Wednesday, February 26, 2014

നീണ്ടകഥ : അപരന്‍ (അദ്ധ്യായം 5 - ഉയര്‍ത്തെഴുന്നേല്‍പ്പ്)

കറുത്ത തുണികൊണ്ട് കണ്ണുകള്‍ മൂടിക്കെട്ടി ഞാനിട്ട അഞ്ചു കയ്യൊപ്പുകള്‍ അബു താഹ, മെഹര്‍ തലാലിന്‍റെ യഥാര്‍ത്ഥ കയ്യോപ്പുമായി ഒരു ലെന്‍സിലൂടെ സൂക്ഷമമായി താരതമ്യം ചെയ്തു.

പരിശോധന അവസാനിച്ചപ്പോള്‍ അബു താഹയുടെ മുഖത്ത് സംതൃപ്തി നിറഞ്ഞ ഒരു പുഞ്ചിരി വിടര്‍ന്നു.

"ഇനിയാണ് ഏറ്റവും കഠിനമായ പരിശീലനം. അതില്‍ കൂടി വിജയിച്ചേ പറ്റൂ. അതിനുശേഷം നീ പൂര്‍ണ്ണമായി മെഹര്‍ തലാലായി രൂപാന്തരം പ്രാപിക്കണം."

നാളെ രാവിലെ അവസാന അഗ്നിപരീക്ഷക്കായി തയ്യാറെടുക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് അബൂ താഹ യാത്രപറഞ്ഞു പോയി.

"എന്തായിരിക്കും ആ പരീക്ഷണം ?" എനിക്കനുവദിച്ച മുറിയിലെ കട്ടിലില്‍ ചാരിയിരുന്നു കൊണ്ട് ഞാന്‍ കുറെയേറ സമയം ആലോചിച്ചു. ആകസ്മികമായി ചിന്തകള്‍ വഴിതെറ്റി എന്‍റെ ബാല്യകാലത്തിലേക്ക് സഞ്ചരിച്ചു.

വേട്ടയാടിപ്പിടിച്ച മുയല്‍ക്കുഞ്ഞിനെ കയ്യില്‍ തൂക്കിപ്പിടിച്ച് കുന്നിന്‍ചരിവിറങ്ങിയോടുന്ന എനിക്കു പിന്നാലെ ഒരു കിലുക്കം പെട്ടിപോലെ ചിരിച്ചു കൊണ്ട് ഓടിവരുന്ന അനാം മാലിക് എന്നാ എന്‍റെ കുഞ്ഞനുജന്‍.

ചിരിച്ചും കളിച്ചും വീടിനുള്ളില്‍ എത്താനായപ്പോള്‍ അപ്രതീക്ഷിതമായി എന്‍റെ കൈയിലിരുന്ന മുയല്‍ക്കുഞ്ഞിനെ തട്ടിയെടുത്ത് പിതാവിനെയും, മാതാവിനെയും, സഹോദരിയെയൂം കാണിച്ച് അഭിമാനം കൊള്ളുന്ന അനാം.

അവന്‍റെ സന്തോഷം കണ്ട് കുടുംബാങ്ങളെ മാറിമാറി നോക്കി പുഞ്ചിരി തൂകി നില്‍ക്കുന്ന എന്‍റെ തോളില്‍ "മിടുക്കന്‍" എന്ന് കാതില്‍ മന്ത്രിച്ചു കൊണ്ട് മെല്ലെത്തട്ടുന്ന പിതാവ്.

ഊഷ്മളമായ വാത്സല്യം പുഞ്ചിരിയില്‍ നിറച്ചുകൊണ്ട് എന്‍റെ കവിളിലേക്ക്‌ ചേര്‍ത്തു പകര്‍ന്നു തരുന്ന എന്‍റെ മാതാവ്.

