Thursday, February 20, 2014

നീണ്ടകഥ : അപരന്‍ (അദ്ധ്യായം 1 - അസ്ഥിത്വം)

ഞാന്‍ ബനീ മാലിക്. അടുപ്പമുള്ളവര്‍ മാലിക് എന്ന് വിളിക്കും.

ഇതുപക്ഷേ അവന്‍റെ കഥയാണ്‌ - മെഹര്‍ തലാലിന്‍റെ.

അല്ലെങ്കില്‍ ബനീ മാലിക് എന്നാ ഞാന്‍ മെഹര്‍ തലാല്‍ എന്ന അവനായി മാറിയ കഥ.

അത്യധികം തണുപ്പുള്ള ഡിസംബറിലെ ഒരു പ്രഭാതത്തില്‍ കമ്പിളിയുടെ ചൂടില്‍ സുഖമായുറങ്ങിക്കിടക്കവെയാണ് എങ്ങുമെത്തിച്ചേരാന്‍ കഴിവുള്ള അവന്‍റെ നീരാളിക്കൈകളുടെ ആഴത്തിലുള്ള പിടുത്തം ആദ്യമായി എന്നെ വരിഞ്ഞു മുറുക്കിയത്.

വീട്ടില്‍ അച്ഛനോട് വഴക്കിട്ടിറങ്ങി ദൂരെ മലനിരകള്‍ക്കടുത്തുള്ള സുഹൃത്തിന്‍റെ ഫാം ഹൌസില്‍ തനിച്ചു താമസിക്കുകയായിരുന്നു ഞാന്‍. ഞാന്‍ അവിടെയുള്ള കാര്യം അറിയാവുന്ന ലോകത്തിലെ ഒരേയൊരാള്‍ എന്‍റെ സുഹൃത്ത്‌ മാത്രമായിരുന്നു - എന്നിട്ടും അവനെന്നെ കണ്ടെത്തി, അതാണ്‌ മെഹര്‍ തലാല്‍. ഒരു വിഡ്ഢിയുടെ ചേഷ്ടകളും നരിയുടെ ബുദ്ധിയും സമ്മേളിച്ച ഒരു അരക്കിറുക്കന്‍.

അന്നെന്നെ അവര്‍ - അവന്‍റെ അംഗരക്ഷകര്‍ - കൂട്ടിക്കൊണ്ടു പോയതിനു ശേഷം ബനീ മാലിക് എന്ന ഈ ഞാന്‍ പുറം ലോകം കണ്ടിട്ടില്ല.

കണ്ണുകള്‍ കറുത്ത തുണികൊണ്ട് ബന്ധിച്ച് കൈകള്‍ പിന്നില്‍ വിലങ്ങുവച്ച് കാറിന്‍റെ ഡിക്കിയില്‍ കിടത്തി അവരെന്നെ എത്തിച്ചത് ഞാന്‍ താമസിച്ചിരുന്നതില്‍ നിന്നും ഏറെയൊന്നും അകലെയല്ലായിരുന്ന ഒരു പീഡന ക്യാമ്പില്‍ ആയിരുന്നു. കാര്‍ ഓടിയെത്താനെടുത്ത സമയദൈര്‍ഘ്യത്തില്‍ നിന്നാണ് ഞാനത് മനസിലാക്കിയത്.

"സ്വാഗതം എന്‍റെ സഹോദരാ" പ്രധാന കവാടത്തിനു വെളിയിലായി വായില്‍ അസാധാരണ വലിപ്പമുഒരു ചുരുട്ടും കടിച്ചു പിടിച്ച് കൌബോയ്‌ തോപ്പിയണിഞ്ഞ് അവന്‍ നിന്നിരുന്നു - മെഹര്‍ തലാല്‍.

ഏതാനും നിമിഷങ്ങള്‍ ഞങ്ങള്‍ പരസ്പരം നോക്കി നിന്നുപോയി. ആദ്യമായിട്ടായിരുന്നു ഞാന്‍ അവനെ കാണുന്നത് - ശരിക്കും കണ്ണാടിയില്‍ എന്‍റെ പ്രതിബിംബം കാണുന്നത് പോലെ തന്നെ !

അവനെക്കാള്‍ ഒന്നോ രണ്ടോ ഇഞ്ച് ഉയരക്കുറവും, എന്‍റെ മുഖത്ത് വളര്‍ന്നിരുന്ന താടിരോമങ്ങളും ഒഴിച്ചാല്‍ ഒരച്ചില്‍ വാര്‍ത്തെടുത്ത രണ്ടുപെരെപ്പോലെ തോന്നിച്ചു ഞങ്ങള്‍.

