Monday, February 24, 2014

നീണ്ടകഥ : അപരന്‍ (അദ്ധ്യായം 4 - പാഠങ്ങള്‍)

പീഡനക്യാമ്പില്‍ ഇതെന്‍റെ മൂന്നാം ദിവസമായിരുന്നു.

സമയമറിയാന്‍ ക്ലോക്കോ, കലണ്ടറോ ഒന്നും തന്നെ ഇവിടെയില്ല. എന്നിട്ടും മനുഷ്യസഹജമായ അനുമാനങ്ങളിലൂടെ ഞാനെത്തിച്ചേര്‍ന്ന നിഗമനമായിരുന്നു അത്.

മൂന്നാം ദിവസം രാവിലെ എന്നെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത് ഒരു കറുമ്പനായിരുന്നു. അവന്‍ കൊണ്ടുവച്ച പ്രാതല്‍ വേഗത്തില്‍ കഴിച്ച് തയ്യാറാകാന്‍ അവെനെന്നോട് ആവശ്യപ്പെട്ടു.

മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ അല്‍പ്പം കഴിച്ചെന്നു വരുത്തി.

കുളികഴിഞ്ഞു വസ്ത്രം മാറിയശേഷം എന്നെയവന്‍ കൂട്ടിക്കൊണ്ടു പോയത് ഒരു മിനി തീയെറ്ററിലെക്കായിരുന്നു.

സ്ക്രീനില്‍ നിന്നും ഹാളിന്‍റെ ഏകദേശം പകുതി ദൂരം മുതലായിരുന്നു ഇരിപ്പിടങ്ങള്‍ തുടങ്ങിയിരുന്നത്.

അവരെന്നെ മുന്‍നിരയില്‍ മദ്ധ്യത്തിലായുള്ള ഒരു കസേരയിലിരുത്തി. തൊട്ടു പിന്നില്‍ ഉള്ള രണ്ടു കസേരകളിലായി അവരും ഇരിപ്പുറപ്പിച്ചു.

ഹാളിലെ ലൈറ്റുകള്‍ അണഞ്ഞു.

എന്‍റെ ഇടതും വലതുമായി ചുവരുകളില്‍ കടും ചുവപ്പ് നിറത്തിലുള്ള രണ്ടു ബള്‍ബുകള്‍ പ്രകാശിച്ചു തുടങ്ങി.

തിരശ്ശീലക്ക് മെല്ലെ ജീവന്‍ വച്ചു.

ആദ്യം തെളിഞ്ഞത് ഒരു കൌബോയ്‌ തൊപ്പിയുടെ മുകള്‍ഭാഗമായിരുന്നു. പിന്നെ മെല്ലെ മെല്ലെ കാമറ മെഹര്‍ തലാലിന്‍റെ ചിരിക്കുന്ന മുഖത്തേക്ക് പാന്‍ ചെയ്തു.

"സഹോദരാ, സുഖമല്ലേ ?" കറുത്ത കണ്ണട അവന്‍റെ കണ്ണുകളെ മറച്ചിരുന്നതിനാല്‍ അത് പറയുമ്പോള്‍ അവന്‍റെ യഥാര്‍ത്ഥ മുഖഭാവം എനിക്ക് വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

"ആളുകളെ കൊല്ലുന്നത്‌ എനിക്കിഷ്ടമേയല്ല" അത് പറഞ്ഞ ശേഷം അവന്‍ ഒരുനിമിഷം പൊട്ടിച്ചിരിച്ചു.

"പക്ഷെ എന്ത് ചെയ്യാനാ, പലപ്പോഴും ഒന്ന് ചെറുതായി വേദനിപ്പിക്കുമ്പോഴേക്കും അവര്‍ മരിച്ചു പോകുന്നു"

ഭീതി തണുപ്പ് പോലെ എന്‍റെ കാലിന്‍റെ പെരുവിരലിലൂടെ മെല്ലെ മെല്ലെ അരിച്ചു കയറിത്തുടങ്ങിയിരുന്നു.

