Sunday, February 16, 2014

കഥ : കയ്പ്പും മധുരവും

"ഇക്കാര്യത്തില്‍ ന്യായീകരണങ്ങള്‍ക്കൊന്നും യാതൊരു പഴുതുമില്ല സാദിഖേ - അന്യപുരുഷന്മാരോട് സംസാരിക്കരുത് എന്ന് പറഞ്ഞാല്‍ അത്ര തന്നെ - അനുസരിക്കാനേ നമുക്ക് നിര്‍വ്വാഹമുള്ളൂ - ന്യായീകരിക്കാന്‍ നമുക്ക് അവകാശമില്ല"

അവളുടെ ശബ്ദത്തിലെ നിശ്ചയദാര്‍ഢൃത്തിലും നിരാശ ഒരു നേര്‍ത്തവിതുമ്പലായി അലിഞ്ഞു ചേര്‍ന്നിരുന്നു.

"പക്ഷെ, നമ്മള്‍ വെറും സുഹൃത്തുക്കള്‍ മാത്രമല്ലേ സറീനാ ?" അവന്‍റെ ശബ്ദത്തില്‍ നിസ്സഹായതയുണ്ടായിരുന്നു.

"ആയിരിക്കാം, പക്ഷെ കബീര്‍ക്ക എന്നോട് പറഞ്ഞതെന്താണെന്ന് നിനക്കറിയാമോ - അന്യപുരുഷന്മാരോട് സംസാരിച്ചാല്‍ ഒരിക്കലും പൊരുത്തം ഉണ്ടാകില്ലെന്ന്. ഭര്‍ത്താവിന്‍റെ പൊരുത്തമില്ലാതെ മരണപ്പെട്ടാലുള്ള അവസ്ഥയെ ഞാന്‍ ഭയക്കുന്നു സാദീ"

ഒരുനിമിഷം ഇരുവരും നിശബ്ദരായി.

"ഒരു കാര്യം ചോദിച്ചോട്ടെ ?" പെട്ടെന്ന് എന്തോ ആലോചിച്ച് തെല്ലോരാവേശത്തോടെ അവന്‍ ചോദിച്ചു.

"എന്താടാ ?"

"നീ എന്നോട് മിണ്ടും പോലെ നിന്‍റെ കബീര്‍ക്ക അന്യസ്ത്രീകളോട് മിണ്ടിയാല്‍ പ്രശ്നം തീര്‍ന്നില്ലേ ?"

അവള്‍ കുറേനേരം ചിരിച്ചു.

ചിരിക്കൊടുവില്‍ അവള്‍ പറഞ്ഞു - "നിന്‍റെ ഐഡിയയൊക്കെ കൊള്ളാം -പക്ഷെ നിനക്ക് കബീറിക്കാനെ ശരിക്കറിയാഞ്ഞിട്ടാ. മൂപ്പര് അതിനൊന്നും നില്‍ക്കില്ല"

"കബീര്‍ക്കാക്ക് ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടെന്നല്ലേ നീ പറഞ്ഞെ - എന്തായാലും ഒന്ന് ശ്രമിച്ചു നോക്കുന്നതില്‍ കുഴപ്പമില്ലല്ലോ. പക്ഷെ നിന്‍റെ സഹായം കൂടി വേണം" അവന്‍ പറഞ്ഞു.

"നീ പറഞ്ഞതുപോലെ കബീര്‍ക്ക വേറെ പെണ്ണുങ്ങളോട് സംസാരിക്കാന്‍ തുടങ്ങിയാല്‍ എനിക്ക് കുറ്റബോധത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. പക്ഷെ ഇക്കാര്യത്തില്‍ ഞാന്‍ എങ്ങനെ നിന്നെ സഹായിക്കാനാണ്?"

"അതൊക്കെ ഞാന്‍ റെഡിയാക്കും - നാളെ നീ നോക്കിക്കോ. നിന്‍റെ എന്ത് സഹായമാണ് വേണ്ടതെന്നു ഞാന്‍ വഴിയെ പറഞ്ഞു തരാം"

"എങ്കില്‍ ഞാന്‍ പോട്ടെ, മോള്‍ സ്കൂളില്‍ നിന്ന് വരാന്‍ സമയമായി"

പിറ്റേന്ന് സാദിഖ് ഒരു ചാറ്റ് കോപ്പി ചെയ്ത് സറീനക്കയച്ചു കൊടുത്തു.