അവരെന്നെ നേരെ കൊണ്ട് പോയത് ഒരു മെഡിക്കല്‍ റൂമിലെക്കാണ്.

ഉയരം കുറഞ്ഞ, പഞ്ഞിക്കെട്ടു പോലെ വെളുത്ത താടിയുള്ള ഒരു ഡോക്ടര്‍, അയാളുടെ പുഴുപ്പല്ലുകള്‍ മുഴുവനും കാട്ടി അവനെനോക്കി ഒരു മഞ്ഞളിച്ച ചിരി ചിരിച്ചു കൊണ്ട് തലയാട്ടി. തലാലിന്‍റെ മുഖം സന്തോഷത്താല്‍ തിളങ്ങുന്നത് ഞാന്‍ കണ്ടു.

തലാലിന്‍റെയും അവന്‍റെ അംഗരക്ഷകരുടെയും സാന്നിധ്യത്തില്‍ തന്നെ ഡോക്ടര്‍ എന്നെ നഗ്നനാക്കി മുറിയിലുണ്ടായിരുന്ന മേശമേല്‍ കയറ്റി കിടത്തി.

അപമാനം എന്‍റെ ആത്മാവിനെ നഗ്നമാക്കിയെങ്കിലും എന്തോ വലിയൊരപകടത്തിലേക്കുള്ള യാത്രയിലാണ് ഞാനെന്ന ഒരു ഭയം എന്‍റെ ഓരോ രോമകൂപങ്ങളിലും അരിച്ചു കയറിക്കഴിഞ്ഞിരുന്നതിനാല്‍ സ്വബോധം നഷ്ടപ്പെട്ടവനെപ്പോലെ ഒരെതിര്‍പ്പും കൂടാതെ ഞാന്‍ എല്ലാത്തിനും വഴങ്ങിക്കൊടുത്തു.

ഒരായുധത്തിന്‍റെ ഭീഷണിയോ, ഒരു ചീത്ത വാക്കോ അതുവരെ അവിടെ ഞാന്‍ കേട്ടില്ലെങ്കിലും ഞാന്‍ എന്ന വ്യക്തിയുടെ പതനം ഏറെക്കുറെ പൂര്‍ണ്ണമായിക്കഴിഞ്ഞെന്ന്‍ എനിക്ക് ബോധ്യം വന്നത് പോലെ തോന്നി . സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് ഏകദേശ ചിത്രം ഞാന്‍ എന്‍റെ മനസ്സില്‍ വിറയ്ക്കുന്ന കരങ്ങളോടെ അതിനോടകം വരച്ചിട്ടു കഴിഞ്ഞിരുന്നു.

ഡോക്ടര്‍ പതിഞ്ഞ ശബ്ദത്തില്‍ എന്നോട് ചുമക്കാന്‍ പറഞ്ഞു. ഞാന്‍ രണ്ടുമൂന്നു വട്ടം ചുമച്ചപ്പോഴോക്കെ അയാള്‍ ഗ്ലൌസിട്ട കൈകള്‍ കൊണ്ട് എന്‍റെ വൃക്ഷ്ണങ്ങളില്‍ പിടിച്ച് പരിശോധിച്ചു.

പിന്നെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി എന്‍റെ ഉയരം, തൂക്കം എന്നിവ അയാളുടെ പഴഞ്ചന്‍ നോട്ട്പുസ്തകത്തില്‍ കുറിച്ചെടുത്തു.

പിന്നെ എന്നെയും തലാലിനെയും അടുത്തടുത്തു ചേര്‍ത്തു നിര്‍ത്തി ഞങ്ങളുടെ ഇരുവരുടെയും മുഖങ്ങള്‍ക്കു തൊട്ടടുത്ത്‌ വന്നു ഓരോ ഇഞ്ചും അയാള്‍ അതിസൂക്ഷമായി പരിശോധിച്ചു.

ഒടുവില്‍ പൂര്‍ണ്ണ തൃപ്തി വന്ന മുഖഭാവത്തോടെ ഗ്ലൌസൂരി തലാലിനെ നോക്കി എല്ലാം ഓക്കേയാണെന്ന ഭാവത്തില്‍ വലതുകൈയുടെ തള്ളവിരല്‍ ഉയര്‍ത്തിക്കാണിച്ചു.

വസ്ത്രം ധരിച്ച എന്നെ കൂട്ടി പുറത്തേക്കു നടക്കുമ്പോള്‍ തലാല്‍ സൌഹൃദ ഭാവത്തില്‍ എന്‍റെ തോളില്‍ കൈയിട്ടു. എവിടെ നിന്നോ സംഭരിച്ച ധൈര്യത്തോടെ ഞാന്‍ അവനോടു ചോദിച്ചു "എന്നെ എന്തിനാണ് ഇവിടെ കൂട്ടിക്കൊണ്ട് വന്നിട്ടുള്ളത്‌ ?"

