിയുടുത്ത്, തലയില്‍ മുല്ലപ്പൂ ചൂടി, സ്വര്‍ണ്ണാഭരണങ്ങളൊക്കെയണിഞ്ഞ് അന്നവള്‍ പതിവിലും സുന്ദരിയായിരുന്നു. !

അവനടുത്തു ചെന്നപ്പോള്‍ നാണത്തോടെ ബസിന്‍റെ പിന്നിലേക്ക്‌ നോക്കിക്കൊണ്ട്‌ അവള്‍ പറഞ്ഞു "ഇന്ന് മുതല്‍ കണസഷന്‍ അല്ലാട്ടോ, ടിക്കറ്റ് പുള്ളിക്കാരന്‍ എടുക്കും"

അവന്‍ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കി, വെളുത്തു സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ 'അതെ , ഞാന്‍ തന്നെയാണ് ആ ഭാഗ്യവാന്‍' എന്ന മുഖഭാവത്തോടെ കൈപൊക്കിക്കാണിച്ചു.

"എന്‍റെ കല്യാണം കഴിഞ്ഞുട്ടോ. കോളേജില്‍ ടീസി വാങ്ങാന്‍ പോകുവാ, ഇന്ന് മുതല്‍ ഞാന്‍ വിദ്യാര്‍ഥിനിയല്ല" ഒന്നും സംഭവിക്കാത്ത മട്ടില്‍ നാണം കലര്‍ന്ന പതിവു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.

ഒരു നിമിഷം കൊണ്ട് അവന്‍ ജീവിതത്തില്‍ പലപാഠങ്ങളും പഠിച്ചു തുടങ്ങുന്ന വിദ്യാര്‍ഥിയായി മാറുകയായിരുന്നു !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top