Monday, February 17, 2014

ആരും ചോദിക്കാത്ത ചോദ്യം


നാട്ടിലുള്ള എന്‍റെയൊരു സുഹൃത്തിന് കാലില്‍ രോമമുള്ള പെണ്‍കുട്ടികളെ വലിയ ഇഷ്ടമാണ്. എനിക്കാണെങ്കില്‍ തീരെ ഇഷ്ടവുമല്ല.

ഇടയ്ക്കിടെ അക്കാര്യം പറഞ്ഞ് ഞങ്ങള്‍ തര്‍ക്കിക്കുകയും ചെയ്യാറുണ്ടായിരുന്നു.

ഒരുദിവസം എന്നെ കണ്ടയുടനെ അവനെന്നോട് ഒരു ചോദ്യം.

"എടാ, ഈ പെണ്ണ് കാണാന്‍ പോകുമ്പോള്‍ പെണ്ണിന്‍റെ കാലില്‍ രോമം ഉണ്ടോന്നെങ്ങനെ അറിയും ?"

അവനിട്ടൊരു പണി കൊടുക്കാന്‍ കിട്ടിയ അവസരം തന്നെ - ഞാന്‍ മനസ്സിലോര്‍ത്തു.

"അതാ പെണ്ണിനോട് നേരിട്ട് ചോദിച്ചാല്‍ പോരെ ?"

"എന്തേലും കുഴപ്പം ഉണ്ടാകുമോ ?" അവന്‍റെ സംശയം.

"ഏയ്‌ എന്ത് കുഴപ്പം ഉണ്ടാകാന്‍, ഇതൊക്കെ പെണ്ണുകാണാന്‍ പോകുമ്പോള്‍ സാധാരണ എല്ലാരും ചോദിക്കുന്നതല്ലേ"

"ആണല്ലേ, ഞാന്‍ കരുതി അങ്ങനെയൊന്നും ആരും ചോദിക്കില്ലെന്ന്" അവന്‍ എന്തോ ആലോചിച്ചുറപ്പിച്ചു നടന്നു പോകുന്നത് ഞാന്‍ നോക്കി നിന്നു.

അടുത്തയാഴ്ച അവന്‍റെ ആദ്യത്തെ പെണ്ണുകാണല്‍ ആയിരുന്നു.

അവിടെ നടന്നേക്കാവുന്ന സംഭവങ്ങള്‍ ഞാനൊന്നു മനക്കണ്ണില്‍ കണ്ടു നോക്കി.

പെണ്ണ് ചായയുമായി വന്നു കാല്‍നഖം കൊണ്ട് കളമെഴുതി ചുവരില്‍ ചാരി നാണിച്ചു നഖം കടിച്ചു നില്‍ക്കുന്നു.

അപ്പോള്‍ അവളെ ഒന്നൂടെ പുളകമണിയിച്ചു കൊണ്ട് ചെറുക്കനേയും, പെണ്ണിനേയും, പെണ്ണിന്‍റെ അച്ഛനെയും മാറിമാറി നോക്കിക്കൊണ്ട് ഒരു കള്ളച്ചിരിയോടെ മൂന്നാന്‍റെ ചോദ്യം.

"ചെറുക്കനും പെണ്ണിനും തമ്മില്‍ എന്തേലും സംസാരിക്കാന്‍ ഉണ്ടേല്‍ ആവാം ല്ലേ ?"

പെണ്ണിന്‍റെ അച്ഛന്‍ മൂന്നാന്‍റെ സംസാരത്തിന്‍റെ താളത്തിനോപ്പിച്ചു തലയാട്ടിക്കൊണ്ട് - അതിനെന്താ ആവാം"

പെണ്ണിനെ ഒന്ന് നോക്കി ആദ്യമൊന്നു പരുങ്ങിക്കൊണ്ട് - പിന്നെ രണ്ടും കല്‍പ്പിച്ച് ചെറുക്കന്‍റെ ചോദ്യം - "കാലില്‍ രോമമുണ്ടോ ?"

എന്താണ് സംഭവിക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടാതെ പെണ്ണും, മൂന്നാനും, മറ്റുള്ളവരും അന്തം വിട്ടു നില്‍ക്കുമ്പോള്‍ പെണ്ണിന്‍റെ അച്ഛന്‍ ചാരുകസേരയുടെ വടി ഊരിയെടുത്തതു കണ്ട് അരമതിലെടുത്ത് ചാടി ഓടുന്ന ചെറുക്കന്‍റെ നേര്‍ക്ക്‌ വടി ആഞ്ഞെറിഞ്ഞു കൊണ്ട് പെണ്ണിന്‍റെയച്ഛന്‍

"കാലില്‍ മാത്രമല്ലെടാ @!#$%^&*@#%$&^*&@"

ശരിക്കും അങ്ങനെയൊക്കെ സംഭവിച്ചോ എന്നെനിക്കറിയില്ല - കാരണം അവന്‍ പെണ്ണ് കാണാന്‍ പോകുന്നതിനു രണ്ടു ദിവസം മുന്നേ ഞാന്‍ ഗള്‍ഫിലേക്ക് പോന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top