Sunday, January 5, 2014

ഒരു അറബിക്കഥ : ഭാഗം 2 : ജീവിതമെന്ന അരമണിക്കൂര്‍

 കഴിഞ്ഞ കുറെ ദിവസങ്ങള്‍ ഒരുപാടു വൈകി ഉറങ്ങിയതിനാല്‍ എനിക്ക് നല്ല ഉറക്കക്ഷീണമുണ്ടായിരുന്നു. അതിനാല്‍ പിറ്റേ ദിവസം രാത്രി പത്തര മണിയോടെ തന്നെ ഞാന്‍ ഉറങ്ങാന്‍ കിടന്നു.

അവള്‍ വിളിക്കുമെന്ന പ്രതീക്ഷ 50-50 ആയിരുന്നു.

വിളിച്ചാല്‍ സംസാരിക്കാം എന്ന ഉദ്ദേശത്തോടെയാണ് കിടന്നത്, കിടന്നപാടെ അഗാധമായ നിദ്രയില്‍ ഞാന്‍ ആണ്ടുപോയി.

പതിവുപോലെ പ്രഭാതത്തില്‍ തൊട്ടടുത്തുള്ള പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളി കേട്ടാണ് കണ്ണുതുറന്നത്.

അലാം ഓഫ് ചെയ്ത ശേഷം ആദ്യം നോക്കിയത് അവളുടെ മിസ്ഡ് കോളോ മെസ്സെജോ ഉണ്ടോയെന്നാണ് - ഒന്നുമില്ല. പിന്നെ പതിവുപോലെ ഫേസ്ബുക്ക് തുറന്നു നോട്ടിഫിക്കെഷനുകള്‍ നോക്കിയശേഷം പള്ളിയില്‍ പോയി.

പിറ്റേന്ന് രാത്രിയും ഒന്നര മണിവരെ ഞാന്‍ ഫേസ്ബുക്ക് നോക്കിയിരുന്നു. കിടക്കും വരെ അവള്‍ വിളിച്ചേക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവള്‍ വിളിച്ചില്ല.

ആ ആഴ്ച മുഴുവന്‍ എന്‍റെ ഓഫീസ് മാനേജര്‍ ഒരു യൂറോപ്യന്‍ ബിസിനസ് ട്രിപ്പില്‍ ആയിരുന്നതിനാല്‍ ഓഫീസില്‍ പറയത്തക്ക ജോലികളൊന്നും ഉണ്ടായിരുന്നില്ല.

ഇടക്കൊന്നു രണ്ടു തവണ മൊബൈലെടുത്ത് വെറുതെ അവളുടെ നമ്പര്‍ ഡയല്‍ ചെയ്തെങ്കിലും കോള്‍ പോകും മുന്നേ കട്ട്‌ ചെയ്തു.

സുഹൃത്തുക്കള്‍ പറയാറുള്ള ഒരു വാചകം എന്നെ ഭയപ്പെടുത്തി പിന്തിരിപ്പിച്ചു എന്നതാവും ശരി - "സൌദി അറേബ്യയാണ് രാജ്യം, ശരീഅത്താണ് കോടതി."

ഇനി ഫോണ്‍ അവളുടെ അച്ഛന്‍റെയോ, സഹോദരങ്ങളുടെയൊ കയ്യില്‍ ആണെങ്കിലോ ? വെറുതെയെന്തിന് ഓരോരോ വയ്യാവേലികള്‍ !

ഉച്ചതിരിഞ്ഞപ്പോള്‍ തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിനൊരു മെസ്സേജ് അയക്കാന്‍ വേണ്ടി ഫോണില്‍ വാട്സ് ആപ്പില്‍ അവന്‍റെ പേര് തെരഞ്ഞപ്പോഴാണ് യാദൃശ്ചികമായി ഫാത്തിമ (സൌദി) എന്ന പേര് ഞാന്‍ കണ്ടത്. അപ്പോള്‍ അവള്‍ വാട്സ് ആപ്പില്‍ ഉണ്ട് - ഒരു മെസ്സേജ് അയച്ചു നോക്കിയാലോ.

വിറകൊള്ളുന്ന മനസോടെ രണ്ടുംകല്‍പ്പിച്ചു ഞാനവള്‍ക്കൊരു സ്മൈലി അയച്ചു.

അഞ്ചരമണിക്ക് ഓഫീസില്‍ നിന്നിറങ്ങും വരെ ഇടയ്ക്കിടെ ഫോണെടുത്ത് മെസ്സേജ് അവള്‍ വായിച്ചോ, മറുപടി അയച്ചോ എന്ന് നോക്കിക്കൊണ്ടേയിരുന്നു. എന്‍റെ ഫോണില്‍ വാട്സ് ആപ് നോട്ടിഫിക്കേഷന്‍ അത്ര ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കാറില്ല. പക്ഷെ എന്നെ തെല്ലു നിരാശപ്പെടുത്തിക്കൊണ്ട്‌ റീഡ് നോട്ടിഫിക്കെഷനോ, മറുപടിയോ കണ്ടില്ല.

