Monday, January 27, 2014

ട്രിവാണ്ട്രം ലോഡ്ജിലെ കഥകള്‍ - 1

17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സമയം.

ആയുര്‍വ്വേദ കോളെജിനടുത്തുള്ള ധര്‍മ്മാലയം റോഡില്‍ ഒരു അമ്മാവന്‍ നടത്തുന്ന ശ്രീ ബാലസുബ്രഹ്മണ്യവിലാസം എന്ന ലോഡ്ജിലായിരുന്നു ആദ്യമെന്‍റെ താമസം.

"ധര്‍മ്മാലയം റോഡിലൂടെ നടന്നു വരുമ്പോള്‍ ഗേറ്റിനു മുകളിലില്‍ രണ്ടു സിംഹങ്ങളിരിക്കുന്ന കെട്ടിടം" - അതായിരുന്നു ലോഡ്ജിലെക്കുള്ള വഴി പറഞ്ഞു കൊടുക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന അടയാളം.

ധര്‍മ്മാലയം റോഡിലാണ് തിരുവനന്തപുരം നഗരത്തിലെ പ്രധാന പാരലല്‍ കോളേജുകളെല്ലാം.

ധര്‍മ്മാലയം റോഡിന് മെയിന്‍ റോഡില്‍ നിന്ന് താഴേക്ക്‌ കുത്തനെ ഒരു ചരിവുള്ളതിനാല്‍ രാവിലെ മുതല്‍ താഴേക്കും ഉച്ചകഴിഞ്ഞാല്‍ മുകളിലേക്കും പാരലല്‍ കോളേജിലെ കുട്ടികളുടെ ഒരൊഴുക്കാണെന്ന് ആലങ്കാരികമാല്ലാതെ തന്നെ പറയാം.

പക്ഷെ അതുങ്ങളെ ലൈനിടാന്‍ പോയിട്ട്, ചുമ്മാ വായ്‌നോക്കി നില്‍ക്കാന്‍ പോലും കഴിയാത്ത ഭാഗ്യം കെട്ട ജന്മങ്ങളായിരുന്നു ഞങ്ങള്‍ ലോഡ്ജിലെ പാവം അന്തേവാസികള്‍ !

ലോഡ്ജ് ഉടമസ്ഥനായ - ഏകദേശം എണ്‍പതിനടുത്ത് പ്രായമുള്ള മാമന്‍ ഒരു പ്രത്യേക കഥാപാത്രമാണ്.

തലയില്‍ പഞ്ഞിപ്പൂട പോലെ അവിടവിടെ നീണ്ടു നില്‍ക്കുന്ന കുറച്ചു വെളുത്ത രോമങ്ങളെ മുടിയെന്നു വിളിച്ചാല്‍ ഇന്ദുലേഖ കമ്പനിക്കാര്‍ എനിക്കെതിരെ കേസ് കൊടുത്തെക്കും.

മാമനെപ്പോലെ തന്നെ പുരാവസ്തുവായ, എന്നോ വെള്ളനിറമായിരുന്നെന്ന് തോന്നിപ്പിക്കുന്ന ഒരു ഒറ്റ മുണ്ട്.

രാവിലെ ആറുമണിക്ക് ലോഡ്ജില്‍ വന്നാല്‍ സകലമാന ബാത്ത്രൂമുകളും, വാഷ് ബേസിനുകളുമൊക്കെ ക്ലീന്‍ ചെയ്യല്‍ , എല്ലാവരും പോയിക്കഴിഞ്ഞാല്‍ മുറികളില്‍ കയറി പരിശോധന, തുടങ്ങിയ ലോഡ്ജിലെ സകലമാനജോലികളും തനിച്ച് ചെയ്തു തീര്‍ത്ത്‌ ഉച്ചക്ക് പന്ത്രണ്ടു മണി എനോന്നുണ്ടെങ്കില്‍ മാമന്‍ ഊണ് കഴിക്കാന്‍ പോയിരിക്കും.

