ജോലി കിട്ടിയ ശേഷം എന്‍റെ ആദ്യത്തെ തിരുവനന്തപുരം യാത്ര.
കിഴക്കേകോട്ടയില്‍ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനെതിര്‍വശത്തുള്ള ശ്രീകൃഷ്ണ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജില്‍ ഒരാഴ്ചത്തേക്ക് മുറിയെടുത്തു. രണ്ടാം നിലയിലാണ് എന്‍റെ റൂം.
നാലാം ദിവസം തിരുവനന്തപുരത്തെ സഹപ്രവര്‍ത്തകനായ ലോഹി പറഞ്ഞു "നാളെ ആറ്റുകാല്‍ പൊങ്കാലയാണ്, ഭയങ്കര തിരക്കായിരിക്കും - വര്‍ക്കിന് പോണേല്‍ നേരത്തെ റൂമില്‍ നിന്നിറങ്ങണം ട്ടോ"
ഞാന്‍ സമ്മതിച്ചു.
എന്താണ് ഈ ആറ്റുകാല്‍ പൊങ്കാലയെന്നു വൈകിട്ട് ലോഡ്ജിലെ മാനേജര്‍ മാമനോട് ചോദിച്ചു മനസ്സിലാക്കി.
"ഓഹോ, പെണ്ണുങ്ങള്‍ മാത്രം പങ്കെടുക്കുന്ന പരിപാടിയാണല്ലേ - അപ്പൊ വലിയ തിരക്കൊന്നും ഉണ്ടാകില്ല, സാധാരണ പോലെയൊക്കെ പതിയെ എഴുന്നെട്ടാല്‍ മതി." അങ്ങനെ വിചാരിച്ചുകൊണ്ട് ഞാന്‍ രാത്രി സെക്കണ്ട് ഷോ സിനിമയും കണ്ടു വന്നു കിടന്നുറങ്ങി.
രാവിലെ പതിവുപോലെ ഏഴര മണിക്കെഴുന്നേറ്റു.
കുളിച്ചു റെഡിയായി ജോലിക്ക് പോകാനായി ബാഗുമെടുത്ത് വാതില്‍ തുറന്നു - ഒരുനിമിഷം ഞാന്‍ ശ്രീകൃഷ്ണ ടൂറിസ്റ്റ് ഹോമിലോ അതോ വല്ല അമ്പലപ്പറമ്പിലോ എന്ന് കരുതിപ്പോയി.
റൂമിന് മുന്നില്‍ വാതില്‍ ബ്ലോക്ക് ചെയ്ത് പൊങ്കാലയിടാനുള്ള അടുപ്പ് കൂട്ടി പാത്രങ്ങളുമായി നിരന്നിരിക്കുന്ന അസംഖ്യം സ്ത്രീകള്‍ !
വാതിലിനു മുന്നില്‍ ഇരുന്നിരുന്ന അമ്മച്ചി "ആരെടാ ഞങ്ങളെ ശല്യപ്പെടുത്തുന്നത്" എന്ന മട്ടില്‍ എന്നെ കലിപ്പില്‍ നോക്കിയതോടുകൂടി ഞാന്‍ മരച്ചുവട്ടില്‍ കിടന്നുറങ്ങിയിരുന്ന സിംഹത്തെ അറിയാതെ വിളിച്ചുണര്‍ത്തിപ്പോയ വഴിയാത്രക്കാരനെപ്പോലെ വേഗം മുറിക്കകത്തെക്ക് തന്നെ തിരിച്ചു കയറി വാതിലടച്ചു കുറ്റിയിട്ടു.
ബാഗ് കട്ടിലിലേക്കിട്ട് "ഇതെപ്പോഴാണോ തീരുക" എന്നോര്‍ത്ത് ഇരിപ്പായി.
കുറച്ചു കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത് - "പ്രാതല്‍ കഴിച്ചിട്ടില്ല !" വയറിനകത്ത് പാമ്പോ പഴുതാരയോ ഒക്കെ ഇഴയുന്നപോലെ തോന്നല്‍.
ഇത്തവണയാണെങ്കില്‍ സാധാരണ യാത്രകളില്‍ കരുതാറുള്ളത് പോലെ ഒരു പുസ്തകം പോലും എടുത്തിട്ടില്ല. മൊബൈല്‍ ഫോണോന്നുമില്ലാത്ത കാലമായിരുന്നതിനാല്‍ ബോറടിച്ചും വിശന്നും മടുത്തപ്പോള്‍ ഞാന്‍ ഡ്രസ്സൊക്കെ ഊരി കൈലിയെടുത്തുടുത്തു കട്ടിലില്‍ കമഴ്ന്നു കിടപ്പായി.