രാത്രി ഏകദേശം പതിനൊന്നരയായപ്പോള്‍ നന്നായി ഉറക്കം വന്നതിനാല്‍ ലാപ് ഓഫ് ചെയ്തു ലൈറ്റ് ഓഫാക്കി കിടന്നു.

ഉറക്കത്തിലേക്ക് വഴുതി വീണുതുടങ്ങവേ ചെറിയൊരു ശബ്ദത്തോടെ മൊബൈലില്‍ നോട്ടിഫിക്കേഷന്‍ LED പ്രകാശിച്ചു. വെള്ള നിറത്തിലുള്ള നോട്ടിഫിക്കേഷന്‍ - വാട്സ് ആപ്പ് മെസ്സേജിനാണ് സെറ്റ് ചെയ്തിരിക്കുന്നത്.

മിടിക്കുന്ന ഹൃദയത്തോടെ ഫോണെടുത്തു നോക്കി.

മറുപടിയായി ഒരു സ്മൈലി, പിന്നെ ഒരു മെസ്സേജും "ഫോണ്‍ ചെയ്‌താല്‍ കഴിഞ്ഞ ദിവസത്തെപ്പോലെ ചീത്ത വിളി കേള്‍ക്കേണ്ടി വരുമോ ?"

എന്‍റെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു. ഞാനവള്‍ക്ക് മറുപടിയയച്ചു "ഒരിക്കലുമില്ല, വിളിക്കൂ"

ധൃതിയില്‍ മേശവലിപ്പ് തുറന്നു ഇയര്‍ഫോണെടുത്ത് കുത്തി ഞാന്‍ സംസാരിക്കാന്‍ തയ്യറായപ്പോഴേക്കും ഫാത്തിമ (സൌദി) യുടെ കോള്‍ എന്‍റെ മൊബൈലില്‍ എത്തിക്കഴിഞ്ഞിരുന്നു.

ദീര്‍ഘനാളായി പിരിഞ്ഞിരിക്കുന്ന ഒരു സുഹൃത്തിനോട്‌ സംസാരിക്കുന്ന ആകാംക്ഷയോടെ ഞാന്‍ 'ഹലോ' പറഞ്ഞു.

അപ്പുറത്ത് അവള്‍ ചിലങ്ക കിലുങ്ങും പോലെ ചിരിച്ചു. ആ ചിരിയില്‍ എന്‍റെ മനസ്സിലുരുണ്ടു കൂടിയിരുന്ന സമ്മര്‍ദ്ദങ്ങളുടെയെല്ലാം മഞ്ഞുരുകി.

"കഴിഞ്ഞ ദിവസം ചോദിക്കാന്‍ മറന്നു - എന്താ പേര് ?" ഞാന്‍ ചോദിച്ചു.

"അദേല്‍"

"അദേല്‍ എന്ത് ചെയ്യുന്നു ?"

"ഒന്നും ചെയ്യുന്നില്ല. പകല്‍ ചിത്രങ്ങള്‍ വരക്കും, എംബ്രോയിഡറി ചെയ്യും, കവിതകളെഴുതും, ഫോട്ടോകളെടുക്കും, പിന്നെ കുറെ കിടന്നുറങ്ങും"

"അപ്പോള്‍ രാത്രി ഉറങ്ങില്ലേ ?"

"ഇല്ല, രാത്രി മുഴുവന്‍ ഞാന്‍ ഉണര്‍ന്നിരിക്കും"

ഒന്ന് നിര്‍ത്തി അവള്‍ തുടര്‍ന്നു "രാത്രി ഉറങ്ങാന്‍ എനിക്ക് ഭയമാണ്"

"അതെന്താ അങ്ങനെ ?" ഞാന്‍ ചോദിച്ചു.

"എന്‍റെ അബ്ബ മരണപ്പെട്ടത്തില്‍ പിന്നെ ഞാന്‍ രാത്രി ഉറങ്ങിയിട്ടേയില്ല. കണ്ണടക്കുമ്പോള്‍, എന്‍റെ കണ്ണിലേക്കു ശക്തിയായടിക്കുന്ന ലോറിയുടെ ഹെഡ്ലൈറ്റും, സ്റ്റീയറിംഗ് വീലില്‍ നെഞ്ചിടിച്ച് വാരിയെല്ലുകള്‍ തകര്‍ന്ന് ഒരുനിമിഷം തലയുയര്‍ത്തി വായില്‍ ഇളകി വീണ പല്ലുകളോടൊപ്പം കട്ടച്ചോര തുപ്പി ശ്വാസം കിട്ടാതെ 'അദേല്‍' എന്ന് അവസാനമായി വിളിക്കുന്ന അബ്ബയുടെ ദയനീയമുഖവും എന്‍റെ മുന്നില്‍ തെളിഞ്ഞു വരും."