അത് കബീര്‍ക്കയും ഏതോ ഒരു ഫാരിസയും തമ്മിലുള്ള ചാറ്റായിരുന്നു. അതുവായിച്ചവള്‍ തെല്ലല്‍ഭുതപ്പെടാതിരുന്നില്ല - തന്‍റെ കബീര്‍ക്കക്ക് ഇതുപോലെയൊക്കെ സംസാരിക്കാന്‍ അറിയാമോ ?

"ഇപ്പോള്‍ നിനക്കെന്തു തോന്നുന്നു ?" സാദിഖിന്‍റെ ശബ്ദത്തില്‍ ഒരു വിജയിയുടെ ഭാവമുണ്ടായിരുന്നു.

"പക്ഷെ ഇതു വെറുമൊരു പരിചയപ്പെടല്‍ മാത്രമല്ലേ സാദീ. ഇതൊന്നും എനിക്ക് നിന്നോട് സംസാരിക്കാനുള്ള ന്യായീകരണമല്ല."

"ശരി, എങ്കില്‍ കൂടുതല്‍ കോപ്പി പേസ്റ്റുകളുമായി നാളെ കാണാം"

പിറ്റേ ദിവസം അവന്‍ അവള്‍ക്കു കൊടുത്ത ചാറ്റ് ഹിസ്റ്ററിയില്‍ അവളുടെ കബീറിക്ക ആദ്യദിവസത്തെക്കാള്‍ ഒരുപാടു മുന്നേറിയിരുന്നു.

"ഞാന്‍ വരാന്‍ വൈകും, ഓഫീസില്‍ ജോലിയുണ്ട്" തലേന്ന് നാലുമണിയായപ്പോള്‍ കബീറിക്ക ഫോണ്‍ വിളിച്ചു പറഞ്ഞകാര്യം അവളുടെ ഓര്‍മ്മയിലെത്തി - അവള്‍ ചാറ്റിലെ സമയം നോക്കി - രണ്ടുമുപ്പതു മുതല്‍ ആറുമണി വരെ !

"ഇപ്പോഴും എനിക്ക് നിന്നോട് സംസാരിക്കാനുള്ള ന്യായീകരണമായില്ല സാദിഖ്, കബീറിക്ക വെറും ചാറ്റല്ലേ ചെയ്യുന്നുള്ളൂ" പിറ്റേന്നും പതിവുപോലെ അവനവളോട്‌ ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു.

"ശരി, അങ്ങനെയാണെങ്കില്‍ ഇനിയെനിക്ക് നിന്‍റെ സഹായം കൂടി വേണം. ഇന്ന് വൈകിട്ട് നിന്‍റെ വീടിനടുത്തുള്ള മൊബൈല്‍ ഷോപ്പിലെ സിയാദ് വഴി ഒരു സിം കാര്‍ഡ് ഞാന്‍ നിന്‍റെ വീട്ടിലെത്തിക്കും. ഞാന്‍ പറയുമ്പോള്‍ അതില്‍ നിന്ന് കബീറിക്കാനെ വിളിച്ചു ഞാന്‍ പറഞ്ഞു തരുന്നത് പോലെ നീ സംസാരിക്കണം." അവന്‍ പറഞ്ഞു.

"ങേ ഞാന്‍ സംസാരിക്കാനോ? അതൊന്നും ശരിയാകില്ല, അതുമല്ല എന്‍റെ ശബ്ദം കേട്ടാല്‍ കബീറിക്കാക്ക് എളുപ്പം മനസിലാകില്ലെ ?"

"അതിനൊക്കെ വഴിയുണ്ട്. ഞാന്‍ ഇപ്പൊ അയക്കുന്ന സോഫ്റ്റ്‌വെയര്‍ നിന്‍റെ ഫോണില്‍ ഇന്സ്ടാള്‍ ചെയ്താല്‍ മതി. ആര്‍ക്കും നിന്‍റെ ശബ്ദം തിരിച്ചറിയാന്‍ കഴിയില്ല"

കബീറിന്‍റെ കള്ളത്തരം പിടിക്കുവാനായതിനാല്‍ ആകാംക്ഷ അവളെക്കൊണ്ട് അതിനു സമ്മതിപ്പിച്ചു.