മറുപടി പറയാതെ അവന്‍ ഒരു പ്രത്യേക ചിരി ചിരിച്ചതേയുള്ളൂ. പൊടുന്നനെ അപ്രതീക്ഷിതമായി അവനെന്നെ ചുവരിന് നേര്‍ക്ക്‌ ആഞ്ഞു തള്ളി, കോട്ടിന്‍റെ പോക്കറ്റില്‍ നിന്ന് തോക്ക് വലിച്ചൂരിയെടുത്ത് ഇടതു കൈമുട്ടുകൊണ്ട്‌ ശക്തിയായി എന്‍റെ കഴുത്തിലൂന്നിയപ്പോള്‍ പിളര്‍ന്നു പോയ എന്‍റെ വായ്ക്കുള്ളിലേക്ക് അവന്‍ തോക്കിന്‍ കുഴല്‍ തള്ളിക്കയറ്റി.

തോക്കിന്‍കുഴലിന്‍റെ തണുപ്പ് എന്‍റെ തലച്ചോറിലേക്ക് ഒരു ഭീതിയായി പടര്‍ന്നു കയറി. ഇരുമ്പിന്‍റെയും വെടിമരുന്നിന്‍റെയും അസഹയനീയമായ അരുചി എന്‍റെ സപ്തനാഡികളെയും തളര്‍ത്തി.

"നീയെന്‍റെ സഹോദരനാണ്. എന്‍റെ പിതാവിനിനി രണ്ടാണ് മക്കള്‍ - ഇപ്പോള്‍ മനസ്സിലായോ ?."

ഇത്രയും നേരം ഞാന്‍ ഭയപ്പെട്ടിരുന്നത് തന്നെ സംഭവിച്ചിരിക്കുന്നു. എന്നെ തലാലിന്‍റെ അപരനായി തെരഞ്ഞെടുത്തിരിക്കുന്നു. പക്ഷെ എന്‍റെ സ്വപ്‌നങ്ങള്‍ , എന്‍റെ ജീവിതം.

ഒരുനിമിഷം ഞാന്‍ എന്‍റെ പിതാവിനെ ഓര്‍ത്തുപോയി.

ഒരു നിമിഷത്തെ കോപത്തില്‍ വീട് വിട്ടിറങ്ങുമ്പോള്‍ പുറത്തു കാണിച്ച നിസ്സംഗതക്ക് പിന്നില്‍ ഒളിപ്പിക്കാന്‍ പാടുപെടുന്ന അദ്ദേഹത്തിന്‍റെ തകര്‍ന്ന മുഖഭാവം. എന്‍റെ അമ്മയുടെ തോരാത്ത കണ്ണുകള്‍. ആകുലത നിറഞ്ഞ സഹോദരിയുടെ സങ്കടം നിറഞ്ഞ മുഖം.

എനിക്ക് പക്ഷെ കരയാന്‍ പോലും ധൈര്യമുണ്ടായില്ല. അവന്‍റെ ചൂണ്ടുവിരലിന്‍റെ ഒരു നേര്‍ത്ത ചലനം മതി - എന്‍റെ തലച്ചോറും രക്തവും ഈ ചുവരില്‍ ചിന്നിച്ചിതറിപ്പരക്കാന്‍ !

തലാല്‍ എന്ന, രാജ്യത്തിന്‍റെ ഏകാധിപതിയുടെ ഏകമകന് മുന്നില്‍ ഒരു മുടിയിഴകൊണ്ടുപോലും അനുസരണക്കെട് കാണിക്കുവാന്‍ ഞാന്‍ ബലഹീനനായി മാറിക്കഴിഞ്ഞിരുന്നു.

എന്‍റെ മുഖത്തിനു തൊട്ടടുത്ത്‌ വന്നു പല്ലിളിച്ചു ചിരിച്ചു കൊണ്ട് ഒരു വട്ടനെപ്പോലെ അവന്‍ മന്ത്രിച്ചു "ബനീ മാലിക് , നീ മരിച്ചു കഴിഞ്ഞു, ഇനി തലാലെയുള്ളൂ, മെഹര്‍ തലാല്‍ എന്ന ഞാന്‍ മാത്രം ! "

പിന്നെ അവന്‍ അട്ടഹസിച്ചു ചിരിച്ചു. ആ ചിരിയില്‍ എന്‍റെ ആത്മാവ് കൂടുവിട്ട് എന്നന്നേക്കുമായി പറന്നു പോയി .

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top