Tuesday, February 11, 2014

കഥ : കടത്തുകാരന്‍

"കാദര്‍ക്കോ...കൂയ്"

പ്രദീപിന്‍റെ ശബ്ദം രാത്രിയുടെ നിശബ്ദതയെ പിളര്‍ത്തി അക്കരെയെത്തി എന്നതിന്‍റെ തെളിവുപോലെ അക്കരെ നിന്ന് കാദര്‍ക്കയുടെ മറുകൂക്കുവിളി ഉയര്‍ന്നു - ഒരുകാലത്ത് ഒരുപാട് പേരുടെ മനസ്സുകളില്‍ ആശ്വാസത്തിന്‍റെ നെടുവീര്‍പ്പുയര്‍ത്തിയ ശബ്ദം !

പുഴയിലേക്ക് വീണുകിടന്ന നിലാവിനെ രണ്ടായി കീറിമുറിച്ചുകൊണ്ട് കാദര്‍ക്കയുടെ കടത്തുവള്ളം ഇക്കരെയെത്തി.

"നേരം വൈകിയപ്പോ ഇന്നിനി കാണില്ലാന്ന് വിചാരിച്ചു ഞാന്‍" പ്രദീപ്‌ വള്ളത്തിലേക്ക്‌ കയറുമ്പോള്‍ കാദര്‍ക്ക പറഞ്ഞു.

"കടയില്‍ ഇത്തിരി തിരക്കുണ്ടായിരുന്നു ഇക്ക, ശനിയാഴ്ചയല്ലേ"

കാദറിന്‍റെ കഴുക്കോല്‍ പുഴയുടെ അടിത്തട്ടിലെ ചിരപരിചിതരായ മണല്‍ത്തരികളോട് കിന്നാരം പറഞ്ഞു കൊണ്ട് വള്ളത്തെ അക്കരെക്കു തള്ളി നീക്കി.

"നമ്മടെ സുലൈമാനെ കണ്ടിട്ട് ഒരാഴ്ചയായല്ലോ നായരുട്ട്യെ ?"

ഉയര്‍ന്നുവന്ന ചുമ നിയന്ത്രിച്ചു കൊണ്ട് ചിലമ്പിച്ച ശബ്ദത്തില്‍ കാദര്‍ക്ക ചോദിച്ചു.

"അപ്പൊ നിങ്ങളറിഞ്ഞില്ലേ ? സുലൈമാനിക്കാടെ പേരക്കുട്ടിയെ വയറ്റിളക്കം കൂടിയപ്പോള്‍ രാത്രി കാറില്‍ ആശുപത്രിയിലെത്തിച്ചത് പാലത്തിലൂടെ കാറിലായിരുന്നു - അതിന്‍റെ കടപ്പാടും നന്ദിയും കാണിക്കണമല്ലോ"

മണലിലുറച്ച കഴുക്കോല്‍ തള്ളിക്കൊണ്ട് അല്‍പ്പം കുനിഞ്ഞ് വഞ്ചിപ്പടിയിലൂടെ നടക്കുമ്പോള്‍ കാദറിന്‍റെ ഓര്‍മ്മകള്‍ പിന്നിലേക്ക്‌ പാഞ്ഞു.

അന്നും ഇതുപോലെ നിലാവ് പൂത്തുലഞ്ഞ രാത്രിയായിരുന്നു.

പൂര്‍ണ്ണഗര്‍ഭിണിയായിരുന്ന ഖദീജ വീട്ടില്‍ തനിച്ചായതിനാല്‍ അല്‍പ്പം നേരത്തെ വഞ്ചി അടുപ്പിച്ച് വീട്ടിലേക്കു പോകാന്‍ ഒരുങ്ങുമ്പോഴാണ് അക്കരയില്‍ നിന്നും പരിചയമുള്ള ഒരു കൂക്കുവിളി ഉയര്‍ന്നത് - സുലൈമാന്‍റെ വാപ്പ അന്ത്രുമാന്‍ ഹാജി.

