Friday, February 28, 2014

നീണ്ടകഥ : അപരന്‍ (അദ്ധ്യായം 6 - ക്യൂബ് ഹൌസ്)

ഒടുവില്‍ ഞാനിവിടെ , ബവേറിയയുടെ തലസ്ഥാനമായ ഇലിയാനയുടെ ഹൃദയഭാഗത്തുള്ള, മെഹര്‍ തലാലിന്‍റെ സ്വകാര്യവസതിയിലെത്തിച്ചേര്‍ന്നിരിക്കുന്നു.

ഒരു പടുകൂറ്റന്‍ ക്യൂബിന്‍റെ ആകൃതിയിലുള്ള ഒരു കൂറ്റന്‍ കെട്ടിടമായിരുന്നു അത്.

വെള്ളയും, കറുപ്പും മാര്‍ബിളില്‍ തീര്‍ത്ത ഭിത്തികള്‍, ചരിച്ചു വച്ച ഒരു ചെസ് ബോര്‍ഡിന്‍റെ ഓര്‍മ്മകളുണര്‍ത്തുന്നതായിരുന്നു.

സ്വീകരണമുറി, ഹാള്‍, കിടപ്പുമുറികള്‍ എന്നുവേണ്ട അടുക്കളക്ക് വരെ ഒരു ക്യൂബിന്‍റെ ആകൃതിയായിരുന്നു.

അതിന്‍റെ കാരണം പിന്നീടൊരിക്കല്‍ അബൂതാഹ എന്നോട് പറഞ്ഞു തന്നു.

സ്കൂളില്‍ പഠിക്കുന്ന സമയത്ത് മെഹര്‍ തലാലിന് ചെസ് കളിയില്‍ വലിയ കമ്പമായിരുന്നത്രേ. അവനായിരുന്നു സ്കൂളിലെ ഏറ്റവും മികച്ച കളിക്കാരന്‍.

ആയിടെ സ്കൂളില്‍ പുതിയതായി ഒരു കുട്ടി വന്നു ചേര്‍ന്നു.

ആ വര്‍ഷം ന്യൂമോണിയ ബാധിച്ച് കിടപ്പിലായിരുന്നതിനാല്‍ സ്കൂളിലെ ചെസ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ മെഹറിനു സാധിച്ചില്ല. പുതിയ കുട്ടി ചാമ്പ്യനായി.

പുതിയ ചാമ്പ്യനാണ് മെഹറിനെക്കാള്‍ മികച്ച കളിക്കാരനെന്നു പറഞ്ഞ് സ്കൂളില്‍ തിരികെ എത്തിയ മെഹറിനെ കൂട്ടുകാരില്‍ ചിലര്‍ കളിയാക്കി.

മെഹര്‍ പരസ്യമായി അവനെ കളിക്കാന്‍ വെല്ലുവിളിച്ചു. തോറ്റാല്‍ ജീവിതത്തില്‍ ചെസ് ബോര്‍ഡോ കരുക്കളോ സ്പര്‍ശിക്കില്ല എന്നായിരുന്നു മെഹറിന്‍റെ ശപഥം.

പക്ഷെ അന്നാദ്യമായി മെഹര്‍ ജീവിതത്തില്‍ തോല്‍വിയറിഞ്ഞു.

മെഹര്‍ വാക്ക് പാലിച്ചു - പിന്നീടൊരിക്കലും അവന്‍ ചെസ് ബോര്‍ഡോ കരുക്കളോ കൈകൊണ്ടു തൊട്ടിട്ടില്ല.

അവനെ തോല്‍പ്പിച്ച പയ്യനെ, പക്ഷെ പിന്നീടാരും കണ്ടിട്ടില്ല.

മെഹറിന്‍റെ അനുചരന്മാരുടെ ഭീഷണികളില്‍ ഭയന്ന് രായ്ക്കുരാമാനം രാജ്യം വിട്ടോടിപ്പോയെന്നും, അതല്ല മെഹറും അനുയായികളും ചേര്‍ന്നവനെ കൊന്നുതള്ളിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

എല്ലാ വിവാദങ്ങളെയും പോലെ മറ്റൊരു വിവാദത്തിന്‍റെ ജനനത്തോടെ അതും അന്ത്യശ്വാസം വലിച്ചു. !