"നിന്നെയോര്‍ത്തു ഞാന്‍ അഭിമാനം കൊള്ളുന്നു എന്‍റെ പ്രിയജേഷ്ടാ" എന്ന് പറയാതെ പറഞ്ഞു കൊണ്ട് എന്‍റെ കുഞ്ഞനിയത്തിയുടെ പുഞ്ചിരി.

എന്‍റെ പ്രിയപ്പെട്ട അനാം - നീയെവിടെക്കാണ് പോയി മറഞ്ഞത് ?

മറക്കാന്‍ കൊതിക്കുന്ന, മഞ്ഞിന്‍റെ മണമുള്ള ഒരു പ്രഭാതത്തില്‍ അവനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടതാണ്.

എവിടേക്ക് പോയെന്നോ, ആരെങ്കിലും തട്ടിയെടുത്തോയെന്നോ ഒരു തെളിവോ സൂചനയോ നല്‍കാതെ ഞങ്ങളുടെ മനസ്സാകുന്ന ആകാശത്തില്‍ കാര്‍മേഘം നിറച്ചുകൊണ്ട് അവന്‍ എവിടെക്കോ പോയി. അന്നുമുതല്‍ പെയ്തു തുടങ്ങിയ എന്‍റെ മാതാവിന്‍റെ കണ്ണുകള്‍ ഇന്നും ഇടയ്ക്കിടെ അവനെയോര്‍ത്തു പെയ്തുതോരുന്നത് ഞാന്‍ കാണാറുണ്ട്‌.

എന്‍റെ കണ്ണുകളില്‍ നിന്ന് ഒരുതുള്ളി കണ്ണീര്‍ പൊടിഞ്ഞു.

ഇപ്പോഴെന്താണ് യാദൃശ്ചികമായി അവനെക്കുറിച്ചാലോചിച്ചതെന്നു ചിന്തിച്ചു കൊണ്ട് ഞാന്‍ കട്ടിലില്‍ കിടന്നു. അലസമായ ആ കിടത്തത്തിനോടുവില്‍ എപ്പോഴോ സുഖകരമായ ഒരു നിദ്രയിലേക്ക് ഞാന്‍ വഴുതിവീണു.

പിറ്റേന്ന് അതിരാവിലെ തന്നെ കറുമ്പന്‍മാരിലോരാള്‍ എന്നെ വിളിച്ചുണര്‍ത്തി.

ക്യാമ്പിനുള്ളിലെ കണങ്കാലുയരത്തില്‍ പച്ചപ്പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്ന ഒരു മൈതാനത്തിന്‍റെ ഏകദേശം മദ്ധ്യത്തിലായി പലകയില്‍ തീര്‍ത്ത ഒരു മനുഷ്യ രൂപം വച്ചിരുന്നു.

അതിന്‍റെ ശിരസ്സിന്‍റെ ഭാഗത്ത്‌, ഉന്നം നോക്കി വെടിവെക്കാന്‍ ലക്ഷ്യം വച്ച് ഉള്ളിലേക്ക് പോകുന്തോറും ചെറുതായി വരുന്ന നാലുവൃത്തങ്ങള്‍ വരച്ചടയാളപ്പെടുത്തിയിരുന്നു.

ഒരു കറുമ്പന്‍ എന്‍റെ കയ്യിലെക്കൊരു പിസ്റ്റള്‍ വച്ചു തന്നുകൊണ്ട് ലക്ഷ്യത്തിലേക്ക് ചൂണ്ടിക്കാണിച്ച് ഉന്നം തെറ്റാതെ നിറയോഴിക്കാനാവശ്യപ്പെട്ടു.

പതിനെട്ടു വയസ്സ് തികഞ്ഞ ബവേറിയന്‍ യുവാക്കള്‍ക്കെല്ലാം നിര്‍ബന്ധമായ മൂന്നു വര്‍ഷത്തെ സൈനികസേവനം ഞാനും പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നു.

