Thursday, February 6, 2014

കഥ : ജീവിത പഠനം

ഒരിക്കല്‍ വിചിത്രമായ ഒരാവശ്യവുമായി ഒരു ശിഷ്യന്‍ ഗുരുവിനെത്തേടിയെത്തി - ജീവിതമെന്തെന്ന് പഠിപ്പിച്ചു കൊടുക്കണം എന്നായിരുന്നു ആ ആവശ്യം.

"ഇങ്ങനെയൊരു തോന്നല്‍ ഉണ്ടാകാനുള്ള കാരണം ?" ഒരു പുഞ്ചിരിയോടെ ഗുരുനാഥന്‍ ചോദിച്ചു.

"ധനികനായ ഒരു കച്ചവടക്കാരന്‍റെ ഏകമകനാണ് ഞാന്‍. ഞാനെന്തു ചെയ്താലും 'നീ ജീവിതം എന്തെന്ന് പഠിച്ചിട്ടില്ലെന്ന്' പറന്‍റെ പിതാവ് എപ്പോഴുമെന്നെ ചെറുതാക്കുന്നു - ഈ നാട്ടിലെ ഏറ്റവും സമര്‍ത്ഥനായ ഗുരുനാഥനെ അന്വേഷിച്ചേറെയലഞ്ഞ ശേഷമാണ് ഞാന്‍ താങ്കളിലെക്കെത്തിച്ചേര്‍ന്നത് , അങ്ങെന്നെ നിരാശനാക്കില്ലെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു"

"തീര്‍ച്ചയായും" ഒരുപുഞ്ചിരിയോടെ ഗുരുനാഥന്‍ ആശ്രമത്തിനകത്തേക്ക് കയറിപ്പോയി.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു കൈക്കൊടാലിയുമായി ഇറങ്ങിവന്നു.

അമ്പരന്നു നില്‍ക്കുന്ന ശിഷ്യന് നേരെ കൈക്കോടാലി നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു "എന്‍റെ കൂടെ വരൂ"

ശിഷ്യന്‍ ഗുരുവിന്‍റെ പിന്നാലെ നടന്നു.

നടന്നു നടന്ന്‍ അവരെത്തിച്ചേര്‍ന്നത് ഒരു പുഴക്കരയിലാണ്.

അവിടെ പുഴയിലേക്ക് ചാഞ്ഞു നിന്നിരുന്ന ഒരു മരം ചൂണ്ടിക്കാണിച്ചു കൊണ്ട് ഗുരു പറഞ്ഞു.

"ഈ കൈക്കോടാലിയുപയോഗിച്ച് ഈ മരം മുറിച്ചിടണം. പക്ഷെ ഒരു നിബന്ധന - ഒരു ദിവസം ഒരു വെട്ടു മാത്രമേ വെട്ടാവൂ. മരം മുറിച്ചതിന് ശേഷം എന്നെ വന്നു കാണുക"

"ശരി ഗുരോ " ഗുരു പറഞ്ഞതിന്‍റെ ഉദ്ദേശം തെല്ലും മനസ്സിലായില്ലെങ്കിലും ഗുരുനാഥന്‍റെ വാക്കുകള്‍ അക്ഷരം പ്രതി പാലിക്കുവാന്‍ തന്നെ ശിഷ്യന്‍ തീരുമാനിച്ചു.

അങ്ങനെ പിറ്റേ ദിവസം മുതല്‍ ഓരോ ദിവസം ഓരോ വെട്ടായി അയാള്‍ ആ മരത്തില്‍ ഏല്‍പ്പിച്ചു തുടങ്ങി.

അങ്ങനെ ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയി.

എട്ടു മാസങ്ങള്‍ക്ക് ശേഷം ശിഷ്യന്‍ വീണ്ടും ഗുരുവിനെത്തേടി വന്നു.

"ഗുരോ അങ്ങ് പറഞ്ഞത് പോലെ ഞാന്‍ മരം വെട്ടി പുഴയിലിട്ടു" ഏറെ സന്തോഷത്തോടെ അയാള്‍ പറഞ്ഞു.

"അതെയോ, എങ്കില്‍ വരൂ, വീണ്ടും നമുക്കാ പുഴക്കരയിലേക്ക് തന്നെ പോകാം"

അവര്‍ രണ്ടുപേരും നടന്നു പുഴക്കരയിലെത്തി.

കോടാലി വാങ്ങി പരിശോധിച്ച ശേഷം ഗൂഡമായ ഒരു മന്ദസ്മിതത്തോടെ ഗുരു പറഞ്ഞു "ഈ വീണു കിടക്കുന്ന മരത്തില്‍ നിന്‍റെ ചോദ്യത്തിനുള്ള മറുപടിയുണ്ട്"

"മനസ്സിലായില്ല ഗുരോ" ശിഷ്യന്‍ അജ്ഞത മറച്ചു വെക്കാതെ ചോദിച്ചു.

"പറയാം - ജീവിതം പഠിക്കാനായിരുന്നു എട്ടു മാസങ്ങള്‍ക്ക് മുന്നേ നീ വന്നത്. അന്ന് നീ ഒരു അലസനും, അക്ഷമനും, ധൂര്‍ത്തനുമായിരുന്നു, ശരിയല്ലെ ?"

