Saturday, February 22, 2014

നീണ്ടകഥ : അപരന്‍ (അദ്ധ്യായം 2 - കഠിന പരീക്ഷണങ്ങള്‍)

തുടര്‍ന്നുള്ള ഏതാനും നാളുകള്‍ പീഡനത്തിന്‍റെതായിരുന്നു !

അവന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ - ബനീ മാലിക് എന്ന ഞാന്‍ പൂര്‍ണ്ണമായും മെഹര്‍ തലാല്‍ എന്നാ അവനായി രൂപാന്തരം പ്രാപിക്കുവാനുള്ള കഠിനപരിശീലനത്തിന്‍റെ.

പീഡനക്യാമ്പ് ഞാന്‍ ഉദ്ദേശിച്ചതിലും ഏറെ വലുതായിരുന്നു.

പുറമേ കാണുന്ന കൊച്ചു കെട്ടിടം ഒരു കൂറ്റന്‍ ഐസ്ബര്‍ഗിന്‍റെ വെള്ളത്തിന്‌ മുകളില്‍ കാണുന്ന ഒരു ദൃശ്യം മാത്രമായിരുന്നു.

ഭൂമിക്കടിയിലേക്ക് തുറക്കുന്ന തുരങ്കങ്ങള്‍ അവസാനിക്കുന്നത് ഭൂമിയിലെ നരകങ്ങളിലെക്കായിരുന്നു !

ആദ്യ ദിവസം എന്നെ കൊണ്ട് പോയത് മനോഹരമായി അലങ്കരിച്ച ഒരു മുറിയിലേക്കായിരുന്നു. നടുവില്‍ കെട്ടിപ്പൊക്കിയ വൃത്താകൃതിയിലുള്ള കമാനങ്ങളില്‍ ഒരേ തരത്തില്‍പ്പെട്ട വിലകൂടിയ ഫ്രഞ്ച് മദ്യകുപ്പികള്‍ നിരനിരയായി അടുക്കി വച്ചിരുന്നു.

ഒന്നും മനസിലാകാതെ മദ്യക്കുപികള്‍ പ്രതിഫലിപ്പിക്കുന്ന വെള്ളിവെളിച്ചത്തിന്‍റെ വിഭ്രാത്മകതയില്‍ മതി മറന്നു നിന്നുപോയ എന്നെ പിറകില്‍ നിന്ന് ആരോ നടന്നടുക്കുന്ന കാല്‍പ്പെരുമാറ്റമാണ് ഉണര്‍ത്തിയത്. ഞാന്‍ തിരിഞ്ഞു നോക്കി. കറുത്ത സ്യൂട്ടിട്ട കഷണ്ടിയുള്ള ഒരു മദ്ധ്യവയസ്കന്‍.

അയാളുടെ നെറ്റിയുടെ അല്‍പ്പം മുകളിലായി വലിയൊരു കറുത്ത വലിയൊരു മറുകുണ്ടായിരുന്നു.

"ഞാന്‍ അബൂ താഹ" നിറഞ്ഞ ചിരിയോടെ ഹസ്തദാനത്തിനായി കൈനീട്ടിക്കൊണ്ടു അയാള്‍ പറഞ്ഞു.

"ഞാന്‍ ബനീ മാലിക്" അയാളുടെ കൈപിടിച്ച് കുലുക്കിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു.

അബൂ താഹ എന്ന അയാള്‍ അട്ടഹസിച്ചു ചിരിച്ചു. ചിരിക്കൊടുവില്‍ അയാളുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു.

"നീ ബനീ മാലിക്കല്ല, അവന്‍ മരിച്ചു, നീ തലാലാണ്, മെഹര്‍ തലാല്‍"

അല്‍പ്പ സമയം മുന്‍പ് നഷ്ടമായ ഭയവും പിരിമുറുക്കവും എന്‍റെ മുഖത്തേക്ക് വീണ്ടും തിരികെ വന്നു.

അയാള്‍ തിരിഞ്ഞു നിന്ന് വാതില്‍ക്കലേക്ക് നോക്കി രണ്ടുതവണ കൈയടിച്ചു. കറുത്ത സ്യൂട്ട് ധരിച്ച കാഴ്ചക്ക് ഏകദേശം ഒരേ പോലെ തോന്നിപ്പിക്കുന്ന രണ്ടു നീഗ്രോകള്‍ കടന്നു വന്നു. അവരുടെ ത്വക്കിന്‍റെയും സ്യൂട്ടിന്‍റെയും നിറങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു.

"ഇവരാണ് കുറച്ചു ദിവസത്തേക്ക് നിന്‍റെ അധ്യാപകര്‍. പഠിക്കാന്‍ വിഷമമുള്ള പാഠങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇവര്‍ നിന്നെ പഠിപ്പിക്കും. എളുപ്പം പഠിച്ചാല്‍ അത്രയും നേരത്തെ നിനക്കു ജീവിതത്തിലേക്ക് തിരികെ വരാം - പക്ഷെ മെഹര്‍ തലാലായി മാത്രം. ഇല്ലെങ്കില്‍....."