ഒരുനിമിഷം ആലോചിച്ച ശേഷം മറുപടിയായി കൂകിയപ്പോള്‍ പുഴയിലെ മാറ്റൊലികളില്‍ ചിതറിയ അന്ത്രുമാന്‍റെ ഇടമുറിഞ്ഞ വാക്കുകള്‍ കാതില്‍ വീണു - "ഒന്ന് വാ കാദറെ, ബീടരിക്ക് തീരെ വയ്യ"

വീട്ടില്‍ കാത്തിരിക്കുന്ന ഖദീജയെപ്പോലും ഓര്‍ക്കാതെ വഞ്ചി കെട്ടഴിച്ച് നേരെ അക്കരയ്ക്ക് തുഴഞ്ഞു.

പ്രസവവേദനയാല്‍ പുളയുന്ന അന്ത്രുമാന്‍ ഹാജിയുടെ വീടരെ അക്കരെക്കെത്തിച്ച ശേഷം വീട്ടിലെത്തിയപ്പോള്‍ ഒരുപാട് വൈകിപ്പോയിരുന്നു. പ്രസവവേദന തുടങ്ങിയ ഖദീജയെ അയല്‍പക്കക്കാരാണ് ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയിലെത്തിയ കാദറിനെ ഖദീജ കണ്ട ഭാവം നടിച്ചില്ല. ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ കുഞ്ഞിനേയും കൊണ്ടവള്‍ സ്വന്തം വീട്ടിലേക്കു പോയി - പിന്നീടൊരിക്കലും അവര്‍ മടങ്ങി വന്നില്ല.

"ഇക്കാ" പ്രദീപിന്‍റെ വിളി കേട്ടാണ് കാദര്‍ ഓര്‍മ്മകളില്‍ നിന്നുണര്‍ന്നത്‌ - അയാള്‍ നീട്ടിയ പണം വാങ്ങി കാദര്‍ മടിശ്ശീലക്കുളില്‍ തിരുകി.

വഞ്ചി കുറ്റിയില്‍ കെട്ടിയിട്ട് പുഴക്കരെയുള്ള ക്ലബ്ബിന്‍റെ വരാന്തയിലേക്ക്‌ നടന്നു.

ക്ലബ്ബില്‍ കാരംസ് കളിച്ചു കൊണ്ടിരുന്ന ചെറുപ്പക്കാരോക്കെ പൊയ്ക്കഴിഞ്ഞിരുന്നു.

കയ്യിലുള്ള താക്കോല്‍ കൊണ്ട് വാതില്‍ തുറന്നു കാദര്‍ അകത്തുകടന്നു ലൈറ്റിട്ടു.

ഒന്നും കഴിച്ചില്ല, പക്ഷെ കഴിക്കാന്‍ തോന്നുന്നില്ല.

മൂലയില്‍ മേശക്കടിയില്‍ ചുരുട്ടി വച്ചിരുന്ന പായും തലയിണയും തട്ടിക്കുടഞ്ഞു വിരിച്ച് ഒരു ബീഡിക്ക് തീകൊളുത്തി ലൈറ്റ് കെടുത്തിയയാള്‍ പായില്‍ മലര്‍ന്നു കിടന്നു.

ചില്ലുടഞ്ഞ ജനലിന്‍റെ ഇരുമ്പഴികള്‍ക്കിടയില്‍ നിലാവ് വിടര്‍ന്നു നില്‍ക്കുന്നു.

ഇടയ്ക്കിടെ പുഴയില്‍ നിന്ന് വീശിയടിക്കുന്ന തണുത്ത ഇളംകാറ്റ് അയാളെ തഴുകിത്തലോടി കടന്നു പോയി.

"കാദറല്ലേ ?" ആ ചോദ്യം കാതില്‍ മുഴങ്ങുന്നു.

ഒരുദിവസം പതിവുള്ള ഉച്ചമയക്കത്തിന് ശേഷം വഞ്ചിയിറക്കുന്നതിന് മുന്നോടിയായി വഞ്ചിക്കകത്തു നിന്ന് കൈപ്പാട്ട കൊണ്ട് വെള്ളം കോരിക്കളഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് പിന്നില്‍ നിന്നാ ചോദ്യമുയര്‍ന്നത് കേട്ട് തിരിഞ്ഞു നോക്കിയത്.

പരിചിതമായ മുഖഭാവമുള്ള ഒരു ചെറുക്കന്‍.