പ്രധാനകവാടം കടക്കുമ്പോള്‍ ആദ്യം കാണുന്നത് ഒരു കൂറ്റന്‍ ഹാളാണ്. ഇരുവശത്തും ഭിത്തിയില്‍ ഏതോ നായാട്ടുകാരന്‍റെ കരവിരുത് തെളിയിക്കും പോലെ നിരനിരയായി തൂക്കിയിട്ടിരിക്കുന്ന വന്യമൃഗങ്ങളുടെ ശിരസ്സുകള്‍.

"മെഹര്‍ തലാലായിരിക്കും ഇതിന്‍റെയും ഉടമയല്ലേ ?" അബൂ താഹയെ അനുഗമിക്കുമ്പോള്‍ ഞാന്‍ കളിയായി ചോദിച്ചു

"അല്ല, അതൊന്നും യഥാര്‍ത്ഥമല്ല , തോലിലും, റബറിലുമുണ്ടാക്കിയ അനുകരണങ്ങള്‍ മാത്രമാണ്. മെഹര്‍ തലാലിന്‍റെ ഇരകളുടെ തലകള്‍ ഇങ്ങനെ പരസ്യമായി പ്രദര്‍ശിപ്പിക്കാന്‍ സാധ്യമല്ല"

ഒരുമാസം മുന്‍പായിരുന്നെങ്കില്‍ ആ വാക്കുകളിലെ അന്താരര്‍ത്ഥം എന്നില്‍ ഭീതി ജനിപ്പിക്കാന്‍ പര്യാപതമായിരുന്നേനെ.

ഹാളിന്‍റെ തുറന്നു കിടക്കുന്ന വാതില്‍ സ്വീകരണ മുറിയിലെക്ക് തുറക്കുന്നതായിരുന്നു.

മുന്തിയ ഇറ്റാലിയന്‍ സോഫകളും, ബെല്‍ജിയന്‍ കാര്‍പ്പറ്റുകളും നിറഞ്ഞ മുറിയെ ചുവരുകളില്‍ തൂക്കിയിരുന്ന ലോകോത്തര ചിത്രകാരന്മാരുടെ മുന്തിയ പെയിന്‍റിംഗുകള്‍ അത്യധികം മനോഹരമാക്കി.

സ്വീകരണമുറി പിന്നിട്ടപ്പോള്‍ അബൂതാഹ വലത്തേക്കുള്ള ഇടനാഴിയിലേക്ക് തിരിഞ്ഞു.

മുകളില്‍ തൂക്കിയിരുന്ന സ്ഫടിക വിളക്കുകളില്‍ നിന്ന് പരന്നൊഴുകിയ തൂവെള്ളപ്രകാശത്തില്‍ തിളങ്ങുന്ന പളുങ്കുവിരിച്ച ഇടനാഴിയിലൂടെ നടക്കുമ്പോള്‍ സ്വര്‍ഗ്ഗീയമായ ഒരു അനുഭൂതി എന്നില്‍ വന്നുനിറഞ്ഞു.

മൂന്നാമത്തെ മുറിയുടെ വാതില്‍ തുറന്നുകൊണ്ട് എനിക്ക് അകത്തേക്ക് പ്രവേശിക്കാന്‍ പാകത്തില്‍ അബൂതാഹ ഒരുവശത്തേക്ക്‌ മാറി നിന്നു - "ഇനി മുതല്‍ ഇതാണ് നിന്‍റെ മുറി"

ആകാംക്ഷയോടെ ഞാന്‍ അകത്തുകടന്നു.

അതിവിശാലമായ ഒരു മുറിയായിരുന്നു അത്.

മുറിയുടെ ഒരുഭാഗത്തായി സജ്ജീകരിച്ച വിശാലമായ തീന്മേശ. ഒത്ത നടുവിലായി തൂവെള്ള വിരിപ്പ് വിരിച്ച മനോഹരമായ കട്ടില്‍.

മുറിയുടെ ഒരരികിലായി, ഭിത്തിയോളം തന്നെ ഉയരത്തിലുള്ള പൂന്തോട്ടത്തിലേക്ക് തുറക്കുന്ന കൂറ്റന്‍ ജനലുകള്‍ക്കരികിലേക്ക് ഞാന്‍ നടന്നു.