"ശരിയാണ്" തലകുലുക്കിക്കൊണ്ട് ശിഷ്യന്‍ പറഞ്ഞു.

"ഈ എട്ടുമാസത്തെ നിന്‍റെ ജീവിതമാണ് ഇക്കാര്യം യാതൊരു മടിയും കൂടാതെ സമ്മതിക്കുവാന്‍ നിന്നെ പ്രാപ്തനാക്കിയത്ത്. ജീവിതത്തെ മുറിഞ്ഞു വീണ ഈ മരവുമായി നീ ഒന്ന് താരതമ്യം ചെയ്തു നോക്കൂ"

"ദയവായി വിശദമാക്കിയാലും" താഴ്മയോടെ ശിഷ്യന്‍ അപേക്ഷിച്ചു.

"ഓരോ ദിവസവും ഓരോ വെട്ടു മാത്രമെ വെട്ടാവൂ എന്ന് പറഞ്ഞത് അനുസരിക്കുക വഴി ജീവിതത്തില്‍ ഏറ്റവും അത്യന്താപേക്ഷിതമായ ഗുണമായ സത്യസന്ധത നീ കാത്തുസൂക്ഷിച്ചു.

ഓരോ ദിവസവും തന്‍റെ ഒരേയൊരു ഊഴത്തിനായി അത്യധികം ക്ഷമയോടെ നീ കാത്തിരുന്നു.

ഒരു ദിവസം ഒരവസരം മാത്രമേ ഉള്ളൂ എന്നാ കാരണത്താല്‍ അടുത്ത ദിവസം എവിടെ , എത്ര ശക്തിയില്‍, എങ്ങനെ വെട്ടണം എന്ന് നീ ഗാഡമായി ആലോചിച്ചു.

പലപ്പോഴും ലക്ഷ്യം തെറ്റിപ്പോകുന്ന വെട്ടുകളില്‍ നിരാശനായി പതറിപ്പോകാതെ ലക്ഷ്യത്തിലേക്കെത്താന്‍ കഴിയുമെന്ന ആത്മവ്വിശ്വാസ്സത്താല്‍ നീ നിന്‍റെ മനസ്സിനെ ദൃഡമാക്കി.

പക്ഷെ ഒരല്‍പം അലസത ഇപ്പോഴും നിന്നില്‍ അവശേഷിക്കുന്നു"

കോടാലിയുടെ വായ്ത്തലയില്‍ തള്ളവിരല്‍ കൊണ്ട് തടവിക്കൊണ്ട് ഒരു പുഞ്ചിരിയോടെ ഗുരുനാഥന്‍ പറഞ്ഞു - "ഇതിന്‍റെ വായ്ത്തല ശരിയായി മൂര്‍ച്ച കൂട്ടിയിരുന്നെങ്കില്‍ , ഒരുപക്ഷെ മാസങ്ങള്‍ക്ക് മുന്നേ നിനക്ക് ലക്ഷ്യം കാണാമായിരുന്നു"

"അത് ഞാന്‍ അങ്ങയുടെ വാക്കുകള്‍ അക്ഷരം പ്രതി അനുസരിക്കാന്‍ ശ്രമിച്ചതിനാലാണ്. കാരണം, കോടാലി മൂര്‍ച്ച വെക്കാന്‍ അങ്ങ് പറഞ്ഞിരുന്നില്ലല്ലോ?" ശിഷ്യന്‍ പറഞ്ഞു.

"ഇതുപോലെയാണ് ജീവിതത്തിലെ വിധിയില്‍ അന്ധമായി വിശ്വസിക്കുന്നവരും ചിന്തിക്കുന്നത്. വിധി നടപ്പില്‍ വരുത്തുന്നത് ദൈവവിധിയാണെന്നത് നേര് തന്നെ - പക്ഷെ നിന്‍റെ പ്രയത്നം കൊണ്ട് ആ വിധിയെ നിനക്കനുകൂലമാക്കി മാറ്റി മറിക്കുവാനും ദൈവം തീരുമാനിച്ചിട്ടുണ്ടോ എന്നവര്‍ ആലോചിക്കാറുണ്ടോ ?"

നിറകണ്ണുകളോടെ ഗുരുനാഥന്റെ കാലുകള്‍ തൊട്ടു വന്ദിക്കുമ്പോള്‍ ശിഷ്യന്‍റെ കൈകള്‍ വിറച്ചു.

ഗുരുവിന്‍റെ കണ്ണുകളും നിറഞ്ഞു.

ശിഷ്യനെ പിടിച്ചെഴുന്നേല്‍പ്പിച്ചു കൊണ്ട് പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു - "ഇപ്പോള്‍ നീ ജീവിതം പഠിച്ചു കഴിഞ്ഞിരിക്കുന്നു, ധൈര്യമായി നിന്‍റെ പിതാവിനടുത്തേക്ക് മടങ്ങിക്കൊള്‍ക"

ആത്മവിശ്വാസത്തോടെ അയാള്‍ യാത്ര തിരിക്കുന്നത് നിറഞ്ഞ ആത്മസംതൃപ്തിയോടെ ഗുരുനാഥന്‍ നോക്കിനിന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top