എല്ലാ മുറികളുടെയും ഡ്യൂപ്ലിക്കേറ്റ് താക്കോലുകള്‍ മാമന്‍റെ കയ്യിലുണ്ട്.

"മുറിയുടെ താഴ് മാറ്റാന്‍ പാടില്ല, ഞാന്‍ കാണാന്‍ പറ്റാത്ത ഒരു സംഗതിയും റൂമില്‍ പാടില്ല " മുറിയെടുക്കാന്‍ വരുന്നവരോട് പറയുന്ന ഏറ്റവും ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഡിമാണ്ട് അതാണ്‌.

കൂടാതെ, സഹമുറിയന്മാരെ ശല്യം ചെയ്യരുത്, വെള്ളം വൈദ്യുതി എന്നിവ പാഴാക്കരുത് , താമസക്കാര്‍ അല്ലാത്ത ഒരാളെയും തന്‍റെ അനുവാദമില്ലാതെ റൂമില്‍ കൊണ്ടുവരരുത് എന്നിങ്ങനെ മറ്റെങ്ങുമില്ലാത്ത കുറെ നിബന്ധനകളുമുണ്ട്.

അന്നത്തെ ചില ന്യൂജനറേഷന്‍ പിള്ളേര്‍ ഇതൊക്കെ കേട്ട് പുച്ഛത്തോടെ "തന്‍റെ മുറി എന്‍റെ ഡോഗിനു വേണമെന്നും പറഞ്ഞ് പോകും. പക്ഷെ കേട്ടറിഞ്ഞു വരുന്നവര്‍ എല്ലാം സമ്മതിക്കും - കാരണം അല്‍പ്പം സ്വാതന്ത്രക്കുറവുണ്ടെങ്കിലും അത്രയും വൃത്തിയും സുരക്ഷിതത്വബോധവും ഉള്ള വേറെ ലോഡ്ജ് തിരുവന്തപുരം നഗരത്തില്‍ അന്നില്ലായിരുന്നു.

എന്‍റെ കമ്പനിയിലെ സെയില്‍സ്മാനായിരുന്ന രമേശ് ആണ് തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ ആയെന്നു അറിഞ്ഞപ്പോള്‍ അവിടെ താമസിക്കാന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ കാര്യങ്ങളെല്ലാം രമേശ്‌ പറഞ്ഞറിവുണ്ടായിരുന്നതിനാല്‍ വലിയ ഞെട്ടലൊന്നും എനിക്ക് ഫീലിയില്ല.

ജോലിക്ക് പോകാതെ റൂമിലിരിക്കുന്നത് മാമന് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് - കരണ്ട് ചെലവാകും എന്നതാണ് പ്രധാന കാരണം. ഒരു മൂന്നു ദിവസം തക്കതായ കാരണമില്ലാതെ ആരെങ്കിലും ജോലിക്കോ പഠിക്കാനോ പോകാതെ റൂമില്‍ ഇരിക്കുന്നത് മാമന്‍റെ കണ്ണില്‍പെട്ടാല്‍ (കണ്ണില്‍പെടുമെന്ന്‍ ഉറപ്പാണ്) നാലാം നാള്‍ അവന്‍ വേറെ ലോഡ്ജില്‍ മുറി അന്വേഷിക്കേണ്ടി വരും.

ഒരിക്കല്‍ കുളി കഴിഞ്ഞ് ബക്കറ്റില്‍ അവശേഷിച്ച വെള്ളം വെറുതെ കമഴ്ത്തിക്കളഞ്ഞു എന്ന കുറ്റത്തിന് ഒരിക്കലും ഊരാത്ത കൂളിംഗ് ഗ്ലാസ്സും ധരിച്ച് ആരോടും മിണ്ടാതെ നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന ഒരു തമിഴനെ പുറത്താക്കിയതാണ് താമസക്കാര്‍ മാമന്‍ കേള്‍ക്കാതെ മാമനെക്കുറിച്ച് രഹസ്യമായി പറഞ്ഞു നടക്കാറുള്ള ഏറ്റവും വലിയ കടുംകൈ !