അവളുടെ ശബ്ദമിടറി.

"അബ്ബ ?" എന്‍റെ ശബ്ദവും ഇടറിയിരുന്നു.

"അന്നത്തെ അപകടത്തില്‍ അബ്ബ മരിച്ചു ,എന്‍റെ അവസ്ഥ വച്ചുനോക്കുമ്പോള്‍ എന്തൊരു രക്ഷപ്പെടലായിരുന്നു അബ്ബയുടെത് . എന്നെ മരിച്ചു ജീവിക്കാന്‍ വിട്ടിട്ട് അബ്ബ മമ്മയുടെ അടുത്തേക്ക് പോയി - എന്നന്നേക്കും "

ശബ്ദവ്യതിയാനത്തില്‍ നിന്നും അവളുടെ കണ്ണുകളില്‍ നിന്നുതിര്‍ന്നു വീണിട്ടുണ്ടാകാവുന്ന മിഴിനീര്‍മഴ ഞാന്‍ മനസ്സില്‍ കണ്ടു.

"ഐ ആം സോറി അദേല്‍"

"എന്തിന് ?" അവള്‍ ചോദിച്ചു.

അവളുടെ മറുപടിയില്‍ നിന്നും അവള്‍ വീണ്ടും പഴയ പ്രസരിപ്പ് വീണ്ടെടുത്തെന്നു തോന്നിയപ്പോള്‍ ഞാന്‍ പറഞ്ഞു

"നിന്നെ സങ്കടപ്പെടുത്തിയോ എന്നെനിക്കു തോന്നി. നീ പറഞ്ഞല്ലോ നിന്നെ മരിച്ചു ജീവിക്കാന്‍ വിട്ടിട്ട് അബ്ബ പോയെന്ന്. അതിനര്‍ത്ഥം ?"

"അന്നത്തെ അപകടത്തില്‍ എന്‍റെ നട്ടെല്ലിനു കാര്യമായ ക്ഷതമുണ്ടായി. ഒരുപാട് മാസങ്ങള്‍ ഞാന്‍ ശരീരം പൂര്‍ണ്ണമായി അനക്കാനാവാതെ കിടക്കയില്‍ കിടന്നു. ഒടുവില്‍ കൈകളും, കഴുത്തും ചലിപ്പിക്കാനും, തലയുയര്‍ത്തി വച്ച് കിടക്കയില്‍ ചാരിയിരിക്കാനും സാധിക്കുന്ന ഇന്നത്തെ അവസ്ഥയിലെത്തി."

അവള്‍ തുടര്‍ന്നു

"പിന്നെയൊരു ധാരാളിത്തം കൂടിയുണ്ട് കേട്ടോ - എന്നും പരമാവധി അര മണിക്കൂര്‍ വീല്‍ ചെയറില്‍ ഇരിക്കാനും എനിക്ക് സ്വാതന്ത്രമുണ്ട്‌. ഒരു ദിവസത്തില്‍ ഞാന്‍ ജീവിക്കുന്ന അര മണിക്കൂര്‍ ! ആ അര മണിക്കൂര്‍ ഞാന്‍ ആകാശം കാണും, ഇലകളില്‍ നിന്നും ഒഴുകി വരുന്ന കാറ്റ് എന്‍റെ മുടിയിഴകളെ തഴുകിത്തലോടും. ഞാന്‍ പ്രകൃതിയെ കാന്‍വാസിലേക്ക് പകര്‍ത്തും, ഫോട്ടോകളെടുക്കും. എന്‍റെ ജീവിതം നിലനിര്‍ത്തുന്ന അരമണിക്കൂര്‍"

അവളുടെ വീണ്ടും ചുറുചുറുക്കോടെ സംസാരിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ തെല്ലാശ്വസിച്ചു.

എങ്കിലും എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ എല്ലാം മൂളിക്കേട്ടുകൊണ്ട് ഒന്നും മിണ്ടാതെ ഞാന്‍ ഇരുന്നു.

മറുതലക്കല്‍ അദേല്‍ പുതിയ സുഹൃത്തിനെക്കിട്ടിയ നര്‍സറിക്കുട്ടിയെപ്പോലെ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിച്ച വാക്കുകള്‍ എന്‍റെ ചുണ്ടുകള്‍ വിട്ടു പോകാന്‍ മടിച്ചെന്ന പോലെ അവയുടെ ഉറവിടത്തിലേക്ക് തന്നെ തിരിച്ചു പോയിക്കൊണ്ടിരുന്നു.

(തുടരും)
____________________________________________________________________
ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു സാദൃശ്യവുമില്ല.

ഒന്നാം ഭാഗം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ലിങ്ക് ആദ്യത്തെ കമന്‍റില്‍

0 comments

Posts a comment

 
© 2011 എന്‍റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍ | 2012 Templates
Designed by Blog Thiết Kế
Back to top