കണ്ണാടിച്ചില്ലിന്‍റെ സുതാര്യതയില്‍ പുറത്തുള്ള മനോഹരമായ പൂന്തോട്ടം ഇളം പച്ച ഷേഡിനിടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.

വിവിധ നിറങ്ങളിലുള്ള പൂക്കളെ പേറി നവോഢകളെപ്പോലെ നാണിച്ചു തലതാഴ്ത്തി നില്‍ക്കുന്ന ചെടികളും, മരങ്ങളും.

"നിനക്കുള്ള വസ്ത്രങ്ങള്‍" ഭിത്തിയിലെ കൂറ്റന്‍ അലമാരകളിലോന്നിന്‍റെ വാതില്‍ തുറന്നു കാണിച്ചു കൊണ്ട് അബൂതാഹ പറഞ്ഞു.

സ്യൂട്ടുകള്‍. ഷര്‍ട്ടുകള്‍, ജീന്‍സുകള്‍ എന്നുവേണ്ട ലോകത്തേതൊരു പുരുഷനും കൊതിച്ചുപോകുന്ന മുന്തിയ, എണ്ണമറ്റ വസ്ത്രങ്ങളെല്ലാം തന്നെ ഭിത്തിയില്‍ നിരനിരയായി പണിതീര്‍ത്തിരുന്ന അലമാരകള്‍ക്കകത്തുണ്ടായിരുന്നു.

കുറെ അലമാരകള്‍ തുറന്നു നോക്കി മടുപ്പുതോന്നിയപ്പോള്‍ ഞാനാ ജോലി നിര്‍ത്തി അടുത്തു കിടന്നിരുന്ന തുകല്‍നിര്‍മ്മിതമായ സോഫയുടെ മൃദുലതയിലേക്കമര്‍ന്നിരുന്നു.

"വിശ്രമിച്ചോളൂ, ഞാന്‍ പിന്നെ വരാം. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ ബെല്ലടിച്ചാല്‍ മതി" എന്‍റെ മനസ്സ് വായിച്ചത് പോലെ കട്ടിലിന്‍റെ കാലിലുള്ള സ്വിച്ചിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് അബുതാഹ പറഞ്ഞു.

അബൂതാഹ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ആ കിടക്കയില്‍ നീണ്ടു നിവര്‍ന്നു കിടന്നു.

സെന്‍ട്രലൈസ്ഡ് എസിയില്‍ നിന്ന് സുഖകരമായ തണുപ്പ് ആ മുറിക്കുള്ളില്‍ തുല്യമായി ഒഴുകിയെത്തുന്നുണ്ടായിരുന്നു. ആ കിടപ്പില്‍ ഞാനോന്ന് മയങ്ങിപ്പോയി.

ആരോ വാതിലില്‍ തട്ടുന്ന ശബ്ദം കേട്ടാണ് ഞാന്‍ കണ്ണുതുറന്നത്.

"വരൂ" എന്ന് പറഞ്ഞപ്പോള്‍ വാതില്‍ തള്ളിത്തുറന്നു ഭക്ഷണ ട്രോളിയുമായി വെളുത്ത യൂണിഫോമും തൊപ്പിയും ധരിച്ച പരിചാരകന്‍ പ്രവേശിച്ചു.

കട്ടിലില്‍ എഴുന്നെറ്റിരിക്കുന്ന എന്നെ നിറഞ്ഞ അമ്പരപ്പോടെയും തെല്ലു ഭീതിയോടെയും ഒരുനിമിഷം നോക്കി നിന്നശേഷം അയാള്‍ ട്രോളിയില്‍ നിന്ന് തീന്മേശയിലേക്ക് പാത്രങ്ങള്‍ എടുത്തു വച്ചുതുടങ്ങി.

അപ്പോഴാണ്‌ ഞാന്‍ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കിയത് - പന്ത്രണ്ടര മണിയായിരിക്കുന്നു - ഞാന്‍ രണ്ടു മണിക്കൂറിലേറെ ഉറങ്ങിപ്പോയോ ?