ഞങ്ങളുടെ റെജിമെന്‍റിലെ ഏറ്റവും മികച്ച ഷൂട്ടര്‍മാരില്‍ ഒരാളായിരുന്നു ഞാന്‍.

അതുകൊണ്ടുതന്നെ ആ പരീക്ഷണം ഞാന്‍ അനായാസമായി പൂര്‍ത്തിയാക്കി. പലപ്പോഴും ഞാനുതിര്‍ത്ത വെടിയുണ്ടകള്‍ ലക്ഷ്യത്തില്‍ ഏറ്റവും ഉള്ളിലുള്ള ചെറിയ വൃത്തത്തില്‍ തന്നെ തറച്ചു.

വെടിവെപ്പ് പരിശീലനം അവസാനിച്ചതായി അറിയിച്ചു കൊണ്ട് ഒരുവന്‍ എന്‍റെ കയ്യില്‍ നിന്ന് പിസ്റ്റള്‍ പിടിച്ചു വാങ്ങി പോക്കറ്റിലേക്ക് തിരുകി.

രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ലാത്തതിനാല്‍ എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു.

ഞാനവനോട് ഭക്ഷണം ആവശ്യപ്പെട്ടപ്പോള്‍ അതിനു മറുപടി പറയാതെ അവന്‍ തന്നെ പിന്തുടരുവാന്‍ ആവശ്യപ്പെട്ടു.

അവന് പിന്നാലെ നടന്നു ഞാന്‍ എത്തിച്ചേര്‍ന്നത് ഇരുവശത്തും കുറെ ജയിലുകളുള്ള ഒരു നീണ്ട ഇടനാഴിയിലായിരുന്നു.

ഇരുമ്പഴികളുള്ള ഒരു കുടുസ്സു മുറിയുടെ മുന്നിലെത്തിയപ്പോള്‍ അവന്‍ നിന്നു.

എതിര്‍ത്ത എന്നെ അവനും പിന്നാലെ വന്ന മറ്റേ കറുമ്പനും ചേര്‍ന്ന് ബലമായി അകത്തേക്ക് തള്ളിക്കയറ്റി. ഞാന്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ അവരതിന്‍റെ വാതിലടച്ച് താഴിട്ടു പൂട്ടി.

"ഹേ, നിങ്ങളെന്താണീ കാണിക്കുന്നത്, എന്നെയെന്തിണാണിതിനകത്തിട്ടടക്കുന്നത് ?" ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് അലറി. പക്ഷെ എന്‍റെ ശബ്ദം ആ ഇടനാഴിക്കുള്ളില്‍ പ്രതിധ്വനികള്‍ സൃഷ്ടിച്ചു നിരര്‍ത്ഥകമായി തിരിച്ചു വന്നതേയുള്ളൂ.

പൊടുന്നനെ എന്തോ ശബ്ദം കേട്ട് ഞാന്‍ മുകളിലേക്ക് നോക്കി - അറയുടെ മേല്‍ക്കൂര മെല്ലെ താഴേക്ക്‌ വന്നു കൊണ്ടിരിക്കുന്നു. അറക്കുള്ളില്‍ നിവര്‍ന്നു നില്‍ക്കാന്‍ സാധ്യമല്ലാത്ത ഉയരത്തിലെത്തിയപ്പോള്‍ അത് താനേ നിശ്ചലമായി.

ദിവസങ്ങളുടെ ദൈര്‍ഘ്യത്തില്‍ നിമിഷങ്ങള്‍ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

ഏറെ നേരം കുനിഞ്ഞു നിന്ന് നടുവ് വേദനിച്ചപ്പോള്‍ ഞാന്‍ തറയില്‍ കിടക്കാന്‍ ശ്രമിച്ചു - അപ്പൊള്‍ മാത്രമാണ് തറയില്‍ ഏകദേശം രണ്ടിഞ്ചു കനത്തില്‍ വെള്ളം തളം കെട്ടിക്കിടക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. വിധിയെ ശപിച്ചു കൊണ്ട് ഞാന്‍ ഒരുവിധം അതിനകത്ത് കഴിച്ചുകൂട്ടി.