ആ വിട്ടുപോയ വാക്കുകളുടെ അര്‍ഥം എനിക്കറിയാമായിരുന്നെന്ന് ഉറപ്പുള്ളത് പോലെ ഒരിക്കല്‍ കൂടി എന്‍റെ മുഖത്തേക്ക് നോക്കി മന്ദഹസിച്ചു കൊണ്ട് അബൂ താഹ ഉറച്ച കാലടികളോടെ നടന്നു അപ്രത്യക്ഷനായി.

ഞാന്‍ ജീവിതത്തിലിന്നെ വരെ മദ്യപിച്ചിരുന്നില്ല. മദ്യം എനിക്ക് ഇഷ്ടമായിരുന്നില്ല, മദ്യപിക്കുന്നവരോട് എനിക്ക് വെറുപ്പായിരുന്നു.

അവരെന്നോട് മുന്നിലെ ഗ്ലാസ്സില്‍ നിറച്ചു വച്ച മദ്യമെടുത്ത് കുടിക്കാന്‍ പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ഗ്ലാസ് ചുണ്ടിലെക്കടുപ്പിച്ച ഞാന്‍ ,മൂക്കിലേക്കടിച്ചു കയറിയ മദ്യത്തിന്‍റെ രൂക്ഷമായ ഗന്ധം സഹിക്കാനാവാതെ ഓക്കാനിച്ചു.

"എന്നെക്കൊണ്ടാവില്ല"

ഇരുവശത്തേക്കും തലയാട്ടിക്കൊണ്ട് നിസ്സഹായനായി ഞാന്‍ പറഞ്ഞു.

പൊടുന്നനെ ഒരുവന്‍ എന്‍റെ ഇരുകൈകളും ബലമായി പിടിച്ചു കസേരയുടെ പിന്നിലാക്കി ബന്ധിച്ചു.

പിന്നെ മുടിക്ക് കുത്തിപ്പിടിച്ച്‌ തല പിന്നിലേക്ക്‌ വലിച്ചു താഴ്ത്തി തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് വായയുടെ ഇരുവശത്തും കുത്തിപ്പിടിച്ച് ബലമായി തുറന്ന വായിലേക്ക് ഗ്ലാസ്സിലെ മദ്യമൊഴിച്ചു.

തുപ്പിക്കളയാന്‍ ഞാന്‍ ഏറെ ശ്രമിച്ചെങ്കിലും കുറെയേറെ മദ്യം എന്‍റെ അന്നനാളം പൊള്ളിച്ചു കൊണ്ട് ഒരു കത്തലായി ആമാശയത്തിലെക്കിറങ്ങിപ്പോയി.

വീണ്ടും അടുത്ത ഗ്ലാസ് - ഓരോ ഗ്ലാസ്സിന്‍റെയും ഇടവേളകളില്‍ ഞാന്‍ ഓക്കാനിച്ചു കൊണ്ടിരുന്നു. ഒടുവില്‍ എപ്പോഴോ ലഹരി തലയ്ക്കു പിടിച്ചപ്പോള്‍ എന്‍റെ ബോധം മറഞ്ഞു.

കണ്ണുതുറക്കുമ്പോള്‍ മുറിക്കുള്ളില്‍ ആരുമില്ലായിരുന്നു.

നടന്ന സംഭവങ്ങള്‍ ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഓര്‍മ്മകള്‍ എന്നില്‍ മനം പിരട്ടലുണ്ടാക്കി. ഒരുവശത്തേക്ക് തൂക്കിയിട്ട നിര്‍ജ്ജീവമായ ഒരു ഭാരം പോലെ എന്‍റെ തല ഒരുവശത്തേക്ക്‌ തൂങ്ങിക്കിടന്നിരുന്നു. മദ്യവും, ചര്‍ദ്ദിലും കൂടിച്ചേര്‍ന്ന മിശ്രിതം അറപ്പുളവാക്കിക്കൊണ്ട് എന്‍റെ നെഞ്ചില്‍ ഉണങ്ങിപ്പിടിച്ചിരുന്നു.

ആരോ മുറിക്കകത്തേക്ക് നടന്നടുക്കുന്ന കാല്‍പെരുമാറ്റം കേട്ട് ഞാന്‍ തലയുയര്‍ത്തി നോക്കാന്‍ ഒരു വൃഥാ ശ്രമം നടത്തി പരാജയപ്പെട്ടു.

ഒരു നീഗ്രോ തൊട്ടു മുന്നില്‍ വന്നുനിന്ന്‍ എന്‍റെ തല പിടിച്ചുയര്‍ത്തി ചുണ്ടുകള്‍ വക്രിച്ചെന്നെ നോക്കി.

"ഇപ്പോള്‍ നിന്‍റെ അറപ്പ് മാറിയോ ?" അവന്‍ പരിഹാസത്തോടെ ചിരിച്ചു.

അവന്‍ കൈവിട്ടപ്പോള്‍ എന്‍റെ തല വീണ്ടും ഒരുവശത്തേക്ക്‌ ചരിഞ്ഞു. വീണ്ടും ഒരു മയക്കത്തിലേക്ക് ഞാന്‍ വീണു.

