Wednesday, January 8, 2014

ഒരു അറബിക്കഥ - അവസാന ഭാഗം (5) : സ്വര്‍ണ്ണമുടിച്ചുരുളുകള്‍

എയര്‍പോര്‍ട്ടില്‍ വിമാനം ഉയര്‍ന്നു പൊങ്ങുന്നതിനു തൊട്ടു മുന്‍പ് ഞാനവള്‍ക്കൊരു മെസ്സേജയച്ചു. അതവള്‍ വായിച്ചെന്ന് നോട്ടിഫിക്കേഷന്‍ വന്നെങ്കിലും അദേല്‍ മറുപടി അയച്ചില്ല.

നാട്ടിലെത്തിയപ്പോള്‍ എനിക്ക് ജനിച്ച ഇളയ മകളെ ആദ്യമായി കാണുന്ന ആവേശത്തിലായിരുന്നു ഞാന്‍.

ഒരാഴ്ചക്കുള്ളില്‍ സന്ദര്‍ശിച്ചു തീര്‍ക്കേണ്ട അടുത്ത ബന്ധുക്കളും, സൌദിയിലേക്ക് തിരികെ വരുമ്പോള്‍ കുഞ്ഞിനു വേണ്ടി സാധനങ്ങള്‍ വാങ്ങേണ്ട തിരക്കിലും.

തിരികെ വരുന്നതിന് തലേന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ഞാന്‍ അദേല്‍ അവസാനം വിളിച്ചപ്പോള്‍ പറഞ്ഞ കാര്യമോര്‍ത്തത്. അപ്പോള്‍ തന്നെ മുറിക്ക് പുറത്തിറങ്ങി ഞാനവളെ വിളിച്ചു.

എന്‍റെ കോള്‍ കട്ട്‌ ചെയ്തിട്ട് അവളെന്നെ തിരികെ വിളിച്ചു.

"അദേല്‍ ഞങ്ങള്‍ നാളെ വൈകിട്ട് 4-30 ന്‍റെ സൌദി എയര്‍ലൈന്‍സ് ഫ്ലൈറ്റില്‍ ദമ്മാമിലെത്തും."

"ശരി. സുഖമല്ലേ എല്ലാവര്‍ക്കും ?" അവളുടെ ദുര്‍ബലമായ ശബ്ദം ഒരുനിമിഷം കൊണ്ട് കഴിഞ്ഞു പോയ ഒരാഴ്ച അവളെ മറന്നതിലുള്ള കുറ്റബോധം നിറക്കാന്‍ പര്യാപ്തമായിരുന്നു.

"സുഖമാണ് അദേല്‍, നിനക്കോ ?"

മറുപടിയായി അവള്‍ ചിരിച്ചു.

"എങ്കില്‍ ഉറങ്ങിക്കോളൂ, നാളെ യാത്ര ചെയെണ്ടതല്ലേ. ശുഭരാത്രി" അവള്‍ ഫോണ്‍ വച്ചു.

അമാവാസിയിലെക്കുള്ള യാത്രയില്‍ ഏറിയദൂരവും പിന്നിട്ടുകഴിഞ്ഞ ശുഷ്കിച്ച നിലാവിനെ നോക്കി ഞാന്‍ നിന്നു. കാണെക്കാണെ നിലാവിനവളുടെ മുഖമായി. പൂര്‍ണ്ണ ചന്ദ്രനില്‍ നിന്നും അമ്പിളിക്കൊത്തിലെക്കുള്ള അകലം വെറും പതിനാലു ദിവസങ്ങള്‍ മാത്രം !

പിറ്റേന്ന് കൃത്യസമയത്തുതന്നെ വിമാനം ലാന്‍ഡ്‌ ചെയ്തു.

സ്ക്രീനിംഗ് കഴിഞ്ഞ ബാഗേജ് ട്രോളിയിലെക്കെടുത്തു വെക്കുമ്പോള്‍ മൊബൈലില്‍ അവളുടെ കോള്‍ വന്നു.