അല്‍പ്പം സമയം കഴിഞ്ഞപ്പോള്‍ ഇടനാഴിയില്‍ ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ട് ഞാനങ്ങോട്ട് നോക്കി - അബൂ താഹ ഇരുമ്പഴികള്‍ക്കപ്പുറത്ത് നിന്ന് എന്നെനോക്കി ചിരിച്ചു.

"ഒരുപാട് ബുദ്ധിമുട്ടുണ്ടോ ?"

മറുപടി പറയാതെ ഞാന്‍ നിലത്തേക്ക് കാര്‍ക്കിച്ചു തുപ്പി. മുഖത്തു മറ്റൊരു ഭാവവ്യത്യാസവുമില്ലാതെ അബൂ താഹ ചിരിച്ചു കൊണ്ട് നിന്നു.

"എന്നെ എന്തിനാ ഈ നരകത്തില്‍ ഇട്ടിരിക്കുന്നത് ? നിങ്ങള്‍ പറയുന്നതെല്ലാം ഞാന്‍ അനുസരിക്കുന്നുണ്ടല്ലോ - ദയവായി എനെ തുറന്നു വിടൂ" ഞാന്‍ അപേക്ഷിച്ചു.

"അതുകൊണ്ടാണല്ലോ നീയിപ്പോഴും ജീവനോടെയിരിക്കുന്നത്‌ - തുറന്നുവിടാം, പക്ഷെ എത്ര കഠിനമായ പരീക്ഷണങ്ങള്‍ നേരിട്ടാലും നീയിനി ഒരിക്കലും ബനീ മാലിക് എന്ന പേര് ഉച്ചരിച്ചു പോലും പോകില്ലെന്ന് ഞങ്ങള്‍ക്കുറപ്പു വേണം. ബനീ മാലിക് മരിച്ചു കഴിഞ്ഞു - നീയിനി മെഹര്‍ തലാലാണ്"

ഞാന്‍ അയാള്‍ക്ക്‌ മറുപടി നല്‍കിയില്ല.

ഒരുനിമിഷം എന്നെ നോക്കി നിന്നശേഷം ഉറച്ചകാലടികളോടെ അബൂതാഹ നടന്നു നീങ്ങുന്നത്‌ നിരാശനിറഞ്ഞ മുഖഭാവത്തോടെ ഞാന്‍ നോക്കി നിന്നു.

അയാള്‍ കടന്നു പോയ ഉടനെ ആ ഇടനാഴിയെയും ജയിലറയെയും പ്രകാശിപ്പിച്ചു കൊണ്ടിരുന്ന ബള്‍ബുകളെല്ലാം അണഞ്ഞു. കൂരാക്കൂരിരുട്ടില്‍ എന്‍റെ പ്രയാസം അനേകം മടങ്ങായി. ഞാനറിയാതെ എന്നില്‍ നിന്നൊരു നിലവിളിയുയര്‍ന്നു.

എത്ര സമയം കഴിഞ്ഞു പോയെന്ന് പോലും എനിക്കറിയില്ലായിരുന്നു.

ആ കുടുസ്സു മുറിക്കുള്ളിലെ കൂരിരുളില്‍ നിവര്‍ന്നു നില്‍ക്കാനോ, ഇരിക്കാനോ കിടക്കാനോ കഴിയാതെ ഞാന്‍ നരകയാതന അനുഭവിച്ചു കഴിച്ചുകൂട്ടി.

കത്തിക്കാളുന്ന വിശപ്പും കുടലിനെ പൊള്ളിക്കുന്ന ദാഹവും നിമിത്തം എന്‍റെ ചുണ്ടുകള്‍ വരണ്ടുണങ്ങി.