വിശപ്പിന്‍റെ കാര്യം ഓര്‍മ്മവരുമ്പോള്‍ ഇടയ്ക്കിടെ വാച്ചില്‍ സമയം നോക്കും - ഒന്നരമണിയായിരിക്കുന്നു. രാവിലെ മുതല്‍ പട്ടിണിയാണെന്ന് ഓര്‍ത്തപ്പോള്‍ നിസ്സഹായതയും സങ്കടവും കൊണ്ട് എന്‍റെ കണ്ണുകള്‍ നിറഞ്ഞു.
പെട്ടെന്ന് വാതിലില്‍ ഒരു മുട്ട് കേട്ടു.
തുറക്കണോ വേണ്ടയോ എന്ന് ശങ്കിച്ച് നില്‍ക്കവേ വീണ്ടും വാതിലില്‍ ആരോ മുട്ടുന്നു.
രണ്ടും കല്‍പ്പിച്ചു വാതില്‍ തുറന്നു - മുന്നില്‍ ചിരിയോടെ നേരത്തെ എന്നെ കലിപ്പില്‍ നോക്കിയ അമ്മച്ചി.
"കുഞ്ഞ് വല്ലതും കഴിച്ചാരുന്നോ ?"
"ഓ പിന്നെ ഞാന്‍ മുബാറക്കില്‍ നിന്ന് ഫിഷ് ഫ്രൈയും കൂട്ടി ദാ ഇപ്പൊ അങ്ങോടു ഊണ് കഴിച്ചതെയുള്ളൂ - മനുഷ്യന്‍ വിശന്നു കരിഞ്ഞു നില്‍ക്കുമ്പോഴാ ഒരു ചോദ്യം" - ദേഷ്യത്തോടെ മനസ്സില്‍ പറയാന്‍ വന്നത് അതായിരുന്നെങ്കിലും പറഞ്ഞില്ല - പകരം ഇല്ലെന്ന അര്‍ത്ഥത്തില്‍ ഇരുചുമലുകളും കോച്ചി കണ്ണടച്ച് ചുണ്ടില്‍ നിന്ന് ചീവിട് കരയും പോലെ ഒരു സീല്‍ക്കാര ശബ്ദം പുറപ്പെടുവിച്ചു.
"പാവം" എന്‍റെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കിക്കൊണ്ട് അമ്മച്ചി തിരിഞ്ഞു തൊട്ടടുത്തായി ഇരുന്നിരുന്ന ചേച്ചിയുടെ കയ്യില്‍ നിന്ന് ഒരു പാത്രം കുനിഞ്ഞ് വാങ്ങി എന്‍റെ നേരെ നീട്ടി.
ഞാന്‍ വാങ്ങാതെ സംശയത്തോടെ നോക്കി നിന്നപ്പോള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "വാങ്ങിക്കോ, കുറച്ചു ചോറാണ്. മോന്‍ തിരോന്തുരത്ത് ആദ്യായിട്ടാല്ലേ ?"
ഞാന്‍ തലയാട്ടിക്കൊണ്ട് പാത്രം വാങ്ങി വാതില്‍ ചാരി.
ആര്‍ത്തിയോടെ അടച്ചുവച്ചിരുന്ന പാത്രം തുറന്നു - ചോറും, സാമ്പാറും കുറച്ച് നാരങ്ങ അച്ചാറും.
കൈപോലും കഴുകാതെ ആര്‍ത്തിയോടെ വാരിയുണ്ടു. രാവിലെമുതല്‍ പട്ടിണിയായതുകൊണ്ടോ എന്തോ - അത്രയ്ക്ക് രുചിയുള്ള ഭക്ഷണം ജീവിതത്തില്‍ അന്നുവരെ കഴിച്ചിട്ടില്ലെന്നു തോന്നിപ്പോയി.
പാത്രത്തിലുള്ളത് മുഴുവന്‍ കഴിച്ചു കഴിഞ്ഞിട്ടും വിശപ്പ് മുഴുവനായി വിട്ടുപോയില്ല, അപ്പോഴാണ് മേശപ്പുറത്തിരുന്ന മിനറല്‍ വാട്ടര്‍ കണ്ടത് - അരക്കുപ്പിയോളം വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ ആശ്വാസമായി.