ഭക്ഷണം വിളമ്പി വച്ചശേഷം ഇനിയെന്തെങ്കിലും വേണോ എന്ന ചോദ്യഭാവത്തോടെ ഒരുനിമിഷം നിന്നശേഷം എന്നില്‍ നിന്ന് പ്രതികരണങ്ങള്‍ ഒന്നും ഇല്ലെന്നു കണ്ടപ്പോള്‍ അയാള്‍ മുറിക്കു പുറത്തു പോയി.

ഞാനെഴുന്നേറ്റ് ആദ്യം വാഷ് ബേസിനില്‍ മുഖവും കൈയും കഴുകിയശേഷം വന്നു ഭക്ഷണം കഴിച്ചു. എല്ലാ വിഭവങ്ങളും ഏറെ രുചികരമായിരുന്നു.

ഭക്ഷണം കഴിഞ്ഞപ്പോള്‍ എനിക്ക് ക്ഷീണം തോന്നി. വീണ്ടും ഞാന്‍ കട്ടിലില്‍ വന്നു കിടന്നു. കഴിഞ്ഞ ഒരുമാസത്തെ അനുഭവങ്ങള്‍ ഒരു തിരശ്ശീലയിലെന്നോണം എന്‍റെ കണ്മുന്നിലൂടെ കടന്നുപോയി.

എല്ലാ പരീക്ഷണങ്ങളിലും വിജയിച്ചപ്പോള്‍ അവസാനത്തെ കടമ്പ എന്‍റെ ശബ്ദം ശരിപ്പെടുത്തല്‍ ആയിരുന്നു. എന്‍റെയും മെഹര്‍ തലാലിന്‍റെയും ശബ്ദങ്ങള്‍ തമ്മില്‍ കാര്യമായ അന്തരമുണ്ടായിരുന്നു.

പൌരുഷം നിറഞ്ഞ ശബ്ദമായിരുന്നു എന്‍റെതെങ്കില്‍, മെഹര്‍ തലാലിന്‍റെ ശബ്ദം അല്‍പ്പം സ്ത്രൈണത നിറഞ്ഞതും മൃദുവായതുമായിരുന്നു .

ഒരു ചെറിയ ഓപ്പറേഷനിലൂടെ എന്‍റെ ശബ്ദം അവന്‍റെത്‌ പോലെയാക്കി തീര്‍ക്കാമെന്ന് ഡോക്ടര്‍ മെഹ്മൂദ് അവകാശപ്പെട്ടു.

ആദ്യത്തെ ശസ്ത്രക്രിയ പക്ഷെ പൂര്‍ണ്ണവിജയമായിരുന്നില്ല. ഒരാഴ്ചക്ക് ശേഷം ഒരിക്കല്‍ കൂടി ഡോക്ടര്‍ മഹ്മൂദ് എന്നെ ശസ്ത്രക്രിയക്കു വിധേയനാക്കി.

അങ്ങനെ രൂപത്തിലും ശബ്ദത്തിലും എല്ലാം ഞാന്‍ മെഹര്‍ തലാലായി മാറുകയായിരുന്നു.

വൈകുന്നേരം അബൂതാഹ വീണ്ടും വന്നു.

അയാളുടെ കയ്യില്‍ വലിയൊരു എന്‍വലപ്പുണ്ടായിരുന്നു.. കസേരയിലിരുന്നു ടീപോയിലേക്ക് അയാള്‍ എന്‍വലപ്പിലെ കടലാസുകള്‍ എല്ലാം എടുത്തിട്ടു.

ഞാന്‍ ഏറ്റവും മുകളിലെ ഒരു കടലാസ് എടുത്തു നോക്കി - ഒരു പത്ര കട്ടിംഗ്.

