Friday, January 24, 2014

കഥ : ആയുധം - 2

ശാലിനിയുടെ വിവാഹം കഴിഞ്ഞു രണ്ടാഴ്ചകള്‍ക്കു ശേഷം സുധാകരന്‍ വാസന്തിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.

അമ്മയുടെ മുഖത്ത് തെളിഞ്ഞു കിടന്നിരുന്ന പരിഭവം വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നതിനാല്‍ സുധാകരന്‍ പാറുവമ്മയെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴൊക്കെ അവരുടെ നേര്‍ക്ക്‌ നോക്കാതെയാണ് സംസാരിച്ചത്.

വാസന്തിയോടു തുടക്കത്തില്‍ കാണിച്ച ഇഷ്ടക്കേട് തുടരുവാന്‍ പക്ഷെ പാറുവമ്മക്കായില്ല , കാരണം സ്നേഹത്തിന്‍റെ നിറകുടമായിരുന്ന, തനി നാട്ടിന്‍പുറത്തുകാരിയായ വാസന്തിയോടു മനപൂര്‍വ്വം മുഖം കറുപ്പിക്കാന്‍ മാത്രം അവരത്രക്ക് ഹൃദയ ശൂന്യയൊന്നുമായിരുന്നില്ല.

താന്‍ മനസ്സില്‍ കെട്ടിപ്പൊക്കിയ സങ്കല്‍പ്പക്കൊട്ടകളൊക്കെ ആദ്യരാത്രിയില്‍ തന്നെ തകര്‍ന്ന് വീണത്‌ സുധാകരനെ തെല്ലൊന്നുമല്ല അസ്വസ്ഥനും നിരാശനുമാക്കിയത്.

താല്പര്യപൂര്‍വ്വം ചെവിയോര്‍ത്തിരുന്ന കുട്ടനോട് അയാള്‍ ആദ്യരാത്രിയില്‍ നടന്നതെല്ലാം പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു കേള്‍പ്പിച്ചു. ഇടയ്ക്കിടെ 'എന്നിട്ട്....എന്നിട്ട്' എന്ന് ചോദിച്ചിരുന്ന കുട്ടന്‍റെ മുഖം സുധാകരന്‍റെ വര്‍ണ്ണനകളില്‍ പലപ്പോഴും വലിഞ്ഞു മുറുകിയത് പക്ഷെ സുധാകരന്‍ കണ്ടില്ല.

"അങ്ങനെ വരാന്‍ വഴിയില്ല സുധാകരാ, എന്തായാലും പുതുമോടിയല്ലേ, പിന്നെ അവളൊരു തനി നാട്ടിന്‍പുരത്തുകാരിയും, അതിന്‍റെയാവും നാണം, കുറച്ചു ദിവസം കഴിയട്ടെ, എല്ലാം നീ ആഗ്രഹിച്ച പോലെ വരും"

"ഉം" സുധാകരന്‍ ഒന്നിരുത്തി മൂളിയതെയുള്ളൂ.

എന്നാല്‍ വരാനിരുന്ന ദിവസങ്ങള്‍ സുധാകരന് കൂടുതല്‍ കൂടുതല്‍ നിരാശ സമ്മാനിച്ച്‌ കൊണ്ട് കടന്നു പൊയ്ക്കൊണ്ടിരുന്നു.

സദാസമയവും മൌനിയായി കുത്തിയിരിക്കുന്ന സുധാകരനെ നോക്കി പാറുവമ്മ അത്ഭുതപ്പെട്ടു.

ഒരിക്കല്‍ അവര്‍ നേരിട്ടയാളോട് ചോദിക്കുക പോലും ചെയ്തു "ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടിയല്ലോ, ഇനിയിപ്പോ എന്താ നിനക്ക് വേണ്ടേ ?"

കത്തുന്ന ഒരു നോട്ടം തിരിച്ചുകൊടുത്ത് മറുപടി പറയാതെ അയാള്‍ അവിടെ നിന്നെഴുന്നേറ്റ്‌ പോയതേയുള്ളൂ.

മുറിയിലെത്തിയപ്പോള്‍ വാസന്തി കിടക്കയില്‍ കിടന്നു വാരിക വായിക്കുന്നുണ്ടായിരുന്നു.