നല്ല ക്ഷീണം തോന്നിയതിനാല്‍ കൈകഴുകി കിടന്നുറങ്ങി.
വീണ്ടും വാതിലില്‍ ആരോ തട്ടുന്നത് കേട്ടാണ് കണ്ണുതുറന്നത്.
വാതില്‍ തുറക്കും മുന്നേ വാച്ചെടുത്തു നോക്കി - നാല് മണിയായിരിക്കുന്നു.
വാതില്‍ തുറന്നപ്പോള്‍ വീണ്ടും അതേ അമ്മച്ചി.
"ഗ്ലാസ് ഇരിക്കുന്നോ റൂമില്‍ ? "അമ്മച്ചി ചോദിച്ചു.
ഞാന്‍ എന്തിനെന്നു ചോദിക്കാതെ മേശപ്പുറത്തിരുന്ന സ്റ്റീല്‍ ഗ്ലാസ് എടുത്തു കൊടുത്തു. അമ്മച്ചി കയ്യിലിരുന്ന പാത്രത്തില്‍ നിന്ന് അതിലേക്കു കുറെ പായസം പകര്‍ന്ന്‍ എനിക്ക് തന്നു.
"നിവേദ്യമാണ്." അമ്മച്ചി ചിരിയോടെ പറഞ്ഞു.
"ആ പ്ലേറ്റ് തിരികെ തരാമോ ?"
അമ്മച്ചിയുടെ ചോദ്യം കേട്ടപ്പോഴാണ് ഞാന്‍ അക്കാര്യം ഓര്‍ത്തത്.
"ഇപ്പൊ തരാമേ" എന്ന് പറഞ്ഞുകൊണ്ട് ഗ്ലാസ് മേശപ്പുറത്തു വച്ച് ഞാന്‍ വാഷ്ബേസിനില്‍ പ്ലേറ്റ് നന്നായി കഴുകി തുടച്ച് അമ്മച്ചിക്ക് കൊടുത്തു.
"ഞങ്ങള്‍ പോകുന്നു കുഞ്ഞേ, മോന് ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിക്കണം കേട്ടോ" വാത്സല്യത്തോടെ അമ്മച്ചി പറഞ്ഞു.
"ഏയ് എന്ത് ബുദ്ധിമുട്ട്" അത് പറഞ്ഞപ്പോള്‍ എന്‍റെ കണ്ണുകള്‍ ലേശം നനഞ്ഞെന്നു തോന്നുന്നു.
എല്ലാവരും പോയ്‌കഴിഞ്ഞപ്പോള്‍ ഞാന്‍ വാതില്‍ തുറന്നു വരാന്തയിലേക്കിറങ്ങി.
അത്രയും നേരം അത്രയും സ്ത്രീകള്‍ പാചകം ഉള്‍പ്പെടെ നിര്‍വ്വഹിച്ചു കഴിച്ചു കൂട്ടിയ ഒരു സ്ഥലം ആയിരുന്നെന്നു വിശ്വാസം വരാത്ത വിധം വൃത്തിയാക്കിയിട്ടിരിക്കുന്ന വരാന്ത.
അപ്പോഴാണ് ഞാന്‍ മേശപ്പുറത്തിരിക്കുന്ന പായസത്തെക്കുറിച്ചോര്‍ത്തത്.
വേഗം അകത്തു കയറി ഞാന്‍ മേശപ്പുറത്തുനിന്ന് പായസമെടുത്തു കുടിച്ചു.
ചെറുചൂടോടെ അത് ആസ്വദിച്ചു കുടിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആ അമ്മച്ചിയുടെ പുഞ്ചിരി നിറഞ്ഞ മുഖം തെളിഞ്ഞുവന്നു.
"പേര് പോലും ചോദിച്ചില്ല ഞാന്‍" തെല്ലുകുറ്റബോധത്തോടെ ഞാന്‍ ഓര്‍ത്തു.
അമ്മച്ചി അന്നെനിക്ക് നല്‍കിയ ഉച്ചഭക്ഷണത്തിന്‍റെയും പായസത്തിന്‍റെയും രുചി ഇന്നും മായാതെ എന്‍റെ നാവിന്‍തുമ്പിലുണ്ട്.

0 comments
Posts a comment