"വെല്‍ക്കം ബാക്ക്. പുറത്തിറങ്ങുമ്പോള്‍ ഒരു സര്‍പ്രൈസ് ഉണ്ട് - മിസ്‌ ചെയ്യരുത്." പ്രസരിപ്പുനിറഞ്ഞ അവളുടെ കുസൃതിച്ചിരിയുടെ ഓര്‍മ്മപുതുക്കല്‍ പോലെ ഒരു നേരത്ത ചിരി സമ്മാനിച്ച്‌ കൊണ്ട് എനിക്ക് പറയാന്‍ അവസരം നല്‍കാതെ അവള്‍ കോള്‍ കട്ട്‌ ചെയ്തു.

ഞങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ഡിപ്പാര്‍ച്ചര്‍ ഗേറ്റില്‍ എന്‍റെ പേരെഴുതിയ പ്ലേക്കാര്‍ഡുമായി ഒറ്റ നോട്ടത്തില്‍ ഇന്ത്യക്കാരനെന്നു തോന്നിക്കുന്ന ഒരാള്‍ നിന്നിരുന്നു.

ഇതായിരിക്കണം അദേല്‍ പറഞ്ഞ സര്‍പ്രൈസ് - ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നിട്ടു പറഞ്ഞു.

"താങ്കള്‍ കാത്തുനില്‍ക്കുന്ന ആള്‍ ഞാനാണ്"

"വരൂ" എന്‍റെ കയ്യില്‍ നിന്ന് ട്രോളി വാങ്ങി ഉപചാരപൂര്‍വ്വം അയാള്‍ ഹിന്ദിയില്‍ പറഞ്ഞു.

ബാഗുകള്‍ എല്ലാം അയാള്‍ തന്നെ കാറിലെക്കെടുത്തു വച്ചു. അതൊരു മുന്തിയ പുത്തന്‍ മോഡല്‍ എസ്.യു.വി ആയിരുന്നു.

"ഇതാരുടെ വണ്ടിയാണ് ?" കാര്‍ ഓടിത്തുടങ്ങിയപ്പോള്‍ ഭാര്യ ശബ്ദം താഴ്ത്തി എന്നോട് ചോദിച്ചു.

ഭാര്യയുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാന്‍ ഡ്രൈവറോട് വിളിച്ചു ചോദിച്ചു. "നമ്മളിപ്പോള്‍ പോകുന്നത് അദേലിന്‍റെ വീട്ടിലെക്കാണോ ?"
"അതെ" അയാള്‍ മറുപടി പറഞ്ഞു.

"എത്ര ദൂരമുണ്ട് ?"

"കഷ്ടിച്ച് അര മണിക്കൂര്‍"

ഞാന്‍ ഭാര്യയോട്‌ തുടക്കം മുതലുള്ള സംഭവങ്ങള്‍ വിവരിച്ചു. പറഞ്ഞു തുടങ്ങിയപ്പോള്‍ അവളുടെ കണ്ണുകളില്‍ പടര്‍ന്ന അമ്പരപ്പ് ഞാന്‍ അതുവരെയുള്ള സംഭവങ്ങള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ അനുകമ്പയായി ഒഴുകി.

കാര്‍ പ്രധാനറോഡു വിട്ട് കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള സമ്പന്നര്‍ താമസിക്കുന്ന കോര്‍ണിഷ് ഏരിയയിലെ ചെറിയ റോഡിലൂടെ ഓടിത്തുടങ്ങിയിരുന്നു.

പത്തുമിനിട്ടിനകം കാറൊരു കൂറ്റന്‍ ഗേറ്റ്കടന്നു മനോഹരായ ബംഗ്ലാവിനു മുന്നിലെ പോര്‍ച്ചില്‍ നിന്നു.

"വരൂ" ഡോര്‍ തുറന്നു തന്നുകൊണ്ട് ഡ്രൈവര്‍ പറഞ്ഞു.

അയാള്‍ ഞങ്ങള്‍ക്ക് വഴികാട്ടിക്കൊണ്ട് മുന്നേ നടന്നു.

പ്രധാനകവാടത്തിലെ ബെല്ലില്‍ അയാള്‍ വിരലമര്‍ത്തി.

ഒരു നിമിഷം കഴിഞ്ഞപ്പോള്‍ വെള്ളത്തലമുടിയുള്ള ഏകദേശം അമ്പതിനടുത്തു പ്രായം തോന്നിക്കുന്ന ഒരു വെളുത്തുതുടുത്ത സ്ത്രീ വന്നു വാതില്‍ തുറന്നു.

