Thursday, January 23, 2014

കഥ : ആയുധം - 1

"എന്താ സുധാകരാ നീയീപ്പറയണേ , ശാലിനിക്കെന്താ ഒരു കുഴപ്പം ?"

അമ്മയുടെ മുഖത്ത് ജിജ്ഞാസയേക്കാള്‍ നിറഞ്ഞു നിന്നത് സങ്കടമായിരുന്നു.

"അവള്‍ക്കു കുഴപ്പമൊന്നും ഉണ്ടെന്നു ഞാന്‍ പറഞ്ഞില്ല, എന്‍റെ സങ്കല്‍പ്പത്തിലെ പെണ്ണല്ല അവള്‍"

അയാളത് പറഞ്ഞു നിര്‍ത്തിയപ്പോള്‍ അടുക്കള വാതിലിനടുത്തു നിന്ന് ആരോ തിടുക്കപ്പെട്ട് ഓടിമറയുന്ന കൊലുസ്സിന്റെ ശബ്ദം കേട്ട് അമ്മ മിന്നല്‍ പോലെ വാതില്‍ക്കല്‍ ചെന്നെത്തി നോക്കി - പൊടുന്നനെ അമ്മയുടെ മുഖം വിവര്‍ണ്ണമായി - "ശാലിനി"

ആ പേര് അമ്മയുടെ വിറയ്ക്കുന്ന ചുണ്ടുകള്‍ക്കിടയില്‍ നിന്ന് ഓരോരോ അക്ഷരങ്ങളായാണ് പുറത്തു വന്നത്.

സുധാകരനും അടുക്കള വാതില്‍ക്കല്‍ വന്നെത്തി നോക്കിയെങ്കിലും അതിനോടകം അവള്‍ ഓടി മറഞ്ഞു കഴിഞ്ഞിരുന്നു.

തന്‍റെ മുറിയിലേക്ക് നടക്കുമ്പോള്‍ കുറ്റബോധത്താല്‍ സുധാകരന്‍റെ ശിരസ്സ് കുനിഞ്ഞിരുന്നു

"എന്താ സുധേട്ടാ ഇങ്ങനെ ഒരുമാതിരി നോക്കുന്നെ ?" തന്‍റെ തോളില്‍ കൈവച്ച് കണ്ണുകളിലേക്കു വികാരത്തോടെ നോക്കുന്ന സുധാകരനോട് ശാലിനി ചോദിച്ചു.

അതിനു മറുപടി പറയാതെ അപ്രതീക്ഷിതമായി അയാളുടെ ചുണ്ടുകള്‍ മെല്ലെ അവളുടെ മുഖതോടടുത്തപ്പോള്‍ സുധാകരന്‍റെ മുഖം വിവര്‍ണ്ണമാക്കിക്കൊണ്ട് അയാളെ തള്ളിമാറ്റി വായ് പൊത്തിച്ചിരിച്ചു കൊണ്ട് അവള്‍ ഓടിപ്പോയി.

കുട്ടന്‍റെ വാക്കുകള്‍ സുധാകരന്‍റെ കാതുകളില്‍ മുഴങ്ങി "കാമപൂര്‍ത്തീകരണം കൊണ്ട് വേണം ഒരു സ്ത്രീയെ കീഴ്പ്പെടുത്താന്‍. അതായിരിക്കണം ഒരു പുരുഷന്‍റെ ആയുധം."

"കിടപ്പറയില്‍ നാണിച്ച് വിവശയായി ഒതുങ്ങിക്കൂടുന്ന ഒരുവളാവരുത് എന്‍റെ ഭാര്യയെന്ന്‍ എനിക്കാഗ്രഹമുണ്ട്. എന്നെപോലെ ഈ വിഷയത്തില്‍ ഏറെ തല്‍പ്പരയായിരിക്കണം അവളും" സുധാകരന്‍ പറഞ്ഞു.

ഒരുനിമിഷം എന്തോ ആലോചിച്ചിരുന്ന ശേഷം കുട്ടന്‍ പറഞ്ഞു "എങ്കില്‍ നീ വിവാഹം കഴിക്കേണ്ടത്‌ ഒരു ശംഖിനിയെത്തന്നെയായിരിക്കണം"

"അതെന്താ കെ.എസേ ഈ ശംഖിനി ?"