സുധാകരനെ കണ്ടപ്പോള്‍ അവള്‍ പെട്ടെന്ന് എഴുന്നേറ്റിരുന്നു.

അയാളുടെ മുഖഭാവത്തില്‍ നിന്നും എന്തോ കുഴപ്പമുണ്ടെന്നു മനസ്സിലാക്കി അവള്‍ ചോദിച്ചു "എന്ത് പറ്റിയേട്ടാ ?"

"ഒന്നുമില്ല, നീ വേഗം ഒരുങ്ങിക്കോ, നമ്മള്‍ നിന്‍റെ വീട്ടില്‍ പോകുന്നു."

വാസന്തിയുടെ കണ്ണുകള്‍ തിളങ്ങി. സത്യത്തില്‍ കുറച്ചു ദിവസങ്ങളായി അവള്‍ അയാളോട് പറയാന്‍ ആഗ്രഹിച്ചിരുന്നതാണ് ഇക്കാര്യം - അയാള്‍ ദേഷ്യപ്പെട്ടെങ്കിലോ എന്ന് കരുതി മാത്രമാണ് പറയാതിരുന്നത്.

അക്കാര്യം അയാള്‍ തന്നെ ഇങ്ങോട്ട് പറഞ്ഞപ്പോള്‍ ആഹ്ലാദം കൊണ്ട് അവളുടെ മനസ്സ് തുള്ളിച്ചാടി, അരമണിക്കൂറിനകം അവള്‍ പോകാന്‍ തയ്യാറായി ഒരുങ്ങി വന്നു.

സുധാകരന്‍ അവളോടിക്കാര്യം പറഞ്ഞശേഷം കുളിക്കാന്‍ പോകുമ്പോഴേ അവള്‍ ഓടിപ്പോയി പാറുവമ്മയോടിക്കാര്യം പറഞ്ഞിരുന്നു. അവളുടെ സന്തോഷം കണ്ടപ്പോള്‍ അവര്‍ക്കും സന്തോഷമായി, എങ്കിലും അവളെ കുറച്ചു ദിവസത്തേക്ക് പിരിയേണ്ടി വരുന്നതില്‍ വിഷമം തോന്നിയെങ്കിലും അവരത് മുഖത്തു കാണിച്ച് മരുമകളുടെ സന്തോഷം കെടുത്തിയില്ല.

ഇറങ്ങാന്‍ നേരം സുധാകരന്‍ അമ്മയോടോന്നും പറഞ്ഞില്ലെങ്കിലും അയാള്‍ക്ക്‌ പിന്നാലെ പടിയിറങ്ങുമ്പോള്‍ വാസന്തി നിറഞ്ഞ ചിരിയോടെ ചുണ്ടുകള്‍ കൊണ്ട് 'പോയി വരാട്ടോ അമ്മെ' എന്ന് ആംഗ്യം കാണിച്ചു, പാറുവമ്മയുടെ കണ്ണുകള്‍ നിറഞ്ഞത്‌ മരുമകളുടെ സ്നേഹം കണ്ടിട്ടോ മകന്‍റെ സ്നേഹമില്ലായ്മയോര്‍ത്തിട്ടോ എന്ന് അവര്‍ക്ക് തന്നെ തിരിച്ചറിയാനാകുമായിരുന്നില്ല.

"മോനുറങ്ങിയോ ?" കിടക്കയില്‍ അടുത്തു കിടന്നിരുന്ന പുഷ്പയുടെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ചു കൊണ്ട് കെഎസ് കുട്ടന്‍ ചോദിച്ചു.

പുഷ്പ മറുപടിയൊന്നും പറയാതെ മലര്‍ന്നു കിടന്നു. അവളുടെ മേലേക്കൂടി നോക്കി അപ്പുറത്ത് കിടന്നിരുന്ന മകന്‍ ഉറങ്ങിയെന്നു ഉറപ്പുവരുത്തിയ ശേഷം കുട്ടന്‍ മെല്ലെ അവളെ ചുംബിച്ചു.