അമ്പരപ്പോടെ എന്നെ നോക്കി നിന്ന അവരോട് ഞാന്‍ ചോദിച്ചു "എമ്മ ?"

"അതെ, വരൂ" എമ്മ ഭാര്യയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ വാങ്ങി.

"അദേല്‍ പറഞ്ഞതെല്ലാം അതെ തീവ്രതയോടെ ഉള്‍ക്കൊള്ളാന്‍ എനിക്കിപ്പോള്‍ കഴിയുന്നുണ്ട്" നടക്കുമ്പോള്‍ എന്‍റെ മുഖത്തേക്ക് നോക്കി എമ്മ പറഞ്ഞു - ഞാന്‍ പുഞ്ചിരിച്ചു.

"നോക്കൂ - ഇതെല്ലാം അദേല്‍ വരച്ച ചിത്രങ്ങളാണ്"

ഒരു ഹാളിലൂടെ കടന്നുപോകുമ്പോള്‍ ഇരുവശവും ഭിത്തിയില്‍ തൂക്കിയിരുന്ന പെയിന്‍റിംഗുകളിലേക്ക് വിരല്‍ചൂണ്ടി എമ്മ പറഞ്ഞു . ഞങ്ങള്‍ നോക്കി - അതിമനോഹരങ്ങളായ വര്‍ണ്ണചിത്രങ്ങള്‍ !

"പാവം അദേല്‍, ഒരു ദിവസം അരമണിക്കൂറെ അവള്‍ക്കു വീല്‍ചെയറില്‍ ഇരിക്കാന്‍ സാധിക്കൂ. എന്നിട്ടും" എമ്മ മുഴുമിപ്പിച്ചില്ല. ഗദ്ഗദത്താല്‍ എമ്മയുടെ തൊണ്ടയിടറി .

മനസ്സിലെ ആശയങ്ങള്‍ കണ്മുന്നിലെ കാന്‍വാസില്‍ വരക്കാന്‍ ഒരുദിവസം കാത്തിരിക്കേണ്ടി വരുന്ന അദേലിന്‍റെ നിരാശാജനകമായ നിസ്സഹായായത എന്‍റെ മനസ്സിനെ തെല്ലൊന്നുമല്ല മുറിവേല്‍പ്പിച്ചത്.

ചുറ്റുമുള്ള കാഴ്ചകളില്‍ മതിമറന്ന് ഒരുമായാലോകത്തെത്തിയ പ്രതീതിയോടെ നടക്കുകയായിരുന്നു ഭാര്യയും മൂത്ത മകളും.

മനോഹരമായി അലങ്കരിച്ച വിശാലമായ ഒരു മുറിയിലേക്ക് ഞങ്ങള്‍ ആനയിക്കപ്പെട്ടു. മനസ്സിന് കുളിര്‍മ്മ നല്‍കുന്ന ഇളം നീല നിറം പൂശിയ ഭിത്തികള്‍ ഞങ്ങളെ സ്വാഗതം ചെയ്തു.

മുറിയുടെ നടുവിലായി ഇട്ടിരുന്ന സോഫകളില്‍ ഒന്നില്‍ ക്ഷീണിതമായ മുഖത്തോടെ വെളുത്തുമെലിഞ്ഞ ഒരു പെണ്‍കുട്ടി ഇരുന്നിരുന്നു. അവളുടെ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള തലമുടി ആണ്‍കുട്ടികളുടെത് പോലെ പറ്റെ വെട്ടിയിരുന്നു.

"അദേല്‍" എമ്മ പരിചയപ്പെടുത്തി.

പെട്ടെന്ന് എന്‍റെ കണ്ണുകളില്‍ അറിയാതെ ഒരു നനവുപടര്‍ന്നു. ഞാന്‍ അദേലിനെ നോക്കി - അവള്‍ അയച്ചുതന്ന ചിത്രത്തിലെ പെണ്‍കുട്ടിയുമായി സോഫയിലിരിക്കുന്ന പെണ്‍കുട്ടിക്ക് ഒരുസാമ്യവുമില്ലായിരുന്നു !