ഉറക്കം വന്നിട്ടും ഉറങ്ങാനാവാതെ ഞാന്‍ ഉറക്കെയുറക്കെ പൊട്ടിക്കരഞ്ഞു.

പിന്നെയെപ്പോഴോ ഞാന്‍ പ്രജ്ഞയറ്റ് താഴേക്ക്‌ മറിഞ്ഞു വീണു.

ബോധം വന്നപ്പോള്‍ മറ്റൊരു മുറിയിലെ മേശയില്‍ മലര്‍ന്നു കിടക്കുകയായിരുന്നു ഞാന്‍.

എഴുന്നെറ്റിരിക്കാന്‍ ഞാനൊരു വൃഥാശ്രമം നടത്തി നോക്കിയെങ്കിലും പാതിയുയര്‍ത്തിയ കഴുത്ത് മേശയിലേക്ക്‌ തന്നെ കുഴഞ്ഞു വീണു.

ആരോ വാതില്‍ തുറന്ന് നടന്നടുക്കുന്നത് കേട്ട് ഞാന്‍ കിടന്നകിടപ്പില്‍ തലചരിച്ചുവച്ചു നോക്കി, എന്നെ മെഹര്‍ തലാലിന്‍റെ കയ്യോപ്പിടാന്‍ പഠിപ്പിച്ച സുന്ദരിയായ യുവതിയായിരുന്നു അത്.

ദൈന്യത നിറഞ്ഞ ക്ഷീണിതമായ കണ്ണുകളോടെ ഞാന്‍ നോക്കിക്കിടക്കെ ധരിച്ചിരുന്ന ചാരനിറമുള്ള രോമക്കുപ്പായം ഊരിയവള്‍ ഭിത്തിയിലെ കൊളുത്തില്‍ തൂക്കിയിട്ടു.

കാല്‍മുട്ടിന് മുകളില്‍ വരെ മത്രം ഇറക്കമുള്ള ഇറുകിയ കറുത്ത പാവാടയിലും തൂവെള്ള ലിനന്‍ ഷര്‍ട്ടിലും അവള്‍ അതിസുന്ദരിയായിരുന്നെങ്കിലും അതാസ്വദിക്കുവാന്‍ തക്ക മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍.

സാവധാനം അവളെന്‍റെ ശരീരത്തില്‍ നിന്ന് വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി.

പ്രതികരിക്കാനാവാത്തത്തിലുള്ള തീവ്രമായ മനോവിഷമവും ലജ്ജയും മൂലം ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് മുഖം അവളില്‍ നിന്ന് തിരിച്ചു പിടിച്ച് കിടന്നു.

എന്‍റെ ശരീരമാസകലം അവള്‍ എണ്ണ പുരട്ടി തടവാന്‍ തുടങ്ങി.

അതിനു ശേഷം അവള്‍ എന്നെ കിടത്തിയിരുന്ന ചക്രങ്ങള്‍ ഘടിപ്പിച്ച മേശ, മുറിയുടെ അനുബന്ധമായുണ്ടായിരുന്ന കുളിമുറിയിലേക്ക് തള്ളിക്കൊണ്ട് പോയി.

ഭിത്തിയില്‍ കൊളുത്തിവച്ചിരുന്ന ഷവറെടുത്തുതുറന്ന് ചെറുചൂടുവെള്ളത്തില്‍ എന്നെ നന്നായി സോപ്പ് തേച്ച് കുളിപ്പിച്ചു.

കുളി കഴിഞ്ഞപ്പോള്‍ അവള്‍ തന്നെ ടവ്വല്‍ കൊണ്ട് എന്‍റെ ശരീരം നന്നായി തുടച്ചു തന്നു. ക്ഷീണം കൊണ്ട് എനിക്ക് തലചുറ്റി.

