Tuesday, January 21, 2014

പരിചയപ്പെടല്‍

ഞങ്ങളുടെ എതിരെയുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്ന ഈജിപ്ഷ്യന്‍ ഫാമിലി രണ്ടാഴ്ച മുന്നേ ഒഴിഞ്ഞു പോയതു മുതൽ ഭാര്യ ഭയങ്കര ടെൻഷനിലായിരുന്നു - പുതിയതായി വരുന്നത്‌ ബാച്ചലർ ആയിരിക്കുമോ അതോ ഫാമിലി തന്നെ ആയിരിക്കുമോ ?.

കഴിഞ്ഞ രണ്ടാഴ്ച ആ ഫ്ലാറ്റിൽ കൊണ്ടു പിടിച്ച അറ്റകുറ്റപ്പണികളായിരുന്നു.

ഇന്നലെ രാവിലെ ഓഫീസിൽ പോകാനായി ലിഫ്റ്റിന്‍റെ ബട്ടണമർത്തി കാത്തു നിൽക്കുമ്പോൾ എതിരെയുള്ള ഫ്ലാറ്റിന്‍റെ വാതിൽ തുറന്നത്‌ കണ്ടു പെട്ടെന്നൊരു നിമിഷം ഞാന്‍ അങ്ങോട്ട്‌ നോക്കിപ്പോയി - വെള്ളച്ചുരിദാർ ധരിച്ച പാകിസ്താനിയും നീലച്ചുരിദാർ ധരിച്ച അയാളുടെ ഭാര്യയും.

വൈകിട്ടു വീട്ടിലെത്തിയപ്പോൾ ഞാൻ അക്കാര്യം ഭാര്യയൊട്‌ പറഞ്ഞു. ഫാമിലിയാണെന്നറിഞ്ഞപ്പോൾ അവൾക്ക്‌ സന്തോഷമായി.

"ഞാനാണ് കണ്ടിരുന്നെങ്കിൽ ഇടിച്ചുകേറി ആ പെണ്ണിനെ പരിചയപ്പെട്ടെനേ" അവൾ പറഞ്ഞു.

"അതിനു നിനക്കു ഉര്‍ദു അറിയാമോ ?" കിട്ടിയ അവസരം മുതലാക്കി ഞാൻ ഗോളടിച്ചു.

"ഭാഷ അറിയില്ലെങ്കിലും ഞാന്‍ അടുത്ത ഫ്ലാറ്റിലെ ഹിന്ദിക്കാരോടും അറബികളോടുമൊക്കെ സംസാരിക്കുന്നുണ്ടല്ലോ , അല്ലാതെ നിങ്ങളെപ്പോലെ ആളുകളൊട്‌ മിണ്ടാതെ എപ്പോ നോക്കിയാലും ഫേസ്ബുക്കും നോക്കി ഇരിക്കാറില്ല "

ഗോളടിച്ചതിന്‍റെ സന്തോഷത്തില്‍ ഒന്ന് നന്നായി ചിരിക്കാന്‍ പോലും സമയം തരാതെ അവൾ ഗോള്‍ മടക്കി.

"എങ്കിൽ നീ പരിചയപ്പെടുമ്പോള്‍ ആ പെണ്ണിനെ എനിക്കും കൂടി പരിചയപ്പെടുത്തിത്താ - ഞാനും എപ്പോഴും മിണ്ടിക്കൊള്ളാം - നിന്‍റെ പരാതി തീരുമല്ലോ."

വീട്ടില്‍ ആകെയൊരു ചിരവയേയുള്ളൂ - അത് ചീത്തയാക്കണ്ടെന്നു കരുതി, അവള്‍ സോഫയില്‍ നിന്നെഴുന്നെറ്റപ്പോഴേക്കും ഞാൻ മുങ്ങി.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top