ഒരു നേര്‍ത്ത കനല്‍ പോലെ എരിഞ്ഞു തുടങ്ങി ഘട്ടം ഘട്ടമായി തീവ്രതയിലെക്കെത്തിച്ചെരാന്‍ കൊതിച്ച കുട്ടന്‍ പെട്ടെന്നോരാളിക്കത്തലോടെ ഒരൊറ്റ നിമിഷത്തിനകം പുഷ്പയുടെ മുകളില്‍ നിന്നും ഒരുവശത്തേക്ക്‌ തളര്‍ന്നു വീണു.

അയാളുടെ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞിരുന്നു.

നിരാശയോടെ അയാള്‍ തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ഇരുകണ്ണുകളും അമര്‍ത്തിത്തടവുമ്പോള്‍ പതിവില്‍ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കാത്ത പോലെയുള്ള നിര്‍വ്വികാരമായ മിഴികളോടെ മച്ചില്‍ നോക്കിക്കിടക്കുകയായിരുന്നു പുഷ്പ.

കുട്ടന്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു ബാത്ത് റൂമിലേക്ക്‌ പോയപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ കിടക്കയില്‍ എഴുന്നേറ്റിരുന്നു മുടി വാരിക്കെട്ടി പുഷ്പ വീണ്ടും ചരിഞ്ഞു കിടക്കയിലേക്ക് കിടന്നു. തിരിച്ചു വന്ന കുട്ടന്‍ ഉറക്കം പിടിച്ചിട്ടും മനസ്സുമടുപ്പിക്കുന്ന നിര്‍വ്വികാരതയോടെ ഭിത്തിയിലെ അടയാളങ്ങളിലേക്ക് നോക്കി ഏറെ നേരം അവള്‍ ഉറങ്ങാതെ കിടന്നു.

സുധാകരന്‍ വാസന്തിയെ വീട്ടിലാക്കി അന്നുതന്നെ തിരിച്ചു വന്നിട്ട് ഒരുമാസം തികഞ്ഞ ദിവസം ഉമ്മറത്തെ തിണ്ണയിലിരുന്ന് പത്രം വായിച്ചു കൊണ്ടിരുന്ന സുധാകരനോട് പാറുവമ്മ ചോദിച്ചു.

"ഒരു മാസമായല്ലോ വാസന്തി പോയിട്ട്. അവളില്ലാഞ്ഞിട്ടു ഞാന്‍ ഈ വീട്ടില്‍ ഒറ്റക്കായ പോലെ. നിനക്കവളെ പോയി കൂട്ടിക്കൊണ്ടു വന്നൂടെ ?"

"ഇത്രേം നാള്‍ അവള്‍ടെ കൂട്ടുണ്ടായിട്ടാണോ നിങ്ങള്‍ ജീവിച്ചത് ?"

ക്രുദ്ധമായ മുഖഭാവത്തോടെ മറുചോദ്യം ചോദിച്ചു കൊണ്ട് സുധാകരന്‍ തിണ്ണയില്‍ നിന്ന് മുറ്റത്തെക്കു ചാടിയിറങ്ങി പറമ്പിലേക്ക് നടന്നു.

"എന്‍റെ വയറ്റില്‍ തന്നെ വന്നു പിറന്നല്ലോ, ഒരുകാലത്തും ഗതിപിടിക്കില്ലടാ അഹങ്കാരി"

ശാപവാക്കുകളോടെ പാറുവമ്മ അടുക്കളയിലേക്കു നടന്നു.

കണ്ണുകള്‍ ഈറനായത് കൊണ്ട് അടുക്കളയുടെ പടിയവര്‍ വ്യക്തമായി കണ്ടില്ല. പടിയില്‍ തട്ടി അവരുടെ വലതുകാലിന്‍റെ തള്ളവിരല്‍ ചതഞ്ഞു, പാറുവമ്മ ശരിക്കും വേദന കൊണ്ട് കരഞ്ഞു പോയി.

ഉമ്മറത്ത്‌ ആരൊക്കെയോ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടാണ് പാറുവമ്മ ശരിക്കും നിലത്തുകുത്തി നടക്കാനാവാത്ത കാലോടെ ഞൊണ്ടിക്കൊണ്ടങ്ങോട്ട് ചെന്നത്. സുധാകരനെ നാലഞ്ചുപേര്‍ ചേര്‍ന്ന് താങ്ങിയെടുത്ത് കോലായില്‍ കൊണ്ട് കിടത്തുന്നു.