മൂക്കിനു കീഴെ കുരുത്തു തുടങ്ങിയ ഇളം നീല നിറമുള്ള രോമങ്ങളെ മീശ എന്ന് വിളിക്കാറായിട്ടില്ല. കണ്ണുകളില്‍ നിന്ന് അഗ്നി നാളങ്ങള്‍ പോലെ ഉതിര്‍ന്നുവീഴുന്ന നോട്ടത്തില്‍ ഒരുനിമിഷം താനൊന്നു പതറിപ്പോയോയെന്ന് തോന്നി കാദറിന്.

"അതെ, ആരാ എന്ത് വേണം ?" പതര്‍ച്ച പുറത്തു കാണിക്കാതെ കഴുക്കോല്‍ കൈയിലെടുത്ത് അതിലൂടെ കൈപ്പത്തി ഓടിച്ചു കൊണ്ട് ഉറച്ച ശബ്ദത്തില്‍ ചോദിച്ചു.

"ഞാന്‍ നിങ്ങടെ മോനാ." കൂസലില്ലാത്ത മറുപടി.

കഴുക്കോല്‍ കയ്യില്‍ നിന്ന് താഴെക്കു വീണത്‌ വള്ളപ്പടിയിലെക്കായതിനാല്‍ കാലില്‍ വീഴാതെ കഴിഞ്ഞു.

മുഖത്തെ അമ്പരപ്പ് പുറമേ കാണാതിരിക്കാന്‍ പിന്തിരിഞ്ഞു നിന്ന് വിറയ്ക്കുന്ന കൈകളോടെ മടിയില്‍ നിന്നൊരു ബീഡിയെടുത്ത് ചുണ്ടില്‍വച്ച് കത്തിക്കാന്‍ ശ്രമിച്ചു, പക്ഷെ കൈകളുടെ വിറയല്‍ മൂലം ആ ശ്രമമുപേക്ഷിച്ചയാള്‍ തിരിഞ്ഞു നോക്കി ചോദിച്ചു.

"എന്ത് വേണം ?" ആ ചോദ്യം ചെറുക്കന്‍ പ്രതീക്ഷിച്ചില്ലെന്ന് തോന്നി. അവന്‍റെ ശബ്ദത്തില്‍ നേര്‍മ്മയുണ്ടായി. പതിഞ്ഞ ശബ്ദത്തിലായിരുന്നു ഇക്കുറി മറുപടി

"ഉമ്മ പറഞ്ഞിട്ട് വന്നതാണ്, ഇനിയുള്ള കാലം ഉമ്മാക്ക് നോക്കാന്‍ വയ്യെന്ന്. ഉപ്പയില്ലാത്ത കുട്ടിയൊന്നുമല്ല നീയെന്ന് പറഞ്ഞുമ്മ"

അതുപറയുമ്പോള്‍ ചെറുക്കന്‍റെ കണ്ഠമിടറി - കാദറിന്‍റെ മനസ്സ് പിടഞ്ഞു - "ഇത്രേം നാളും ഇല്ലാത്ത ഉമ്മേം മോനും വേണ്ടെന്നു പറയാന്‍ വന്ന വാക്കുകളെ അയാള്‍ വിഴുങ്ങിക്കളഞ്ഞു - തന്‍റെ മോന്‍ - ഇതുവരെ കണ്ടിട്ടില്ലാത്ത തന്‍റെ ഓമന !

പിന്നീട് കുറേക്കാലം മനാഫ് - അതായിരുന്നു അവന്‍റെ പേര് - കാദറിന്‍റെ കൂടെയായിരുന്നു. ഖദീജയെക്കുറിച്ച് ഒരിക്കല്‍ പോലും കാദര്‍ അന്വേഷിച്ചില്ല , അവനോട്ടു പറഞ്ഞതുമില്ല.

കാദര്‍ അവനെ വള്ളമൂന്നാന്‍ പഠിപ്പിച്ചു - തനിക്കറിയാവുന്ന ഏക തൊഴില്‍.