മേശ തിരികെ മുറിക്കകത്തെക്ക് തന്നെ തള്ളിക്കൊണ്ട് വന്ന ശേഷം, എന്നെ മേശയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സഹായിച്ചു.

മുറിയുടെ ഒരരുകിലായി കിടന്നിരുന്ന തീന്‍മേശക്കടുത്തെക്ക് മെല്ലെ നടത്തി.

അവിടെക്കിടന്നിരുന്ന കൈപ്പിടിയുള്ള സുഖകമായ തോല്‍കസേരയില്‍ ചാരിയിരുത്തി. ക്ഷീണം കൊണ്ട് എന്‍റെ തല ഇടയ്ക്കിടെ ഒരുവശത്തേക്ക്‌ ചരിഞ്ഞു വീണു കൊണ്ടിരുന്നു.

മേശപ്പുറത്ത് അടച്ചു വച്ചിരുന്ന ആവിപറക്കുന്ന പാത്രങ്ങള്‍ അവള്‍ തുറന്നു.

രുചികരമായ ഭക്ഷണത്തിന്‍റെ മനം 'മയക്കുന്ന ഗന്ധം എന്‍റെ നാസാരന്ദ്രങ്ങളിലേക്കടിച്ചു കയറിയപ്പോള്‍ ഭക്ഷണം കഴിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് ബോധം നഷ്ടമാകുന്നതുപോലെയെനിക്ക് തോന്നി.

ആദ്യം അവള്‍ ഒരു ഗ്ലാസില്‍ ഇളം തണുപ്പുള്ള നാരങ്ങാനീര്‍ പകര്‍ന്നു തന്നു. ഞാനത് ആര്‍ത്തോയോടെ ഒറ്റവലിക്ക് കുടിച്ചു തീത്തു.

പിന്നെ അവള്‍ തന്നെ പാത്രത്തില്‍ നിന്ന് സ്പൂണ്‍ കൊണ്ട് ഭക്ഷണം അല്‍പ്പാല്‍പ്പമായി കോരിയെടുത്ത് എന്‍റെ വായില്‍ വച്ചു തന്നു.

രണ്ടു സ്പൂണ്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ കൈകള്‍ തട്ടിമാറ്റിക്കൊണ്ട് ഞാന്‍ തന്നെ പാത്രത്തില്‍ നിന്ന് ഭക്ഷണം വാരിക്കഴിച്ചു. നിമിഷ നേരം കൊണ്ട് ഞാന്‍ ആ പാത്രത്തില്‍ ഉണ്ടായിരുന്ന ഭക്ഷണം മുഴുവനും ഞാന്‍ കഴിച്ചു തീര്‍ത്തു.

വയറുനിറഞ്ഞ സന്തോഷത്തില്‍ ഞാനവളെ നന്ദിയോടെ നോക്കിച്ചിരിച്ചപ്പോള്‍ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളെന്നോടെഴുന്നേല്‍ക്കാനാവശ്യപ്പെട്ടു.

അവള്‍ക്കു പിന്നാലെ നടന്ന് ഞാന്‍ തൊട്ടപ്പുറത്തുള്ള മനോഹരമായ കിടപ്പുമുറിയിലെക്കേത്തിച്ചെര്‍ന്നു.

കിടക്കയില്‍ ഇരുന്ന എന്നെ അവള്‍ മെല്ലെ പിടിച്ചു നേരെ കിടത്തി.

മുറിക്കുള്ളില്‍ സുഖകരമായ കുളിരുപകര്‍ന്നു കൊണ്ട് എയര്‍കണ്ടീഷണര്‍ മുരളുന്നുണ്ടായിരുന്നു.

പതുപതുത്ത കിടക്കയുടെ സുഖത്തില്‍ ഉറക്കം എന്‍റെ കണ്ണുകളിലേക്കു ഒരു കൊടുങ്കാറ്റു പോലെ കടന്നുവന്നു.

