Wednesday, February 5, 2014

കഥ : സുലൈമാന്‍ "മേടി"ക്കല്‍സ്

"കാലിനെന്തുപറ്റി മനുഷ്യാ ?"

പതിവില്ലാതെ ടോണിയേട്ടന്‍ മമ്മൂട്ടിയെപ്പോലെ നടക്കുന്നത് കണ്ടു ഞാന്‍ ചോദിച്ചു.

"പിന്നെപ്പറയാം" കൂടെയുള്ള മാനേജര്‍ പോട്ടെയെന്ന് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് ടോണിയേട്ടന്‍ മന്ത്രിച്ചു - "എന്തോ പണി കിട്ടിയ ലക്ഷണമുണ്ട്" , ഞാന്‍ മനസ്സില്‍ കരുതി.

"ഇന്നലെ രാത്രി എട്ടുമണിയോടെ ഞാന്‍ ഷിഫ ഹോസ്പിറ്റലില്‍ പോയി. രണ്ടു കാലിനും മുട്ടിനു മുകളില്‍ പിന്‍ഭാഗത്ത്‌ ഒരു വലിച്ചില്‍ പോലെ. പക്ഷെ അവിടെ ചെന്നപ്പോള്‍ ഡോക്ടര്‍മാര്‍ ആരുമില്ല, ആകെയുള്ളത് ഒരു പച്ച ഡോക്ടര്‍. അവനെ കാണേണ്ടന്നു റിസപ്ഷനില്‍ ഇരുന്നിരുന്ന മലയാളി തന്നെ പറഞ്ഞപ്പോള്‍ ഞാന്‍ നമ്മുടെ സുലൈമാന്‍റെ അടുത്തേക്ക് പോയി."

ഞങ്ങള്‍ താമസിക്കുന്നതിനടുത്തു തുടങ്ങിയ പുതിയ മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റാണ് മിസ്രിയായ സുലൈമാന്‍.

ഞങ്ങള്‍ താമസിക്കുന്ന ഏരിയയില്‍ 95% പാക്കിസ്ഥാനികളായതിനാല്‍ അവരോടു സംസാരിച്ചു സംസാരിച്ച് ചുരുങ്ങിയ സമയം കൊണ്ട് സുലൈമാന്‍ ഒരുവിധം നന്നായി ഉറുദു പഠിച്ചിട്ടുണ്ട്.

പച്ചകളില്‍ ഭൂരിപക്ഷത്തിനും മെഡിക്കല്‍ ഇന്ഷുറന്‍സ് കാര്‍ഡോന്നുമില്ലാത്തതിനാല്‍ മെഡിക്കല്‍ ഷോപ്പില്‍ ചെന്ന് മിസ്രികളായ "ദൊക്തൂര്‍മാരോട്" വിവരം പറഞ്ഞു മരുന്ന് വാങ്ങിക്കഴിക്കലാണ് പതിവ്.

കുറച്ചു ദിവസം മുന്നേ ടോണിയേട്ടന്‍ എന്തോ മരുന്ന് വാങ്ങാന്‍ ആ മെഡിക്കല്‍ ഷോപ്പില്‍ പോകുകയും സുലൈമാനുമായി നല്ല കമ്പനി ആകുകയും ചെയ്തു - അതില്‍പിന്നെ പലപ്പോഴും സുലൈമാനെ പുകഴ്ത്തി എന്നോട് പറയാറുമുണ്ട്.

"വേദന മസില്‍ പിടുത്തം മൂലമാണ്, ആശുപത്രിയില്‍ പോയി ഇന്‍ജക്ഷന്‍ എടുക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു - എനിക്ക് സുലൈമാനെ വിശ്വാസമാണ് - പറ്റുമെങ്കില്‍ നീ തന്നെ ഇന്‍ജക്ഷന്‍ എടുത്തു താ"

"എന്നിട്ട് ?"

"കടയില്‍ ഉണ്ടായിരുന്ന ആളുകള്‍ പോയിക്കഴിഞ്ഞപ്പോള്‍ സുലൈമാന്‍ ഷട്ടര്‍ താഴ്ത്തി എന്‍റെ പാന്റൂരി രണ്ടു തുടയിലും ഓരോ ഇന്‍ജക്ഷന്‍ എടുത്തു - അതോടെ വേദന പോയി"

"എന്നിട്ട് ഇന്ന് രാവിലെ വീണ്ടും തുടങ്ങിയല്ലെ ? എന്ത് മണ്ടത്തരം ആണെന്‍റെ ടോണിയേട്ടാ, എന്നെ വിളിക്കായിരുന്നില്ലേ, നമുക്ക് കഫീലിന്‍റെ ഹോസ്പിറ്റലില്‍ പോകാമായിരുന്നല്ലോ" ഞാന്‍ പറഞ്ഞു.

ടോണിയേട്ടന്‍ ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു.

ഇന്ന് സന്ധ്യക്ക്‌ ഞാന്‍ കടയില്‍ പോയി വരുമ്പോള്‍ ടോണിയേട്ടന്‍ ഫ്ലാറ്റിനു താഴെയുള്ള കടക്കു മുന്നില്‍ നില്‍ക്കുന്നു.