എങ്കിലും, ഇതെല്ലാം സഹിച്ചും ആളുകള്‍ അവിടെത്തന്നെ താമസിക്കും.

ഊണ് കഴിഞ്ഞൊരു ഉറക്കമൊക്കെ പാസാക്കി മൂന്നര മണിക്ക് മാമന്‍ വീണ്ടും വരും.

നിവൃത്തിയില്ലാതെ എന്‍റെ സഹമുറിയനെ കൈകാര്യം ചെയ്യണ്ടി വന്ന കഥയില്‍ തുടങ്ങാം നമ്മുടെ ട്രിവാണ്ട്രം ലോഡ്ജ് കഥകള്‍.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ പണ്ടേ എനിക്കൊരു കാര്യം മഹാ അലര്‍ജിയാണ് - ട്യൂബ് ലൈറ്റിന്‍റെ വെളിച്ചം !

കണ്‍വെട്ടത്തെങ്ങാനും ട്യൂബ്ലൈറ്റിന്‍റെ വെളിച്ചം കണ്ടാല്‍ മതി, അന്നത്തെ എന്‍റെ ഉറക്കം ഗോവിന്ദ !

വിനോദ് എന്നായിരുന്നു അവന്‍റെ പേര്. വളര്‍ന്നു വരുന്ന ഒരു കെമിക്കല്‍ കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവാണ് ആള്‍.

വൈകുന്നേരം അഞ്ചരമണിക്ക് ജോലി കഴിഞ്ഞു വന്നാല്‍ ഉടനെ അവന്‍ കട്ടിലില്‍ കയറിക്കിടന്ന് ഏകദേശം ഒമ്പത് മണിവരെ കിടന്നുറങ്ങും.

പിന്നെ എഴുന്നേറ്റ് കുളി, ഭക്ഷണം കഴിക്കാന്‍ പോക്ക്, വന്നു കഴിഞ്ഞാല്‍ ഉടനെ ഒരു പുസ്തകമെടുത്തു നിവര്‍ത്തി വായന തുടങ്ങും.

മുറിയിലെ ട്യൂബ് ലൈറ്റ് ആണെങ്കില്‍ ഓണ്‍ ചെയ്‌താല്‍ നേരെ എന്‍റെ കണ്ണിലേക്കു തന്നെ അടിക്കുന്ന വിധത്തിലും. കണ്ണടച്ചാലും തൊട്ടുമുന്നില്‍ അതങ്ങനെ കത്തിനില്‍ക്കുന്നത് പോലെ തോന്നും. തോര്‍ത്ത്, തുണികള്‍ എന്നിവ കൊണ്ട് കണ്ണുകള്‍ മൂടി കെട്ടിവച്ചു പോലും നോക്കി - പ്രത്യേകിച്ച് ഗുണമൊന്നുമില്ല.

പാതിരാത്രിയൊക്കെ കഴിഞ്ഞു ഒന്നര - രണ്ടു മണിയൊക്കെ ആകും വായന കഴിഞ്ഞ് അവന്‍ കിടക്കാന്‍. കിടന്നുറങ്ങിക്കഴിഞ്ഞാലാകട്ടെ വെളുപ്പിനെ നാലര മണിയാകുമ്പോള്‍ത്തന്നെ അലാം വച്ചെഴുന്നെല്‍ക്കുകയും ചെയ്യും.

പിന്നെ ട്യൂബ് ലൈറ്റ് കെടുത്താതെ കുളിക്കാന്‍ പോക്ക്, കുളി കഴിഞ്ഞു വന്നു ബഹളം കൂട്ടി ഡ്രസ് ചെയ്യല്‍ - അതുകഴിഞ്ഞ് ആശാന്‍ അമ്പലത്തില്‍ പോകും.