"നീ പേടിക്കണ്ട, നിന്നെ ഞാന്‍ കൊല്ലില്ല" അത് പറഞ്ഞിട്ട് അവന്‍ വീണ്ടും പൊട്ടിച്ചിരിച്ചു.

"പക്ഷെ നിന്‍റെ പ്രിയപ്പെട്ട പിതാവ്, മാതാവ്, സഹോദരി - ഇവരോടൊന്നും എനിക്കീ ദയ തോന്നിയേക്കില്ല"

തീയെറ്ററിനകത്ത് എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നിട്ടും ഞാന്‍ വിയര്‍ത്തു കുളിച്ചു. പിന്നിലിരുന്ന കറുമ്പന്‍മാരിലോരാള്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാനെന്നോണം ഒരു തൂവാല എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങി പരവേശത്തോടെ മുഖം അമര്‍ത്തിത്തുടച്ചു.

തിരശ്ശീലയില്‍ മെഹര്‍ തലാല്‍ തുടര്‍ന്നു.

"ഞാനായി മാറാന്‍ നിനക്ക് വെറും രൂപസാദൃശ്യം മാത്രം പോരാ മാലിക്. എന്‍റെ രീതികള്‍, സ്വഭാവം, ശീലങ്ങള്‍ - ഒക്കെ നീ പഠിക്കണം. എന്നെപ്പോലെ മനസ്സാന്നിധ്യം നേടണം. ആരുടേയും കണ്ണുനീരിലും വേദനയിലും അലിയുന്നതവരുത് നിന്‍റെ മനസ്സ്"

ഒന്ന് നിര്‍ത്തിക്കൊണ്ട് അവന്‍ തുടര്‍ന്നു.

"ഇനി നീ കാണാന്‍ പോകുന്ന ദൃശ്യങ്ങള്‍ ഈ പീഡനകാമ്പില്‍ മുന്‍പ് ജീവിച്ചിരുന്നവര്‍ അനുഭവിച്ചതും, ഇപ്പോഴും ജീവിച്ചിരിക്കുന്ന ചിലര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതുമാണ്. നാവിനെ സൂക്ഷിക്കാത്തവര്‍, വാക്ക്പാലിക്കാത്തവര്‍, എനിക്കെതിരെ ഗൂഡാലോചന നടത്തിയവര്‍, രാജ്യത്തെ ഒറ്റ് കൊടുത്തവര്‍, അങ്ങനെ പലരും"

തിരശ്ശീലയില്‍ ഒരു സെല്ലിന്‍റെ ദൃശ്യം തെളിഞ്ഞു.

പച്ച മനുഷ്യരുടെ നാവു പിഴുതെടുക്കുന്നതും, എല്ലുകളിലേക്ക് ഡ്രില്ലിംഗ് മഷീനുകള്‍ ഇറങ്ങിപ്പോകുന്നതും, താടിയെല്ലുകള്‍ വലിച്ചകത്തി വായ വലിച്ചു കീറുന്നതും - അങ്ങനെ ഞാന്‍ ഇതുവരെ സങ്കല്‍പ്പിച്ചിട്ടു പോലും ഇല്ലാത്ത ക്രൂരതയുടെ വിവിധ കാഴ്ചകള്‍ !

കണ്ടപ്പോള്‍ തന്നെ പലതവണ ഞാന്‍ മരിച്ചു ജീവിച്ചെങ്കില്‍ അത് അനുഭവിച്ചവരെക്കുറിച്ചോര്‍ക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല.

ഈ ക്രൂരതകള്‍ കാണാനാവാതെ മുഖം പോത്തിയിരുന്നപ്പോഴും, സഹിക്കാനാവാതെ എഴുന്നേറ്റ് പോകാന്‍ തുനിഞ്ഞപ്പോഴും പിന്നിലിരുന്ന കരുമ്പന്മാര്‍, എല്ലാം വ്യക്തമായി കാണും വിധം എന്നെ ബലമായി അവിടെത്തന്നെ പിടിച്ചിരുത്തി.