"സ്വാഗതം ! താങ്കള്‍ മനസ്സില്‍ കണ്ട അദേല്‍ അല്ലല്ലേ ശരിക്കുള്ള അദേല്‍ ?" ഒരു കുസൃതിച്ചിരിയോടെ അവള്‍ ചോദിച്ചു. ഒരായിരം തവണ ഞാന്‍ ഫോണിലൂടെ കേട്ടിട്ടുള്ള ശബ്ദം !

"ഇരിക്കൂ" ഞങ്ങളിരുവരെയും നോക്കി അദേല്‍ പറഞ്ഞു. ഞങ്ങള്‍ അവള്‍ക്കു തൊട്ടടുത്തായി സോഫയില്‍ ഇരുന്നു.

"മോള്‍ ഉറങ്ങുകയാണോ? പേരിട്ടോ അവള്‍ക്ക് ?" എമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ നോക്കിയ ശേഷം ഭാര്യയുടെ മുഖത്തേക്ക് നോക്കി അദേല്‍ ചോദിച്ചു.

ഭാര്യ ചോദ്യം കേട്ടില്ലെന്ന് തോന്നുന്നു - അവള്‍ അത്ഭുതം നിറഞ്ഞ മുഖത്തോടെ അദേലിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.

"ഉം, അദേല്‍ എന്നാണ് അവളുടെയും പേര്" ഞാന്‍ മറുപടി പറഞ്ഞു.

അദേലിന്‍റെ കണ്ണുകള്‍ തിളങ്ങുന്നതും രണ്ടു തുള്ളി കണ്ണുനീര്‍ പൊഴിയുന്നതും ഞാന്‍ കണ്ടു.

"എമ്മ, അവളെയോന്നെന്‍റെ മടിയില്‍ വച്ച് തരാമോ ?" അദേല്‍ ചോദിച്ചു.

എമ്മ കുഞ്ഞിനെ അദേലിന്‍റെ മടിയില്‍ കിടത്തി. ഉറക്കത്തില്‍ ശല്യപ്പെടുത്തിയ നീരസം കലര്‍ന്ന മുഖഭാവത്തോടെ കുഞ്ഞ് ഇരുകൈകളും കൊണ്ട് മുഖം തുടച്ച് ഒന്നിളകി. അതുകണ്ട് ചിരിക്കുമ്പോള്‍ അദേലിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

കുഞ്ഞിനെ എന്നെ ഏല്‍പ്പിച്ച ശേഷം ഭാര്യയും മൂത്തമകളും എമ്മയോടൊപ്പം വീട് ചുറ്റിക്കാണാന്‍ പോയി.

"ഭാര്യക്കെന്നോട് നീരസം ഒന്നുമില്ലല്ലോ ?" അദേല്‍ ചോദിച്ചു.

"എന്തിന് ?"

"വീട് വില്‍ക്കുന്ന ഡോക്യുമെന്‍റില്‍ ഇന്നലെ രാത്രി തന്നെ ഞാന്‍ ഒപ്പിട്ടു കൊടുത്തു. ഒരാഴ്ചക്കുള്ളില്‍ ഈ വീടൊഴിഞ്ഞു കൊടുക്കണം. അടുത്തയാഴ്ച ഞങ്ങള്‍ റിയാദിലേക്ക് പോകും"

"റിയാദിലേക്കൊ ?"

ജനലിലൂടെ വിദൂരതയിലേക്ക് നോക്കി ഒന്നും മിണ്ടാതെ കുറെസമയം അദേല്‍ ഇരുന്നു. അവളുടെ വിളറിയ കവിളുകളില്‍ ചുവന്ന ചായം തേച്ചുസുന്ദരിയാക്കാന്‍ അസ്തമയസൂര്യന്‍ ഒരുവിഫലശ്രമം നടത്തി.

"അദ്നാനു റിയാദാണിഷ്ടം"

"നിനക്കോ ?"

മറുപടി പറയാതെ അവള്‍ ചോദ്യഭാവത്തില്‍ ചിരിക്കാന്‍ ശ്രമിച്ചു. അപ്പോഴത്തെ അവളുടെ മുഖഭാവം അവള്‍ക്കൊരു പത്തുവയസ്സ് വര്‍ദ്ധിപ്പിച്ചതായി എനിക്ക് തോന്നി.