പിറ്റേന്ന് വൈകിട്ട് അഞ്ചു മണിക്ക് സാദിഖ് അവള്‍ക്കു മെസ്സേജ് അയച്ചു "ആ പുതിയ് സിമ്മില്‍ നിന്ന് കബീറിക്കാനെ വിളിക്കൂ, നിന്‍റെ പേര് ഫാരിസ എന്നാണെന്ന് മറക്കണ്ട, ബാക്കി വിവരങ്ങളോക്കെ ഞാന്‍ നേരത്തെ പറഞ്ഞു തന്നിട്ടുള്ളത് പോലെ"

"എനിക്ക് പേടിയാകുന്നെടാ" അവള്‍ കെഞ്ചി.

"എന്തിനാ പേടി, ഒരുതവണ ഒന്ന് വിളിച്ചു നോക്ക്. അപ്പൊ അറിയാലോ. പ്രോബ്ലം ആണേല്‍ കട്ട്‌ ചെയ്തേക്കു, പിന്നെ വിളിക്കേം വേണ്ട"

മനസ്സില്ലാ മനസ്സോടെ അവള്‍ കബീറിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.

കബീറിന്‍റെ ഫോണ്‍ റിംഗ് ചെയ്തു തുടങ്ങിയപ്പോള്‍ അവളുടെ നെഞ്ചു പടപടാ ഇടിച്ചു.

ഓരോ നിമിഷങ്ങള്‍ കടന്നു പോകുന്തോറും അവള്‍ ആത്മവിശ്വാസം ആര്‍ജ്ജിച്ചു കൊണ്ടിരുന്നു. സാദിഖ് പറഞ്ഞതുപോലെ കബീര്‍ അവളെ തിരിച്ചറിഞ്ഞില്ല. കബീറിന്‍റെ സംസാരം കേട്ട് അവള്‍ക്കത്ഭുതം തോന്നി - ഇതുവരെ തന്നോട് ഒരുവാക്ക് പോലും സ്നേഹമായി പറയാത്ത ആളാണോ ഇത്രയും പ്രണയാര്‍ദ്രമായി സംസാരിക്കുന്നത് !

ഫോണ്‍ വച്ചു കഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഒരുനിമിഷം എന്തോ ആലോചിച്ചിരുന്ന ശേഷം അവള്‍ സാദിഖിനൊരു ചാറ്റ് മെസ്സേജ് അയച്ചു - ഫാരിസയുടെ ലോഗിന്‍ ഐഡിയും പാസ്സ്‌വേര്‍ഡും തരണം, കബീറിക്കാനോട് എനിക്കൊന്നു ചാറ്റ് ചെയ്തു നോക്കണം"

ഉടനെ സാദിഖ് അവള്‍ക്കു ഐഡിയും പാസ്വേഡും കൊടുത്തു.

അത് കിട്ടിയ ഉടനെ ആദ്യം അവള്‍ ചെയ്തത് പാസ്വേഡും അത് റീസെറ്റ് ചെയ്യുന്ന സെക്യൂരിറ്റി ചോദ്യവും മാറ്റുകയായിരുന്നു. അതിനു ശേഷം അവള്‍ സാദിഖിനൊരു മെസ്സേജ് അയച്ചു.

"ഇത് നിനക്കുള്ള എന്‍റെ അവസാനത്തെ മെസ്സേജായിരിക്കും. ഭര്‍ത്താവില്‍ നിന്ന് ലഭിക്കാത്ത സ്നേഹം തേടിയാണ് ഒരുപാട് കുറ്റബോധത്തോടെയാണെങ്കിലും ഞാന്‍ നിന്നിലേക്കെത്തിച്ചേര്‍ന്നത്, പക്ഷെ പടച്ചവന്‍ വലിയവനാണെന്ന് തെളിഞ്ഞു. അറിഞ്ഞു കൊണ്ടല്ലെങ്കിലും എന്‍റെ ഭര്‍ത്താവില്‍ നിന്ന് മതിയാവോളം സ്നേഹം നുകരാന്‍ അവന്‍ നിന്നിലൂടെ തന്നെ എനിക്ക് വഴി കാണിച്ചു തന്നു. എനിക്കിനി ആരെയും ഭയക്കാതെ ചാറ്റ് ചെയ്യാം, സംസാരിക്കാം. ഞാന്‍ നിന്നെ ബ്ലോക്ക് ചെയ്യുന്നു, ദയവായി എന്നെ മറന്നേക്കുക - സ്വന്തം സറീന"

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top