Friday, February 28, 2014

പൂമുഖവാതില്‍ക്കലെ ഭാര്യ

"സുലു ഇത് കണ്ടോ പോളണ്ടിലുള്ള മിലുന്‍റെ മെസ്സേജ്."

"എവിടെ കാണട്ടെ, ....... ഹഹ...കൊള്ളാല്ലോ ഇക്കാ"

"ദിവ്യേം, രചനേം ഒക്കെ ഇപ്പൊ ചാറ്റ് ചെയ്ത് പോയതേയുള്ളൂ, പിന്നെ ദിവ്യ നിന്നെ അന്വേഷിച്ചാരുന്നു കെട്ടോ - ആരിഫേം, അനിതെം വരാറായി. നീ എന്നെ ശല്യപ്പെടുത്താതെ പിള്ളേരെ നോക്കിക്കോണേ സുലോ"

"ശരി ഇക്ക ചാറ്റിക്കോ, അവരോടൊക്കെ എന്‍റെയും അന്വേഷണം പറഞ്ഞേക്കണേ"

സുലു മക്കളേം എടുത്തുകൊണ്ട് എനിക്ക് ശല്യമാകാതിരിക്കാനായി മുറി പുറത്തുനിന്നു ചാരിക്കൊണ്ട് പോയി.

എന്നെ മനസ്സിലാക്കുന്ന എത്ര നല്ല ഭാര്യ , ഞാന്‍ പുഞ്ചിരിയോടെ അപ്പോള്‍ ലോഗിന്‍ ചെയ്ത അനിതയ്ക്ക് ഹായ് പറഞ്ഞു വീണ്ടും ചാറ്റിംഗില്‍ മുഴുകി.

"ക്ടിന്‍ ...ച്ലും...ട..ട..േഠ....േഠ."

എന്തോ പൊട്ടിത്തകരുന്ന ശബ്ദം കേട്ടാണ് ഉറക്കത്തില്‍ ഞെട്ടിയെഴുന്നെട്ടത്‌.

കണ്ണുതുറക്കുമ്പോള്‍ തൊട്ടു മുന്നില്‍ സംഹാരരുദ്രയായ ഭദ്രകാളിയുടെ ഡ്യൂപ്പായി കലിതുള്ളി നില്‍ക്കുന്ന സുലു - എന്‍റെ പുത്തന്‍ പുതിയ ഐപാഡ് എയര്‍ താഴെ "എയര്‍ പോലുമില്ല കണ്ടുപിടിക്കാന്‍" എന്ന മട്ടില്‍ പീസ്‌ പീസായി കിടക്കുന്നു.

"പിള്ളേരേം നോക്കില്ല, വീട്ടിലൊരുപകാരോം ഇല്ല - എന്നാല്‍ മനുഷ്യന്‍റെ സ്വസ്ഥത കെടുത്താതെയെങ്കിലും ഇരുന്നൂടെ ? നേരം വെളുക്കുമ്പോ തൊടങ്ങും ഐപാഡില്‍ ഓരോരോ അവളുമാര് കിണിം കിണിം എന്നും പറഞ്ഞു മെസ്സേജ് അയക്കാന്‍, ഇനി ഈ കുന്തം മിണ്ടുന്നതോന്നു കാണട്ടെ"

അവള്‍ ചവിട്ടിത്തുള്ളിക്കൊണ്ട് മുറിവിട്ടു പോയി.

ഞാന്‍ കിടന്ന കിടപ്പില്‍ താഴെ കിടക്കുന്ന ഐപാഡ് കഷണങ്ങളെ നോക്കി നെടുവീര്‍പ്പിട്ടു -

"ഐപാഡ് താഴെ വീണാല്‍ പൊട്ടില്ലെന്നു പറഞ്ഞു വീഡിയോ പിടിച്ചു യുട്യൂബില്‍ പോസ്റ്റ്‌ ചെയ്യുന്നവനെയെങ്ങാനും എന്‍റെ കയ്യില്‍ കിട്ടിയിരുന്നേല്‍ #*$@^%@#!"

അപ്പോള്‍ ടീവിയില്‍ നിന്നൊരു പാരഡി ഗാനം കേട്ടു - "അടുക്കളവാതില്‍ക്കല്‍ കലിതുള്ളി നില്‍ക്കുന്ന മൂധേവിയാണെന്‍റെ ഭാര്യ"

അടുത്തതായി ടിവി പൊട്ടുന്ന ശബ്ദം എങ്ങനെയാണെന്ന് കേള്‍ക്കാന്‍ റെഡിയായി ഞാന്‍ കാതുകൂര്‍പ്പിച്ചു കിടന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top