കട്ടിയുള്ള ഒരു കമ്പളി കൊണ്ട് എന്നെ പുതപ്പിച്ച് ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് നോക്കി പുഞ്ചിരിച്ചു കൊണ്ട് അവള്‍ നില്‍ക്കവേ എന്‍റെ കണ്ണുകളില്‍ പതിയെപ്പതിയെ അവളുടെ രൂപം അവ്യക്തമായി വന്നു - ഞാന്‍ ഗാഡമായ നിദ്രയിലാണ്ടു പോയി.

കുറെ നേരമായിക്കാണണം ആ കറുമ്പന്‍ എന്നെയുണര്‍ത്തുവാനായി ശക്തിയായി കുലുക്കി കുലുക്കി വിളിച്ചു കൊണ്ടിരുന്നത് - ഞാന്‍ ഏറെ പ്രയാസപ്പെട്ടു കണ്ണുകള്‍ വലിച്ചു തുറന്നു.

ഉറക്കം തടസ്സപ്പെടുത്തിയ ദേഷ്യത്തില്‍ ഞാന്‍ എന്തൊക്കെയോ പരസ്പരബന്ധമായി പിറുപിറുക്കുന്നുണ്ടായിരുന്നു.

അപ്രതീക്ഷിതമായി അവനെന്‍റെ മുഖത്ത് രണ്ടുതവണ ആഞ്ഞടിച്ചു.

പിന്നെ ഇരുകൈകളിലും പിടിച്ചു വലിച്ചെന്നെ എഴുന്നേല്‍പ്പിച്ചു നീക്കി നിര്‍ത്തിയപ്പോള്‍ മറ്റേ കറുമ്പന്‍ ഒരു ബക്കറ്റില്‍ കൊണ്ടുവന്ന വെള്ളം എന്‍റെ മുഖത്തേക്ക് ശക്തിയായി ഒഴിച്ചു.

ഉറക്കക്ഷീണവും, ശരീരത്തിന്‍റെ തളര്‍ച്ചയും കൊണ്ട് ഞാന്‍ ഏകദേശം ഭ്രാന്തിന്‍റെ വക്കിലെത്തിയിരുന്നു.

"നിങ്ങള്‍ക്കെന്താണ് വേണ്ടത് ?" അവ്യക്തമായ ശബ്ദത്തില്‍ ഞാന്‍ ഉറക്കെ അലറി.

"നീയാരാണ് ?" ഒരുത്തന്‍ ചോദിച്ചു.

"ഞാന്‍....ബ." മറുപടി പറയാന്‍ വാതുറന്ന എന്‍റെ തലച്ചോറില്‍ എന്തൊക്കെയോ പെട്ടെന്ന് മിന്നിമറഞ്ഞു. തലേദിവസം അബൂതാഹ പറഞ്ഞ വാക്കുകള്‍ യാദൃശ്ചികമായി എന്‍റെ കാതുകളില്‍ മുഴങ്ങി.

"ഞാന്‍ മെഹര്‍ തലാല്‍" ഭ്രാന്തു പിടിച്ചപോലെ ആവേശത്തില്‍ ഞാന്‍ അട്ടഹസിച്ചു.

"ഞാന്‍ മെഹര്‍ തലാല്‍ , മെഹര്‍ തലാല്‍" എന്‍റെ ഉച്ചത്തിലുള്ള ശബ്ദം ആ മുറിക്കുള്ളില്‍ പ്രകമ്പനം കൊണ്ടു. എന്നെ ശക്തിയായി കിടക്കയിലേക്ക് പിടിച്ചു തള്ളിക്കൊണ്ട് അവര്‍ മുറിവിട്ടു പോയി.

ഒന്നും ആലോചിക്കാനാവാതെ കിടന്ന കിടപ്പില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ വീണ്ടും ഉറക്കത്തിന്‍റെ അഗാധതയിലേക്ക്‌ വീണുപോയി.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top