ഒരിക്കല്‍ , രാവിലെ മുതല്‍ മഴ ചാറിയും തോര്‍ന്നും നിന്ന ഒരു ദിവസം, തനിയെ വള്ളമൂന്നി അക്കരെക്കു പോയ മനാഫ് കാലുതെറ്റി വള്ളപ്പടിയില്‍ വീണു.

കണ്ടു നിന്ന കാദര്‍ ഒന്നുമാലോചിക്കാതെ പുഴയിലെക്കെടുത്തു ചാടി വഞ്ചിക്കരികിലേക്ക് സര്‍വ്വശക്തിയുമെടുത്ത് നീന്തി.

വഞ്ചിപ്പടിയില്‍ വീണാല്‍ ജന്മം പാഴാണെന്നാണ് കേട്ടുകേള്‍വി - റബ്ബേ, എന്‍റെ മോനോന്നും വരുത്തല്ലേ - വെട്ടിയിട്ട വാഴത്തട പോലെ ബോധമറ്റ്‌ വെള്ളത്തില്‍ മുങ്ങിപ്പോങ്ങിയ മകനെ ബലിഷ്ടമായകരങ്ങള്‍ കൊണ്ട് കോരിയെടുത്ത് വഞ്ചിക്കുള്ളിലേക്ക് കിടത്തുമ്പോള്‍ ഓര്‍മ്മയില്‍ ആദ്യമായി കാദര്‍ പടച്ചവനെ വിളിച്ചു കരഞ്ഞു.

നാലുവര്‍ഷങ്ങളായി മനാഫ് കിടന്ന കിടപ്പാണ്, ഖദീജ മാത്രമേയുള്ളൂ അവനെ നോക്കാന്‍. എല്ലാ മാസവും കഷ്ടപ്പെട്ട് സമ്പാദിക്കുന്നത് മുഴുവനും കാദര്‍ സുഹൃത്ത്‌ മുഖേന അവിടെക്കെത്തിക്കുന്നു.

ഇന്ന് തന്‍റെ മനസ്സുവായിച്ചിട്ടെന്ന പോലെ പുഴയില്‍ നിന്ന് വീശുന്ന കാറ്റിന് പതിവില്ലാതെ ദുഖമുണര്‍ത്തുന്ന ഒരു നിരാശാഭാവം.

ചലനമറ്റിരുന്ന മുയലിനു ജീവന്‍ വച്ചതുപോലെ വിടര്‍ന്നു നില്‍ക്കുന്ന നിലാവില്‍ എന്തൊക്കെയോ ഓടിനടക്കുന്നു.

ഈ പഴഞ്ചന്‍ കടത്തുവള്ളത്തോടും, ഈ കിഴവനോടും മാത്രം ആര്‍ക്കും കടപ്പാടില്ല.

വരിഞ്ഞു മുറുക്കിയ ഈ കടത്തുവള്ളത്തിന്‍റെ കെട്ടുകള്‍ അഴിച്ചാല്‍ അതിനു പറയുവാന്‍ തന്‍റെ കണ്ണീരിന്‍റെ കഥകളെങ്കിലും കാണും.

താനെങ്കിലും അതിനോട് കടപ്പാട് കാണിക്കണ്ടേ - തന്‍റെ പ്രാണന്‍ ഒടുങ്ങും വരെയെങ്കിലും ?

ക്ലബ്ബിന്‍റെ ചാരിയിട്ടിരുന്ന വാതില്‍ തള്ളിത്തുറന്നു കാദര്‍ പുറത്തേക്കിറങ്ങി.

പുഴയുടെ ഓളങ്ങളില്‍ മെല്ലെ ചാഞ്ചാടുകയാണ് തോണി.

കെട്ടഴിച്ച് അതില്‍ കയറി കഴുക്കോല്‍ കരയിലൂന്നി മുന്നോട്ടു നീങ്ങുമ്പോള്‍ ലക്ഷ്യമില്ലാത്ത അനേകം യാത്രകളില്‍ ഒന്ന് മാത്രമായിരുന്നു അതും.

പുഴയോടും, പാറി തനിക്കൊപ്പം നീങ്ങുന്ന നിലാവിനോടും, കാറ്റിനോടും പായാരം പറഞ്ഞ് ലക്ഷ്യമില്ലാതെയങ്ങനെ.. !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top