Friday, January 31, 2014

കഥ : ഗ്ലാമര്‍

"ഒരുകാര്യം പറഞ്ഞാല്‍ ദേഷ്യപ്പെടുമോ ?" അവള്‍ ചോദിച്ചു.

"നീ കാര്യം പറയൂ- ദേഷ്യപ്പെടണോ വേണ്ടയോ എന്നൊക്കെ കാര്യം കേട്ടതിന് ശേഷം തീരുമാനിക്കാം"

"ദയവായി ഇനിയെന്നോട് ഫോട്ടോ ചോദിക്കരുത്, തരില്ലെന്ന് ഒരിക്കല്‍ ഞാന്‍ പറഞ്ഞതല്ലേ ?"

"ഉം" അയാളുടെ മറുപടി വെറുമൊരു മൂളലില്‍ മാത്രം ഒതുങ്ങി.

"എങ്കില്‍ ഞാന്‍ പോകുന്നു , ജോലിയുണ്ട്" അയാള്‍ ബൈ പറഞ്ഞ് ചാറ്റ്ബോക്സ് ക്ലോസ് ചെയ്തു.

അവളയച്ച സ്മൈലി കണ്ടിട്ടും അയാള്‍ മറുപടിയയച്ചില്ല.

മറ്റൊരിക്കല്‍ അയാളവളോട്‌ പറഞ്ഞു "ഞാന്‍ ഇതുവരെ ആവശ്യപ്പെട്ട ഒരാഗ്രഹം പോലും നീ സാധിച്ചു തന്നിട്ടില്ല, നിസ്സാരമായ ഇതെങ്കിലും സാധിച്ചു തന്നെ മതിയാകൂ"

"ആഗ്രഹം പറയൂ, കേള്‍ക്കട്ടെ" അവള്‍ പറഞ്ഞു.

"എനിക്ക് നിന്‍റെ ശബ്ദമൊന്നു കേള്‍ക്കണമെന്നുണ്ട് - ഒരൊറ്റത്തവണ , അതും ഒന്നോ രണ്ടോ മിനിറ്റ്. അത് കഴിഞ്ഞാല്‍ സത്യമായും ഞാന്‍ നമ്പര്‍ ഡിലീറ്റ് ചെയ്തേക്കാം. പിന്നീടോരിക്കലും വിളിക്കുകയുമില്ല"

"ഉം എനിക്കൊന്നാലോചിക്കണം, നാളെ പറയാം"

"ശരി, ആലോചിച്ചു പറഞ്ഞാല്‍ മതി" അന്നത്തെ സംസാരം അവിടെ അവസാനിച്ചു.

പിറ്റേന്ന് രാവിലെ അവള്‍ അയാള്‍ക്ക്‌ മെസ്സെജയച്ചു

"നമ്പര്‍ തരാം, പക്ഷെ വാക്ക് പറഞ്ഞതുപോലെ ഈയോരോറ്റത്തവണ മാത്രമേ വിളിക്കാവൂ. സമ്മതമെങ്കില്‍ ഉച്ചക്ക് പന്ത്രണ്ടരക്കും ഒന്നിനും ഇടയില്‍ ഞാന്‍ തരുന്ന നമ്പറില്‍ വിളിക്കൂ - അപ്പോളെനിക്ക് ബ്രേക്ക് ടൈമാണ്"

"ശരി, സമ്മതിച്ചു"

അവള്‍ നമ്പര്‍ കൊടുത്തു.

കിട്ടിയപാടെ അയാള്‍ നമ്പര്‍ ഫോണ്‍ ബുക്കിലേക്ക് സേവ് ചെയ്തു.

ഉച്ചക്കവളെ വിളിച്ചയാള്‍ അഞ്ചു മിനിറ്റോളം സംസാരിച്ചു.

എന്നും സ്വന്തം ആഗ്രഹങ്ങളുടെ തടവുകാരനാണല്ലോ മനുഷ്യന്‍ - ശബ്ദം കേട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും കാണണമെന്നുള്ള ആഗ്രഹം അയാളില്‍ തലപൊക്കി.

"ഫോട്ടോ തന്നില്ലെങ്കില്‍ ഞാനിനി മിണ്ടില്ല" അയാള്‍ അവസാനത്തെ അടവായ മൌനവൃതം പ്രഖ്യാപിച്ചു.