കെ.എസ് കുട്ടന്‍ എന്നത് കാമസൂത്ര കുട്ടന്‍റെ ചുരുക്കപ്പേരാണ്. ഇരട്ടപ്പേര് വിളിക്കുന്നതില്‍ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് പ്രതികരിക്കുന്ന ചുരുക്കം ചില മനുഷ്യരില്‍ ഒരാളാണ് കുട്ടന്‍.

കാമകലകളിലുള്ള യുവാക്കളുടെ സംശയങ്ങള്‍ അകറ്റാനാണ് ഈ ഭൂമിയില്‍ ജന്മമെടുത്തത് തന്നെ എന്ന് തോന്നിപ്പോകും സംശയപൂര്‍ത്തീകരണത്തിനായി എത്തുന്നവരോടുള്ള കുട്ടന്‍റെ സമീപനം കണ്ടാല്‍.

"കാമസൂത്രയില്‍ പറഞ്ഞിരിക്കുന്ന നാലുവിഭാഗം സ്ത്രീകളില്‍ ഒരു വിഭാഗമാണ്‌ ശംഖിനി" കുട്ടന്‍ പറഞ്ഞു തുടങ്ങി.

"അവളുടെ ശരീരം ചൂടുള്ളതും, ഇരുണ്ട മഞ്ഞകലര്‍ന്ന തവിട്ടുനിറത്തോടെയുള്ളതുമായിരിക്കും.

വലിയ അരക്കെട്ടും, ചെറിയ മാറിടവും , മെലിഞ്ഞതും നീളമുള്ളതുമായ തലയും, കൈകാലുകളും ഉള്ള വലിപ്പം കൂടിയ ശരീരമുള്ള ഇവര്‍ കടക്കണ്ണിലൂടെയായിരിക്കും നോക്കുക.

തടിച്ച ചുണ്ടുകളുള്ള ഇക്കൂട്ടര്‍ വികാരത്തിന്‍റെ ഉച്ചസ്ഥായിയില്‍ പുരുഷന്‍റെ പുറത്തിവളുടെ നഖങ്ങളിറക്കും."

'അയാള്‍ പറഞ്ഞ ഒരു വിശേഷങ്ങളും ശാലിനിയിലില്ല', സുധാകരനോര്‍ത്തു.

സുധാകരന്‍റെ മുറപ്പെണ്ണാണ് ശാലിനി.

ബാല്യം മുതലേയുള്ള കളിക്കൂട്ടുകാരി.

വിവാഹത്തെക്കുറിച്ച് ശാലിനിയെ വിട്ടൊരു സങ്കല്‍പ്പവും ഇതുവരെ അയാള്‍ക്കില്ലായിരുന്നു, എന്നാല്‍ കുട്ടനുമായുള്ള കൂട്ട് കെട്ടില്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.

സുധാകരന്‍ കുളികഴിഞ്ഞു മുറിക്കുള്ളില്‍ വസ്ത്രം മാറിക്കൊണ്ടിരിക്കെ ആരോ വാതിലില്‍ മുട്ടി. അയാള്‍ ധൃതിയില്‍ വസ്ത്രം ധരിച്ചു വാതില്‍ തുറന്നു - അമ്മയാണ്.

"ആ മൂന്നാന്‍ രാമന്‍ നായര്‍ വന്നിട്ടുണ്ട്" അമ്മയുടെ ശബ്ദത്തില്‍ പ്രകടമായ നീരസമുണ്ടായിരുന്നു.

"ഉം, ഇരിക്കാന്‍ പറയൂ, ഞാന്‍ ദാ എത്തി" അയാളുടെ മുഖത്തേക്ക് ദയനീയമായ ഒരു നോട്ടമെറിഞ്ഞ ശേഷം അമ്മ പോയി.

രാമന്‍ നായരുടെ കൂടെ കൃത്യമായിപ്പറഞ്ഞാല്‍ ഇത് പതിനഞ്ചാമത്തെ പെണ്ണ് കാണലിനാണ് അയാള്‍ പോകുന്നത്.

ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ശിവമ്മാവന്‍ എതിരെ നിന്ന് വരുന്നത് ദൂരെ നിന്നേ കണ്ട സുധാകരന്‍ അയാള്‍ അടുത്തെത്തിയപ്പോള്‍ കണ്ടില്ലെന്നു നടിച്ചു കൊണ്ട് നടന്നു. എതിരെ കടന്നു പോകുമ്പോള്‍ ശിവമ്മാവാന്‍ കാര്‍ക്കിച്ചു തുപ്പിയത് തന്‍റെ മുഖത്തെക്കാണെന്നയാള്‍ക്ക് തോന്നി.

"അടുത്തയാഴ്ച മുറപ്പെണ്ണിന്‍റെ കല്യാണമാണല്ലേ ?" അയാള്‍ക്കല്‍പ്പം പിന്നാലെയായി നടന്നിരുന്ന രാമന്‍നായര്‍ വിളിച്ചു ചോദിച്ചു.

"ഉം" സുധാകരന്‍ തീരെ താല്പര്യമില്ലാത്ത മട്ടില്‍ മൂളി.

"ഇത്രയും നല്ലൊരു പെണ്‍കുട്ടിയെ വേണ്ടെന്നു വച്ച് കാക്കപ്പോന്നു തേടി നടക്കുന്ന ശുംഭന്‍ "

മുന്നില്‍ നടക്കുന്ന സുധാകരനെ അടിമുടി ഒന്നിരുത്തി നോക്കിയ ശേഷം രാമന്‍നായര്‍ വായില്‍ കിടന്നിരുന്ന മുറുക്കാന്‍ നീട്ടിത്തുപ്പി.

പിന്നിലേക്ക്‌ തിരിഞ്ഞു നോക്കി കര്‍ക്കശമായ ഒരു നോട്ടമെറിഞ്ഞ ശേഷം സുധാകരന്‍ "ഒന്ന് വേഗം നടക്കുന്നുണ്ടോ" എന്ന്‍ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ബസ് സ്റ്റോപ്പിലേക്ക് വലിഞ്ഞു നടന്നു. അയാള്‍ക്ക്‌ പിന്നാലെയെത്താന്‍ രാമന്‍നായര്‍ക്ക് തെല്ലു കഷ്ടപ്പെടേണ്ടി വന്നു.

ബസ്സിറങ്ങിയ ശേഷം ഒരു കടത്ത് കടന്നു പിന്നെയും അര കിലോമീറ്ററോളം വയല്‍വരമ്പിലൂടെ നടക്കേണ്ടിയിരുന്നു പെണ്‍കുട്ടിയുടെ വീട്ടിലേക്ക്.

പാതിദൂരം നടന്നശേഷം അയാള്‍ തെല്ലു നീരസത്തോടെ പിന്നില്‍ നടന്നിരുന്ന രാമന്‍നായരെ തിരിഞ്ഞു നോക്കി - ആ നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലായത്‌ പോലെ രാമന്‍നായര്‍ പിറുപിറുത്തു "ഇദ്ദേഹം പറഞ്ഞ എല്ലാ ലക്ഷണങ്ങളുമുള്ള പെണ്ണിനെ വേണമെങ്കില്‍ കുറച്ചു കഷ്ടപ്പാടൊക്കെ സഹിക്കേണ്ടി വരും"

"മിണ്ടാതെ ഒന്ന് വേഗം നടക്കെടോ" സുധാകരന് ശരിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു.

അതൊരു ശുദ്ധനാട്ടിന്‍പുറം തന്നെയായിരുന്നു.