"കഴിഞ്ഞ ഒരു വര്‍ഷം ബവേറിയയെ കുറിച്ച് ലോകത്തിലെ പ്രമുഖ പത്രങ്ങളില്‍ വന്ന വാര്‍ത്തകളാണിത് - എല്ലാം മനസ്സിരുത്തി വായിച്ചു നോക്കൂ. നാളെ പ്രാദേശിക പത്രവാര്‍ത്തകളുമായി ഞാന്‍ വീണ്ടും വരാം"

അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാനാ പത്രകട്ടിംഗുകളെല്ലാം ഓരോന്നായി എടുത്തു നോക്കി - ഏകദേശം പത്തിരുപതെണ്ണം കാണും. സോഫയില്‍ ചാരിയിരുന്ന്‍ ഓരോന്നായി ഞാന്‍ ശ്രദ്ധിച്ചു വായിച്ചു തുടങ്ങി. രാഷ്ട്രീയം, വ്യക്തിപരമായഗോസിപ്പുകള്‍, കല, സാമൂഹികം, സാംസ്കാരികം, കായികം തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുമുള്ള വാര്‍ത്തകള്‍ അതിലുണ്ടായിരുന്നു.

ഇടക്ക് ഒരിടവേളയെടുത്തു കൊണ്ട് എല്ലാ പത്രകട്ടിംഗുകളും ഞാന്‍ വായിച്ചു തീര്‍ത്തു.

അപ്പോഴേക്കും സമയം ഒമ്പത് മണിയായിട്ടുണ്ടായിരുന്നു.

ഉച്ചക്ക് വന്ന അതേ പരിചാരകന്‍ എനിക്കുള്ള അത്തഴവുമായി വന്നു.

അത്താഴം കഴിച്ചു കഴിയുവോളം കൂടെ നിന്ന് അയാള്‍ ഞാന്‍ കഴിച്ചു കഴിഞ്ഞപ്പോള്‍ ചഷകത്തില്‍ മദ്യം വിളമ്പി.

മദ്യം അല്‍പ്പാല്‍പ്പമായി നുകര്‍ന്നു കൊണ്ട് പൂന്തോട്ടത്തിലേക്ക് തുറക്കുന്ന ജനലിന്‍റെ അല്‍പ്പം തുറന്നിട്ട പാളിയിലൂടെ അകത്തേക്ക് കടന്നു വരുന്ന ഇളംകാറ്റിന്‍റെ സുഖത്തില്‍ മുഖം ചേര്‍ത്ത് ചുരുട്ടിന്‍റെ പുകയാസ്വദിച്ചു കൊണ്ട് ഞാന്‍ നിന്നു.

പെട്ടെന്ന് രണ്ടു കൈകള്‍ എന്‍റെ പിന്നിലൂടെ എന്‍റെ അരക്കെട്ട് ചുറ്റിപ്പിടിച്ചു.

ഞെട്ടലോടെ ഞാന്‍ തിരിഞ്ഞു നോക്കി - എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല - ഞാന്‍ പീഡനക്യാമ്പില്‍ വച്ച് രണ്ടുതവണ കണ്ട ആ സുന്ദരിയായിരുന്നു അത് !

"ഞാന്‍ അന്ന" അവള്‍ പറഞ്ഞു.

"ഇന്നുമുതല്‍ നിന്‍റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാനായിരിക്കും - എന്തു വേണമെങ്കിലും നിനക്കെന്നോട് പറയാം"

വികാരം സ്ഫുരിക്കുന്ന ശബ്ദത്തില്‍ അവള്‍ പറഞ്ഞപ്പോള്‍ പൊടുന്നനെ എന്‍റെ മനസ്സിലേക്കോടി വന്ന ആദ്യ ചോദ്യം തന്നെ ഞാനവളോട് ചോദിച്ചു - "എന്തും ?"

"എന്തും" മോഹിപ്പിക്കുന്ന അവളുടെ കണ്ണുകള്‍ എന്‍റെ ഹൃദയമിടിപ്പ്‌ കൂട്ടി.

"എങ്കില്‍ എനിക്ക് നിന്നെയാണ് വേണ്ടതെങ്കില്‍ ?" ആര്‍ദ്രമായ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.

എന്‍റെ അരക്കെട്ടില്‍ പിടിച്ചു വലിച്ചടുപ്പിച്ചുകൊണ്ട് അവള്‍ എന്‍റെ ചുണ്ടുകളില്‍ അമര്‍ത്തിച്ചുംബിച്ചു. ഞങ്ങളുടെ നാവുകള്‍ നാഗങ്ങളെപ്പോലെ കെട്ടുപിണഞ്ഞു.

ഞാനവളെ പൊക്കിയെടുത്ത് കിടക്കയിലെക്കെറിഞ്ഞു.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top