"ന്‍റെ ഭഗവതീ, എന്‍റെ മോനെന്താ പറ്റ്യേ ?"

ഒരലര്‍ച്ചയോടെ പാറുവമ്മ വേദനകളെല്ലാം മറന്ന് മകനടുത്തെക്കോടി.
അയാളുടെ മുഖത്തിനരികെയായി ഇരുന്ന് ഇരുകൈകളും കൊണ്ട് മുഖം തടവിക്കൊണ്ട് അവര്‍ ചുറ്റും നിന്നവരെ നോക്കി അലറി.

"എന്താ ന്‍റെ മോന് പറ്റ്യേ ?"

"ശബ്ദം കേട്ട് ചെക്കനാണ് പറഞ്ഞത്. ഓടിച്ചെന്നപ്പോഴാണ് സുധാകരനാണെന്ന് മനസിലായത്. പറമ്പില്‍ എന്തോ കുനിഞ്ഞെടുത്തപ്പോള്‍ തേങ്ങ നടുവിന് വീണതാണെന്നു തോന്നുന്നു. " അയല്‍പക്കത്തെ ദാമോദരന്‍ പറഞ്ഞു.

"മോനെ" പാറുവമ്മ വിളിച്ചു.

"ഒരു ഞരക്കത്തോടെ സുധാകരന്‍ കണ്ണുതുറന്നു.

"അമ്മെ"

ഒരുഞരക്കത്തോടെ ആ വാക്കുരുവിടുമ്പോള്‍ അയാളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായോഴുകി.

"ന്‍റെ ഭഗവതീ, എന്‍റെ നാവ് നീ അറം പറ്റിച്ചു കളഞ്ഞല്ലോ" പാറുവമ്മ അലമുറയിട്ടു.

"ദാ, വണ്ടി വന്നിട്ടുണ്ട് - അധികം താമസിയാതെ വേഗം ആശുപത്രിയിലേക്കു കൊണ്ടു പോ" ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് ഒരു കാര്‍ വീട്ടുമുറ്റത്ത് വന്നു നിന്നു.

എല്ലാവരും ചേര്‍ന്ന് സുധാകരനെ താങ്ങിയെടുത്ത് കാറിന്‍റെ പിന്‍സീറ്റില്‍ കിടത്തി. അയാള്‍ വേദന കൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു.

പാറുവമ്മ പിന്നില്‍ കയറി സീറ്റിലിരുന്ന്‍ അയാളുടെ തലയെടുത്ത് മടിയില്‍ വച്ചു. ദാമോദരന്‍ മുന്നില്‍ കയറി, കാര്‍ ആശുപത്രി ലക്ഷ്യമാക്കി നീങ്ങി.

മച്ചില്‍ മാറാല കെട്ടിത്തുടങ്ങിയിരിക്കുന്നു. താന്‍ കിടപ്പിലായശേഷം മച്ചോന്നും അടിച്ചു തൂത്തിട്ടില്ല, അമ്മക്കു വാതത്തിന്‍റെ അസ്ക്യത പണ്ടത്തേക്കാള്‍ കൂടിയിരിക്കുന്നു.

ഓരോന്നാലോചിച്ചു കിടന്നപ്പോള്‍ സുധാകരന്‍റെ കണ്ണുകള്‍ക്കു മൂടല്‍ അനുഭവപ്പെട്ടു - രണ്ടുമാസം ആയി ഈ കിടപ്പ് തുടങ്ങിയിട്ട്. ഇനിയും രണ്ടുമാസം ഇതുപോലെ പലകയില്‍ കിടക്കണം. നട്ടെല്ലിന്‍റെ കശേരുവിനു ക്ഷതം സംഭവിട്ടുണ്ട് - ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നാണ് ഡോക്ടര്‍ പറഞ്ഞത് - ഇല്ലെങ്കില്‍ ശരീരം അരക്കു കീഴ്പ്പോട്ടു പൂര്‍ണ്ണമായി തളര്‍ന്നു പോകുമായിരുന്നത്രേ.