"എന്‍റെ പുസ്തകങ്ങളും, പെയിന്‍റിംഗുകളും , ഫോട്ടോഗ്രാഫുകളും, നിങ്ങളോട് ഞാന്‍ സംസാരിച്ച വാക്കുകള്‍ക്കു മൂക സാക്ഷ്യം വഹിച്ച എന്‍റെ സിം കാര്‍ഡും - എന്തിന് ഈയെന്നെത്തന്നെ ഇവിടെ ഉപേക്ഷിച്ചാണ് ഞാന്‍ പോകുന്നത്. ദമ്മാം പിന്നിടുമ്പോള്‍ ഇപ്പോഴുള്ള അദേല്‍ മരിക്കും - റിയാദിലെത്തുന്നത് അദേലിന്‍റെ ജീവനുള്ള ശരീരം മാത്രമായിരിക്കും"

മനസ്സ് തുറന്നു പൊട്ടിക്കരയാന്‍ ശ്രമിച്ചിട്ടും സാധിക്കാത്തത് പോലെ ദയനീയമായി അവളെന്നെ നോക്കി.

"അതൊക്കെ നിന്‍റെ വെറും തോന്നലുകളാണ് , അവിടെയെത്തിയാലും നിനക്കെന്നെ വിളിക്കാമല്ലോ " മുഖം വിപരീത ദിശയിലാട്ടി അവള്‍ ഇല്ലെന്ന് ആംഗ്യം കാണിച്ചു.

"എന്ത് കൊണ്ട് ?" എന്‍റെ ശബ്ദത്തില്‍ അസ്വസ്ഥതയുണ്ടായിരുന്നു.

"ദമാം വിടുമ്പോള്‍ അവസാനമായി ഞാന്‍ നിങ്ങള്‍ക്കൊരു മെസ്സെജയക്കും"

സോഫയിലെ ഇരുപ്പ് അരമണിക്കൂര്‍ പിന്നിട്ടതിനാല്‍ അദേലിനെ ബെഡിലെക്കെടുത്ത് കിടത്താനായി എമ്മ വന്നു.

എമ്മയുടെ കൈത്തണ്ടയില്‍ ഒരു വാടിയ പൂന്തണ്ട് പോലെ അദേല്‍ കിടന്നു.

ആദ്യം വീല്‍ ചെയറിലിരുത്തി ബെഡ്രൂമിലെത്തിച്ച ശേഷം എമ്മ അവളെ കിടക്കയിലെക്കെടുത്തു കിടത്തി. വെളുത്ത വിരിപ്പ് വിരിച്ച ആ വലിയ കിടക്കയില്‍ പാറി വീണ ഒരു നൂലിഴ പോലെ അദേല്‍ കിടന്നു.

തലഭാഗം ഉയര്‍ത്തിവച്ച് കിടക്കുമ്പോള്‍ എന്നോട് കട്ടിലിന്നരികിലുള്ള കസേരയില്‍ വന്നിരിക്കാമോയെന്നു അദേല്‍ ചോദിച്ചു. ഞാന്‍ അവളുടെ തൊട്ടടുത്തായി ഇരുന്നു.

തലയിണക്കടിയില്‍ നിന്ന് അദേല്‍ എന്തോ പുറത്തെടുത്തു - അതൊരു ചെറിയ ഫോട്ടോ ആല്‍ബമായിരുന്നു.

അവളതെന്‍റെ കയ്യിലേക്ക് തന്നു.

ഞാന്‍ പേജുകള്‍ ഓരോന്നായി മറിക്കുമ്പോള്‍ അതിലെ ഓരോ ഫോട്ടോയെക്കുറിച്ചും അദേല്‍ പറഞ്ഞുകൊണ്ടിരുന്നു.

അദേല്‍ കൈക്കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അവളെ തളര്‍ത്തിയ കാറപകടത്തിന് തലേ ദിവസം മുന്‍പ് വരെയെടുത്ത ചിത്രങ്ങള്‍ അതിലുണ്ടായിരുന്നു.