ഏകദേശം രണ്ടു മണിക്കൂറിനു ശേഷം ആ കൂര്രത അവസാനിച്ചു.

പുറത്തിറങ്ങിയപ്പോഴും എന്‍റെ മുന്നില്‍ പ്രതികരിക്കാന്‍ കഴിയാത്ത നിസ്സഹായരായ ആളുകളുടെ ദീനരോദനങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഇനിയും ദിവസങ്ങളോളം വേട്ടയാടും വിധം അവയെന്‍റെ മനസിനെ ഏറെ ദുര്‍ബലമാക്കിക്കഴിഞ്ഞിരുന്നെന്ന് എനിക്ക് തോന്നി.

അന്ന് തിരികെ മുറിക്കുള്ളില്‍ കൊണ്ടാക്കിയശേഷം ഭക്ഷണം കൊണ്ടുവരാനല്ലാതെ ആരുമെന്നെ ശല്യപ്പെടുത്താന്‍ മുറിക്കുള്ളില്‍ വന്നില്ല.

അടുത്തടുത്ത മൂന്നു ദിവസങ്ങളില്‍ ഇതാവര്‍ത്തിച്ചു.

ആദ്യ ദിവസം കൊണ്ടുവച്ച ഭക്ഷണം വായില്‍ വച്ചപ്പോല്‍ത്തന്നെ ഏതോ ഒരു കാഴ്ച്ചയുടെ അരുചി എന്‍റെയുള്ളില്‍ തികട്ടി വന്നു - വായില്‍ വച്ച ഭക്ഷണം പ്ലേറ്റിലേക്ക് തന്നെ തുപ്പിക്കൊണ്ട് ഞാന്‍ വാഷ് ബെസിനിലെക്കോടി ഏറെനേരം ചര്‍ദ്ദിച്ചു.

അന്ന് രാത്രിയായപ്പോള്‍ വിശപ്പ്‌ സഹിക്കാനാവാതെ ഞാന്‍ അല്‍പ്പം ജ്യൂസും ഒരു പഴവും മാത്രംകഴിച്ചു.

പിറ്റേന്ന് രാവിലെ എഴുന്നെക്കുമ്പോള്‍ എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു.

ഒന്നും ഓര്‍ക്കാന്‍ ഇടവരല്ലെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് ഞാന്‍ പ്രഭാതഭക്ഷണം അല്‍പ്പം കഴിച്ചു.

ആ ക്രൂരത നിറഞ്ഞ കാഴ്ചകള്‍ എന്‍റെ മനസ്സിനെ സ്പര്‍ശിക്കുന്നതിന്‍റെ തീവ്രത പടിപടിയായി കുറഞ്ഞു വരുന്നത് തെല്ലമ്പരപ്പോടെ ഞാന്‍ നോക്കിക്കണ്ടു - എന്നിലേക്ക് മെഹര്‍ തലാല്‍ അവനുദ്ദേശിക്കുന്ന രീതിയില്‍ത്തന്നെ പ്രവേശിച്ചു തുടങ്ങിയിരിക്കുന്നു !

അറപ്പും മടിയുമില്ലാതെ എത്ര കൊടിയ ക്രൂരതയും എത്ര സമയം വേണമെങ്കിലും കണ്ടിരിക്കാമെന്നുള്ള അവസ്ഥയില്‍ ഞാനെത്തിയപ്പോള്‍ ദൃശ്യപീഡനം അവസാനിപ്പിക്കപ്പെട്ടു.

അതിനോടകം ഞാന്‍ യാതൊരു മടിയുമില്ലാതെ മദ്യപിക്കുവാനും ചുരുടുകള്‍ വലിച്ചു തള്ളാനും പരിശീലിച്ചു കഴിഞ്ഞിരുന്നു. മദ്യത്തിനും പുകയിലക്കും ഞാന്‍ അടിമയായി മാറിയോ എന്ന് പോലും ഞാന്‍ ഭയപെട്ടു തുടങ്ങിയിരുന്നു.