ഉമ്മറത്തിട്ടിരുന്ന പ്ലാസ്റ്റിക് വരിഞ്ഞ കസേരകളിലിരുന്ന സുധാകരനും രാമന്‍നായര്‍ക്കും സുന്ദരിയായ ഒരു മധ്യവയസ്ക നാടന്‍ പഴവും, ഇളനീരും കൊണ്ടുവന്നു നല്‍കിയപ്പോള്‍ ചാരുകസേരയില്‍ കിടന്നിരുന്ന കാരണവര്‍ പറഞ്ഞു - "ഇതാണ് പെണ്ണിന്‍റെ അമ്മ. ഞാന്‍ ഇവളുടെ മൂത്തതിന്‍റെ മൂത്തത്. ഇവള്‍ടെ കെട്ട്യോന്‍ മരിച്ചു പോയിട്ട് അഞ്ചു വര്‍ഷമായി. വാസന്തി ഒറ്റ മോളാ"

അതിനോടകം നാലു പഴം അകത്താക്കി അഞ്ചാമത്തെതിനായി കൈനീട്ടുന്ന രാമന്‍നായരെ സുധാകരന്‍ ക്രുദ്ധനായി നോക്കി - അതിന്‍റെ അര്‍ത്ഥം പിടികിട്ടിയ പോലെ രാമന്‍നായരിലെ മൂന്നാന്‍ ഉണര്‍ന്നെഴുന്നേറ്റു - "എന്നാല്‍ പിന്നെ നമുക്കിനി വന്ന കാര്യത്തിലേക്ക് കടക്കാം. പെണ്‍കുട്ടിയെ വിളിക്കൂ"

അക്കാര്യം മറന്നല്ലോ എന്ന മട്ടില്‍ അമ്മാവന്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു "വാസന്തി , ആ ചായയും, പലഹാരവുമായി വന്നോളൂ"

പലഹാരം എന്ന് കേട്ടപ്പോള്‍ രാമന്‍നായരുടെ കണ്ണുകള്‍ വീണ്ടും തിളങ്ങിയത് കണ്ട് 'തനിക്കു ഞാന്‍ വച്ചിട്ടുണ്ട് നായരെ' എന്ന മട്ടില്‍ സുധാകരന്‍ പുച്ഛത്തോടെ നോക്കി.

കാരണവരുടെ വിളി പ്രതീക്ഷിച്ചതു പോലെ വാതിലിനു പിന്നില്‍ ചായഗ്ലാസുകളും പലഹാരപ്പാത്രവും നിരത്തി വച്ച ട്രേയുമായി മറഞ്ഞു നിന്നിരുന്ന വാസന്തി മിന്നായം പോലെ ഉമ്മറത്തെത്തി.

ചായഗ്ലാസ് നീട്ടുമ്പോള്‍ കടക്കണ്ണിലൂടെ സുധാകനെ നോക്കി അവള്‍ വശ്യമായി ഒരു ചിരി ചിരിച്ചു. ആ ചിരിയില്‍ സുധാകരന്‍ വീണു പോയി.

എല്ലാവര്‍ക്കും ചായയും പലഹാരങ്ങളും കൊടുത്തു കഴിഞ്ഞപ്പോള്‍ വാസന്തി ഒഴിഞ്ഞ ട്രേയുമായി മെല്ലെ താളത്തില്‍ പിന്തിരിഞ്ഞു നടന്ന്‍ വാതിലിനടുത്ത് നിന്നിരുന്ന അമ്മയുടെ പിന്നില്‍ പോയി തോളില്‍ തൂങ്ങി നിന്ന് കാല്‍ വിരല്‍ കൊണ്ട് റെഡ് ഓക്സൈഡിട്ട തറയില്‍ തെളിയാത്ത ചിത്രങ്ങള്‍ വരച്ചു കൊണ്ട്, ഇടയ്ക്കിടെ സുധാകരനു നേരെ നാണത്തില്‍ പൊതിഞ്ഞ ചിരികള്‍ എറിഞ്ഞു കൊണ്ട് നിന്നു.

"ഇവള്‍ , കുട്ടന്‍ പറഞ്ഞ ശംഖിനിയുടെ എല്ലാ ലക്ഷണങ്ങളും ചേര്‍ന്നവള്‍ - ഇവള്‍ തന്നെ എന്‍റെ സ്വപ്നസുന്ദരി" സുധാകരന്‍ മനസ്സിലെ ആദ്യരാത്രിയില്‍ വാസന്തിയെ വിവസ്ത്രയാക്കിത്തുടങ്ങിക്കഴിഞ്ഞിരുന്നു.

(തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top