വലതു കാല്‍പ്പാദത്തില്‍ എന്തോ ചെറിയ ചൂടും നനവും അനുഭവപ്പെട്ടപ്പോഴാണ് സുധാകരന്‍ ആയാസപ്പെട്ട്‌ തലയുയര്‍ത്തി നോക്കിയത് - കാല്‍ക്കല്‍ നിറമിഴികളോടെ വാസന്തി !

മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് താന്‍ കണ്ട വാസന്തിയല്ല - വിളറിയ മുഖം. കുഴിഞ്ഞ കണ്ണുകള്‍. നിറം പോലും നഷ്ടപ്പെടും വിധം മെലിഞ്ഞോരു കോലമായിരിക്കുന്നു.

അവളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ഭിത്തിയിലേക്ക് മുഖം തിരിച്ചു സുധാകരന്‍ കിടന്നു. അയാളുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ചാലിട്ടൊഴുകി.

വാസന്തി മെല്ലെ നടന്നു സുധാകരന്‍റെ തലക്കരികെ വന്നിരുന്നു.

മെല്ലെ ഇരുകൈകളും കൊണ്ട് അയാളുടെ മുഖം ഒരുകൊച്ചുകുഞ്ഞിനെയേന്നവണ്ണം കൈക്കുമ്പിളില്‍ കോരിയെടുത്ത് ചോദിച്ചു - "എന്താ എന്നെ നോക്കാത്തെ, എനിക്ക് സങ്കടമാവുമെന്നു കരുതിയാണോ ? എനിക്കൊട്ടും ദേഷ്യമില്ലാട്ടോ" ഒരുനിമിഷം - നിയന്ത്രണം വിട്ടയാള്‍ പൊട്ടിക്കരഞ്ഞു പോയി.

രണ്ടു മാസങ്ങള്‍ക്ക് ശേഷം സുധാകരന്‍ വീണ്ടും നടന്നു തുടങ്ങി.

എപ്പോഴും ഒരു നിഴല്‍ പോലെ വാസന്തി അയാളുടെ കൂടെ ഉണ്ടാകും.
അവളുടെ സാമീപ്യത്തില്‍ അയാളും പറഞ്ഞറിയിക്കാനാവാത്ത ഒരാഹ്ലാദം അനുഭവിച്ചിരുന്നു. ഒരുനിമിഷം പോലും തമ്മില്‍ പിരിയാന്‍ വയ്യാത്ത വിധം അവരുടെ മനസ്സുകള്‍ അടുത്തു പോയ്‌ക്കഴിഞ്ഞിരുന്നു !

ഒരുദിവസം കോലായില്‍ ഇരിക്കുന്ന സുധാകരന്‍റെ തലയിലും കഴുത്തിലും പുറത്തുമൊക്കെ എണ്ണയിട്ടു ഉഴിഞ്ഞു കൊണ്ടിരിക്കെ ആരോ വിളിക്കുന്നത്‌ കേട്ടാണ് വാസന്തി മുഖമുയര്‍ത്തി നോക്കിയത് - ചീര വിപ്പനക്കാരി ശാന്ത.

വാങ്ങിയ ഒരു കെട്ട്‌ ചീരയുടെ കാശ് കൊടുത്തു കഴിഞ്ഞപ്പോള്‍ ശാന്ത പതിവ് പോലെ അവളുടെ പരദൂഷണക്കഥകളുടെ ഭാണ്ഡമഴിച്ചു.

"അറിഞ്ഞോ കൊച്ചെ, നമ്മടെ കുട്ടന്‍റെ ഭാര്യ കറവക്കാരന്‍ യശോധരന്‍റെ കൂടെ ഒളിച്ചോടിപ്പോയി" കൈകൊണ്ടു മുഖം പാതി മറച്ച് ഒരു നാണത്തില്‍ പൊതിഞ്ഞ വൃത്തികെട്ട ചിരിയോടെ അവള്‍ പറഞ്ഞു.

"എന്താ കാര്യം ശാന്തേ ?" വാസന്തി ചോദിച്ചു.