അരമണിക്കൂര്‍ കഴിഞ്ഞു വന്ന ശേഷം തലേന്നത്തെ ജോലിയുടെ റിപ്പോര്‍ട്ട് എഴുതാന്‍ ഒരിരിപ്പുണ്ട്. മിക്കവാറും എട്ടുമണിക്ക് ഞാന്‍ ജോലിക്ക് പോകുംമ്പോഴും എഴുത്ത് അവസാനിച്ചിട്ടുണ്ടാകില്ല.

ഇന്നാദ്യം ഇന്ന സമയത്ത് ഇന്ന കമ്പനിയില്‍ ഇന്നയാളെ കണ്ടു എന്നാരംഭിക്കുന്ന റിപ്പോര്‍ട്ടെഴുത്ത്, ഒരു കഥപോലെ വായിക്കാന്‍ പറ്റും - അതുപോലെ ഒരു റിപ്പോര്‍ട്ട് മറ്റൊരു കമ്പനിയിലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല ! . ഒരാഴ്ചത്തെ റിപ്പോര്‍ട്ട് മൊത്തം തൂക്കി വിറ്റാല്‍ത്തന്നെ നല്ലൊരു തുക കിട്ടിയെക്കും !

ആദ്യമൊക്കെ പാതിരാത്രി ലൈറ്റിട്ടുള്ള ഇവന്‍റെ വായന കണ്ട് , വല്ല ടെസ്റ്റിനോ മറ്റോ പഠിക്കുകയാവുമെന്നാണ് ഞാന്‍ കരുതിയിരുന്നത്.

ഒരുദിവസം ട്യൂബ് ലൈറ്റിന്‍റെ പ്രകാശം കണ്ണിലടിക്കുന്നതു മൂലം ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു മതിയായപ്പോള്‍ കുറച്ചുനേരം നടന്നാല്‍ ക്ഷീണം തോന്നുമ്പോള്‍ ഉറക്കം വന്നാലോ എന്ന പ്രതീക്ഷയോടെ ഞാന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു.

മുറിയില്‍ തേരാപ്പാരാ നടക്കുമ്പോള്‍ ആണ് എന്ത് ബുക്കാണ് ഇവന്‍ വായിക്കുന്നതെന്നറിയാന്‍ ഒരാകാംക്ഷ ജനിച്ചതും അവന്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിന്‍റെ കവര്‍ പിടിച്ചു തിരിച്ചു നോക്കിയതും - ഖുശ്വന്ത്‌ സിംഗിന്‍റെ - സുന്ദരിമാരും ഞാനും !

ഒരു നിമിഷം പോലും വൈകിയില്ല , അത്രയും നാള്‍ ഉറക്കം നശിപ്പിച്ച സങ്കടവും ദേഷ്യവും എല്ലാം കൂടി ചേര്‍ത്തു ഞാന്‍ അവനോടു തീര്‍ത്തു ,

വായില്‍ വന്ന തെറികളെല്ലാം വിളിച്ചു കൊണ്ട് (പണ്ട് ഇടപ്പള്ളി സെന്‍റ് ജോര്‍ജ് സ്കൂളില്‍ നാലുവര്‍ഷം പഠിച്ചതുകൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണമുണ്ടായെന്നു ചാരിതാര്‍ത്ഥ്യം തോന്നിയ നിമിഷം - പ്രിയ വായനക്കാരുടെ അറിവിലേക്ക് : ഇപ്പോഴത്തെ സെന്‍റ്:ജോര്‍ജ് വളരെ മികച്ച സ്കൂള്‍ ആണ് കേട്ടോ , ഞാനൊക്കെ പഠിത്തം അവസാനിപ്പിച്ചു പോന്ന ശേഷം അത് നന്നായി) അവനെ പിടിച്ചു വലിച്ചു മുറിക്കു പുറത്താക്കി വാതിലടച്ചു കുറ്റിയിട്ട് ലൈറ്റ് ഓഫാക്കി ഞാന്‍ ഉറങ്ങാന്‍ കിടന്നു.