ഏഴാം ദിവസം ഒപ്പിടാനുള്ള പരിശീലനമായിരുന്നു - തലാലിന്‍റെ വാക്കുകളില്‍ ഏറ്റവും പ്രധാനമായ പരിശീലനം. അന്നതിന്‍റെ അര്‍ഥം പക്ഷെ - പൂര്‍ണ്ണമായി എനിക്ക് മനസിലായിരുന്നില്ല.

എന്നെ ഒപ്പിടാന്‍ പഠിപ്പിക്കാന്‍ വന്ന അധ്യാപികയെ കണ്ടു അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അമ്പരന്നു പോയി. ജീവിതത്തിലന്നെ വരെ കണ്ടിട്ടില്ലാത്തത്ര അതിസുന്ദരിയായ ഒരു യുവതിയായിരുന്നു അധ്യാപിക.
കഴുത്തോളം വെട്ടിയിട്ട മനോഹരമായ സ്വര്‍ണ്ണത്തലമുടിയും പച്ചക്കണ്ണുകളും അവളുടെ അഴകിന്‍റെ മാറ്റ് ആയിരം മടങ്ങ്‌ വര്‍ധിപ്പിച്ചു.

മനോഹരമായ അവളുടെ മൊഴിമുത്തുകള്‍ പലപ്പോഴും എന്നെ സ്ഥലകാല ബോധമില്ലാതെ എവിടെക്കോ കൊണ്ടെത്തിച്ചു. അപ്പോഴൊക്കെ കവിളില്‍ ചൂണ്ടുവിരല്‍ കൊണ്ട് കുത്തി അവളെന്നെ തിരികെ കൊണ്ടുവന്നു. അവളുടെ വിരല്‍ സ്പര്‍ശനത്തിന് വേണ്ടി പലപ്പോഴും ഞാന്‍ സ്വപ്നം കാണുന്നതായി അഭിനയിക്കുക പോലും ചെയ്തു !

മെഹര്‍ തലാലിന്‍റെ കയ്യൊപ്പുള്ള ഒരു പേപ്പര്‍ എടുത്തവള്‍ ആദ്യമേ മേശപ്പുറത്തു വച്ചു.

പിന്നീടവളുടെ ഹാന്‍ഡ്‌ ബാഗില്‍ നിന്ന് കട്ടിയുള്ള നീലച്ചട്ടയുള്ള ഒരു വലിയ നോട്ട്പുസ്തകവും പേനയുമെടുത്ത് എനിക്ക് മുന്നിലേക്ക്‌ നീക്കി വച്ചു.

ഞാന്‍ ഒപ്പിടാന്‍ ആരംഭിച്ചു.

അവനെപോലെ തന്നെ സങ്കീര്‍ണ്ണവും കുഴപ്പം പിടിച്ചതുമായിരുന്നു അവന്‍റെ കയ്യൊപ്പും - എവിടെത്തുടങ്ങണം എന്നറിയാതെ പകച്ചു നിന്ന എന്‍റെ കൈപിടിച്ചവള്‍ കടലാസില്‍ ആദ്യത്തെ ഒപ്പിട്ടു കാണിച്ചു തന്നു.

ഉച്ചയോടെ ഞാന്‍ ഏകദേശം ശരിയായി ഒപ്പിടാന്‍ പഠിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷം അബു താഹ വന്നു.

ഞാന്‍ ഒപ്പിട്ടു പഠിച്ച പുസ്തകം അവള്‍ അയാള്‍ക്ക് കാണിച്ചു കൊടുത്തു. അയാളുടെ മുഖം പ്രസന്നമായി.

"ഗുഡ്" എന്‍റെ പുറത്തു തട്ടിക്കൊണ്ടു അയാള്‍ പറഞ്ഞു.

അയാള്‍ പോയ ശേഷം വൈകുന്നേരം വരെ ഞാന്‍ വീണ്ടും പരിശീലനം തുടര്‍ന്നു.

പിറ്റേന്ന് രാവിലെ എന്‍റെ പരീക്ഷയായിരിക്കും എന്ന് പറഞ്ഞ് അവള്‍ യാത്രപറഞ്ഞു പോയി.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top