"അതിപ്പോ ഞാന്നെന്തു പറയാനാ കുഞ്ഞേ, അവളും ഒരു പെണ്ണല്ലേ, ഓള്‍ക്കും കാണൂലെ ആഗ്രഹങ്ങള്‍. അവനീ നാട്ടുകാരായ നാട്ടുകാരെ മുഴുവന്‍ പഠിപ്പിച്ചു പഠിപ്പിച്ച് ..." പറഞ്ഞത് മുഴുമിപ്പിക്കാതെ എഴുന്നേറ്റു കുട്ടയെടുത്തു തലയില്‍ വച്ചുകൊണ്ട് ശാന്ത വായിലുണ്ടായിരുന്ന മുറുക്കാന്‍ മുറ്റത്തേക്കു നീട്ടിത്തുപ്പി.

"എങ്കില്‍ ഞാന്‍ പോട്ടെ കുഞ്ഞേ ?" മറുപടിക്ക് കാതോര്‍ക്കാതെ അവള്‍ നടന്നകന്നു.

വാസന്തി നാണത്തോടെ സുധാകരനെ നോക്കിച്ചിരിച്ചു - സുധാകരന്‍റെ മുഖം പക്ഷെ തികച്ചും നിര്‍വ്വികാരമായിരുന്നു , പക്ഷെ അയാളുടെ കണ്ണുകളില്‍ ഒരു ക്രൂരമായ പക വീട്ടലിന്‍റെ തിളക്കം മിന്നി മറഞ്ഞത് വാസന്തി കണ്ടില്ല.

ഒരു വൈകുന്നേരം ചന്തയിലെ ആല്‍ത്തറയില്‍ വെടിപറഞ്ഞിരിക്കെ ഒരു ചെറുപ്പക്കാരന്‍ അവിടേക്ക് കടന്നു വന്നു.

"ഈ കെ.എസ് കുട്ടന്‍ എന്നയാളുടെ വീട് ?" അയാള്‍ ചോദിച്ചു.

എല്ലാവരും പരസ്പരം നോക്കി അര്‍ത്ഥം വച്ച് ചിരിച്ചപ്പോള്‍ നാണം കൊണ്ട് യുവാവിന്‍റെ മുഖത്തും ഒരു ചിരി പടര്‍ന്നു.

"എന്തിനാപ്പോ അയാളെ അന്വേഷിക്കണേ ?" സുധാകരന്‍ ചോദിച്ചു.

"അടുത്തയാഴ്ച എന്‍റെ കല്യാണമാണ്, എന്‍റെ ഒരു സുഹൃത്ത്‌ പറഞ്ഞു, കുട്ടനെ കണ്ടാല്‍ അറിയേണ്ട നല്ല പല കാര്യങ്ങളും പറഞ്ഞു തരുമെന്ന്"

ആല്‍ത്തറയില്‍ നിന്നിറങ്ങി സുധാകരനൊപ്പം നടക്കുമ്പോള്‍ ഒരു ചിരിയോടെ യുവാവ് പറഞ്ഞൊപ്പിച്ചു.

"ഹഹ..." സുധാകരന്‍ ഉച്ചത്തില്‍ ചിരിച്ചു.

യുവാവ് കാര്യം മനസ്സിലാകാത്ത മുഖഭാവത്തോടെ സുധാകരനെ നോക്കി.

"അനുഭവത്തില്‍ നിന്ന് നല്ലൊരുപദേശം ഞാന്‍ തന്നാല്‍ മതിയോ ?" സുധാകരന്‍ ചോദിച്ചു. പിന്നെ മറുപടിക്ക് കാത്തു നില്‍ക്കാതെ പറഞ്ഞു തുടങ്ങി.

"കാമപൂര്‍ത്തീകരണം കൊണ്ടല്ല സ്ത്രീയെ കീഴ്പ്പെടുത്തേണ്ടത് , സ്നേഹം കൊണ്ട് വേണം. സ്നേഹം - അതായിരിക്കണം ഒരു പുരുഷന്‍റെ ആയുധം."

സുധാകരന്‍റെ കണ്ണുകളിലപ്പോള്‍ സ്നേഹത്തിന്‍റെ തിളക്കമുണ്ടായിരുന്നു.

(തീര്‍ന്നു)

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top