പിറ്റേ ദിവസം രാവിലെ അവര്‍ രണ്ടുപേരും വീണ്ടുമെത്തി. എന്നെ കുളിപ്പിച്ചു. ഭക്ഷണം നല്‍കി. എനിക്ക് ധരിക്കാന്‍ വിലകൂടിയ വസ്ത്രങ്ങള്‍ തന്നു. വിലകൂടിയ ഹവാന ചുരുട്ടിന്‍റെ ഒരു പാക്കറ്റ് മേശമേല്‍ വച്ചുകൊണ്ട്എന്നോട് "വലിച്ചു പഠിക്കാന്‍" പറഞ്ഞ് അവര്‍ പോയി.

ഞാന്‍ പാക്കറ്റെടുത്തു തുറന്നു.

കോളേജില്‍ പഠിക്കുമ്പോള്‍ കുറച്ചുനാള്‍ കൂട്ടുകാരോടൊപ്പം കൂടി ഒരു തമാശക്ക് സിഗരറ്റ് വലിച്ചിട്ടുണ്ടായിരുന്നതിനാല്‍ എനിക്ക് ചുരുട്ടെടുത്തു ചുണ്ടില്‍ വച്ച് തീ കൊളുത്താന്‍ അധികം മടിയൊന്നും തോന്നിയില്ല.

എന്നാല്‍ ആദ്യ പുക അകത്തേക്കെടുത്തപ്പോള്‍ത്തന്നെ എന്‍റെ തലച്ചോറിലേക്ക് ആരൊക്കെയോ ഓടിക്കയറുന്നത് പോലെയെനിക്ക് തോന്നി. എന്‍റെ സിരകളിലൂടെ രക്തം ഒഴുകി ശരീരമാസകലം പരക്കുന്നത് എനിക്കറിയാന്‍ കഴിഞ്ഞു !

കടുപ്പം കൂടിയ പുകയിലയുടെ ശക്തി ക്ഷണനേരം കൊണ്ടുതന്നെ എന്നെ അര്‍ദ്ധബോധാവസ്ഥയിലാക്കി. ഞാനത് വിറയ്ക്കുന്ന കൈകളോടെ മേശപ്പുറത്തിരുന്ന ആഷ്ട്രെയില്‍ കുത്തിക്കിടത്തി മേശമേല്‍ കൈവച്ചു കമഴ്ന്നു കിടന്നു.

അന്നെന്നെ ശല്യം ചെയ്യാന്‍ ആരും വന്നില്ല.

ആ മുറിക്കുള്ളില്‍ ഒരു ബുക്ക് ഷെല്‍ഫ് ഉണ്ടായിരുന്നു.

അതില്‍ നിന്നൊരു പുസ്തകമെടുത്തു വായിച്ചു ഞാന്‍ സമയം കഴിച്ചു കൂട്ടി. പ്രണയം വിരഹവും പറയുന്ന, ഒരു പെണ്‍കുട്ടിയെഴുതിയ കവിതകളായിരുന്നു അത് - എനിക്കാദ്യമായി പ്രണയത്തോടും കാമുകീകാമുകന്മാരോടും പുച്ഛം തോന്നി !

ഉച്ചക്ക് ഒരു നീഗ്രോ വെള്ളിത്താലത്തില്‍ എനിക്ക് ഭക്ഷണവുമായി വന്നു.

തിളങ്ങുന്ന സിറാമിക് പ്ലേറ്റില്‍ അവന്‍ തന്നെ ഭക്ഷണം വിളമ്പിത്തന്നു. അവസാനം മനോഹരമായ ഒരു ഗ്ലാസ്സില്‍ മദ്യവും. പോകുന്നതിനു മുന്നേ ചുരുട്ട് പാക്കറ്റില്‍ നിന്നും ഒന്നെടുത്തു ലൈറ്ററിനോടൊപ്പം പുറത്തെടുത്തു വയ്ക്കുകയും ചെയ്തു.

എന്നെ പൂര്‍ണ്ണമായും മെഹര്‍ തലാലാക്കി മാറ്റാനുള്ള ശ്രമങ്ങള്‍.

ഭക്ഷണം ഏറെ രുചികരമായിരുന്നു. കഴിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ ഗ്ലാസ്സെടുത്ത്‌ മദ്യം അല്‍പ്പാല്‍പ്പമായി കുടിച്ചു. അത് കുടിക്കാന്‍ ഇന്നലത്തെപ്പോലെ എനിക്കത്ര വിഷമം തോന്നിയില്ല.

അതിനു ശേഷം ചുരുട്ടെടുത്തു കത്തിച്ച്ഏതാനും പുകയെടുത്തു.

ഞാന്‍ ആഗ്രഹിക്കാതെയെങ്കിലും മെല്ലെ മെല്ലെ എന്‍റെ മനസ്സ് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ എനിക്ക് അതിശയം തോന്നി - ജിജ്ഞാസ എന്‍റെ മനസ്സിലെ ഭയത്തെ കീഴ്പ്പെടുത്തിത്തുടങ്ങിയോ ?.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top