ഇടയ്ക്കിടെ ഞാന്‍ വാത്സല്യം നിറഞ്ഞ മുഖത്തോടെ അദേലിന്‍റെ മുഖത്തേക്ക് നോക്കിയപ്പോഴൊക്കെ അവള്‍ തിളങ്ങുന്ന കണ്ണുകളോടെ എന്നെനോക്കി ചിരിച്ചു - ആ കണ്ണുകളിലെ തിളക്കം സന്തോഷമായിരുന്നോ കണ്ണുനീരിന്‍റെ നനവായിരുന്നോ എന്നെനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

എല്ലാം കണ്ടു കഴിഞ്ഞപ്പോള്‍ എന്‍റെ കണ്ണില്‍ നിന്ന് രണ്ടുതുള്ളി കണ്ണുനീര്‍ അടര്‍ന്നു വീണു, അദേല്‍ അവളുടെ ദുര്‍ബലമായ കൈപ്പത്തി എന്‍റെ കൈപ്പത്തിക്ക് മേലെ ചേര്‍ത്തു വച്ചു. വിറയാര്‍ന്ന അധരങ്ങളോടെ അവളെന്തോ മന്ത്രിച്ചു - അത് 'അബ്ബ' എന്നായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ നിയന്ത്രണം വിട്ട് കരഞ്ഞേക്കുമെന്നു ഭയന്ന് അവളുടെ അടുത്തു നിന്നെഴുന്നേറ്റ്‌ പോയി.

അദേല്‍ റിയാദിലേക്ക് പോയിട്ട് ഇന്നേക്ക് മൂന്നാഴ്ചകള്‍ പിന്നിടുന്നു.

നേരിട്ട് കണ്ടപ്പോള്‍ പറഞ്ഞിരുന്നത് പോലെ ദമാം വിട്ടപ്പോള്‍ അവളെനിക്ക് അവസാന സന്ദേശം അയച്ചു - "ഗുഡ് ബൈ, എന്‍റെ അബ്ബയുടെ സ്നേഹം വീണ്ടും അറിയാന്‍ ഭാഗ്യം നല്‍കിയ സര്‍വ്വശക്തന് സ്തുതി. എന്‍റെ അസ്ഥികള്‍ ഈ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നാലും ഞാന്‍ താങ്കളെ മറക്കില്ല"

അതിനു ശേഷം ഒരിക്കലും അവളെന്നെ വിളിച്ചില്ല.

അവളുടെ നമ്പറിലേക്ക് ഞാന്‍ ഒരുപാട് തവണ വിളിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം സ്വിച്ച് ഓഫായിരുന്നു.

ഇനിയുള്ള എന്‍റെ ജീവിതത്തില്‍ അദേല്‍ ഓര്‍മ്മകളില്‍ മാത്രമേ ജീവിക്കൂ എന്നെന്‍റെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച ഞാന്‍ പരാജയപ്പെട്ടു, കാരണം ഒരിക്കലെങ്കിലും എന്നെ വിളിക്കാതിരിക്കാന്‍ അവള്‍ക്കു കഴിയില്ലെന്ന് തന്നെ ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

ഒരു അവധിദിവസം സന്ധ്യക്ക്‌ ബാല്‍ക്കണിയില്‍ ഇളയ മകളെ മടിയില്‍ കിടത്തിയുറക്കി അദേല്‍ ഭാര്യക്ക്‌ സമ്മാനിച്ച അവളുടെ കവിതകള്‍ എഴുതിയ ഡയറി മറിച്ചു നോക്കുകയായിരുന്നു ഞാന്‍.
നക്ഷത്രങ്ങളെക്കുറിച്ചുള്ള അദേലിന്‍റെ ഒരു കവിത വായിച്ച് അതിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കെ ഭാര്യ ഒരു ന്യൂസ്പേപ്പറുമായി അവിടേക്ക് വന്നു.

"ഇതൊന്നു നോക്കൂ " അവളുടെ ശബ്ദത്തിലെ പതര്‍ച്ചയും, മുഖത്തെ ഭീതിയും എന്നെ അസ്വസ്ഥനാക്കി. ഞാന്‍ പത്രം വാങ്ങി അവള്‍ ചൂണ്ടിക്കാണിച്ച വാര്‍ത്ത വായിച്ചു.

സഹോദരിയെ വിഷം കൊടുത്തു കൊന്ന സ്വദേശി യുവാവിന്‍റെ വധശിക്ഷ നടപ്പിലാക്കി.