എങ്കിലിനി താനും മിണ്ടുന്നില്ലെന്ന് പറഞ്ഞെങ്കിലും അവളുടെ വാശിക്ക് ഏതാനും നിമിഷങ്ങളെ ആയുസ്സുണ്ടായിരുന്നുള്ളൂ.

പക്ഷെ മറുപടിയില്ലാത്ത മെസ്സെജുകളയച്ചു മടുത്തപ്പോള്‍ അവസാനം ഗത്യന്തരമില്ലാതെ അവള്‍ പറഞ്ഞു.

"ശരി ഫോട്ടോ തരാം - പക്ഷെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്നെ കുറ്റം പറഞ്ഞേക്കരുത്"

"ഒരിക്കലുമില്ല, ഞാന്‍ വിശ്വസിക്കുന്നത് ബാഹ്യസൌന്ദര്യത്തിലല്ല, മനസ്സിന്‍റെ സൌന്ദര്യത്തിലാണ്" അയാള്‍ പറഞ്ഞു.

ഒരുനിമിഷം കഴിഞ്ഞപ്പോള്‍ അവളുടെ ഫോട്ടോ അയാളുടെ ചാറ്റ് ബോക്സിലെത്തി.

അതുതുറന്ന അയാളുടെ മുഖം മാറി.

കറുത്ത നിറം. തികച്ചും അനാകര്‍ഷകമായ കുഴിഞ്ഞ കണ്ണുകള്‍. എണ്ണ മയമില്ലാതെ അലസമായി ഇട്ടിരിക്കുന്ന കോഴിവാല്‍ മുടി. തടിച്ച മൂക്ക്. കറുത്ത വിള്ളല്‍ വീണ ചുണ്ടുകള്‍. എല്ലാത്തിനുമുപരി ഒറ്റ നോട്ടത്തില്‍ മുഖം തിരിക്കാന്‍ പ്രേരിപ്പിക്കുന്ന വൃത്തികെട്ട ഒരു ചിരിയും !

"എന്തേ ഫോട്ടോ കണ്ടു പേടിച്ചു പോയോ ?" മറുപടി കാണാതായപ്പോള്‍ അവള്‍ ചോദിച്ചു.

"ഏയ്‌ ഇല്ല" അയാളുടെ ടൈപ്പിംഗിന് പതിവ് വേഗതയില്ലയിരുന്നു.

"എന്നെ ഇഷ്ടായോ ?" അടുത്ത പരീക്ഷണം.

"ഉം" ഒരു മൂളലില്‍ മറുപടിയോതുക്കി അയാള്‍ ജോലിയുണ്ടെന്നു പറഞ്ഞു വേഗം ലോഗ്ഓഫ് ചെയ്തു.

അന്ന് രാത്രിയും പതിവ് പോലെ അവള്‍ ഗുഡ് നൈറ്റ് മെസ്സേജ് അയച്ചെങ്കിലും അയാളാ മെസ്സേജ് തുറന്നില്ല.

പിറ്റേന്ന് രാവിലെ പതിവുപോലെ അയാളവള്‍ക്ക് ഗുഡ്മോര്‍ണിംഗ് പറഞ്ഞില്ല. അവളയച്ച ഒരു മെസ്സേജിനും മറുപടി നല്‍കിയില്ല.

ഉച്ചകഴിഞ്ഞ് അയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കയറി നോക്കാന്‍ ശ്രമിച്ച അവളെ തെല്ലമ്പരപ്പിച്ചു കൊണ്ട് അയാളവളെ ബ്ലോക്ക് ചെയ്തിരുന്നു.

ബുദ്ധി ഉപദേശിച്ച് തന്ന വിവാഹിതയായ സുഹൃത്തിനും ഫോട്ടോ തന്നു സഹായിച്ച ഗൂഗിള്‍ സര്‍ച്ചിനും മനസ്സില്‍ നന്ദി പറഞ്ഞു കൊണ്ട് തന്‍റെ പട്ടുപോലെയുള്ള കാര്‍കൂന്തലില്‍ തലോടിക്കൊണ്ട് കണ്ണാടിയില്‍ തന്‍റെ ജ്വലിക്കുന്ന സൌന്ദര്യം ആസ്വദിച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ അവള്‍ നിന്നു.

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top