കുറേനേരം വാതിലില്‍ തട്ടിയും, വിളിച്ചും മടുത്തപ്പോള്‍ അവന്‍ അടുത്തുള്ള സുഹൃത്തുക്കളുടെ മുറികളില്‍ ഒക്കെ പോയി തട്ടി നോക്കി, നല്ല ഉറക്കത്തില്‍ ആയിരുന്നതിനാല്‍ ആരും വാതില്‍ തുറന്നില്ല.

അങ്ങനെ നമ്മുടെ കഥാനായകന് കൊതുകുകടിയും, ബോണസായി ആരോ മൂട്ടശല്യം കാരണം വരാന്തയില്‍ ഉപേക്ഷിച്ചിട്ടിരുന്ന പൊളിഞ്ഞ കട്ടിലിലെ മൂട്ടകടിയും കൊണ്ട് നേരം വെളുപ്പിക്കേണ്ടി വന്നു.

പിറ്റേന്ന് രാവിലെ തന്നെ വാതിലില്‍ ആരുടെയോ മുട്ട് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത് - വാതില്‍ക്കല്‍ അമ്മാവനും, പിന്നെ നമ്മുടെ ചെക്കനും.

വെളുപ്പിനെ അമ്മാവന്‍ വന്നയുടനെ തന്നെ , ഞാന്‍ രാത്രി അവനെ പുറത്താക്കി വാതിലടച്ചെന്നു പരാതി പറഞ്ഞു വിളിച്ചു കൊണ്ട് വന്നിരിക്കുകയാണ്.

"നീയിവനെ രാത്രി മുറിയില്‍ നിന്ന് പുറത്താക്കി വാതിലടച്ചോ ?"

സീരിയസായുള്ള അമ്മാവന്‍റെ ചോദ്യം കേട്ട് ഞാന്‍ ആദ്യമൊന്നു ഞെട്ടി, പിന്നെ ഞാനെന്തിനു ഭയപ്പെടണം എന്ന ഭാവത്തോടെ രണ്ടുംകല്‍പ്പിച്ചു ഞാന്‍ അന്നുവരെ നടന്ന കാര്യങ്ങളൊക്കെ അമ്മാവനോട് വിസ്തരിച്ചു പറഞ്ഞു കേള്‍പ്പിച്ചു.

എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അമ്മാവന്‍ അവനോടു ചോദിച്ചു "ഇവനീ പറഞ്ഞതൊക്കെ ശരിയാണോ ?"

അവന്‍ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.

"ആളുകള്‍ കാശുകൊടുത്തു ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുന്നത് ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോള്‍ രാത്രിയൊന്നു മര്യാദക്ക് കിടന്നുറങ്ങാന്‍ കൂടിയാണ്. ഒരു റൂമില്‍ താമസിക്കുമ്പോള്‍ കൂടെ താമസിക്കുന്ന ആളുകളെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്. നീ ഇവിടെ താമസിക്കാന്‍ വന്നത് മുതല്‍ കറണ്ട് ചാര്‍ജ്ജിത്ര കൂടുതലാവുന്നതെന്താണെന്ന് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. - അതുകൊണ്ട് വിനോദെ - മോന്‍ ഇന്ന് മുതല്‍ നീ വേറെ മുറി നോക്കിക്കോ. "

അങ്ങനെ ഒരു കുരിശോഴിഞ്ഞു - ഇനിയേതു മരക്കുരിശാണോ താമസിക്കാന്‍ വരികയെന്ന ചിന്തയോടെ പിറ്റേന്ന് രാവിലെ ഞാന്‍ ജോലിക്ക് പോയി.

(ബാക്കി കഥകള്‍ സമയം പോലെ തുടരും)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top