റിയാദ് : സ്വത്തുതട്ടിയെടുക്കാനായി സഹോദരിക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ കുറ്റത്തിന് റിയാദ് പോലീസിന്‍റെ പിടിയിലായ സ്വദേശി യുവാവിന്‍റെ വധശിക്ഷ നടപ്പിലാക്കി.

അപകടത്തെത്തുടര്‍ന്ന് അരക്കുകീഴെ തളര്‍ന്നു കിടപ്പിലായിരുന്ന സഹോദരിയെ സ്നേഹം നടിച്ച് ചോക്കലേട്ടില്‍ അല്‍പ്പാല്‍പ്പമായി വിഷം കലര്‍ത്തി നല്‍കിയാണ്‌ ഇയാള്‍ വധിച്ചത്.

ഏകദേശം ഒരുവര്‍ഷത്തോളമായി എന്നും മുടങ്ങാതെ സഹോദരിക്ക് ചോക്കലേറ്റ് നല്‍കി വന്ന ഇയാള്‍, കഴിഞ്ഞയാഴ്ച സഹോദരിയുടെ മരണത്തെത്തുടര്‍ന്ന് സംശയം തോന്നിയ പെണ്‍കുട്ടിയുടെ ബ്രിട്ടീഷുകാരിയായ ആയയുടെ മൊഴിയെത്തുടര്‍ന്നു അറസ്റ്റില്‍ ആവുകയും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.

ഞാന്‍ ഭാര്യയുടെ മുഖത്തേക്ക് നോക്കി - അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

അങ്ങ് ദൂരെ ആകാശത്തില്‍ വ്യക്തമായി കാണാവുന്ന മൂന്നു നക്ഷത്രങ്ങളുണ്ടായിരുന്നു.

എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നതിനാല്‍ നടുവിലെ നക്ഷത്രത്തിനു ചുറ്റും ഒരു സ്വര്‍ണ്ണനിറമുള്ള വലയം രൂപപ്പെടുന്നതായി എനിക്ക് തോന്നി. കാണെക്കാണെ ആ നക്ഷത്രത്തിന് അദേലിന്‍റെ മുഖമായി.

ക്ഷീണിതയായ അദേലിനെയല്ല - സുന്ദരിയായ , പുഞ്ചിരി തൂകുന്ന അദേലിനെ ഞാന്‍ കണ്ടു. അവള്‍ക്കിരുവശവും അവളുടെ മമ്മയും അബ്ബയും.

ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് ഞാനവള്‍ക്കു നേരെ കൈവീശി "ഒടുവില്‍ നീ അവരുടെ അടുത്തെത്തിയല്ലേ അദേല്‍ ?" വിറയാര്‍ന്ന എന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു.

ഭാര്യ അടുത്തു വന്ന് എന്‍റെ അരയില്‍ വട്ടം ചുറ്റിപ്പിടിച്ചു കൊണ്ട് തോളില്‍ തലചായ്ച്ചു നിന്നു.

ഞാന്‍ എന്‍റെ നെഞ്ചോട്‌ ചേര്‍ന്നുറങ്ങുകയായിരുന്ന കുഞ്ഞാദേലിനെ നോക്കി.

ഉറക്കത്തില്‍ അവളൊന്നു പുഞ്ചിരിച്ചു. സ്വപ്നത്തില്‍ അദേല്‍ വന്ന് ചെവിയില്‍ അവളോടെന്തോ സ്വകാര്യം പറഞ്ഞിരിക്കാം.

എന്‍റെ അദേലിനെ ഞാന്‍ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ച് അവളുടെ കവിളില്‍ മൃദുവായി ചുംബിച്ചു. അപ്പോഴാ നടുവിലെ നക്ഷത്രം പൂര്‍വ്വാധികം ശോഭയോടെ തിളങ്ങി. എന്‍റെ മനസ്സില്‍ എന്‍റെ കുഞ്ഞാദേലിന്‍റെ തലയിലും അഴകാര്‍ന്ന സ്വര്‍ണ്ണമുടിച്ചുരുളുകള്‍ വളര്‍ന്നു തുടങ്ങിയിരുന്നു.

(അവസാനിച്ചു)
____________________________________________________________________
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു സാദൃശ്യവുമില്ല.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top