എന്നെക്കണ്ടപ്പോള്‍ അടുത്തേക്ക് വന്നുകൊണ്ട്‌ പറഞ്ഞു "തനിക്കൊരു കഥയ്ക്കുള്ള വകുപ്പുണ്ട്"

"എന്താ ?" ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.

"ഇന്നലെ ഇന്‍ജക്ഷന്‍ എടുത്തു കഴിഞ്ഞപ്പോള്‍ കടയിലുള്ള പ്രഷര്‍ നോക്കുന്ന മഷീനില്‍ സുലൈമാന്‍ എന്നെക്കൊണ്ട് ബ്ലഡ് പ്രഷര്‍ നോക്കിച്ചു. ഹൈ ബിപി 150 കണ്ടപ്പോള്‍ "ഉടനെ മരുന്ന് കഴിച്ചു തുടങ്ങിയില്ലെങ്കില്‍ തട്ടിപ്പോകുമെന്ന്" പറഞ്ഞെന്നെ പേടിപ്പിച്ച് ബിപിക്കുള്ള മരുന്നും വാങ്ങിപ്പിച്ചു - മൊത്തം നൂറ്റി ഇരുപതു റിയാലും വാങ്ങി"

"എന്നിട്ട് ?"

"ഇന്നലെ അതും വാങ്ങി വന്നപ്പോള്‍ മുതല്‍ റൂം മേറ്റ്സ് പറയുന്നതാണ് - ആശുപത്രിയില്‍ പോയി ഡോക്ടറെ കാണാതെ അത് കഴിക്കരുതെന്ന്.

അങ്ങനെ ഞാന്‍ വൈകിട്ട് ഷിഫയില്‍ പോയി സ്റ്റാന്‍ലി ഡോക്ടറെ കണ്ടു. പ്രഷര്‍ ചെക്ക് ചെയ്തപ്പോള്‍ 130. "ഇത് തികച്ചും നോര്‍മലാണല്ലോ - ഒരുമരുന്നും കഴിക്കേണ്ട ആവശ്യമില്ലെന്നു ഡോക്ടര്‍"

"അപ്പൊ സുലൈമാന്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ കണ്ടതോ ?"

"മെഡിക്കല്‍ ഷോപ്പിലെ ഇലക്ട്രോണിക് മഷീനിലൊക്കെ കാണുന്നത് വിശ്വസിക്കരുത്, അവന്മാര്‍ വിലകൂടിയ മരുന്ന് നമ്മളെക്കൊണ്ട് വാങ്ങിപ്പിക്കാന്‍ വേണ്ടി മനപൂര്‍വ്വം സെറ്റ് ചെയ്തു വെക്കുന്നതാകുമെന്നു ഡോക്ടര്‍ പറഞ്ഞു. "

"ഭാഗ്യം അവന്‍ തന്ന മരുന്ന് കഴിക്കാതിരുന്നത്, അതൊക്കെ കൊണ്ടുപോയി അവന് തിരിച്ചു കൊടുത്തു കാശ് വാങ്ങിക്ക് ടോണിയേട്ടാ" ഞാന്‍ രോഷത്തോടെ പറഞ്ഞു.

"മരുന്ന് കഴിക്കേണ്ട ആവശ്യമില്ലെന്ന് ഒന്നൂടെ ഡോക്ടറോട് ചോദിച്ച് ഉറപ്പുവരുത്തിയ ശേഷം ഞാന്‍ സുലൈമാന്‍ തന്ന മരുന്നുകളെടുത്തു ഡോക്ടര്‍ക്ക് കൊടുത്തു. അത് നോക്കി - "ഇതൊക്കെ ഭയങ്കര വിലയുള്ള മെഡിസിന്‍സ് ആണല്ലോഡോയെന്നു ഡോക്ടര്‍ "

"അതെന്തിനാ അങ്ങേര്‍ക്കു കൊടുത്തെ ?"

"അവിടെ വരുന്ന മെഡിക്കല്‍ കാര്‍ഡില്ലാത്ത പാവപ്പെട്ട രോഗികള്‍ക്ക് കൊടുത്തേക്കാന്‍ പറഞ്ഞു. ഡോക്ടര്‍ക്കും സന്തോഷമായി"

"എന്തായാലും നന്നായി, വെറുതെ അവന്‍ തന്ന മരുന്നൊക്കെ കഴിച്ചിരുന്നെങ്കില്‍ ഇല്ലാത്ത രോഗമോക്കെ വന്നേനെ"

പതിവ് ചിരിയോടെ എന്നോട് യാത്ര പറഞ്ഞ് ടോണിയേട്ടന്‍ നടന്നു നീങ്ങി.

ഞാനാ പോക്കു നോക്കി അല്‍പ്പസമയം നിന്നു - അല്ലെങ്കിലും നല്ലവര്‍ക്കു നേരെ തെല്ലുപോലും മനസ്സാക്ഷിയില്ലാതെ കണ്ണടക്കാന്‍ ദൈവം അത്ര ക്രൂരനൊന്നും ആയിട്ടില്ല !

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top